3/8/18

വനിതാദിനം ?

വനിതാദിനം ?
-------------------
ഭർത്താവ് എഴുന്നേൽക്കുന്നത് വരെ കാത്തു നിന്നാലോ?
വേണ്ട. രാവിലെ എഴുന്നേറ്റു ശീലമായിപ്പോയി.
പല്ലു തേച്ചു മുഖം കഴുകി പുറത്തേക്കുള്ള വാതിൽ തുറന്നപ്പോൾ ദേ.. ഇന്നത്തെ ദിനപ്പത്രം.
ഉടനെ അതും എടുത്തു സോഫയിൽ വന്നിരുന്നു. കാലിന്മേൽ കാൽ കയറ്റി വച്ച് പത്രം വായിച്ചു തീരാറായപ്പോഴാണ് ആൾ എഴുന്നേറ്റു വന്നത്.
"എത്ര സമയമായി കാത്തു നിൽക്കുന്നു? ഒന്ന് വേഗം എഴുന്നേറ്റൂടെ?
നല്ലൊരു സ്ട്രോങ്ങ് ചായ .. വേഗംഎടുത്തേ.. മധുരം അല്പം കൂടുതൽ ചേർത്തോളൂ." അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു..
എന്നെ തറപ്പിച്ചൊന്നു നോക്കിആള് ബാത്റൂമിലേക്കു പോയി.
തിരിച്ചു വന്നതും ചോദ്യം എന്നോടായിരുന്നു.
"ചായ എടുത്തില്ലേ?"
"ഇ.. ഇല്ല
നിങ്ങളോട് ഞാനല്ലേ, ചായ ഉണ്ടാക്കാൻ പറഞ്ഞത്? ഇന്ന് വനിതാ ദിനമല്ലേ?
പിന്നെ ഒരു കാര്യം കൂടി. വനിതാ ദിനം പ്രമാണിച്ചു ഇന്ദിരാ കാന്റീനിൽ വനിതകൾക്ക് സൗജന്യമായി ഇന്ന് ഉച്ച ഭക്ഷണം കൊടുക്കുന്നുണ്ട്.
ഉച്ചയ്ക്കത്തേക്കു നിങ്ങൾക്കുള്ള ഭക്ഷണം മാത്രം ഉണ്ടാക്കിയാ മതി."
"ഓഹോ. അപ്പോൾ അങ്ങിനെയാണ് കാര്യങ്ങൾ.
ശരി. ഞാൻ പുറത്തുനിന്നു കഴിച്ചോളാ.
വനിതയ്ക്ക് നല്ല മനസ്സുണ്ടെങ്കിൽ കുട്ടികൾക്ക് വല്ലതും വച്ചുണ്ടാക്കി കൊടുക്കൂ."
ഇതും പറഞ്ഞു ആള് കുളിച്ചു റെഡി ആയി ഓഫീസിലേക്കുംപോയി.
കാലിന്മേൽ കയറ്റിവച്ച കാൽ കഷ്ടപ്പെട്ടു താഴെ ഇറക്കി പതുക്കെ അടുക്കള ലക്ഷ്യമാക്കി നടക്കുബോൾ
ചില തീരുമാനങ്ങൾ ഞാനും എടുക്കുന്നുണ്ടായിരുന്നു..
ഇനി "പുരുഷ ദിനം" എന്നൊന്ന് വരുമല്ലോ.. അപ്പൊ കാണിച്ചു തരാം.. ആഹാ... നമ്മളോടാണോ കളി ?
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ...
ക്ഷമിക്കണം... വനിതാ ദിനം വന്നാലും പുരുഷു ദിനം വന്നാലും പെണ്ണിനെ പ്രേമിക്കാനും പെണ്ണിന് പ്രേമിക്കാനും അടുക്കള അല്ലാതെ ആര്?
പ്രിയപ്പെട്ട അടുക്കളേ...
"നീ അല്ലാതാരുണ്ടിങ്ങനെ നിത്യം.....
നിത്യം..
എല്ലാവർക്കും സ്നേഹം നിറഞ്ഞ വനിതാ ദിനം ആശംസിച്ചുകൊണ്ട്
..അനിത പ്രേംകുമാർ..

No comments:

Post a Comment