12/26/12

കാത്തിരുന്നൊരാള്‍

                                                                                       



                                   അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





ഈ മുപ്പത്തി അഞ്ചാം വയസ്സില്‍ നീ എന്തിനുള്ളപുറപ്പാടാ?
ശരിക്കും നീയതു തീരുമാനിച്ചോ?
 വിശ്വാസം വരാത്തപോലെ ചേച്ചി ഗീതയുടെ മുഖത്ത് തന്നെ  സൂക്ഷിച്ചു നോക്കുകയാണ്.

അവര്‍ പതുക്കെ അവളോടു ചേര്‍ന്നിരുന്നു, മുടിയില്‍ മൃദുവായൊന്നു തലോടി.
ഒന്നുകൂടി ആലോചിച്ചിട്ടു പോരെ? നിനക്ക് ബാങ്കില്‍നല്ലൊരു ജോലിയുണ്ട്, ആവശ്യത്തിലധികം ശമ്പളമുണ്ട്,
 പോരാത്തതിന് വീട്ടില്‍ അമ്മ ഒറ്റയ്ക്കേ യുള്ളൂ, ഇത് വേണോ?
 അഥവാ നിനക്ക് അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നു എങ്കില്‍, അത് നേരത്തെ  ആവാമായിരുന്നില്ലേ?

അവള്‍  തിരിച്ചൊന്നും പറയാതെ, ഉള്ളിലുള്ള സന്തോഷം പുറത്ത് കാട്ടാതെ, വെറുതെ ചേച്ചിയെയൊന്നു നോക്കുക മാത്രം ചെയ്തു.


എത്ര നല്ല ആലോചനകള്‍ വന്നതാണ്?

ആ ഹൈ സ്കൂള്‍ മാഷിനെന്തായിരുന്നു കുഴപ്പം? അന്ന് നീ പറഞ്ഞു, കല്ല്യാണെ  വേണ്ടാന്നു.

ആ പോലീസ് കാരന്‍ വന്നപ്പോ പറഞ്ഞത്, ജാതകം നോക്കീട്ടു ഒക്കൂലാന്നു പറയാന്‍.

ഇനി അത് വേണ്ടെങ്കില്‍  ആ പട്ടാളക്കാരനെ കെട്ടായിരുന്നില്ലേ?  നല്ലൊരു മനുഷ്യനായിരുന്നു.

ഒക്കെ ഗവെര്‍മെണ്ട് ജോലിക്കാരും.

ഇതൊക്കെ   വേണ്ടാന്നു പറഞ്ഞിട്ട് ഇപ്പോള്‍ ഈ നാല്പത്തി ഒന്‍പത്  വയസ്സുള്ള , നാട് മുഴുവന്‍ പേരുകേള്‍പ്പിച്ചു,  കള്ളും കുടിച്ചു നടക്കുന്ന ഒരാളെ തന്നെ തീരുമാനിക്കണമായിരുന്നോ?
ചേച്ചി  ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

 അവള്‍ക്കു മിണ്ടാതിരിക്കാനാണ് തോന്നിയത്. ചേച്ചി പറയുന്നതൊക്കെ ശരിയാണ്, ചേച്ചിയുടെ ഭാഗത്തൂന്നു നോക്കുമ്പോള്‍.

ഇരുപതു വയസ്സുമുതല്‍ കല്ല്യാണാലോചനകള്‍ വരുന്നതാണ്.
നാട്ടു നടപ്പനുസരിച്ചു നോക്കിയാല്‍ എല്ലാം നല്ല, നല്ല ആലോചനകള്‍.

 അവള്‍ക്കെന്തോ ഒന്നിലും താല്പര്യം തോന്നിയില്ല.
ചേച്ചിയുടെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് താനും കൂടെ പോയാല്‍ അമ്മ ഒറ്റയ്ക്കാവും.
പിന്നെ ജീവിക്കാന്‍ നല്ലൊരു ജോലിയുണ്ട്,ചിലവാക്കാന്‍ പണമുണ്ട്, കൂട്ടുകാര്‍ ഒരുപാടുണ്ട്,കുട്ടികള്‍ വേണംന്ന തോന്നലേയില്ല.

പിന്നെ  ആരോടും പറയാത്തൊരു രഹസ്യവും-  വന്ന ആലോചനകളില്‍ ഒന്ന് പോലും അവള്‍ക്ക് ഇഷ്ടായില്ല!

കാരണം ചോദിച്ചാല്‍ അറിയില്ല.  അതുകൊണ്ട് തന്നെ ആരോടും അത് പറഞ്ഞില്ല.

വെറുതേ, കല്യാണം കഴിക്കുന്നതില്‍ എന്താ അര്‍ത്ഥമുള്ളത്?
എല്ലാം തികഞ്ഞവര്‍ എന്ന് ചേച്ചിയ്ക്കും അമ്മയ്ക്കു മൊക്കെ തോന്നുന്നതല്ലേ?
ഗീതയ്ക്ക് തോന്നീട്ടില്ലല്ലോ?
അവരുടെ  ശരിയല്ലല്ലോ ഗീതയ്ക്ക്?
അവള്‍ക്കു അവളുടെതായ ശരികളും തെറ്റുകളും ഉണ്ടല്ലോ.
ഗീതയെ സംമ്പന്ധിച്ച്, വന്നവരൊക്കെ  പാവങ്ങള്‍.
ഗീത സമ്മതിക്കുമോ എന്ന് സംശയിച്ചു നിന്നവര്‍!
 സ്നേഹത്തോടെ, താല്പര്യത്തോടെ അവളെ കടാക്ഷിച്ചവര്‍.

പക്ഷെ, അവള്‍ക്കു മനം പിരട്ടലാ ഉണ്ടായത്.
എങ്ങനെയെങ്കിലും ഒന്നോഴിവായി കിട്ടിയാല്‍ മതിഎന്ന തോന്നല്‍.
അവരെ കെട്ടി, ഉണ്ട്, ഉറങ്ങി എഴുന്നേല്‍ക്കാന്‍ വയ്യ.
ഒരു ത്രില്ലു മില്ലാതൊരു ജീവിതം.
ഒരല്പം വില്ലത്തരം ഇല്ലാത്ത യാളിന്‍റെ കൂടെ എങ്ങനെയാ ജീവിക്കുക? ബോറടിക്കില്ലെ ?
 അവള്‍ക്കു പൊരുതി ജീവിക്കാനാ, ഇഷ്ടം.

ഇന്ന്, അവള്‍ കാത്തിരുന്ന ആള്‍ വന്നിരിക്കുന്നു.
ആരും പെണ്ണ് കൊടുക്കാത്തതുകൊണ്ട്, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കാത്തത് കൊണ്ട്, കല്യാണം നീണ്ടു പോയൊരാള്‍- എന്ന് നാട്ടുകാര്‍ പറയുന്ന ആള്‍ ‍.
അവളുടെ പതിനേഴാം വയസ്സില്‍ പാട വരമ്പത്ത് നിന്ന് വഴിമാറിക്കൊടുക്കുമ്പോള്‍ അവള്‍ മനസ്സില്‍ കുറിച്ചിട്ടയാള്‍.

മറ്റുള്ളവര്‍ക്ക് ,  അയാളുടെ നിറം ഇരുണ്ടതായിരുന്നു.
അയാള്‍ക്ക് ‍ തടികൂടുതലായി രുന്നു.
അയാള്‍ക്ക്‌ കുടവയര്‍ ഉണ്ടായിരുന്നു.
അയാള്‍ക്ക്‌  അവളെക്കാള്‍ ഒരുപാട് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു.
പക്ഷെ അതൊക്കെ അവള്‍ക്കിഷ്ടമായിരുന്നല്ലോ?
എന്നിട്ടും എന്തെ അയാളിതുവരെ വന്നില്ല?
പെണ്ണ് ചോദിച്ചില്ല?
അവള്‍ക്കറിയില്ല.

അവളുടെ ദേഹം കണിക്കൊന്നപോലെ പൂത്തുലയാന്‍ തുടങ്ങി.
പാട വരമ്പത്തും ഇടവഴിയിലും ഓടി നടന്നിരുന്ന പതിനേഴുകാരിയായി അവള്‍ മാറി.
അന്നുവരെ  കിടന്നാല്‍ അപ്പൊ ഉറങ്ങുന്ന അവള്‍ക്ക്, അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.
ഉറങ്ങാതെ തന്നെ അവള്‍ സ്വപ്നം കാണുകയായിരുന്നല്ലോ .


        -------------------------------------------------------------------------------------------------
                                      
(ഇ മഷി എന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ)















12/20/12

തുമ്പി

                                                                                                                                                


                                           


              അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍



ഞാനൊരു  കൊച്ചു തുമ്പി.
കല്ലെടുക്കുക  എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു,
കണ്ടു  നിന്നു രസിക്കുന്നു.

എനിക്കിഷ്ടം, 
ആകാശത്ത് പറന്നു നടക്കാന്‍,
മൂളിപ്പാട്ട് പാടാന്‍,
നൃത്തം ചെയ്യാന്‍.

കല്ലെടുക്കാന്‍  തയ്യാറാണെന്ന്, ഞാനാരോടും പറഞ്ഞിട്ടില്ല.
എന്നിട്ടും !എന്‍റെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു,
ഞാന്‍ കൈ കാലിട്ടടിക്കുന്നത്
കൌതുകത്തോടെ നോക്കി നില്‍ക്കുന്നു,

എങ്കിലും  ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.
വാലില്‍ മുറുകെ പിടിച്ചപ്പോഴും,
വേദനകൊണ്ട്  പുളഞ്ഞപ്പോഴും ,
ഒരിക്കല്‍ പ്പോലും ഞാന്‍ നിങ്ങളെ കടിച്ചില്ലല്ലോ!

ഞാനൊരു കൊച്ചുതുമ്പി,
കല്ലെടുക്കുക എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു!
കണ്ടു  നിന്നു രസിക്കുന്നു!

-------------------------------------------------------------------------------------------------------
ഓഫീസിലും വീട്ടിലുമായി മുഴുവന്‍ സമയവുംജോലി ചെയ്ത്, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താനാകാത്ത വനിതകള്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു.

12/14/12

എല്ലാമറിയുന്നവന്‍ ഈശ്വരന്‍





    അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍








ഈ ജന്മം മനോഹരം.
ഈ ഭൂമിയില്‍ ജനിച്ചു,
ഭൂമി വളരെ സുന്ദരി.
ഈ ഞാനും , നിങ്ങളും,
സര്‍വ ചരാ ചരങ്ങളും,
സുന്ദരമായ സൃഷ്ടികള്‍ .

എന്‍റെജനനം ഞാന്‍ അറിഞ്ഞു.
എന്‍റെ മരണവും എനിക്ക് കാണാം.
കണ്ണ് കാണാതായി,
കാതു  കേള്‍ക്കാതായി,
കാല് വയ്യാതായി,
സ്പര്‍ശന മറിയാതായി,
ആളെ  അറിയാതായി,
ആരും   കിടക്കേണ്ട  .

കത്തി നില്‍ക്കുന്ന സൂര്യന്‍
പെട്ടെന്നസ്തമിക്കുംപോലെ,
മാനത്ത് തെളിഞ്ഞൊരു മഴവില്ല്
മാഞ്ഞു പോയതുപോലെ,
പുല്‍നാമ്പിന്‍ തുമ്പത്തെ മഞ്ഞുതുള്ളി
താഴെ വീണുടഞ്ഞതുപോലെ,
പോകാന്‍ നമുക്ക് കഴിയുമോ?


പുനര്‍ജന്മമെന്നത്
സത്യമോ, മിഥ്യയോ?
സത്യമെങ്കില്‍,
 അതീ ഭൂമിയില്‍ തന്നെയോ?
മറ്റൊരു  ഗ്രഹത്തിലുമായ്ക്കൂടെ?

ഈ ഞാന്‍ എന്ന് പറയുന്നത്
ജീവനാണെങ്കില്‍,
ആ ജീവന്‍ ഈശ്വരാംശമാണെങ്കില്‍
മരണശേഷമെങ്ങനെ
സ്വന്തമായൊരു നിലനില്‍പ്?
എല്ലാം ബ്രഹ്മത്തില്‍  ലയിക്കില്ലെ?

എനിക്കൊന്നു മറിയില്ല.
എല്ലാമറിഞ്ഞാല്‍
ഞാന്‍ ഈശ്വരനാകില്ലേ?


 ------------------------------------------------------











11/30/12

വെച്ചെണ്ണ (രേണുന്‍റെ കഥ)





കാലിലൊരു മുള്ള് കൊണ്ടത്‌ എടുക്കാനായ് തിരിഞ്ഞതാണ്. തൊട്ടു പിറകിലായ്‌ ഒരു സാമി നില്‍ക്കുന്നു.അവരെന്തോ ചോദിക്കുന്നുണ്ട്. അവളൊന്നും കേട്ടില്ല. ഉരുളന്‍ കല്ലുകള്‍ നിരന്ന ഒറ്റയടി പ്പാത യിലൂടെ  സര്‍വ്വ     ശ ക്തിയും എടുത്തു ഓടുകയായിരുന്നു.വീട്ടിന്നടുത്തെത്തിയപ്പോ അച്ഛമ്മ നാളെ രാവിലെ തണുപ്പിന് തീയിടാനായ് ,പ്‌ര്‍ത്തിച്ചപ്പ് അടിച്ചുകൂട്ടുന്നു.

"'ഉയീ, അന്‍റെ മോളെന്നാ ഓടി വെര്ന്ന്" ന്നു പറഞ്ഞു അച്ഛമ്മ അടുത്തേയ്ക്ക് വന്നു.
ക--ള്ള --സാമി  വര് ന്നുണ്ട്‌ , രേണ്നെ പിടിക്കാന്‍ ന്നു പറഞ്ഞു അച്ചമ്മേന്‍റെ നെഞ്ഞത്ത് മുഖം പൂഴ്ത്തി.

"അയ്യേ, ആ വരുന്ന സാമീനെ നിനക്കറിയൂല്ലേ ? കയിഞ്ഞായ്ചെം കൂടി ഈടുന്നു ധര്‍മം വാങ്ങി പ്പോയതല്ലേ . ഒരു പാവം പെണ്ണുങ്ങളാ .വയസാം കാലത്ത്  നോക്കാനാരും ഇല്ലാണ്ടായപ്പോ സാമിയായി, ആരെങ്കിലും കൊടുക്കുന്ന ധര്‍മവും വാങ്ങി ജീവിച്ചു പോകുന്നു.ഇരിട്ടീലെ വല്ല്യമ്മേന്‍റെ വീട്ടിലൊക്കെ അവര് വന്നു താമസിക്കുന്നതല്ലേ".
അപ്പോഴേയ്ക്കും  അവരെത്തി.
സാമിയും അച്ഛമ്മയും കൂടി രേണുന്‍റെ പേടിയെപറ്റി പറഞ്ഞു ചിരിച്ചും കൊണ്ട് വീട്ടിലേയ്ക്ക് നടന്നു.
 കിതച്ചോണ്ട്, അച്ചമ്മയുടെ  ഒരു കൈ വിടാതെ  മുറുകെ  പിടിച്ചു  രേണുവും.

വയസ്സാം കാലത്തു  രേണുനും സാമിയാവേണ്ടി വരുമോ?

 ഈ കള്ളസാമീനെ കണ്ടാ ഇനിയിപ്പോ എങ്ങനെയാ തിരിച്ചറിയുക ?

                                            ---------------------------

രാവിലെ എഴുന്നേറ്റപ്പോള്‍ കുറെ വയ്കി.ശനിയാഴ്ചയല്ലേ,ഇന്ന് സ്കൂളില്ലാത്തത് ഭാഗ്യം. ഒന്നാം ക്ലാസ്സിലെ ശാരദ ടീച്ചര്‍ക്ക്, എന്ത് നല്ല സ്നേഹായിരുന്നു.രേണുനോട് മാത്രല്ല, എല്ലാരോടും. രണ്ടാം ക്ലാസ്സിലായപ്പോമുതല് ക്ലാസ്സ്‌ ടീച്ചര്‍ മാറി.അവള്‍ക്കു രാഗിണി ടീച്ചറെ തീരെ ഇഷ്ടല്ല.ഇന്നലെ എന്തോ ചോദ്യം ചോദിച്ചത് അവള്‍ കേട്ടില്ല. അടി കിട്ടണ്ടാന്നു കരുതി,എന്തോ ഒരുത്തരം പറഞ്ഞു.
അതിനു, എല്ലാവരുടെയും മുമ്പില്‍ വച്ച്,

"അഞ്ജന മെന്നതെനിക്കറിയാം
മഞ്ഞള് പോലെ വെളുത്തിട്ട്,
എന്ന് പറഞ്ഞ പോലെയാ നിന്‍റെ കാര്യം"

 ന്നും പറഞ്ഞു ചൂരലുകൊണ്ട് നല്ല രണ്ടടി തന്നു. ഇപ്പോഴും കയ്യ് വേദനിക്കുന്നു. ടീച്ചര് അമ്മേന്‍റെ കൂടെ പഠി ച്ചതാത്രേ. രേണുന്‍റെ അമ്മ ആരേം അടിക്കൂല. ടീച്ചരെന്താ ഇങ്ങനെ? സാരി കേറ്റി ഉടുത്ത്‌ , പല്ല് പൊങ്ങി, ഒരു ഭംഗിയുല്ലാ, ടീച്ചറെ കാണാന്‍...

 മനസ്സില് സ്നേഹോള്ളവരെ കാണാനും നല്ല ഭംഗിതോന്നും, ഇല്ലേ?
വയസ്സായ , ശാരദ ടീച്ചറെയും, ശങ്കരന്‍ മാഷെയും കാണാന്‍ എന്ത് ഭംഗിയാ!

ഉറക്കം തെളിഞ്ഞിട്ടും അവള്‍ അച്ഛമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു.
അച്ചമ്മയ്ക്ക് ഇപ്പോ,വല്ലാത്ത പരാതി.
രേണു,അച്ചമ്മേടെമേല്‍ കാല്‍ കയറ്റിവയ്ക്കുന്നതിന്.
ഇല്ലങ്കില്‍ ഉറക്കം വരണ്ടേ? അവള്‍ ഏന്താ ചെയ്യാ?
രേണു രണ്ടാം ക്ലാസ്സിലല്ലേ ആയുള്ളൂ, അച്ചമ്മ പറയുന്നത്, അച്ചമ്മയ്ക്ക് നോവുന്നു, രേണു വല്ല്യ കുട്ടിയായില്ലേ ന്ന.
 ആണോ? രേണുന് എപ്പോം കുഞ്ഞിക്കുട്ടി യായാമതി.

അച്ഛന്‍റെ   ഒച്ചേലുള്ള വിളി കേട്ടാണ് ഇറയത്തെയ്ക്ക് വന്നത്.
"രേണു, പെട്ടെന്ന് പല്ലുതേച്ചിട്ട് ഒന്ന് കുഞ്ഞി കണ്ണന്‍റെ അടുത്ത്  പോയി വാ.
ഇപ്പൊ പോയാല്‍ "തമ്പാച്ചി"ന്‍റെ  പറമ്പിലുണ്ടാവും."

തമ്പാച്ചിനെ അറീല്ലേ? മൂപ്പന്‍ കാവിലെ കൊമരാത്രേ.
കുഞ്ഞിക്കണ്ണാട്ടന്‍റെ  അടുത്തു പോകുന്നതെന്തിനാന്നും അവള്‍ക്കറിയാം.

ഉമിക്കരിയും എടുത്ത് പതുക്കെ പുറത്തിറങ്ങി  നല്ലൊരു ഈര്‍ക്കിലി യും തിരഞ്ഞു നടന്നപ്പോള്‍ കണ്ടു,കോണാകൃതിയിലുള്ള കുറെ കൊച്ചു കൊച്ചു കുഴികള്‍.
അവിടെയിരുന്നു ഒരു ഉറുമ്പിനെ പിടിച്ചു ആ കുഴിയുടെ നടുക്ക് നോക്കിയിട്ടു.
ഉറുമ്പ് മുകളിലേയ്ക്ക് വരാന്‍ കൈ കാലിട്ടടിക്കുന്നു. എങ്ങനെയാ വര്വ ? പൂഴിയല്ലേ?
രണ്ടു മിനിറ്റ് കഴിഞ്ഞില്ല.കുഴിയും കുഴിച്ചു കാത്തുനിന്ന കുഴിയാന ഉറുമ്പിനെ പിടിക്കാന്‍ മുകളിലേയ്ക്ക് വന്നു.
അവള്‍ അതിനെ പിടിച്ച് ഒരു ചിരട്ടയിലാക്കി.
അത് ചിരട്ടയ്ക്കുള്ളില്‍ പുറകോട്ടു നടക്കാന്‍ തുടങ്ങി. കണ്ടിട്ടില്ലേ കുഴിയാന പുറകോട്ടു നടക്കുന്നത്? നല്ല രസാ കാണാന്‍.
ഇനിയും ഒരു മൂന്നാലെണ്ണത്തിനെ പിടിക്കണം. അവള്‍ അടുത്ത കുഴി അന്വേഷിച്ചു നടന്നു.
രേണു------, നീ എന്നാ ആട ചെയ്യുന്ന്? പെട്ടെന്ന് വാ.---.
അച്ഛനു ദേഷ്യം വന്നു തുടങ്ങി. ഇനി രക്ഷയില്ല.
വേഗം കിട്ടിയ ഈര്‍ക്കിലിയും പൊട്ടിച്ച് പല്ലും തേച്ചു കഴിഞ്ഞ് ഇറയത്തേയ്ക്ക് വന്നു.
"ഒന്ന് പല്ല് തേയ്ക്കാന്‍ നിനക്ക് അര മണിക്കൂറാന്നോ?"
ഒന്നും പറയാതെ അച്ഛനെ നോക്കി. കണ്ണ് നിറഞ്ഞത് കണ്ടാവണം, അച്ഛന്‍ ഒന്ന് തണുത്തു.

ഒരു വലിയ കുപ്പിയും കൈയ്യില്‍ കൊടുത്തു പറഞ്ഞു.
പെട്ടെന്ന് പോയിവാ. ഇല്ലെങ്കില്‍ തീര്‍ന്നുപോകും."

നടക്കുമ്പോള്‍  ഓര്‍ത്തു.ഇന്ന്നമ്പീശന്‍ വീട്ടിലെ ശ്രീജ ശ്രീകണ്ടാപുരത്തുന്ന് വരുംന്ന് അവിടത്തെ വല്ല്യമ്മ പറഞ്ഞിരുന്നു. കളിക്കാന്‍ ഒരാളും കൂടിയായി. അവള്‍ ഉത്സാഹത്തോടെ കുപ്പിയുമായി വേഗം നടന്നു.

 ജോയ്‌ ചേട്ടന്‍റെ വീട് കഴിഞ്ഞപ്പോ, പായം സ്കൂളിലെ ഏട് മാഷ്‌ - പുരുഷോത്തം മാഷ്‌-  എതിരെ വരുന്നു.
"എന്താ  മോളെ കുപ്പിയുമായി " എന്നു ചോദിച്ചു.

"അത് വെച്ചെണ്ണ വാങ്ങാനാ"    (അങ്ങനെ പറയാനാ തോന്നീത്).

തമ്പാച്ചീന്‍റെ  പറമ്പ്ന്‍റെ അടുത്തെത്തിയപ്പോ തന്നെ  തെങ്ങിന്‍റെ മുകളില്‍ നിന്നും കുഞ്ഞി കണ്ണേട്ടന്‍റെ പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

"ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍
മൂവന്തി പെണ്ണുറങ്ങാന്‍ കിടന്നു".

                    "മോളെ, ഇപ്പൊ തരാട്ടോ".
അതും പറഞ്ഞു അടുത്ത പാട്ടിലേയ്ക്ക്.

"അക്കരെ യിക്കരെ നിന്നാലെങ്ങനെ ആശതീരും
നിങ്ങടെ  ആശ തീരും"
ഒന്നുകില്‍      ----  -----  -----

 രേണു കുപ്പിയും കൈയ്യില്‍ പിടിച്ച് അയാള്‍ താഴെ വരുന്നതും കാത്തു നിന്നു.


                                                                                         തുടരും----
--------------------------------------------------------------------------------------------------------

11/28/12

നല്ലൊരു നാളെ



    അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





                                 


മാന്യതതന്‍  മൂടുപട മണിഞ്ഞോരിവര്‍
മാനവും സ്നേഹവും തൂക്കിവില്‍ക്കുന്നവര്‍
ചോരയും  വെള്ളവും വേര്‍തിരിച്ചറിയാത്ത,
രാക്ഷസ ജന്മവും പേറി, ജീവിക്കുവോര്‍ .


അമ്മയെ , പെങ്ങളെ , കണ്ടാലറിയാത്ത,
അറിഞ്ഞാലുമറിഞ്ഞെന്ന ഭാവം നടിക്കാത്ത,
കാമ വെറി പൂണ്ട,  കാഴ്ചകള്‍ മങ്ങിയ,
മാനുഷക്കോലങ്ങള്‍  വാഴുന്നതിവിടെയോ?


പീഡനത്തിന്നിരയായൊരു പൈതലെ,
കാണുവാന്‍  തിക്കി ത്തിരക്കുന്ന നാട്ടുകാര്‍,
പീഡിത യായൊരു കുഞ്ഞു പെണ്‍കുട്ടിയ്ക്ക് ,
പിന്നെയുംപീഡനം, നാട്ടുകാര്‍ തന്‍ വക.

എല്ലാര്‍ക്കുമമ്മയുണ്ടല്ലാര്‍ക്കും പെങ്ങളും.
ആരുമില്ലാതെ ജനിക്കുന്നതില്ലാരും!
എന്നിട്ടുമെങ്ങനെ തോന്നുന്നു, മക്കളെ ,
മാനം പറിച്ചെടു ത്തോടിമറയുവാന്‍?

സ്വന്തം സഹോദരനെന്നറിയാതെയാ
-ണര്‍ജുനന്‍ കര്‍ണ്ണനെ കൊന്നതെന്നാകിലും,
എല്ലാമറിഞ്ഞിട്ടും, കൊല്ലുന്നു നാമിന്നും
പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്നൊരു ന്യായവും!

എന്തിനായിട്ടുനാം - മതങ്ങളുണ്ടാക്കിയ-
തെന്തിന്നു വേണ്ടിനാം പാര്‍ട്ടികളുണ്ടാക്കി,
എല്ലാം മനുഷ്യനു, നേര്‍വഴി കാട്ടുവാന്‍,
എന്നിട്ടുമെന്തേ, അത്, ജയിലിലേക്കെത്തുന്നു?


നേര്‍വഴി കാട്ടുവാന്‍ ത്രാണിയില്ലാത്തവര്‍,
നേരുകള്‍ ചൊല്ലുവാന്‍ ധൈര്യമില്ലാത്തവര്‍.
നേതൃ സ്ഥാനങ്ങളെ കൈമാറിയെന്നിട്ടു,
നല്ലവര്‍ വന്നെങ്കില്‍ , നേടിടാം നല്ലൊരു നാളെയെ .




---------------------------------------------------------



11/20/12

മിസ്കോള്‍












                       അനിത പ്രേംകുമാര്‍ , ബാംഗ്ലൂര്‍



ഇന്നലെ വന്നൊരു മിസ്കോളിന്‍ ലഹരിയില്‍,

ഇന്നവള്‍ സ്വപ്നത്തിന്‍ മഞ്ചലേറി.

ഇതുവരെയില്ലാത്ത പുതിയ വികാരങ്ങള്‍,

ഇതളിട്ടു തന്നുള്ളില്‍, പൂത്തുലഞ്ഞു.

മിസ്കോളില്‍ അവന്‍ ചൊന്ന പുന്നാര വാക്കുകള്‍,

മിന്നി ത്തെളിഞ്ഞു , പതഞ്ഞുയര്‍ന്നു.

കാണാന്‍ കൊതിയായി, കാത്തുനില്‍ക്കാന്‍ വയ്യ,

കാണാത്തൊരാള്‍ക്കായ്‌ മനം തുടിച്ചു.

മുത്തങ്ങള്‍  എമ്പാടും തന്നവന്‍, പുളകത്താല്‍,

കോരിത്തരിച്ചവള്‍, നിശ്ചലയായ്‌ !!

 എന്ന് വരുമെന്ന്  ചോദിച്ച നേരത്തു ചൊന്നവന്‍,

 വന്നിടൂ, എന്‍ നാട്ടില്‍,എന്‍റെ വീട്ടില്‍.

കിട്ടിയ  മാലയും വളകളുമായവള്‍,

കണ്ണൂ രിലേക്കുള്ള ബസ്സിലേറി.

മിസ്കോളിന്‍ നാഥനാം എഴുപതുകാരനെ,

കണ്ടവള്‍  ഞെട്ടി ത്തരിച്ചു പോയി.

ബോധമില്ലാതവള്‍ താഴെ വീണെങ്കിലും,

താങ്ങിയെടുത്തല്ലോ പോലീസുകാര്‍.

പിറ്റേന്ന് പത്രത്തില്‍ വായിച്ചുനാമെല്ലാം,

പൊട്ടിചിരിച്ചുപോയ്‌  നാട്ടുകാരും .

------------------------------------------------------

           









11/18/12

രേണുവിന്‍റെ കഥ, നാടിന്‍റെയും

    (ഭാഗം 1)                                             അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                                                                                                               

  കണ്ണൂര്‍ ജില്ലയിലെ, ഇരിട്ടി എന്ന അതിമനോഹരമായ പട്ടണത്തിനടുത്തുള്ള, പായം, പായം മുക്ക്‌, പയഞ്ചേരി, തില്ലങ്കേരി തുടങ്ങിയ ഗ്രാമങ്ങള്‍ പാശ്ചാത്തലമാക്കി രേണുവിന്‍റെ കഥ തുടങ്ങുകയാണ്. രേണുവിനൊപ്പം കൂടാന്‍ നിങ്ങളെയും ക്ഷണിക്കുന്നു. വരുമല്ലോ? കഥാ പാശ്ചാത്തലം എന്‍റെതാണെങ്കിലും രേണുവിന് എന്‍റെ ജീവിതവുമായ്‌ യാതൊരു ബന്ധവുമില്ല. എന്‍റെ നാടിന്‍റെ കഥ പറയണമെന്ന് തോന്നിയത് കൊണ്ടാണ് ആ പശ്ചാത്തലം നല്‍കിയത്.
                                                                                           സ്നേഹത്തോടെ,
                                                                                            അനിത.

 

ഒന്ന്

  ഉണ്ണിമാങ്ങ

കൊത്തങ്കല്ല് കളിക്കാന്‍ രേണുവിന് തീരെ ഇഷ്ടല്ല.
 അത്, കൊത്തങ്കല്ല് കളിച്ചാല്‍  അച്ഛന് കടം പുയിക്കും എന്ന് പവിയേട്ടന്‍ പറഞ്ഞതു കൊണ്ടൊന്നുമല്ല.
അവള്‍ക്കത് തീരെപറ്റുന്നില്ല. അതുകൊണ്ടാ.
 ആവൂലാന്നു പറഞ്ഞപ്പോ, വസന്തയും വനജയും ഷീബയും ഒക്കെ രേണുനോട് പിണങ്ങി.
അവര്‍  വേറൊരു ഭാഗത്ത്‌ മാറിയിരുന്ന് ചെറിയ ചെറിയ ഉരുണ്ട കല്ലുകള്‍  പെറുക്കിയെടുക്കാന്‍ തുടങ്ങി.
ഇനിയിന്നവര്‍ രേണുനോട് മിണ്ടില്ല.
 വസന്ത കൊത്തം കല്ല്‌ കളിയിലും വളപ്പൊട്ടു കളിയിലും, കാക്ക കളിയിലും ഒക്കെ എപ്പോഴും ഒന്നാമതാണ്.
വനജ പഠിത്തത്തിലും.
രേണുനെ അതിനൊന്നും കൊള്ളില്ല.

അവള്‍  പതുക്കെ അവിടുന്നു പിന്‍വാങ്ങി. എംബിവല്ല്യച്ചന്‍റെ തന്നെ പറമ്പിലെ  "ബപ്പായ്‌" മാവിന്‍റെ ചുവട്ടിലെത്തി.
മാങ്ങ ഉണ്ടാവാന്‍ തുടങ്ങുന്നതെയുള്ളൂ.
വല്ല്യച്ചന്‍റെ വീടിന്‍റെ മുന്‍വശത്ത്‌ കുറച്ചു ദൂരെയായിട്ടാണ് ഈ മാവ്.
പടര്‍ന്നു പന്തലിച്ച വലിയ മാവാണ്.
താഴെ വീഴുന്ന ഉണ്ണിമാങ്ങകളില്‍ നല്ലൊരെണ്ണത്തിനു വേണ്ടി അവള്‍ കുറെ പരതി.
കിട്ടിയതില്‍ നല്ല രണ്ടു മാങ്ങകളുമെടുത്ത് തിരിച്ചു ചെന്ന് വല്ല്യമ്മയോട് ഉപ്പ് വേണംന്ന് പറഞ്ഞു.
കുറച്ച് ഉപ്പുകട്ട കയ്യില്‍ തന്ന ശേഷം കയ്യില്‍ ഒരു നുള്ളും വച്ചുതന്ന് (ഉപ്പ് കയ്യില്‍ കൊടുത്താല്‍ നുള്ളണംന്നറിയില്ലേ?) , വല്ല്യമ്മ എന്നത്തേയും പോലെ പുല്ലരിയാന്‍ വട്ടിയും കത്തിയുമായി ഇറങ്ങി.
ഇറങ്ങുമ്പോ പറയുന്നുണ്ടായിരുന്നു ," അക്കൂട്ടാര്‍ക്ക് ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെത്തിക്കൊണ്ടിരുന്നാമതി.
ഈട ഒരാക്ക് നിക്കാനും ഇരിക്കാനും നെരൂല്ല."
കൂടേലിരുന്ന് ഭംഗിയുള്ള ഒരു ശില്പം ചെത്തിയുണ്ടാക്കുന്ന വല്ല്യച്ചനെ നോക്കിയാണ് പറയുന്നത്.
വല്ല്യച്ചന്‍ രേണുനെ നോക്കി ഒന്ന് ചിരിച്ച് വീണ്ടും പണി തുടങ്ങി.
വല്ല്യമ്മ എപ്പോം തിരക്കിലാ. വല്ല്യച്ചനും!!

വല്ല്യമ്മയ്ക്ക് ആറു മക്കളുണ്ട്.
പിന്നെ കുറെ പശുക്കളും, ആടുകളും കോഴികളും ഒക്കെയുണ്ട്.
കൂടെ പറമ്പിലെ പണികളും.
വല്ല്യച്ചന്‍ മുമ്പ് പഞ്ചായത്തിലെ എംപി യായിരുന്നത്രേ. അതെന്താന്നൊന്നും രേണുനറീല്ല.അമ്മ പറയുന്ന കേട്ടതാ.
അതുകൊണ്ടാ  എംബിവല്ല്യച്ചനായത്.

വല്ല്യച്ചന്‍റെ നീണ്ട നരച്ച താടി കാണാന്‍ രേണുനു വല്ല്യ ഇഷ്ടാ.
രേണുന്‍റെ അച്ഛന് താടീല്ല.  കറുത്തമീശയുണ്ട്.
അച്ഛനെന്താ വെള്ളത്താടി വച്ചാല്‍? ഒരു പ്രാവശ്യം ചോദിച്ചതാണ്.
അച്ഛന്‍ പറഞ്ഞത് വയസ്സാവുമ്പോ വെള്ളത്താടി വരുംന്നാ.
പക്ഷെ വയസ്സായാ അച്ഛന്‍ മരിച്ചു പോവൂത്രേ. അച്ഛനും, വല്ല്യച്ചനും ആരും മരിക്കണ്ട. രേണുന് എല്ലാരേം വേണം.

വല്ല്യച്ചന്‍റെ വീട്ടിന്‍റെ പിന്നിലുള്ള വലിയ പ്ര്‍ത്തി തോട്ടത്തിലൂടെ നടന്ന്, ഒരു ചെറിയ തോടും കടന്നു, തമ്പിയേട്ടന്‍റെ പറമ്പിലൂടെ വേണം, രേണുന് വീട്ടിലെത്താന്‍.  ഇങ്ങോട്ട് വന്നത്, താഴെ പുഴക്കരയിലൂടെയാ.

"കള്ളസ്സാമി മാരിറങ്ങീട്ടുണ്ട്, ഒറ്റയ്ക്ക് അധികം ഇറങ്ങി നടക്കരുത്‌"ന്ന് ഇന്നലേം കൂടി അമ്മ രേണുനോട് പറഞ്ഞതാ. അവള്‍ ശ്രദ്ധിച്ച് പതുക്കെ  നടന്നു.

തോട്ടുംകരയിലെത്തിയപ്പോ ഒരുതുള്ളി വെള്ളോല്ല.
ഇനി മഴക്കാലം വരണം വെള്ളം വരാന്‍.
കഴിഞ്ഞ മഴക്കാലത്ത് രേണു അനിയനേം കൂട്ടി, തോര്‍ത്ത് മുണ്ടോണ്ട് കുറെ പരലിനെ പിടിച്ചതാ.
വെറുതെ രസത്തിന്.ചേമ്പിലയില്‍ വെള്ളം നിറച്ച് അതിലിട്ടുവയ്ക്കും. വീട്ടിലേക്കു പോകുമ്പോള്‍ തിരിച്ചു വെള്ളത്തിലിട്ടിട്ട് പോകും.

 "കൊഞ്ചിനെ" പ്പോലുള്ളവയെ കിട്ടിയാല്‍, രാത്രി മീന്‍പിടിക്കാന്‍  അച്ഛന്‍റെ കൂടെ പുഴക്കരയില്‍ പോകുമ്പോ ചൂണ്ടയില്‍ കൊര്‍ക്കാനെടുക്കാം. അതിനു "മണ്ണിരേം" വേണം.

തോടും കടന്ന്, കമ്മ്യൂണിസ്റ്റപ്പയും, ജനസംഘവും, തൊട്ടാല്‍ വാടിപ്പോകുന്ന ഇലകളുള്ള തൊട്ടാവാടികളും നിറഞ്ഞ വഴിയിലൂടെ അവള്‍ വീട്ടിലേക്കു നടന്നു.
തൊട്ടു പിറകിലായി, കാഷായ വേഷം ധരിച്ച ഒരാള്‍ അവളെ പിന്തുടരുന്നത് അവള്‍ അറിഞ്ഞില്ല.

                                                                             തുടരും.- - -




"FOLLOW" ( പിന്തുടരൂ) ക്ലിക്ക്‌  ചെയ്‌ത് E Mail Id കൊടുത്താല്‍,  ഈ ബ്ലോഗില്‍ എഴുതുന്നത്‌  നിങ്ങളുടെ ഇ മെയില്‍അഡ്രസ്‌ല്‍ തുടര്‍ച്ചയായി വരുന്നതാണ്.

                                                                                   





 


 



11/14/12

പ്രശ്ന പരിഹാരം




  അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍







 കട്ടുറുമ്പും ചോണനുറുമ്പും  പ്രണയത്തിലായി
ചോണന്‍ ചോദിച്ചു, പെണ്ണെ , നമുക്ക് ഒളിച്ചോടിയാലോ?
കട്ടുറുമ്പ് പറഞ്ഞു, വേണ്ട ചേട്ടാ, വേണ്ട.
ചോണന്‍ പിന്നെയും," എന്നെ നിനക്ക് ഇഷ്ടമല്ലേ?"
ഇഷ്ടമാണ് നൂറുവട്ടം എന്ന മറുപടി കേട്ട് അവന്‍ പറഞ്ഞു,
എങ്കില്‍ നമുക്ക് കല്ല്യാണം കഴിക്കാം,
വീട്ടുകാര്‍ അറിഞ്ഞു തന്നെ.


 കട്ടുറുമ്പിന്‍റെ വീട്ടുകാര്‍ പറഞ്ഞു,
"അന്യ ജാതി നമുക്ക് വേണ്ട മോളെ"
ചോണന്‍റെ വീട്ടുകാര്‍ പറഞ്ഞു,
"കറുത്ത  പെണ്ണിനെ നിനക്ക് വേണ്ട കുട്ടാ"

രണ്ടു  പേരും ചേര്‍ന്നിരുന്നാലോചിച്ചു,
ഉത്തരം കിട്ടിയില്ല.
മാറിയിരുന്നാലോചിച്ചു.
കിട്ടിപ്പോയ്, കിട്ടിപ്പോയ്, കട്ടുറുമ്പ് പറഞ്ഞു.
എന്താണെന്ന്ചോണനും ചോദിച്ചു.

നമുക്ക് നമ്മുടെ ജാതിയില്‍ നിന്നുതന്നെ,
കല്ല്യാണം കഴിക്കാം.
ഉത്തരം കേട്ടപ്പോള്‍ ചോണന്‍ ചിരിച്ചു.
ഞാന്‍ കണ്ട ഉത്തരവും അതുതന്നെയായിരുന്നല്ലോ.

അവര്‍  സന്തോഷത്തോടെ പരസ്പരം ഉമ്മ നല്‍കി.
പിന്നെ ബൈ ബൈ പറഞ്ഞു പിരിഞ്ഞു.

                            -----------------------------------------------

                               










11/8/12

നക്ഷത്രത്തെ പരിണയിച്ച കരിവണ്ട്

 

        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                






 ഒരുകുഞ്ഞു മിന്നാമ്മിനുങ്ങിന്‍ നുറുങ്ങുവെട്ടം 

ആഗ്രഹിച്ച കരിവണ്ടിനു ദൈവം

 പ്രകാശം പരത്തുന്ന ഒരു നക്ഷത്രത്തെ കൊടുത്തു.

എന്നിട്ടും അവളാ നക്ഷത്രത്തോട് വഴക്ക് കൂടി.

ഒന്നുകില്‍  ഭൂമിയിലേക്ക്‌ ഇറങ്ങിവരാത്തത്തിന്

അല്ലെങ്കില്‍ പ്രകാശം അധികമായതിന്

ഓരോരുത്തര്‍ക്കും  അവരവരുടെ രീതികള്‍!

നക്ഷത്രത്തിനെങ്ങനെഭൂമിയിലെക്കിറങ്ങാന്‍ പറ്റും?

ഈ  പാവം കരിവണ്ടിന് മുകളിലോട്ടു പറക്കാനും വയ്യ.

അവളുടെ  കിന്നാരങ്ങള്‍ ഒന്നും അവന്‍ കേട്ടതേയില്ല

അവരുടെ ഇടയിലുള്ള ദൂരം ഒരുപാടായിരുന്നു.

ഒടുവില്‍  അവരൊരുഒത്തുതീര്‍പ്പിലെത്തി.

നക്ഷത്രം  അല്പം താഴേക്കു വരിക.

കരിവണ്ടല്പം മുകളിലേക്കും പോകുക.

അങ്ങനെ ഭൂമിയിലല്ലാതെ,ആകാശത്തിലല്ലാതെ

അവര്‍ ഒരുമിച്ചു,

അവളുടെയുള്ളില്‍ ഒരു കുഞ്ഞു ജീവന്‍റെ തുടിപ്പുണര്‍ന്നു.

അവളാ  കുഞ്ഞിനൊരു പേര് കണ്ടു വച്ചു

കരിനക്ഷത്രം!!

എന്നാല്‍  അവളുടെ സങ്കട ക്കടലിന്‍ തിരകളില്‍ പെട്ട്

ജനിക്കും മുമ്പേ ആ കുഞ്ഞു മരിച്ചുപോയി.

അപ്പോഴും നക്ഷത്രം അവളെനോക്കി,

 പ്രകാശം പരത്തി ക്കൊണ്ടിരുന്നു.

അവള്‍ക്കു  വേണ്ടിയും പിന്നെ

എല്ലാവര്‍ക്കും  വേണ്ടിയും.

ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍

അവളും മൂളിക്കൊണ്ടേയിരുന്നു,

ഓരോന്നും പറഞ്ഞുകൊണ്ടേ യിരുന്നു.

ഒന്നും തന്നെ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അഥവാ , കേട്ടാല്‍ അവളിലെ കവി ഉണ്ടാകുമായിരുന്നില്ല.


                             -----------------------------------------------









11/7/12

എന്‍റെ സഹപാഠി

                                                                                 അനിത പ്രേംകുമാര്‍,ബാംഗ്ലൂര്‍









പത്താം ക്ലാസ്സിലെ  അരക്കൊല്ല പരീക്ഷയുടെ പേപ്പര്‍ കിട്ടിയ

ക്ഷീണത്തില്‍ ഞാന്‍ ഇരിക്കുമ്പോഴാണ്

ഒരു ചെറിയ നോട്ട്ബുക്കുമായി അവന്‍ എന്‍റെ മുന്നില്‍ വന്നത്.

"ഇതൊന്നു പൂര്‍ത്തിയാക്കാമോ " എന്നായിരുന്നു ചോദ്യം.

നോക്കിയപ്പോ ഒരു  കഥയുടെ രണ്ടു വരികള്‍ എഴുതിയിരിക്കുന്നു.

അതിങ്ങനെ.

----   " പെണ്ണെ, നേരെ നോക്കി നടക്കൂ.

   ഇല്ലെങ്കില്‍ മൂക്ക് കുത്തി വീഴും."

 

   "അതിനു ഞാന്‍ മൂക്കുത്തി ഇട്ടിട്ടില്ലല്ലോ"--------

 

  ഇതായിരുന്നു   അവനെഴുതിയ കഥയുടെ തുടക്കം.

കുറെ  സമയം ഇതും കയ്യില്‍ പിടിച്ചു മിണ്ടാതെ ഞാനിരുന്നു.

കുഞ്ഞു നാള്‍ മുതല്‍ കൂട്ടുകാരൊക്കെ ചറ- പറാ- ന്നു സംസാരിക്കുമ്പോള്‍

ഞാന്‍ മിക്കവാറും ഭാവനാ ലോകത്തിലായിരിക്കും.

പക്ഷെ കഥയുംകവിതയുമൊന്നും എനിക്ക്--- 

ഞാനെന്താ പറയുക.!

അവസാനം അത് ഒന്നും എഴുതാതെ തിരിച്ചു കൊടുത്തു.

അവനെന്തോ  ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല.

പിന്നീട്  അവന്‍ അത്പൂര്‍ത്തിയാക്കിയോ ,

എനിക്കറിയില്ല.

എന്ത്  കൊണ്ടാണ് അവന്‍ , ആരോടും അധികം മിണ്ടാത്ത

എന്നോടു തന്നെ അത് ആവശ്യപ്പെട്ടത്?

അതും എനിക്കറിയില്ല.

പക്ഷെ എന്‍റെ മനസ്സില്‍ കഥയുടെയും കവിതയുടെയും 

ഒരു കുഞ്ഞു തിരി കൊളുത്താന്‍  ആ   സഹപാഠിക്ക് കഴിഞ്ഞു.

ആ  തിരി കത്തിക്കൊണ്ടേയിരുന്നു, ഒരു കെടാവിളക്കായ്.

                   അനിത







11/3/12

കള്ളന്‍ പൂച്ചയും ഞങ്ങളും

അനിത പ്രേംകുമാര്‍












ഇടവപ്പാതിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയിലെ വെള്ളത്തിന്‌ നല്ല ചെമ്മണ്ണിന്‍റെ നിറമുണ്ടായിരുന്നു. എന്തൊക്കെയോ സാധനങ്ങള്‍ പുഴയിലൂടെ ഒഴുകി വരുന്നത് കാണാന്‍ നല്ല രസം. എന്തൊരു ഒഴുക്കാ! പുഴയുടെ മറ്റെക്കര കൂടുതല്‍ ദൂരെ ആയപോലെ. ശരിക്ക് കാണുന്നില്ല.
മഴ നിന്നെങ്കിലും മഴത്തുള്ളികള്‍ ഇറ്റിറ്റ് വീണ് കുപ്പായം മുഴുവന്‍ നനഞ്ഞിരിക്കുന്നു.

അനിയനോട് ചോദിച്ചു.
"നിനക്ക് തണുക്കുന്നുണ്ടോടാ?"

"ഉം-- ഉണ്ട്. ഏച്ചിയല്ലേ പറഞ്ഞത് മഴ നിന്നു, കുട എടുക്കണ്ട എന്ന്. ഇപ്പോള്‍ മുഴുവനും നനഞ്ഞില്ലേ?" 

"സാരമില്ലെടാ-- നമുക്ക് വേഗം തിരിച്ചു വീട്ടില്‍ പോകാം. ഇതാ തോണി വന്നു."

ആളുകള്‍ ഒക്കെ ഇറങ്ങിയശേഷം, കാത്തു നിന്ന മറ്റുള്ളവരോടൊപ്പം
ഒരു ചെറിയ ചാക്ക് കെട്ടുമായിതോണിയില്‍ കയറിയ എന്നോടും
അനിയനോടും തോണിക്കാരന്‍ ഗോപലേട്ടന്‍ ചോദിച്ചു

" ഇതെങ്ങോട്ടാ ഈ ചാക്കുകെട്ടുമായ്‌"?

"അക്കരയ്ക്കാ "

അമ്മൂമ്മയുടെ വീടും, അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെ വീടും , പുഴക്കക്കരെ ആയതിനാല്‍ ഞങ്ങള്‍ക്ക് ഈ തോണി യാത്ര എന്നും പതിവുള്ളതായിരുന്നു. അത് ഗോപാലേട്ടനും അറിയാം. ഞങ്ങള്‍ ഈ പോകുന്നതിന്‍റെയൊക്കെ കണക്ക്, ഗോപാലേട്ടന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. മാസത്തിലൊരു പ്രാവശ്യം അച്ഛന്‍ ഒരുമിച്ചു പണം  കൊടുക്കും.

ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് ഈ മല വെള്ളത്തില്‍ ആളുകളെ അക്കരെ എത്തിക്കുക അത്ര എളുപ്പമല്ല. ഗോപാലേട്ടന്‍ തോണി കുത്തിയിറക്കുന്നതും പിന്നെ ആഞ്ഞാഞ്ഞു തുഴയുന്നതും കൌതുകത്തോടെ നോക്കി നിന്നു.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ചാക്ക് കെട്ട് അനങ്ങുന്നതു കണ്ടപ്പോള്‍ അയാള്‍ക്ക്‌ എന്തോ ഒരു പന്തികേട് തോന്നി.

എന്താ മക്കളെ അതിനകത്ത്?

അനിയനാണ് ഉത്തരം പറഞ്ഞത്

"ഇതിനകത്തൊരു പൂച്ചയാണ്.
ഇത്  വല്ലാത്ത  കള്ളന്‍ പൂച്ച യാണ്",

"അതെ, ഞങ്ങളുടെ വീട്ടിലും അടുത്ത വീടുകളിലും എന്തുണ്ടാക്കിയാലുംതട്ടിമറിച്ചിട്ടു കട്ടു തിന്നുന്നു". ഞാനുംചേര്‍ന്നു.

"അതിന് എന്തിനാണ് ഇതിനേം കൊണ്ട് തോണിയില്‍ കയറിയത്"?

"ഇതിനെ പുഴ കടത്തി അക്കരെയാക്കണം. പിന്നെ അതിന്‍റെ ശല്യമുണ്ടാവില്ലല്ലോ"

ഇത് കേള്‍ക്കേണ്ട താമസം ഗോപാലേട്ടന്‍ മുന്നോട്ടു നീങ്ങിയ തോണി കഷ്ട്ടപ്പെട്ട്തിരിച്ചു തുഴയാന്‍ തുടങ്ങി. എന്നിട്ട് കരയ്ക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"മക്കള്‍ ഇറങ്ങിയാട്ടെ.ഈ മലവെള്ള പാച്ചിലില്‍ കുത്തി യൊഴുകുന്നപുഴയിലൂടെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ തുഴഞ്ഞ് അക്കരെ എത്തുന്നത്.
ഈ കള്ളന്‍പൂച്ചയെ അക്കരെയെത്തിച്ചാല്‍ തൊട്ടക്കരെയുള്ള എന്‍റെ വീട്ടിലെക്കാവും നെരെ വരിക."

ഇറങ്ങാന്‍ മറിച്ചു നിന്നത് കണ്ടാവണം,ആദ്യം പിടിച്ചു വാങ്ങിയ ചാക്ക് കെട്ടും പിന്നാലെ നാലിലും ഒന്നിലും പഠിക്കുന്ന ഞങ്ങളെയും എടുത്തു കരയിലേക്ക് ഇട്ട ശേഷം ഗോപാലേട്ടന്‍ തോണി തിരിച്ച് വീണ്ടും തുഴഞ്ഞു പോയി. തോണിയിലുള്ള ബാക്കി യാത്രക്കാരൊക്കെ ചിരിയോടു ചിരി.

ഹും! ചിരിക്കട്ടെ-- അവരുടെ വീട്ടിലും വരണം, ഇങ്ങനത്തെ ഒരു പൂച്ച. അപ്പൊ മനസ്സിലാവും.

തോണിയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.
വല്ലാതെ സങ്കടം വന്നു കണ്ണ് നിറയാന്‍ തുടങ്ങി.
ഇതിനെ ഒഴിവാക്കാന്‍ എന്തൊക്കെ പണി ചെയ്തതാ!

ഒരു പ്രാവശ്യം,വീട്ടിനു പിറകിലുള്ള കൈതച്ചക്ക തോട്ടവും അതിന് പിറകിലെ കുന്നും കയറ്റി , മയിലാടന്‍പാറ എന്ന സ്ഥലത്ത് കഷ്ടപ്പെട്ട് വിട്ട്, ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ വീട്ടിലെത്തിയപ്പോള്‍ പൂച്ചയതാ ഞങ്ങളെക്കാത്തു വീട്ടിലിരിക്കുന്നു.

പിന്നീടൊരിക്കല്‍ നമ്പീശന്‍ വീട്ടിലെ  വല്യമ്മ പറഞ്ഞു, മലര്‍ത്തി പിടിച്ചു കൊണ്ടുപോയാല്‍ മതി, അപ്പൊ ആകാശമേ കാണൂ, ഭൂമി കാണാത്തതുകൊണ്ട് വഴി മനസ്സിലാവൂല്ല, എന്ന്. പായം മുക്ക് എന്ന സ്ഥലത്തേക്ക് പൂച്ചയെ മലര്ത്തിപിടിച്ചു കൊണ്ട് നടന്നു, അവിടെ വിട്ടു. എന്നിട്ടും അവന്‍ ഞങ്ങളെക്കാള്‍ മുന്നേ വീട്ടില്‍ എത്തി!‍

പൂച്ചയെ കൊന്നാല്‍ കൈ വിറയ്ക്കും എന്ന് കൂട്ടത്തിലാരോ പറഞ്ഞത് കേള്‍ക്കാതെ ഒരുപ്രാവശ്യം ഞാനും മൊയമ്മദലിയും കാപ്പിയും റഷീദയും സജിയും മനുവും ഒക്കെ ചേര്‍ന്നു, ബാരവള്ളി കൊണ്ട് (കുറ്റിച്ചെടികളില്‍ ‍ പടര്‍ന്നുകയറുന്ന നേരിയ വള്ളിച്ചെടി) കെട്ടി തൂക്കി.
വള്ളി പൊട്ടി പൂച്ച താഴെ വീഴാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ! തിരിഞ്ഞു നിന്ന് അഹങ്കാരത്തോടെ ഞങ്ങളെയൊന്നു നോക്കിയ ശേഷം അവന്‍ നേരെ കതീസുമ്മയുടെ അടുക്കളയില്‍ കയറി അന്നുണ്ടാക്കിയ മീന്‍ മുഴുവനും കട്ട് തിന്നു. കള്ളന്‍!

ഇപ്പോള്‍ അവസാന പിടിവള്ളിയും കൈവിട്ടിരിക്കുന്നു.

എവിടെ കൊണ്ടുചെന്നാക്കിയാലും തിരിച്ചു വീട്ടിലെത്തുന്ന പൂച്ചയെ ഇനിയും വെറുതെ ചുമന്നു നടക്കുന്നതില്‍ അര്‍ഥമില്ലെന്നു മനസ്സിലാക്കി
അവടെ തുറന്നുവിട്ട് ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു നടന്നു. മഴ വീണ്ടും തുടങ്ങിയിരിക്കുന്നു. പൂച്ചയെ മാറി മാറി എടുക്കേണ്ടതുകൊണ്ട് കുടയും എടുത്തില്ല. ഹോ-- എന്തൊരു തണുപ്പാ!

അല്‍പ സമയത്തെക്കാണെങ്കിലും ചാക്കിനുള്ളില്‍ കഴിയേണ്ടി വന്ന അവസ്ഥയെ പറ്റി പരാതി പറഞ്ഞുകൊണ്ട് ഞങ്ങളുടെ മുന്നിലായി, ഒരു വഴികാട്ടിയെ പോലെയോ ജേതാവിനെ പോലെയോ തലയുയര്ത്തിപിടിച്ചു പൂച്ചയും നടക്കുന്നുണ്ടായിരുന്നു. തീ എപ്പോഴും കത്തിക്കാത്ത മൂന്നാമത്തെ അടുപ്പില്‍ സുഖമായി ഉറങ്ങുമ്പോഴാ അതിനെ പിടിച്ചു കൊണ്ട് വന്നത്.മഴകൊണ്ട്‌ പാവം അതിന്‍റെ രോമം ഒക്കെ നനഞ്ഞ് ഒട്ടിയിരുന്നു. അതിനും തണുക്കുന്നുണ്ടാവുമോ, എന്തോ!

                                                                       *    *    *

11/2/12

അര്‍ത്ഥം

നീലാകാശവും നീല നിശീധിനിയും,

നീലക്കുറിഞ്ഞിയും നീലത്താമരയും,

എന്‍റെ സ്വപ്നങ്ങളിലെന്നെ തഴുകവേ,

എന്നിലെ ഞാനൊരു കുഞ്ഞായ്‌ മാറവേ,

ജനനിയും ജനകനുമില്ലാത്തൊരാക്കുഞ്ഞ്,

തേടുകയായ്‌ നിരര്‍ത്ഥമാമി ജീവിതത്തെ,

തേങ്ങുന്നൊരാത്മാവിന്‍ നിത്യമാം ശാന്തിയെ.


                                                                   -അനിത കാപ്പാടന്‍ ഗോവിന്ദന്‍

10/29/12

എന്‍റെ അച്ഛന്





  
നീ ഇല്ലാതെ, നിന്‍ കൈനീട്ടമില്ലാതെ,  വിഷു വന്നു
 പൂക്കളമില്ലാതെ, സദ്യയൊരുക്കാതെ, കടന്നുപോയോണവും
 കണിക്കൊന്നപൂക്കളെപ്പോലെന്നുള്ളില്‍ തെളിഞ്ഞുനിന്നുനീ
 നിറദീപമായ്‌, വഴികാട്ടിയായ് എന്മുന്നിലെന്നും നടന്നൂനീ
 നീ എനിക്കാരായിരുന്നു? അച്ഛന്‍ മാത്രമോ?
 അതോ ദൈവത്തിന്‍ പ്രതിരൂപമോ?
                                                       
                 --------------------------------------------



 അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍
 


.