9/2/15

കവിയും മാലാഖയും










ഭ്രാന്തമാം ജല്പനംചൊല്ലി അലഞ്ഞിട്ടും
ഭ്രാന്തിയെന്നാരും വിളിച്ചതില്ല
ഉന്മാദലഹരിയിൽ ആറാടിയെന്നിട്ടും
ഉന്മാദിയെന്നും പറഞ്ഞതില്ല.


പ്രണയവും സ്നേഹവും പൂത്തു വിടര്‍ത്തീട്ടും
പ്രാക്കുകൾ ആരുമേ ചൊല്ലിയില്ല
കോപത്താൽ ഉച്ചത്തിലാക്രോശിച്ചിട്ടും
ഭയങ്കരിയെന്നും വിളിച്ചതില്ല

സങ്കടം കൂടിയിട്ടാര്‍ത്തു കരഞ്ഞിട്ടും
വിഷാദരോഗമെന്നോതിയില്ല
തോന്നുമ്പോള്‍ തോന്നിയത്പോലെ നടന്നിട്ടും
താന്തോന്നിയെന്നും വിളിച്ചതില്ല


പകരം നിങ്ങളവളെ വിളിച്ചത് കവി എന്നായിരുന്നു
ഭ്രാന്തിയായ,ഉണ്മാദിയായ,പ്രണയ പരവശയായ
കോപാകുലയായ,വിഷാദ രോഗിയായ,താന്തോന്നിയായ
ഒരു കവയിത്രി

അവസാനമൊരുനാൾ ആകാശത്തിലെ
മാലാഖമാരുടെ ലോകത്ത് അവളുമെത്തിയപ്പൊൾ
മാലാഖമാർ ഭൂമിയിൽ നിന്നെത്തിയ
അവളിലെ സന്തോഷം കണ്ടു പറഞ്ഞു,

നിങ്ങൾ, ഭാഗ്യവതികൾ പ്രണയവും സ്നേഹവും
സങ്കടവും,സന്തോഷവും കോപവും,വിഷാദവും
അറിഞ്ഞവർ, പ്രകടിപ്പിച്ചവർ അനുഭവിച്ചവർ!
ഞങ്ങൾ പാവം മാലാഖമാർ

ഞങ്ങളിൽ നിന്നും നിങ്ങൾ
സ്നേഹം മാത്രംപ്രതീക്ഷിക്കുന്നു
പക്ഷേ,ഞങ്ങൾ പ്രണയം അറിയാത്തവർ
സങ്കടം, സന്തോഷം,കോപം, വിഷാദം
ഒന്നുമേ പ്രകടിപ്പിക്കാൻ അവകാശമില്ലാത്തോർ

പിന്നെ,പ്രണയിക്കാൻ ഞങ്ങൾക്ക്
ദൈവം ഇണകളെ തന്നില്ലല്ലോ!

**********************
അനിത പ്രേംകുമാർ

3 comments:

  1. കവി കവിതയില്‍നിന്നുവിട്ട് പുതു ഇടം തേടുന്നു............
    ആശംസകള്‍

    ReplyDelete
  2. വേറിട്ട തലത്തില്‍ നിന്നു .....മികവുറ്റ കവിത
    ആശംസകൾ നേരുന്നു......

    ReplyDelete
  3. പാവം മാലാഖമാര്‍

    ReplyDelete