6/15/18

മഴയോർമ്മകൾ (ഭാഗം 2)

മഴയോർമ്മകൾ (ഭാഗം 2)
--------------------------------------
പത്തു വയസ്സുള്ള ഒരു പെൺകുട്ടിക്ക് പേടി കാണില്ലേ?
തീർച്ചയായും കാണും.
അതും ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാൽ വിങ്ങിപ്പൊട്ടുന്ന, ആരെങ്കിലും രണ്ടുപേർ ഉച്ചത്തിൽ ഒന്ന് സംസാരിക്കുന്നതു കണ്ടാൽ ദൂരെ മാറി ഒളിച്ചു ആരും കാണാതെ കരയുന്നഒരു പാവം പിടിച്ച പെണ്ണിന് വയറു നിറയെ പേടി കാണും.
എന്നിട്ടും കൂനാകൂനിരുട്ടിൽ അവൾ ചുറ്റും തവളകളുടെയും കീരാങ്കീരി യുടെയും കുളക്കോഴികളുടെയും പിന്നെ പേരറിയാത്ത ഏതൊക്കെയോ ജീവികളുടെയും ശബ്ദത്തിൽ ലയിച്ചു വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത നാട്ടിലെ പുഴക്കരയിൽ ഒറ്റയ്ക്ക് രാത്രി 10-11 മണിക്ക് പോലും നിൽക്കുന്നത് എന്തുകൊണ്ടാണ്?
"അനീ, മോൾക്ക് പേടിയുണ്ടോ? " എന്ന അച്ഛന്റെ ചോദ്യം ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു.
"ഇല്ലച്ചാ"
എന്തിനു പേടിക്കണം?
അച്ഛനെ പാമ്പുകൾക്ക് പോലും പേടിയാണല്ലോ!
രാത്രിയിൽ ഒരു ഇലയനക്കം കേട്ടാൽ പോലും ടോർച്ചുമെടുത്തു ആ ഇത്തിരി വെളിച്ചത്തിൽകള്ളനെ പരതാൻ ഇറങ്ങുന്ന അച്ഛൻ!
എന്തൊരു ധൈര്യമാണ് അച്ഛന്!
കള്ളൻ എന്നാൽ കൊമ്പൻ മീശയുണ്ടാകും.ചുമന്ന വലിയ കണ്ണുകൾ ഉണ്ടാകും. തലയിൽ വട്ടക്കെട്ടുണ്ടാകും.. ഇരുട്ടിനേക്കാൾ കറുത്ത നിറമായിരിക്കും, ഒപ്പം നല്ല തടിയും ഉണ്ടാകും. എന്നൊക്കെ രാധ പറഞ്ഞിട്ടുണ്ട്.
അപ്പൊ അങ്ങിനെയുള്ള കള്ളനെ ടോർച്ചിന്റെ ഇത്തിരിവെട്ടത്തിൽ കണ്ടാൽ നമ്മൾ ബോധം കെട പോകില്ലേ?
അപ്പൊ അച്ഛൻ ആരാ മോൻ !
ഇപ്പൊ ഇവിടെ പുഴക്കരയിൽ എന്തിനു വന്നു എന്ന് പറഞ്ഞില്ലല്ലോ.
പല തരത്തിലുള്ള വലകൾ ഉണ്ട് ഞങ്ങൾക്ക് മീൻ പിടിക്കാൻ. അച്ഛന് പുഴമീനുകൾ നല്ലഇഷ്ടമാണ്.
വീശുവല വീശി എറിയാൻ നല്ല ആരോഗ്യം വേണം.അത് വീശാൻ പറ്റിയ ഇടം നോക്കിയാണ് അച്ഛൻ എന്നെ അവിടെ നിർത്തി ദൂരേക്കു പോയത്. വഴി ശരിയല്ലാത്തകൊണ്ട്.
മഴപെയ്തു വെള്ളം പൊങ്ങാത്ത സമയങ്ങളിൽഞങ്ങൾ നീണ്ട ഒരു വടിവാളുമായി ആണ് വരുന്നത്.. തീരത്തോട് ചേർന്ന് കരയിൽ വലിയ വരാൽ മീനുകൾ ഉറങ്ങുന്നുണ്ടാകും.. ഒറ്റ വെട്ട്.. അവൻ ചട്ടിയിൽ എത്തും !
ചൂണ്ടയിൽ കോർക്കാൻ മണ്ണിൽ നിന്നുംമണ്ണിരകളെയും തോട്ടിൽ നിന്നും തോർത്ത് ഉപയോഗിച്ച് കുഞ്ഞുകൊഞ്ച്കളെയും പിടിച്ചു കൊടുക്കുക എന്റെയും അനിയൻറെയും ജോലിയാണ്.
പക്ഷെ ചൂണ്ടയിൽ അവയെ കൊരുത്തു വെള്ളത്തിലിട്ടു മീൻ കൊത്താൻ ആയി അച്ഛൻ തപസ്സിരിക്കുമ്പോൾ കൂട്ടിനു ഞാനും.
ആ സമയങ്ങളിൽ ആണ് മണിക്കൂറുകൾഒറ്റയ്ക്കിരുന്നു സ്വപ്‌നങ്ങൾ കാണാൻ പരിശീലിച്ചതു.
മഴ പെയ്തു വെള്ളം കയറി കുത്തി ഒലിച്ചു ഒഴുകുന്ന തോട്ടിലെ ഇടുക്കുകളിൽ നിന്നും ജൂൺ ജൂലൈ മാസത്തിൽ മീൻ ചാകര പോലെ വാരിയെടുത്തിട്ടുണ്ടോ?
അതിനാണ് കോരുവലഉണ്ടാക്കുന്നത്.മുറിഞ്ഞുപോയ വീശുവലയുടെ ഭാഗങ്ങൾ വളച്ചു കെട്ടിയ വലിയ കമ്പുകളോട് ചേർത്ത് പിടിപ്പിച്ചാൽ കോര് വലയായി..
"അനീ, ബാ, പോകാം.." എന്ന അച്ഛന്റെ ശബ്ദം കേട്ടില്ലേ? ഇനി ഈ ഇരുട്ടിൽ ടോർച്ചിന്റെ ഇത്തിരി വെട്ടത്തിൽ പുഴക്കരയിലെ ചതുപ്പും പിന്നൊരു ചെറിയ തോടും കടന്നു കവുങ്ങിൻ തോട്ടത്തിലൂടെ മുകളിലേക്ക് കയറിയാൽ ഞങ്ങളുടെ കുഞ്ഞു വീടായി..
അവിടെ അമ്മയും അനിയനും കാത്തിരിക്കുന്നു..
പാതിരാത്രിയിൽ പിടിച്ചു കൊണ്ടുവന്ന മീൻ ഇപ്പൊ തന്നെ വച്ചുണ്ടാക്കി കൊടുക്കാത്തതിന് അമ്മയും അച്ഛനും തമ്മിൽ ഒരു സൗന്ദര്യപിണക്കം ഇപ്പോൾനിങ്ങൾക്കും കാണാം..
മഴയോർമ്മകൾ അവസാനിക്കുന്നില്ല.. തുടരും..

2 comments: