4/14/18

പൂക്കാതിരിക്കാൻ എനിക്കാവതില്ല

പൂക്കാതിരിക്കാൻ എനിക്കാവതില്ല
-----------------------------------------------
ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ ആകേണ്ടത് കുട്ടിക്കാലവും യൗവനവും ആണ്. മുന്‍ തലമുറ കുട്ടിക്കാലം പാടത്തും പറമ്പിലും പുഴയിലും തോട്ടിലും ഒക്കെ ആടി തിമര്‍ത്തു കളിച്ചു രസിച്ചു വളര്‍ന്നവര്‍ ആണ്.
സ്കൂളവധിക്കാലമാകാന്‍ കാത്തു നിന്നതുപോലെ പൊട്ടി വിരിയാന്‍ തുടങ്ങുന്ന കൊന്നപ്പൂക്കളുടെ മനം മയക്കുന്ന സൌന്ദര്യവും ഒരിളം കാറ്റിന്‍റെ തലോടലില്‍ അടര്‍ന്നു താഴെ വീഴുന്ന നാട്ടുമാങ്ങയുടെ ചക്കര മധുരവും, പഴം - വരിക്ക ചക്കകളുടെ കൊതിയൂറും സ്വാദും കുളങ്ങളിലും പുഴകളിലും മതിയാവോളം നീന്തി തുടിക്കലും, അങ്ങിനെ പലതും ഇന്നത്തെ കുട്ടികളില്‍ നിന്നും നമ്മള്‍ എടുത്തു മാറ്റിയിരിക്കുന്നു.. നമ്മള്‍ പോലും അറിയാതെ! പകരം അവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ ടി.വി യും മൊബൈലും കമ്പ്യുട്ടറും ഒക്കെ വാങ്ങി നല്‍കിയിരിക്കുന്നു!
എന്തായാലും ആ പ്രായം അഥവാ കുട്ടിക്കാലം, അധ്യാപകരുടെ, രക്ഷിതാക്കളുടെ, മറ്റു ബന്ധു ജനങ്ങളുടെയൊക്കെ ഏതാണ്ട് പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ ആയിരിക്കും കുട്ടികള്‍ വളരുന്നത്‌.
എന്നാൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാവേണ്ട, സ്വന്തം വ്യക്തിത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കേണ്ട യൗവനത്തിൽ ഒരു ശരാശരി മലയാളിക്കു ജീവിതം ആഘോഷിക്കാൻ കഴിയുന്നുണ്ടോ? അവനു അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ആളെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടോ?
ഉണ്ടായിരുന്നുവെങ്കില്‍ സ്വന്തം അച്ഛന്റെ കുത്തേറ്റു ആതിര നമുക്ക് മുന്നില്‍ പിടഞ്ഞു വീഴുമായിരുന്നോ? ആതിരയ്ക്ക് ജാതിയായിരുന്നു തടസ്സം എങ്കില്‍ ഇനി വരുന്ന തലമുറയ്ക്ക് ചിലപ്പോള്‍ രണ്ടുപേരുടെയും വീട്ടുകാര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മൂന്നക്ഷരങ്ങളിലെ ചേര്‍ച്ചയില്ലായ്മ പോലും തടസ്സമാകാം. അത്രയ്ക്ക് ഇടുങ്ങിയ അവസ്ഥയിലേക്ക് അനുദിനം ചുരുങ്ങുകയാണ് മലയാളി മനസ്സ്. മറ്റൊരു ഭാഷക്കാരും രാഷ്ട്രീയപരമായ അയിത്തം മറ്റൊരാളോട് പുലര്‍ത്തുന്നത് ഇതുവരെ കണ്ടിട്ടില്ല. അനുഭവപ്പെട്ടിട്ടില്ല. മലയാളിക്ക് അതുണ്ട്.
ഇതിനൊക്കെ പുറമേ സ്നേഹം, കടപ്പാട്, കടമ, പത്തുമാസം ചുമന്നതിന്റെ കൂലി തുടങ്ങിയ പലതരത്തിലുള്ള ഓമനപ്പേരുകൾ ഇട്ടു നമ്മൾ തന്നെ നമ്മുടെപ്രിയപ്പെട്ടവരുടെ യൗവ്വനം ആഘോഷിക്കപ്പെടാതെ കാക്കുന്നു.
തന്റെ പ്രണയം മറ്റുള്ളവർക്ക് വേണ്ടി നമ്മള്‍ ഉപേക്ഷിക്കുന്നു.
കല്യാണം വീട്ടുകാർ കനിയുന്നതുവരെ നടത്താൻ ശ്രമിക്കുന്നില്ല.
ദാമ്പത്യം ചെകുത്താനും കടലിനും ഇടയിൽ എന്ന നിലയിൽ ജീവിച്ചു തീർക്കുന്നു.
എന്നിട്ടു മധ്യ വയസ്സിൽ എത്തുമ്പോൾ, നമ്മള്‍ തളര്‍ന്നു തുടങ്ങുമ്പോള്‍ വേണ്ടപ്പെട്ടവർ എന്ന് കരുതിയവർ നമ്മളെ കൈയൊഴിയുന്നു. കണ്ടാൽ മിണ്ടാതെയാവുന്നു. വഴിമാറി നടക്കുന്നു.
ഈ അവസ്ഥയിലൊക്കെ എത്തിപ്പെടുമ്പോഴേക്കും ഒരാളുടെ ജീവിതം മുക്കാൽ ഭാഗം തീർന്നിട്ടുമുണ്ടാവും.
പിന്നെയൊരു തിരിച്ചറിവിലാണ് ആയാൾ... തനിക്കു താന്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവില്‍.അതയാളെ വേദനാജനകമായ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിക്കുന്നതും കാണാം.
നഷ്ടങ്ങളുടെ കണക്കെടുപ്പുകൾ നടത്തുന്നതിന് പകരം ഇനി ബാക്കിയുള്ള ജീവിതം ആഘോഷമാക്കിയാൽ എന്താണ്?
മിണ്ടുന്നവർ മിണ്ടട്ടെ.
സ്നേഹിക്കുന്നവർ സ്നേഹിക്കട്ടെ
വെറുക്കുന്നവർ വെറുക്കട്ടെ
കൈയൊഴിയുന്നവർ കൈയൊഴിയട്ടെ
കുറ്റങ്ങൾ പറഞ്ഞു നടക്കുന്നവർ അത് ചെയ്യട്ടെ
ഇതൊന്നും ഇനി നമ്മളെബാധിക്കരുത്.
മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല നമ്മുടെ ജീവിതം.
അത് നമുക്ക് വേണ്ടികൂടിയാണ്.
ഒറ്റയ്ക്കാണ് വന്നത്.
ഒറ്റയ്ക്കാണ് പോകുന്നതും.
അതിനിടയിൽ മിണ്ടാൻ ആണെങ്കിൽ മണ്ടുക.
പിണങ്ങാൻ ആണെങ്കിൽ പിണങ്ങുക.
"ഐ ജസ്റ്റ്‌ ഡോണ്ട് കെയര്‍" എന്ന് തീരുമാനിക്കുക.
സെൽഫികൾ എടുത്തുകൊണ്ടിരിക്കുക.
വാട്സ് ആപ് ഫോട്ടോ മാറ്റി മാറ്റിയിടുക.
ഫേസ് ബുക്കില്‍ തോന്നുന്നതൊക്കെകുറിച്ചിടുക.
പുസ്തകങ്ങള്‍ എഴുതാന്‍ തോന്നിയാല്‍ എഴുതുക.
പ്രണയം തോന്നിയാൽ പ്രണയിക്കുക
പാട്ടുകേൾക്കാൻ തോന്നിയാൽ പാട്ടുകേൾക്കുക
പാടാൻ തോന്നിയാൽ പാടുക
നൃത്തം ചെയ്യാൻതോന്നിയാൽ നൃത്തം ചെയ്യുക.
സമൂഹം തെറ്റ് എന്ന് പറയാത്ത എന്തും ചെയ്യുക.
അതൊക്കെ ഇന്ന് തുടങ്ങുക.
നാളത്തെ പ്രഭാതത്തിൽ നമ്മൾ കണ്ണ് തുറന്നില്ലെങ്കിലോ?
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതാണ്.
വിഷുക്കാലമണയുമ്പോൾ പൂത്തുലയുന്ന കണിക്കൊന്നയുടെ മനോഹാരിതചോരാത്ത വിഷു ആശംസകളോടെ,
അനിത പ്രേംകുമാർ
  ബാംഗ്ലൂർ ജാലകത്തിൽ വന്നത് -


1 comment: