11/18/12

രേണുവിന്‍റെ കഥ, നാടിന്‍റെയും

    (ഭാഗം 1)                                             അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                                                                                                               

  കണ്ണൂര്‍ ജില്ലയിലെ, ഇരിട്ടി എന്ന അതിമനോഹരമായ പട്ടണത്തിനടുത്തുള്ള, പായം, പായം മുക്ക്‌, പയഞ്ചേരി, തില്ലങ്കേരി തുടങ്ങിയ ഗ്രാമങ്ങള്‍ പാശ്ചാത്തലമാക്കി രേണുവിന്‍റെ കഥ തുടങ്ങുകയാണ്. രേണുവിനൊപ്പം കൂടാന്‍ നിങ്ങളെയും ക്ഷണിക്കുന്നു. വരുമല്ലോ? കഥാ പാശ്ചാത്തലം എന്‍റെതാണെങ്കിലും രേണുവിന് എന്‍റെ ജീവിതവുമായ്‌ യാതൊരു ബന്ധവുമില്ല. എന്‍റെ നാടിന്‍റെ കഥ പറയണമെന്ന് തോന്നിയത് കൊണ്ടാണ് ആ പശ്ചാത്തലം നല്‍കിയത്.
                                                                                           സ്നേഹത്തോടെ,
                                                                                            അനിത.

 

ഒന്ന്

  ഉണ്ണിമാങ്ങ

കൊത്തങ്കല്ല് കളിക്കാന്‍ രേണുവിന് തീരെ ഇഷ്ടല്ല.
 അത്, കൊത്തങ്കല്ല് കളിച്ചാല്‍  അച്ഛന് കടം പുയിക്കും എന്ന് പവിയേട്ടന്‍ പറഞ്ഞതു കൊണ്ടൊന്നുമല്ല.
അവള്‍ക്കത് തീരെപറ്റുന്നില്ല. അതുകൊണ്ടാ.
 ആവൂലാന്നു പറഞ്ഞപ്പോ, വസന്തയും വനജയും ഷീബയും ഒക്കെ രേണുനോട് പിണങ്ങി.
അവര്‍  വേറൊരു ഭാഗത്ത്‌ മാറിയിരുന്ന് ചെറിയ ചെറിയ ഉരുണ്ട കല്ലുകള്‍  പെറുക്കിയെടുക്കാന്‍ തുടങ്ങി.
ഇനിയിന്നവര്‍ രേണുനോട് മിണ്ടില്ല.
 വസന്ത കൊത്തം കല്ല്‌ കളിയിലും വളപ്പൊട്ടു കളിയിലും, കാക്ക കളിയിലും ഒക്കെ എപ്പോഴും ഒന്നാമതാണ്.
വനജ പഠിത്തത്തിലും.
രേണുനെ അതിനൊന്നും കൊള്ളില്ല.

അവള്‍  പതുക്കെ അവിടുന്നു പിന്‍വാങ്ങി. എംബിവല്ല്യച്ചന്‍റെ തന്നെ പറമ്പിലെ  "ബപ്പായ്‌" മാവിന്‍റെ ചുവട്ടിലെത്തി.
മാങ്ങ ഉണ്ടാവാന്‍ തുടങ്ങുന്നതെയുള്ളൂ.
വല്ല്യച്ചന്‍റെ വീടിന്‍റെ മുന്‍വശത്ത്‌ കുറച്ചു ദൂരെയായിട്ടാണ് ഈ മാവ്.
പടര്‍ന്നു പന്തലിച്ച വലിയ മാവാണ്.
താഴെ വീഴുന്ന ഉണ്ണിമാങ്ങകളില്‍ നല്ലൊരെണ്ണത്തിനു വേണ്ടി അവള്‍ കുറെ പരതി.
കിട്ടിയതില്‍ നല്ല രണ്ടു മാങ്ങകളുമെടുത്ത് തിരിച്ചു ചെന്ന് വല്ല്യമ്മയോട് ഉപ്പ് വേണംന്ന് പറഞ്ഞു.
കുറച്ച് ഉപ്പുകട്ട കയ്യില്‍ തന്ന ശേഷം കയ്യില്‍ ഒരു നുള്ളും വച്ചുതന്ന് (ഉപ്പ് കയ്യില്‍ കൊടുത്താല്‍ നുള്ളണംന്നറിയില്ലേ?) , വല്ല്യമ്മ എന്നത്തേയും പോലെ പുല്ലരിയാന്‍ വട്ടിയും കത്തിയുമായി ഇറങ്ങി.
ഇറങ്ങുമ്പോ പറയുന്നുണ്ടായിരുന്നു ," അക്കൂട്ടാര്‍ക്ക് ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെത്തിക്കൊണ്ടിരുന്നാമതി.
ഈട ഒരാക്ക് നിക്കാനും ഇരിക്കാനും നെരൂല്ല."
കൂടേലിരുന്ന് ഭംഗിയുള്ള ഒരു ശില്പം ചെത്തിയുണ്ടാക്കുന്ന വല്ല്യച്ചനെ നോക്കിയാണ് പറയുന്നത്.
വല്ല്യച്ചന്‍ രേണുനെ നോക്കി ഒന്ന് ചിരിച്ച് വീണ്ടും പണി തുടങ്ങി.
വല്ല്യമ്മ എപ്പോം തിരക്കിലാ. വല്ല്യച്ചനും!!

വല്ല്യമ്മയ്ക്ക് ആറു മക്കളുണ്ട്.
പിന്നെ കുറെ പശുക്കളും, ആടുകളും കോഴികളും ഒക്കെയുണ്ട്.
കൂടെ പറമ്പിലെ പണികളും.
വല്ല്യച്ചന്‍ മുമ്പ് പഞ്ചായത്തിലെ എംപി യായിരുന്നത്രേ. അതെന്താന്നൊന്നും രേണുനറീല്ല.അമ്മ പറയുന്ന കേട്ടതാ.
അതുകൊണ്ടാ  എംബിവല്ല്യച്ചനായത്.

വല്ല്യച്ചന്‍റെ നീണ്ട നരച്ച താടി കാണാന്‍ രേണുനു വല്ല്യ ഇഷ്ടാ.
രേണുന്‍റെ അച്ഛന് താടീല്ല.  കറുത്തമീശയുണ്ട്.
അച്ഛനെന്താ വെള്ളത്താടി വച്ചാല്‍? ഒരു പ്രാവശ്യം ചോദിച്ചതാണ്.
അച്ഛന്‍ പറഞ്ഞത് വയസ്സാവുമ്പോ വെള്ളത്താടി വരുംന്നാ.
പക്ഷെ വയസ്സായാ അച്ഛന്‍ മരിച്ചു പോവൂത്രേ. അച്ഛനും, വല്ല്യച്ചനും ആരും മരിക്കണ്ട. രേണുന് എല്ലാരേം വേണം.

വല്ല്യച്ചന്‍റെ വീട്ടിന്‍റെ പിന്നിലുള്ള വലിയ പ്ര്‍ത്തി തോട്ടത്തിലൂടെ നടന്ന്, ഒരു ചെറിയ തോടും കടന്നു, തമ്പിയേട്ടന്‍റെ പറമ്പിലൂടെ വേണം, രേണുന് വീട്ടിലെത്താന്‍.  ഇങ്ങോട്ട് വന്നത്, താഴെ പുഴക്കരയിലൂടെയാ.

"കള്ളസ്സാമി മാരിറങ്ങീട്ടുണ്ട്, ഒറ്റയ്ക്ക് അധികം ഇറങ്ങി നടക്കരുത്‌"ന്ന് ഇന്നലേം കൂടി അമ്മ രേണുനോട് പറഞ്ഞതാ. അവള്‍ ശ്രദ്ധിച്ച് പതുക്കെ  നടന്നു.

തോട്ടുംകരയിലെത്തിയപ്പോ ഒരുതുള്ളി വെള്ളോല്ല.
ഇനി മഴക്കാലം വരണം വെള്ളം വരാന്‍.
കഴിഞ്ഞ മഴക്കാലത്ത് രേണു അനിയനേം കൂട്ടി, തോര്‍ത്ത് മുണ്ടോണ്ട് കുറെ പരലിനെ പിടിച്ചതാ.
വെറുതെ രസത്തിന്.ചേമ്പിലയില്‍ വെള്ളം നിറച്ച് അതിലിട്ടുവയ്ക്കും. വീട്ടിലേക്കു പോകുമ്പോള്‍ തിരിച്ചു വെള്ളത്തിലിട്ടിട്ട് പോകും.

 "കൊഞ്ചിനെ" പ്പോലുള്ളവയെ കിട്ടിയാല്‍, രാത്രി മീന്‍പിടിക്കാന്‍  അച്ഛന്‍റെ കൂടെ പുഴക്കരയില്‍ പോകുമ്പോ ചൂണ്ടയില്‍ കൊര്‍ക്കാനെടുക്കാം. അതിനു "മണ്ണിരേം" വേണം.

തോടും കടന്ന്, കമ്മ്യൂണിസ്റ്റപ്പയും, ജനസംഘവും, തൊട്ടാല്‍ വാടിപ്പോകുന്ന ഇലകളുള്ള തൊട്ടാവാടികളും നിറഞ്ഞ വഴിയിലൂടെ അവള്‍ വീട്ടിലേക്കു നടന്നു.
തൊട്ടു പിറകിലായി, കാഷായ വേഷം ധരിച്ച ഒരാള്‍ അവളെ പിന്തുടരുന്നത് അവള്‍ അറിഞ്ഞില്ല.

                                                                             തുടരും.- - -




"FOLLOW" ( പിന്തുടരൂ) ക്ലിക്ക്‌  ചെയ്‌ത് E Mail Id കൊടുത്താല്‍,  ഈ ബ്ലോഗില്‍ എഴുതുന്നത്‌  നിങ്ങളുടെ ഇ മെയില്‍അഡ്രസ്‌ല്‍ തുടര്‍ച്ചയായി വരുന്നതാണ്.

                                                                                   





 


 



6 comments:

  1. ഇത് തുടര്‍ക്കഥ ആണല്ലോ..നമ്മളെ ഒരു സീരിയല്‍ അടിക്റ്റ് പോലെ ആക്കുമോ?

    ReplyDelete
  2. ഇരിട്ടി എന്റേം കൂടി നാടാ... എഴുത്തു ശൈലി വളരെ നന്ന്. ഇനിയും വരാം...

    ReplyDelete
  3. ആഹാ... അവസാനം കൊരുത്തിട്ടു പോയല്ലോ ..
    നല്ല എഴുത്ത്.. ഇനിയേതായാലും അടുത്ത ഭാഗങ്ങള്‍ വരട്ടെ ... കാത്തിരിക്കുന്നു .. ആശംസകളോടെ...

    ReplyDelete
  4. Thanks a lot for the support.
    Sumesh sarikkum evideyaanu?
    Ellavarkkum nandi

    ReplyDelete
  5. നാട്ടു വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരൂല ..കേട്ടാലും കേട്ടാലും മതിയാവുല്യ ...

    ReplyDelete
  6. ഹും..!! വായന തുടങ്ങിക്കഴിഞ്ഞു..
    അവസാനിപ്പിക്കുമ്പോ എങ്ങിനെ നിര്‍ത്തണം എന്ന്
    സീരിയല്‍ കണ്ടു പഠിച്ചുല്ലേ..!!
    ങാ..! നടക്കട്ട്.. നടക്കട്ട്.. :)
    അനുമോദനങ്ങള്‍

    ReplyDelete