5/11/13

ത്രിശങ്കു സ്വര്‍ഗ്ഗം





                          കഥ
                          അനിത പ്രേംകുമാര്‍










വിവാഹം കഴിഞ്ഞു ഭര്‍തൃ വീട്ടിലെത്തിയ  മകന്‍റെ   ഭാര്യ യോട്
ഞാന്‍ യുദ്ധത്തിനു തയ്യാറെടുത്തു.
തലേ ദിവസം തന്നെ  തീരുമാനിച്ചിരുന്നു, അവളുടെ മേല്‍ ഉള്ള കണ്‍ട്രോള്‍ ആദ്യ ദിവസം തൊട്ടു തുടങ്ങണം. അമ്മായി അമ്മയായ എന്നെ അവള്‍ക്കു നല്ല പേടി വേണം. അവന്‍ ഏതായാലും ഞാന്‍ പറഞ്ഞതിനപ്പുറം പോകില്ല.

ഞങ്ങള്‍,  അവള്‍  ചെയ്യാത്ത, ചിന്തിക്കാത്ത കാര്യങ്ങള്‍ക്ക് പോലും അവളോടു തട്ടിക്കയറി .

പക്ഷെ അവള്‍ മറുപടി പറയാന്‍ വായിലെത്തിയ വാക്കുകളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു മിണ്ടാതിരുന്നു. ആ വാക്കുകള്‍ എന്തന്നറിയാതെ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി.

 വിഴുങ്ങിയ വാക്കുകള്‍ നട്ടെല്ലില്‍ കുരുങ്ങി, അവള്‍ ഗര്‍ഭിണിയായപ്പോള്‍ വയറ്റിലുണ്ടായ കുഞ്ഞിനും നട്ടെല്ല് കാണുന്നില്ലെന്ന് പറഞ്ഞു ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യിച്ചു .

പ്രശ്നങ്ങളും, മിണ്ടാതിരിക്കലും തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക്  സംശയമായി. ഞങ്ങള്‍ അത്  ചോദ്യം ചെയ്തു.

സത്യം പറ, ഇത്രയും ചീത്ത കേട്ടിട്ടും നീ ഇങ്ങനെ മിണ്ടാതിരിക്കുന്നതിന്‍റെ രഹസ്യം എന്താണ്?

അവള്‍ മടിച്ച് മടിച്ചു , അമ്മ പറഞ്ഞു തന്ന കാര്യം അവതരിപ്പിച്ചു.

"മോളേ ഇനി അവരാണ് നിന്‍റെ വീട്ടുകാര്‍. സ്വന്തമായിക്കണ്ട് സ്നേഹിക്കുക.
ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും , കുടുംബ വഴക്കില്‍ തോറ്റു കൊടുക്കുന്നവരാണ്‌ യഥാര്‍ത്ഥത്തില്‍ ജയിക്കുന്നത് . അത് എപ്പോഴും ഓര്‍മ്മ വേണം".

അത് കേട്ടതും എനിക്ക് കലി കയറി.

"ആഹാ, അപ്പോള്‍,  നിന്‍റെ അമ്മ മോശമില്ല. നിനക്ക് ജയിക്കാനുള്ള സൂത്രവും ഓതി തന്നു പറഞ്ഞയച്ചിരിക്കുന്നു! അതായത് ഞങ്ങളെ തോല്‍പ്പിക്കാന്‍. ഞങ്ങള്‍ക്ക് ആദ്യമേ തോന്നിയിരുന്നു, നിന്‍റെ അച്ഛനും അമ്മയും ശരിയില്ലെന്ന്! ".

ഞാന്‍ നെഞ്ഞത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി." എന്‍റെ മോനെ എനിക്ക് നഷ്ടപ്പെട്ടെ--------------- ഇനി എനിക്കാരാണ്?  ------------- "

അവള്‍ എന്ത് പറയണമെന്നറിയാതെ മിഴിച്ചിരുന്നു. അടുത്തു മിണ്ടാതെ നില്‍ക്കുന്ന എന്‍റെ മകനെ ദയനീയമായി നോക്കി.( കള്ളി. ഒക്കെ തട്ടിപ്പാ.അവന്‍ എന്നെ വഴക്ക് പറയാന്‍ വേണ്ടി!)

എന്നാല്‍ അവനെ പ്രസവിച്ചതും വളര്‍ത്തിയതും ഞാനായതുകൊണ്ട്, ആ കണക്ക് ഞാന്‍ ഇടയ്ക്കിടെ പറയുന്നതുകൊണ്ട് , അവന് എന്നോടായിരുന്നു, സ്നേഹം.

അതുകൊണ്ട് അവന്‍ പറഞ്ഞു, "എനിക്ക് അമ്മയോടും വീട്ടുകാരോടുമുള്ളത് രക്ത ബന്ധമാണ്. നിന്നോടുള്ളത് ഡിവോര്സ് ചെയ്‌താല്‍ തീരുന്നതും. നീ എന്താന്നു വച്ചാല്‍ ചെയ്യൂ--".

യുദ്ധ ഭൂമിയില്‍ വഴി തെറ്റിയെത്തിയതില്‍ ക്ഷമ ചോദിച്ച് അവള്‍ തിരിച്ചു പോയി. പിന്നീട് ആരോ പറഞ്ഞറിഞ്ഞു, അവിടെ എത്തിയപ്പോള്‍ സ്വന്തം വീട്ടിലെ റേഷന്‍ കാര്‍ഡിലും വിവാഹം കഴിഞ്ഞതുകൊണ്ട്‌ അവളുടെ പേര് വെട്ടിയിരുന്നു എന്ന്.

അവള്‍ക്ക് അങ്ങനെ വേണം, അഹങ്കാരി.

                           *          *            *     















45 comments:

  1. സത്യം ഇതാണ്,...............
    ഇതൊക്കെയാണ് ഇന്ന് സമൂഹത്തിൽ നടക്കുനത്

    ReplyDelete
    Replies
    1. ഇപ്പോള്‍ ഇതൊക്കെ കുറഞ്ഞു വരികയല്ലേ? എന്നാലും പണ്ട് കാലത്ത് ഇങ്ങനെ ചില കലാപരിപാടികളും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് വരും തലമുറ അറിയണ്ടേ?

      Delete
  2. ഉം പക്ഷെ ഇതൊക്കെ എന്നാ മാറുക,,

    ReplyDelete
    Replies
    1. ഒക്കെ മാറിതുടങ്ങി. ഇന്നിപ്പോള്‍ രണ്ടു വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍, അപ്പോള്‍ പിന്നെ ആരാ ഇതിനൊക്കെ നില്‍ക്കുക. ഇതൊരു പഴംകഥ യാകും.

      Delete
  3. അമ്മാവിയമ്മ കോംപ്ലക്‌സ്!! പെണ്ണിന്റെ ശത്രു എന്നും പെണ്ണു തന്നെ...

    ReplyDelete
    Replies
    1. അല്ലെങ്കിലും, പെണ്ണിന്റെയും ആണിന്റെയും ശത്രു എന്നും പെണ്ണ് തന്നെയല്ലേ? ആണിനെ ചുമ്മാ കുറ്റം പറയുന്നതല്ലേ? ഒന്ന് കരയാനോ, പരാതി പറയാനോ അവനു അവകാശവുമില്ല.

      Delete
  4. ഇത് തന്നയല്ലേ ഞാന്‍ കണ്ടത്
    ഇത് തന്നയാണ് ഞാന്‍ കേട്ടത്
    ഇതാണ് ഞാന്‍ അനുഭവിച്ചത്
    അതെ ഇതാണ് ഇന്നും ചില വീടകം
    അനിത അഭിനന്ദനം

    ReplyDelete
    Replies
    1. വളരെ നന്ദി, കൊമ്പന്‍. ഇതൊക്കെ ഇനി വരുന്ന അനുകുടുംബങ്ങളില്‍ ഉണ്ടാവാനേ ചാന്‍സില്ല.

      Delete
  5. "മോളേ ഇനി അവരാണ് നിന്‍റെ വീട്ടുകാര്‍. സ്വന്തമായിക്കണ്ട് സ്നേഹിക്കുക.
    ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും , കുടുംബ വഴക്കില്‍ തോറ്റു കൊടുക്കുന്നവരാണ്‌ യഥാര്‍ത്ഥത്തില്‍ ജയിക്കുന്നത് . അത് എപ്പോഴും ഓര്‍മ്മ വേണം".ഈ വാക്ക് എനിക്ക് വല്ലാതെ ഇശ്ട്ടായി

    ന്നാലും അവൾ പോയപ്പോൾ അഹങ്കാരി അല്ലാതെ എന്താ ല്ലേ

    ReplyDelete
    Replies
    1. പിന്നെ, അഹങ്കാരിയല്ലേ അവള്‍?
      തിരിച്ചു പറഞ്ഞിരുന്നെങ്കില്‍ തര്‍ക്കുത്തരക്കാരിയും ആയേനെ!

      Delete
  6. സ്ത്രീക്ക് ശത്രു സ്ത്രീ തന്നെയാണെന്ന്‍ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. പാവം പുരുഷന്മാര്‍..അവര്‍ ബലിയാടുകളാവുകയാണു സത്യത്തില്‍...

    ReplyDelete
    Replies
    1. തീര്‍ച്ചയായും, സ്ത്രീക്കും പുരുഷനും ശത്രു, സ്ത്രീ തന്നെ. അതിലെന്താ ഒരു സംശയം?
      ആണുങ്ങള്‍ ഇതിനിടയില്‍ കിടന്നു വട്ടം കറങ്ങുന്നു.

      Delete
  7. ഹു ഹു ഹല്ലാ പിന്നെ.... ഒറ്റ വായനയില്‍ പരിഹാസം കലര്‍ന്ന നര്‍മ്മമെങ്കിലും മരിച്ചു ചിന്തിക്കുമ്പോള്‍.. പല അകത്തളങ്ങളിലെയും ചോര മണമുള്ള നിശ്വാസങ്ങള്‍

    ReplyDelete
    Replies

    1. ശരിയാണ്, ശലീര്‍. ഇങ്ങനെയും നടക്കുന്നുണ്ട്. പക്ഷെ ഇനി അത് കുറഞ്ഞു തുടങ്ങും, ഈ അണുകുടുംബങ്ങളില്‍ അതിനൊന്നും ആരും സമയം കണ്ടെത്തില്ല. ഈ പഴയ കല ഇന്ന് നാശത്തിന്റെ വക്കിലാണ്!

      Delete
  8. ചെറുത്; സുന്ദരം!
    വളരെ നന്നായി എഴുതിയിരിക്കുന്നു.
    അഭിനന്ദങ്ങൾ!

    ReplyDelete
    Replies
    1. വളരെ സന്തോഷം, ഡോക്ടറെ ---

      Delete
  9. അതെ .. ചെറുത്‌ .. സുന്ദരം.. :)

    ReplyDelete
  10. ഒരു കൊച്ചു കഥയിൽ ഒരു വലിയ ചിത്രീകരണം. ഈ അമ്മായി അമ്മയെ ''നല്ലോരു കല്ലോണ്ട് നാരായണ'' പാടുന്ന മരുമകൾ വേണം. :)

    ReplyDelete
    Replies
    1. എന്‍റെ മോന്‍ 9 ലാണ്. അന്വേഷിക്കുമ്പോള്‍ അങ്ങനെയൊരു മരുമകളെ അന്വേഷിച്ചേ തീരൂ-- ആ പാട്ട് അറിയാം.

      Delete
  11. വലിയ വാക്കുകൾ പലപ്പോഴും മൂകമാണല്ലോ ...ഇത് തന്നെയാണ് പല വീടകങ്ങളും ഇന്നും ,,, ഈ നൂറ്റാണ്ടിലും ... കഷ്ടമാണ് !!!!!!!!!!! ചുരുക്കിപ്പറഞ്ഞത്‌ നന്നായിപ്പറഞ്ഞു ... ആശംസകൾ .

    ReplyDelete
    Replies
    1. //വലിയ വാക്കുകൾ പലപ്പോഴും മൂകമാണല്ലോ --- //വളരെ ശരിയാണ്.
      മിണ്ടാതിരിക്കല്‍ ചിലപ്പോള്‍ വലിയ വാക്ക്കുകള്‍ക്ക് പകരമാവും.
      ശിഹാബ്- വന്നതില്‍ സന്തോഷം

      Delete
  12. കുറച്ചു വാക്കുകളിലൂടെ സമൂഹത്തിലെ ഒരു വലിയ വിപത്ത് നന്നായി കുറിച്ചു...

    ReplyDelete
    Replies
    1. ഇതാ എളുപ്പം, അതാ- പരത്തിപ്പറഞ്ഞാ ചിലപ്പോള്‍ വിഡ്ഢിത്തമാവും. അതോണ്ടാ-- നന്ദി.

      Delete
  13. അനിത,
    മോന് വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ അവരുടെ പൊരുത്തം നോക്കിയില്ലേലും വേണ്ടില്ല, മരുമോളടേം അമ്മായിയമ്മയുടേം പൊരുത്തമൊന്ന് നോക്കണം നല്ലൊരു ജോത്സ്യനെക്കൊണ്ട്.

    ReplyDelete
    Replies
    1. ശരിയാണല്ലോ, ഇനി, ജാതക പ്പോരുത്തം അങ്ങനെയും ആകാം. ജ്യോത്സന്‍ മാര്‍ക്ക് വരുമാനം ഡബിള്‍ ആവാന്‍ സാധ്യത. നല്ലൊരു ഐഡിയ ---

      Delete
  14. സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണ് എന്ന് ഈ ആണുങ്ങളെക്കൊണ്ട് പറയിപ്പിക്കണോ നമുക്ക് ? ഹ ഹാ ഹാ .....................

    ReplyDelete
    Replies
    1. മിനി, എന്‍റെ അറിവില്‍ , അങ്ങനെയാണ് തോന്നിയിട്ടുള്ളത് (അനുഭവമല്ല ) . ശരിയാകണമെന്നില്ല. ചിലപ്പോള്‍ അത് സ്ത്രീ കളുടെ അറിവില്ലായ്മയും അരക്ഷിതാവസ്ഥയും കൊണ്ടാകാം.ഓരോരുത്തര്‍ക്കും അവനവന്‍റെ സുഖ സൌകര്യങ്ങളും ഭാവിയും കൈപ്പിടിയിലോതുക്കെണ്ടതുകൊണ്ട്, ചിലപ്പോള്‍ കാട്ടിക്കൂട്ടുന്നതാവാം. ഉള്ളത് പറഞാല്‍ ഉറിയും ചിരിക്കും എന്നല്ലേ? --ഹ ഹ ഹ ----

      Delete
  15. കഥ കൊള്ളാം... അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. സന്തോഷം, എച്ച്മുകുട്ടീ--

      Delete
  16. നല്ല കഥക്ക്.....ആശംസകൾ

    ReplyDelete
    Replies
    1. നല്ല ആശംസയ്ക്ക് നന്ദി---

      Delete
  17. ഒരു സീരിയല്‍ കഥ.അല്പം സീരിയസ് കഥ

    ReplyDelete
    Replies
    1. തികച്ചും സീരിയസ് കഥ -----

      Delete
  18. ഈ കഥയുടെ അവതരണം
    മികച്ച ഒരു നിലവാരം പുലര്‍ത്തി.
    ഇങ്ങിനെ ഒരു ശൈലി അനിതയുടെ എഴുത്തില്‍ മുന്‍പ്
    എനിക്ക് പരിചയം തോന്നുന്നില്ല.

    ഇത് വേറിട്ട ശൈലി..
    നല്ല അവതരണം..
    മികച്ച ആശയം..

    അക്കാകുക്കാടെ മാര്‍ക്ക് നൂറില്‍ നൂറ്

    അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ഇങ്ങളിങ്ങനെ ബെല്ലാണ്ട് പുകത്തല്ലേ-- അക്കാക്കുക്കാ--
      ഞമ്മള് അങ്ങ് പൊങ്ങി,പൊങ്ങി, ആകാശം മുട്ടി, 'ടപ്പോ" ന്നു തായെ ബീണാ, ബെല്ലാണ്ട് ബെസമാവും. അതോണ്ട് ബൂമീലൂടെ നടക്കാന്‍ ആദ്യം പടിക്കട്ടെ---------------
      ഹ ഹ ഹ--എന്തെങ്കിലും മനസ്സിലായോ? ഒന്നുമില്ല. ഒരുപാടു സന്തോഷം - മാത്രം--

      Delete
  19. നല്ല ബെസ്റ്റ് അമ്മായിയമ്മ.
    ഇപ്പൊ ഇത് വല്ലതും നടക്കുമോ...?
    പള്ളീല്‍ പോയി പറയ്‌ എന്നവള്‍ പറയും

    ReplyDelete
    Replies
    1. റോസിലി,
      നടക്കൂലാ,എന്ന് നന്നായി അറിയുന്നതുകൊണ്ടല്ലേ,കഥയിലൂടെ ആശ്വാസം കണ്ടെത്തുന്നത്!പിന്നെ, പോയകാലത്തെ അന്യം നിന്നുപോകാന്‍ സാധ്യതയുള്ള കലകള്‍ ഇങ്ങനെയൊക്കെയല്ലേ,വരുന്ന തലമുറയിലെ , അണുകുടുംബങ്ങളിലെ കുട്ടികള്‍ അറിയുക? വന്നതില്‍, വായിച്ചതില്, സന്തോഷം
      അനിത

      Delete
  20. This comment has been removed by the author.

    ReplyDelete
  21. ഇനി നിന്റെ വീട് അതാണ്‌ നിന്റെ അമ്മയും അനിയത്തിയും ഒക്കെ അവിടെയാണ്..എന്ത് കണ്ടാലും കേട്ടാലും കണ്ടില്ല കേട്ടില്ല എന്ന് കരുതി നടക്കണം. ഞാൻ എന്റെ മോളോടും പറഞ്ഞു കൊടുത്തത് ഈ വാക്കുകൾ തന്നെ.

    ഇപ്പോൾ എന്നെക്കാൾ ഇഷ്ടം അവൾക്കു അവളുടെ അമ്മായിയമ്മയെ..അങ്ങനെ ഞാൻ "ശശി" ആയില്ലേ?..

    ReplyDelete
    Replies
    1. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി--

      Delete
  22. ഇതൊക്കെ പണ്ട് നടക്കും അനിതേച്ചീ,,,ഇപ്പോഴുള്ള പിള്ളാരുടെ അടുത്ത് അമ്മാവിയമ്മപ്പോരുംകൊണ്ട് ചെന്നാൽ പിള്ളേര് വെറുതേയിരിക്കില്ല.(ചെല്ലില്ല അത് വേറൊരു സത്യം)"മോളേ ഇനി അവരാണ് നിന്‍റെ വീട്ടുകാര്‍. സ്വന്തമായിക്കണ്ട് സ്നേഹിക്കുക.
    ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും , കുടുംബ വഴക്കില്‍ തോറ്റു കൊടുക്കുന്നവരാണ്‌ യഥാര്‍ത്ഥത്തില്‍ ജയിക്കുന്നത് . അത് എപ്പോഴും ഓര്‍മ്മ വേണം"......ആ അമ്മ കുടുംബത്തിൽ പിറന്നതായതുകൊണ്ട് മകൾക്ക് പറഞ്ഞുകൊടുത്തു....നന്നായി,,,തുട൪ന്നെഴുതുക...

    ReplyDelete
  23. ക്ഷമ കൊണ്ടും മറ്റുള്ളവരെ തോൽപ്പിക്കാം എന്ന് മനസ്സിലാക്കി തരുന്നു. (Y)

    ReplyDelete