7/21/18

ഞാനെന്നെയാണ് സ്നേഹിക്കുന്നത്!

എന്നെക്കാള്‍സുന്ദരിയായവളെ
ഞാനിതുവരെ കണ്ടിട്ടേയില്ലല്ലോ
അഥവാ കണ്ടതിനെയൊന്നും
അംഗീകരിക്കാൻ കഴിഞ്ഞിട്ടുമില്ല

എന്നേക്കാള്‍ സുന്ദരിയാണവള്‍
എന്ന് നീയെന്നെങ്കിലും പറഞ്ഞുവോ?
പറഞ്ഞെങ്കിലതോടെ കഴിഞ്ഞേനെ
നിന്റെ കഥയും പിന്നവളുടെതും!

അതറിയാവുന്ന നീയെപ്പോഴുമെന്നെ
വല്ലാതെ വല്ലാതെ പുകഴ്ത്തിയിരുന്നു
പുകഴ്ത്തലില്‍ ഞാന്‍ വീണ്ടും വീണ്ടും '
അതിലേറെ സുന്ദരിയുമായി മാറി

ഞാന്റെ നിമ്നോന്നതങ്ങളില്‍
കയറിയും ഇറങ്ങിയും നടന്നു
ഞാനെന്‍റെ ചുഴികളിലുമാഴങ്ങളിലും
മൂർച്ഛകളന്വേഷിച്ചലഞ്ഞു

ഞാന്‍ പ്രണയിച്ചതെന്നെതന്നെ
നിന്നെയാനെന്നു നീ വെറുതെ,
അവസാന ശ്വാസം നിലയ്ക്കും വരെ,
ആശിച്ചുമാഗ്രഹിച്ചും കാത്തുനില്‍ക്കും!

എനിക്കെന്നെ ഒരുപാടിഷ്ടമാണ്
ഞാനെന്നെ മാത്രമേ സ്നേഹിക്കൂ
ഞാനെന്നെതന്നെഭോഗിക്കുന്നതും
നിന്നെ എന്നതു വെറും തോന്നലത്രെ!
____________________________
അനിത പ്രേംകുമാര്‍

1 comment: