8/25/13

ചിങ്ങത്തിലെ അശ്വതി (കളിമണ്ണ്‍)















നാല്പത്തി രണ്ടു (42) വര്ഷം മുമ്പ് ചിങ്ങ മാസത്തിലെ ഈ അശ്വതി നാള്. സെപ്തെംമ്പര്‍ 8 ആം തീയതി.  സ്ഥലം പായം സ്കൂളിനും വായനശാലയ്ക്കും  ഇടയിലായ്‌ വയലിന്‍റെ കരയിലുള്ള  കാപ്പാടന്‍ വീട്.

കാര്‍ത്യായനി ടീച്ചര്ക്ക് തലേ ദിവസം  വൈകിട്ട് 4 മണിക്കോ മറ്റോ തുടങ്ങിയ വേദനയാണ്.  യഥാര്‍ത്ഥത്തില്‍ ഒരു മാസം മുമ്പേ, ഇരിട്ടിയില്‍ അവരുടെ ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. അവിടെ ആകുമ്പോള്‍ ഹോസ്പിറ്റലും ഡോക്ടര് മാരും ഒക്കെ ഇഷ്ടം പോലെ ഉണ്ട്. ചുറ്റും പുഴയാല്‍ ചുറ്റപ്പെട്ട ഈ പായം നാട്ടില്‍ , പെട്ടെന്ന് ഒരത്യാവശ്യം വന്നാല്‍ എന്ത് ചെയ്യും എന്നത് ആര്‍ക്കും അറിയില്ലായിരുന്നു. രാത്രി, തോണിക്കാരും ഉണ്ടാവില്ല.

പക്ഷെ, എന്ത് പറയാന്‍! ഇരിട്ടിയിലെ ആ വലിയ വീട്ടില്‍ ആരോ "കൂടോത്രം" * ചെയ്തതുകൊണ്ട്, അവിടെ നിന്നാല്‍ ശരിയാകില്ല , പായത്തെയ്ക്ക് തന്നെ തിരിച്ചു പോകണം എന്ന ഉപദേശത്തിന്മേല്‍ അവര്‍ തിരിച്ചു വരികയായിരുന്നു.

വീട്ടിലുള്ളവര്‍ക്ക് പുറമെ, ആകെ സഹായത്തിനുള്ളത്, കുര്യന്‍ ചേട്ടന്‍ എന്ന ആളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു നേഴ്സ് മാത്രം. അവര്‍ അവരെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ശ്രമിക്കുന്നുണ്ട്. എന്നാലും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു നേഴ്സ്നു എന്താണ് ചെയ്യാന്‍ പറ്റുക! സാമാന്യം നല്ല വളര്‍ച്ചയുള്ള കുഞ്ഞ്, അവളെ കൊണ്ട് പറ്റുന്നപോലെ ഒക്കെ ചെയ്തിട്ടുണ്ടാവാം, പുറം ലോകം കാണാന്‍.  വേദനകൊണ്ട് പുളയുന്ന ആ അമ്മ, 12 മണിക്കൂര്‍ സഹിച്ചിട്ടും, കഷ്ടപ്പെട്ടിട്ടും കുഞ്ഞ് ഇനിയും പുറത്തെത്തിയില്ല. എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല. വീട്ടില്‍ എല്ലാവരും ആശങ്കയിലും.

ഗോവിന്ദന്‍ മാസ്റെര്‍ക്ക്, ആദ്യമായി PSC പോസ്റ്റിങ്ങ്‌ കിട്ടി, കാസര്‍ഗോഡ്‌ ജോയിന്‍ ചെയ്യേണ്ട ദിവസം ആണ് ഇന്ന്. കുഞ്ഞിനെ കണ്ട ശേഷം പോകാന്‍ കാത്തു നില്‍ക്കുകയാണ് അദ്ദേഹം.

ഇതിപ്പോ, എന്തും സംഭവിക്കാം എന്ന നിലയും. ഇനി അവരെ എടുത്തു, നടന്നു, തോണി വഴി പുഴ കടത്തി , ഇരിട്ടിയില്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴേയ്ക്ക്‌, എന്തെങ്കിലും സംഭവിക്കും. അതുകൊണ്ട് കാത്തിരിക്കുക തന്നെ.

സമയം രാവിലെ ഒമ്പത് മണി യായി! ഇനിയും കാത്തിരിക്കാന്‍ വയ്യ. അവസാനം  നേഴ്സ് കത്രിക കൈയ്യില്‍ എടുത്തു. ഡോക്ടര്‍മാര്‍ മാത്രം ചെയ്യുന്നകാര്യം.അവസാനത്തെ ആയുധം. ഇല്ലെങ്കില്‍ അമ്മയും കുഞ്ഞുമൊ, രണ്ടില്‍ ഒരാളോ, ഇല്ലാതാകും. അല്‍പ സമയം  കഴിഞ്ഞപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.

വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്‍റെ ആദ്യത്തെ കണ്മണിയെ കണ്‍ നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ.

ആ കുഞ്ഞിനും  ഈ ലോകം കാണാനുള്ള , ഇവിടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അവള്‍ക്കു അവളുടെ അമ്മയോടൊപ്പം  കഴിയാനും അതിലേറെ ഭാഗ്യം ഉണ്ടായിരുന്നു.

സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന്‍  ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ  റേഡിയോ ഓണ്‍ ചെയ്തു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,

" അശ്വതി നക്ഷ്ത്രത്തമേ---
എന്‍ അഭിരാമ സങ്കല്‍പമേ---"

എന്ന പാട്ട് റേഡിയോയിലോടെ ഒഴുകാന്‍ തുടങ്ങി---  പാട്ട് കേട്ടു തീര്‍ന്നതും മാഷ്‌ മനം നിറഞ്ഞു,  ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ തന്‍റെ പ്രിയതമയോടു യാത്ര പറഞ്ഞു കാസര്ഗോട്ടെയ്ക്ക് പുറപ്പെട്ടു--

                                                                 * * *



 * കൂടോത്രം= അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ആകുന്ന എന്തോ സാധനം അവിടെ എവിടെയോ ആരും അറിയാതെ വയ്ക്കുക.

8/22/13

മാറേണ്ടത് അവര്‍ ആയിരുന്നില്ല



                                                                      

                            കഥ- അനിത പ്രേംകുമാര്‍






]


ഞാന്‍ വളരെ നല്ല ആളാണ്‌.

കുലീന കുടുംബത്തില്‍ പിറന്ന, മാന്യമായി സംസാരിക്കുന്ന , ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത, അനാവശ്യ മായി ആരോടും സഹായ അഭ്യര്‍ത്ഥന നടത്താത്ത, എന്നാല്‍ കഴിയുന്ന ഉപകാരം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഒരു സാധാരണക്കാരന്‍!

എന്നാല്‍ എനിക്ക് ചുറ്റുമുള്ള, ആളുകള്‍, എന്‍റെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ ഇടപെടുന്ന സമൂഹം , എന്നെ ഭരിക്കുന്ന, ഈ നാടിനെ ഭരിക്കുന്ന ഭരണ കര്‍ത്താക്കള്‍, ആരും ശരിയല്ല.

അതുകൊണ്ടാവാം എനിക്ക് ജീവിതം വല്ലാതെ മടുത്തു. ഒരു കുറിപ്പ് എഴുതി വച്ച് മരണത്തിലേയ്ക്ക് പോയാലോ എന്ന് ആലോചിക്കാതെയല്ല. പക്ഷെ, ആത്മ ഹത്യ പാപ മാണത്രേ.

പിന്നെ എന്ത് ചെയ്യും?

കാത്തിരിക്കാം. എന്നെങ്കിലും ഒരു ദിവസം അവര്‍ ഒക്കെ മാറാതിരിക്കില്ല.

അന്ന് ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതെ അര്‍ത്ഥത്തില്‍ അവര്‍ക്ക് മനസ്സിലാവും.

എന്‍റെ ആശയങ്ങള്‍ അവര്‍ അംഗീകരിക്കും. 

എന്‍റെ ആഗ്രഹങ്ങള്‍ പറയാന്‍ എന്നെ അവര്‍ അനുവദിക്കും.

 ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അവര്‍ എന്നെ അനാവശ്യമായി ചീത്ത പറയുന്നത് നിര്‍ത്തും.

എനിക്ക് ഇഷ്ട മുള്ളിടത്തൊക്കെ യാത്ര പോകാന്‍ കഴിയും.

അമ്മായി അമ്മ പോര് മതിയാക്കി, എന്‍റെ അമ്മ , എന്‍റെ ഭാര്യ യെ തിരിച്ചു വിളിക്കും.

അതല്ലെങ്കില്‍ അമ്മയുടെ സ്നേഹം മനസ്സിലാക്കി, അവള്‍ തിരിച്ചു വന്നു എന്‍റെ കൂടെ താമസിക്കും.

അങ്ങനെ -- അങ്ങനെ-- ---------------അങ്ങനെ-- ഒരു പാടു കാര്യങ്ങള്‍.

"അങ്ങനെ ഒരു കാലം " അയാള്‍ സ്വപ്നം കാണാന്‍ തുടങ്ങി.

 അയാളുടെ ജീവിതത്തിലെ വിലപ്പെട്ട, ഒരു പാടു വര്‍ഷങ്ങള്‍ സ്വപ്നം മാത്രം കണ്ടു കടന്നു പോയത് അയാള്‍ അറിഞ്ഞില്ല.

ഇന്ന് വയസ്സായി, കണ്ണും കാതും കേള്‍ക്കാതെ, നടക്കാനാവാതെ , അവശനായി, കിടപ്പിലായപ്പോള്‍ അയാള്‍ മനസ്സിലാക്കി.

മറ്റുള്ളവര്‍ എന്നെങ്കിലും മാറും എന്ന് കരുതി, മിണ്ടാതെ , എല്ലാം സഹിച്ചു ജീവിതം ജീവിക്കാതെ തീര്‍ന്നു പോയ ഞാന്‍ എന്തൊരു വിഡ്ഢി!ജീവിതം വളരെ ചെറുതായിരുന്നു. മറ്റുള്ളവരെ മാറ്റാന്‍ ഉള്ള സമയം ഒന്നും അത് നമുക്ക് തരുന്നില്ല.

യഥാര്‍ത്ഥത്തില്‍ മാറേണ്ടത് അവര്‍ ആയിരുന്നില്ല. ഞാന്‍ ആയിരുന്നു.

                                                *  *  *

8/21/13

വഞ്ചിപാട്ട്


(കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്ന ആണുങ്ങളുടെ "വള്ളം കളി" അവതരിപ്പിക്കാന്‍ എഴുതിയ പാട്ട്. ആ സമയത്ത് FB യില്‍ ആക്റ്റീവ് അല്ലാത്തതുകൊണ്ടും ബ്ലോഗ്‌ തുടങ്ങിയിട്ടില്ലാതതുകൊണ്ടും എവിടെയും പോസ്റ്റ്‌ ചെയ്തില്ല.  ഇതില്‍ മാറ്റം വരുത്തി, ആവശ്യമുള്ളവര്‍ക്ക് അവരവരുടെ ഏരിയയില്‍ ഓണ പ്രോഗ്രാമിന് ഉപയോഗിക്കാം.)





              വഞ്ചിപാട്ട്



ശ്രീരാംസദന്‍ അപാട്മെന്റില്‍ - തിത്തൈ തക തക തൈ തോം
ഓണാഘോഷം തുടങ്ങിയേ - തിത്തി താര തൈ തോം
ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ വന്നണഞ്ഞീടു--
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

പായസങ്ങള്‍ പലവിധം - തിത്തൈ തക തക തൈ തോം
സദ്യകൂട്ടമൊരുക്കിയും - തിത്തി താര തൈ തോം
പായസങ്ങള്‍ പലവിധം, സദ്യകൂട്ടമൊരുക്കിയും
പൂക്കളങ്ങള്‍  തീര്‍ത്തും നമ്മളാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

നാനാജാതി മതസ്ഥരാം - തിത്തൈ തക തക തൈ തോം
ഭാഷകളും പലവിധം - തിത്തി താര തൈ തോം
നാനാജാതി മതസ്ഥരാം, ഭാഷകളും പലവിധം
പൂക്കളങ്ങള്‍ തീര്‍ക്കാനുള്ള പൂവുകളെപ്പോല്‍
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

എല്ലാവരുമൊന്നാണിവിടെ - തിത്തൈ തക തക തൈ തോം
കള്ളമില്ല, ചതിയില്ല - തിത്തി താര തൈ തോം
എല്ലാവരുമൊന്നാണിവിടെ, കള്ളമില്ല, ചതിയില്ല
കൂട്ടായ്മതന്‍ സന്തോഷത്തിലാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം

ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ വന്നണഞ്ഞീടു--  
ഓ തിത്തി താര തിത്തി തൈ തിത്തൈ തക തക തൈ തോം
 
    
                *  *  *
            അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

8/18/13

പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ല


 നോവല്‍-രേണുവിന്റെ കഥ-ഭാഗം 6

അനിത പ്രേംകുമാര്‍


















അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞു.
"എടോ, ഇന്ന് ഗംഗാധരന്‍ മാഷ്‌ എന്നോടു ചോദിച്ചു,

 " അല്ല കെ. ജി, നിന്നെയും "ഓളെ" യും കാണാന്‍ നല്ലതാണല്ലോ! പിന്നെന്താ മോള് ഇങ്ങനെ? " ന്ന്!

അമ്മ-

"അവള്‍ വെളുത്തിട്ടായിരുന്നില്ലേ, നിങ്ങള്‍ക്ക് ജോലി കിട്ടി, ഞങ്ങളും കാസര്‍ഗോട്ട് വന്നു താമസിക്കും വരെ? അവിടുത്തെ കടല്‍ കാറ്റാ അവളുടെ നിറം കെടുത്തിയത്. പിന്നെ അവളുടെ മൂക്കും കണ്ണും ഒക്കെ എന്‍റെ പോലെ ചപ്പിയ മൂക്കും ചെറിയ കണ്ണും ഒക്കെ തന്നെ. പക്ഷെ വിടവുള്ള പല്ലുകള്‍ നിങ്ങളുടെതാ--"

"എന്നാലും നീ അവളോടു ഭംഗിയായി മുടിയൊക്കെ കെട്ടി വൃത്തിയായി സ്കൂളില്‍ വരാന്‍ പറ. ഒന്നൂല്ലെങ്കില്‍ അവള്‍ എന്‍റെ സ്കൂളിലല്ലേ  ഇപ്പോള്‍ പഠിക്കുന്നത്.ക്ലാസ് ടീച്ചറും ഞാന്‍ തന്നെ"

ശരിയാ .വിളക്കോട് സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ അവളുടെ  ക്ലാസ് ടീച്ചര്‍ അച്ഛന്‍ ആണ്. ഇംഗ്ലീഷ്, കണക്കു ടീച്ചറും.

അതുകൊണ്ടെന്താ - ചോദ്യം ചോദിച്ച് ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാവര്ക്കും ഒരടി. അവള്‍ക്കു മാത്രം രണ്ട്! അച്ഛന്റെ ക്ലാസ് ഇഷ്ടാ. ഒരു കൊല്ലം ഇവിടെ പഠിച്ചാല്‍ അടുത്തകൊല്ലം ഇരിട്ടി ഹൈ സ്കൂളില്‍ ആക്കാം എന്നാണ്അച്ഛന്‍ പറഞ്ഞത്. പക്ഷെ വേണ്ടായിരുന്നു.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയ്ക്ക് ജോലി കിട്ടി. പിന്നെ രേണൂം അനിയനും തോന്നിയപോലെ കുപ്പായം ഇട്ടു  ഒരു പോക്കാണ് സ്കൂളിലേയ്ക്ക്. മുടിയൊക്കെ ആര് കെട്ടിത്തരാന്‍!

എന്നാലും ,അച്ഛന്‍ പറഞ്ഞത് സത്യം തന്നെയാ.അവള്‍ക്ക് അമ്മയ്ക്കും അനിയനും ഉള്ള നിറമില്ല. അച്ഛന്റെ ഭംഗിയില്ല. അല്പം പൊങ്ങിയ വിടവുള്ള പല്ലുകള്‍!

 "പല്ല് കാണാന്‍ നല്ല ഭംഗിയാ, അച്ഛന്‍റെ പല്ലുകള്‍ പോലെ തന്നെ " എന്ന് അമ്മ വെറുതെ പറയുന്നതാ.

പക്ഷെ അവളെ കാണാന്‍ ഭംഗിയില്ലാന്നു മനസ്സിലാക്കിയത് ഇപ്പോഴല്ല. നാലാം ക്ലാസ്സില്‍ സ്കോളര്‍ ഷിപ്പ് പരീക്ഷയ്ക്ക് പയഞ്ചേരി സ്കൂളില്‍ നിന്നും അഞ്ച് കുട്ടികളെ ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക് കൊണ്ടുപോയി.

ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജ,ഗംഗ, മീറ, ഷീന,കൂട്ടത്തില് കണ്ണ് തട്ടാതിരിക്കാന്‍ ‍ വീട്ടിലെത്തിയാല്‍ ബുക്ക്‌ തൊടാത്ത അവളും .

"ഞാന്‍ എന്തിനാ പോകുന്നത്?"എന്ന് ശങ്കരന്‍ മാഷോട് ചോദിച്ചപ്പോള്‍ അടിക്കാന്‍ ഓങ്ങിക്കൊണ്ട് പറഞ്ഞു.

"പിന്നെ, രേണു  പോകാതെ? രേണുവും  പോകണം".

അങ്ങനെ എല്ലാവരും കൂടി പയഞ്ചേരി മുക്കിലെ കുത്തനെയുള്ള കുന്നും കയറി, ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക്. കൂടെയുള്ളവരൊക്കെ അതിനുള്ള പുസ്തകം സംഘടിപ്പിച്ച്, എപ്പോള്‍ നോക്കിയാലും ഇരുന്നു വായന തന്നെ.
പഠിക്കുന്നതുമായി ബന്ധമുള്ള  ഒരു പുസ്തകം പോലും വായിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് അവള്‍ മാത്രം "പൂമ്പാറ്റ" യും "ബാലരമ"യും  വായിച്ചു നടന്നു.

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ചേട്ടന്‍ മാരുടെ ഇടയില്‍ ഇരുന്നു വേണം എഴുതാന്‍.
ആരും അവളെ ശ്രദ്ധിച്ചില്ല. എന്നാല്‍ "ഗംഗ" യോടും മീറയോടും ഷീനയോടും ഒക്കെ മിണ്ടാനും അടുത്തിരുത്താനും അവര്‍ മത്സരിച്ചു. അതിനു ശേഷം ആണ് പെണ്ണിന്‍റെപ്രത്യേകത "കാണാന്‍ ഭംഗി ‌" ആണെന്ന് മനസ്സിലായത്‌. എന്തായാലും സ്കോളര്‍ ഷിപ്പ് ഗംഗയ്ക്ക് കിട്ടുകയും ചെയ്തു.

അതുകൊണ്ട് ഇന്ന് അച്ഛന്‍ ഇത് അമ്മയോട് തന്‍റെമുന്നില്‍ വച്ച് പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. അമ്മ രേണുനോട് എന്തെങ്കിലും പറയുമെന്ന് കരുതി.  ഒന്നും പറഞ്ഞില്ല.

അവള്‍ കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു. നന്നായി ഒന്ന് പുഞ്ചിരിച്ചു.ഏയ്‌-- അത്ര മോശമൊന്നുമല്ല.
മറ്റുള്ളവര്‍ക്ക്  കാണാന്‍ ഭംഗി തോന്നിയില്ലെങ്കില്‍ എനി‍ക്കെന്താ?   എനിക്ക് എന്നെ കാണാന്‍ നല്ല ഭംഗിയാ. സ്വയം അങ്ങനെ കണ്ടെത്തിയപ്പോ നല്ല സന്തോഷം തോന്നി.

എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുമ്പോള്‍ അമ്മ രണ്ടു ജോടി ഡ്രസ്സ്‌ ഇരിട്ടിയിലെ "കുഞ്ഞമ്പു മേസ്രി"യുടെ കടയില്‍ നിന്നും വാങ്ങിത്തരും. രേണൂന്റെ പാവാട യുടെ തുണിയും അനിയന്‍റെ ഷര്‍ട്ടും ഒന്ന് തന്നെയാ , പുതിയ രണ്ടെണ്ണം കിട്ടുമ്പോള്‍ പഴയതില്‍ നിന്നും രണ്ടു ജോടി അമ്മ , അമ്മയുടെ സ്കൂളിലെ അതുപോലും ഇല്ലാത്ത കുട്ടികള്‍ക്ക് കൊടുക്കും. അതുകൊണ്ട് ഡ്രസ്സ്‌ ന്‍റെ ആകെ എണ്ണം ഒരിക്കലും കൂടിയില്ല. പൊട്ട്, കണ്മഷി, അങ്ങനുള്ള സാധനങ്ങള്‍ ഒന്നും വാങ്ങാറെ ഇല്ല.

അങ്ങനെ ഇതിലൊന്നും പരാതി പറയാതെ,  അച്ഛന്‍റെ അഴകില്ലാതെ , അനിയന്റെം അമ്മയുടേം നിറം ഇല്ലാതെ, നന്നായി പഠിക്കാതെ മുടി നന്നായി ചീകി കെട്ടാതെ, കണ്ണെഴുതാതെ,പൊട്ടു തൊടാതെ,ആരോടും അധികം ഉരിയാടാതെ, നടന്നു. അതൊന്നും  രേണൂനെ ബാധിക്കാത്ത കാര്യം ആണല്ലോ. രേണൂന്റെ മനസ്സില്‍ രേണു ‍ സുന്ദരി യായിരുന്നു. അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തത് അവരുടെ കുറ്റമല്ലേ?

എന്നിട്ടും  പുഴുവിന്  ചിറകു മുളച്ച് പൂമ്പാറ്റ യായി മാറുന്നപോലെ, അവളും പതുക്കെ ഒരു പൂമ്പാറ്റയായി മാറാന്‍ തുടങ്ങി. വര്‍ണ്ണ ചിറകുകള്‍  വിടര്‍‍ത്തി ഇഷ്ടമുള്ളിടത്തൊക്കെ പറന്നു നടന്നു.ആരും തടഞ്ഞില്ല. ആരും ഉപദ്രവിച്ചില്ല. അല്ലെങ്കിലും പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ലല്ലോ! തന്നെപ്പോലെ തന്നെ ഈ ഭൂമിയും ഇവിടുള്ള ആളുകളും മനോഹരമായ സൃഷ്ടികളായി അവള്‍ക്കു തോന്നി. അവള്‍  രാത്രി മാത്രമല്ല, പകലും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.
അങ്ങനെയുള്ള സ്വപ്നങ്ങളില്‍ അവള്‍രാജകുമാരി യായും മാലാഖയായും ടീച്ചര്‍ ആയും നര്‍സ് ആയും കലക്ടര്‍ ആയും ഒക്കെ  മാറി.

                                                                                   തുടരും--- 

 ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


7/31/13

ഇന്‍ബോക്സ്‌

















"ഹായ് "
------------
"ഹലോ"
----------
"ചായ കുടിച്ചോ?"
------------------
"എന്താ മിണ്ടാത്തെ?"----------
----------------------
------------------------
"ഊണ് കഴിഞ്ഞോ?"
------------------------
"എന്താ ജോലി, എത്രയാ  വയസ്സ്?"
-----------------------

ചാറ്റിങ് താല്പര്യമില്ല എന്ന് എത്ര പറഞ്ഞാലും, പച്ച വെളിച്ചം കത്തിച്ചില്ലെങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നു കൊണ്ടിരിക്കും.
അവസാനം പറയും.--
" ഞാന്‍ ഇപ്പോള്‍ ചായ കുടിയും ഊണ് കഴിക്കലും  ഒക്കെ നിര്‍ത്തിയല്ലോ അനിയാ --- സമയം കിട്ടിയാല്‍ ആകെ ചെയ്യുന്നത് എന്തെങ്കിലുമൊക്കെ എഴുതുക മാത്രമാണ്.വായിക്കാനോ, വായിക്കപ്പെടാനോ ഇഷ്ടമാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കൂ-- ചാറ്റ് ചെയ്യാന്‍ താല്പര്യമില്ല. "

"എഴുതുമോ? അറിഞ്ഞില്ലല്ലോ! എന്തെഴുതും?"

ഒന്ന് പ്രൊഫൈല്‍ നോക്കുകയെങ്കിലും ചെയ്യാതെയാണ്  ചാറ്റ് ചെയ്യാന്‍ വീണ്ടും വീണ്ടും വരുന്നത്! എന്താ പറയ്യാ?
                                                 -----------------------

പക്ഷെ ,ഇന്നലെ  വന്നൊരാള്‍ അങ്ങനെയായിരുന്നില്ല. അയാള്‍ മുഖവുരയില്ലാതെ എഴുതിയിട്ട് പോയതാണ്..

" താങ്കളുടെ കഥകളില്‍ ചിലത് വായിക്കുമ്പോള്‍ നാട്ടിലെത്തിയ പ്രതീതി തോന്നുന്നു. പ്രത്യേകിച്ച് രേണുവിന്‍റെ  കഥകള്‍. അതില്‍ ഞാന്‍ രേണുവിന്‍റെ  അനിയനായി മാറുന്നപോലെ-- ഇന്നലെ ഞാന്‍ അതും വായിച്ചു കരഞ്ഞു. ഒന്ന് ഫോണ്‍ നമ്പര്‍ തരുമോ? എനിക്ക് താങ്കളോട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്.നിങ്ങളൊക്കെ ഭാഗ്യവാന്‍മാര്‍"

ഇന്നാണ് ആ മെസ്സേജ് കണ്ടത്.

"കഥകള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം--ഞാന്‍ മൊബൈല്‍ ഉപയോഗിക്കാറില്ല. പിന്നെ---നിങ്ങള്‍ക്കെന്താണ് ഭാഗ്യക്കുറവ്? "

ആള് അവിടെ ഉണ്ടായിരുന്നോ? ഉടന്‍ മറുപടി വന്നു.

"ഞങ്ങളൊക്കെ ഗള്‍ഫിലല്ലേ--"

"അതുകൊണ്ടെന്താ പ്രശ്നം? "‍

"പ്രശ്നം, എനിക്കൊന്ന് എന്‍റെ ഭാര്യയെ കാണണമെങ്കില്‍, മോളെ കാണണമെങ്കില്‍ ഇനിയും രണ്ടു  വര്‍ഷം കാത്തിരിക്കണം. നിങ്ങളൊക്കെ കുടുംബത്തോടോപ്പം , സന്തോഷമായി, എപ്പോള്‍ വേണെങ്കിലും നാട്ടിലും പോകാം.
നാട്ടിലെ മഴ, അവിടത്തെ മണ്ണിന്‍റെ മണം, പുഴയില്‍ പോയുള്ള കുളി, എന്‍റെ മോളുടെ കൊഞ്ചലുകള്‍---ഒരു പ്രവാസിയുടെ സങ്കടം-- അത് നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല."

"നാട്ടില്‍ സാമ്പത്തിക പ്രശ്നം കാരണമാണോ ഗള്‍ഫ്‌?"

"ഏയ്‌, ഞങ്ങള്‍ക്ക് സെന്റിന് ലക്ഷക്കണക്കിന്‌ രൂപ വില വരുന്ന ഏക്കര്‍ കണക്കിനു  സ്ഥലവും വലിയ വീടും  ഉണ്ട്. സ്ഥലം അച്ഛന് നോക്കി നടത്താന്‍ പറ്റാതെ വെറുതെ ഇട്ടിരിക്കുന്നു. ഭാര്യ ടീച്ചര്‍ ആണ്.
ആകെ ഒരനിയത്തി ഉള്ളത് ഭര്‍ത്താവിന്റെ കൂടെ കാനഡ യിലും."

"അപ്പോള്‍ പ്രശ്നമൊന്നും ഇല്ലല്ലോ"

"അച്ഛന്‍ പറയുന്നത് നാട്ടില്‍ ജോലി ചെയ്താ മതീന്നാ- പക്ഷെ, ഒരു ഡിപ്ലോമ ക്കാരന് കൂടി വന്നാല്‍ എത്ര രൂപ കിട്ടും?
വീട് എന്‍റെ പേരില്‍ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ സ്വന്തമായി വയ്ക്കേണ്ടേ, ഒരെണ്ണം?  പിന്നെ മോളുടെ കല്ല്യാണം ഒക്കെ നടത്തണമെങ്കില്‍ ഇപ്പോള്‍ പൊന്നിനൊക്കെ എന്താ വില? കുറഞ്ഞത്‌ ഒരു അഞ്ഞൂറ് പവന്‍ എങ്കിലും വേണ്ടേ?

ചേച്ചി എന്താ ഒന്നും പറയാത്തെ? "

"ഞാന്‍ , ഞാനെന്തു പറയാന്‍? മോള്‍ക്ക് എത്ര വയസ്സായി?"

"മോള്‍ക്ക്‌ ഈജൂലൈ യില്‍ മൂന്നു തികയും.
എനിക്കും നാട്ടില്‍ വന്നു നിങ്ങളെപ്പോലെ സ്വസ്ഥമായി കുടുംബത്തോടൊപ്പം കഴിയണമെന്നുണ്ട്. എന്ന് പറ്റും എന്നറിയില്ല."

 "മോളുടെ കല്ല്യാണം കഴിഞ്ഞാല് പറ്റുമല്ലോ? "

"അപ്പോഴേയ്ക്കു വയസ്സായി , പ്രഷര്‍, ഷുഗര്‍--- ഒക്കെ വരൂല്ലേ?"

"അപ്പോള്‍ എല്ലാം അറിയാം. ഭാര്യയോട് ഇതൊക്കെ ഒന്ന് പറഞ്ഞൂടെ? അവര്‍ എന്തെങ്കിലും പരിഹാരംകാണാതിരിക്കുമോ?

"ചേച്ചിയ്ക്ക് അറിയാഞ്ഞിട്ടാ-- ഞാന്‍ നാട്ടിലില്ല എന്ന കാരണം പറഞ്ഞ് അവളും മോളും അവളുടെ വീട്ടിലാ.അച്ഛനും അമ്മയും പറയുന്നത് ഞാന്‍ അവിടെ തന്നെ ഉള്ള ശമ്പളത്തിന് ജോലി ചെയ്ത്, അവരുടെ കൂടെ നില്‍ക്കാനാ. എന്നാല്‍ അവളും കുഞ്ഞും അവിടെ നില്‍ക്കുകയും ചെയ്യുമല്ലോ.

പക്ഷെ ഞാന്‍ നാട്ടില്‍ ഉണ്ടായാല്‍ അവള്‍ എന്‍റെ വീട്ടില്‍ നില്‍ക്കേണ്ടി വരും, എന്‍റെ അമ്മയെ സഹിക്കാന്‍ അവള്‍ക്കു പറ്റില്ല, എന്നാണ് അവള്‍ പറയുന്നതും. മുകളില്‍ പറഞ്ഞ ആവശ്യങ്ങളും അവളുടേത്‌ തന്നെയാ. ചുരുക്കി പറഞ്ഞാല്‍ അവള്‍ക്കു ഇപ്പോള്‍ എന്‍റെ പണം മാത്രം മതി. ഞാന്‍ നാട്ടില്‍ ഉള്ള രണ്ടു മാസം പോലും അവള്‍ കുഞ്ഞിനെ അല്ലാതെ എന്നെ ശരിക്കൊന്നു ശ്രദ്ധിച്ച് കൂടിയില്ല. ഞാന്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയിലാ--"

" സ്വന്തം ജീവിതം എങ്ങിനെ, എവിടെ, ആരോടൊപ്പം ജീവിക്കണം എന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ വയ്യെങ്കില്‍ നീയൊക്കെ ആണ്‍കുട്ടിയാണെന്നും  പറഞ്ഞു----" ഇത് മനസില്‍ പറഞ്ഞെങ്കിലും , അയാളോട് ഇത്ര മാത്രംഅറിയിച്ചു.

"നിങ്ങളുടെ വിഷമം ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ശരി, പിന്നെ കാണാം. കുറച്ചു പണിയുണ്ട്. "

"ഓക്കേ, ചേച്ചീ-- നാളേം കാണണേ---"

"Mute Conversation"
                                   
                                               *   *   *  









7/24/13

ജന്മ വാസന

(രേണൂന്‍റെ കഥ - നോവല്‍ ഭാഗം 5 )


          അനിത പ്രേംകുമാര്‍
          ബാംഗ്ലൂര്‍












നമ്മക്ക് മുട്ടമാഷിനെ വീഴ്ത്താന്‍ കള്ളക്കുഴി  കുഴിക്കാം?" മനു ആണ് പറഞ്ഞത്.

"വീഴുമോ?" റഷീദ.

"പിന്നെ വീഴാതെ?"

ശരി. എല്ലാരും തയ്യാറായി.

മുട്ടമാഷെ അറിയ്യോ? ഞങ്ങളുടെ വീടുകള്‍ക്കും കുറച്ചു ദൂരെ മാറിയാണ് അയാളുടെ വീട്. തടിച്ചു ഉയരം കൂടിയ ഒരാളാ--‍ . ഞങ്ങള്‍ക്കാര്‍ക്കും അയാളെ ഇഷ്ടല്ല. " കാരണം ഞങ്ങളോട് അയാള്‍ മിണ്ടൂല്ല. അതിലൂടെ പോകുമ്പോഴും വരുമ്പോഴും ഒന്ന് ചിരിക്കുകപോലും ചെയ്യില്ല. അത്രേന്നെ-

 കുറെ കമ്പും കോലും ഒക്കെ കൊണ്ട് വന്ന് അയാള്‍  നടന്നു പോകുന്ന വഴിയില്‍ വലിയ ഒരു കുഴിയുണ്ടാക്കി. എന്നിട്ട് അതിനു മികളില്‍ കുറെ ഉണങ്ങിയ നേരിയ കൊള്ളികള്‍ വച്ചശേഷം ഇലകള്‍ അടുക്കി വച്ച്, മണ്ണിട്ട്‌ മൂടി. ഇപ്പൊ ആരെങ്കിലും കണ്ടാല്‍ അവിടെ കുഴി ഉള്ളതായി തോന്നുകയേയില്ല.
എല്ലാവരും മുട്ടമാഷ്‌ വരുന്നതും കാത്തു ഒളിച്ചു നിന്നു .


കുറച്ചു കഴിഞ്ഞപ്പോ, അതാ മുട്ട മാഷ്‌!
 ശ്വാസം അടക്കി പിടിച്ചു നിന്നു.

വലിയൊരു ആന വരുന്നപോലെ വന്ന മാഷ്‌ കുഴിയുടെ മേല്‍ കാല്‍ വച്ചതും------------- ചുള്ളിക്കമ്പുകള്‍ അടരുന്ന ഒച്ചകേട്ടു. മാഷ്‌ ഇപ്പൊ വീഴും.

------ഇല്ല, ഒന്നും ഉണ്ടായില്ല. കാലില്‍ പറ്റിയ മണ്ണ് തുടച്ചു മാറ്റി , ചുറ്റും ഒന്ന് നോക്കി,  മാഷ്‌ ഗൌരവത്തില്‍ നടന്നു പോയി.

പക്ഷെ,,ഞങ്ങള്‍ സങ്കടത്തോടെ ഒരു കാര്യം തിരിച്ചറിഞ്ഞു.

"മാഷിന്റെ കാലുകള്‍ കുഴിയെക്കാള്‍ ഒരുപാടു വലുതാണ്‌! അടുത്ത പ്രാവശ്യം ഇതിലും വലിയ ഒരു കുഴി കുഴിക്കണം".

എന്നാലും ഞങ്ങളോട്  ഒന്നും മിണ്ടാതെ എന്നും ഗൌരവത്തില്‍ നടന്നു പോകുന്ന മാഷ്‌ ഒന്ന് വീണെങ്കില്‍!  മാഷ്‌ എന്ന് വെറുതെ വിളിക്കുന്നതാ. എഴുതാനും വായിക്കാനും ഒന്നും തന്നെ മാഷ്ക്ക് അറിയില്ലാ എന്നാണ്   അച്ഛമ്മ പറഞ്ഞത്.

                          .................................................................

അന്ന് ഞായറാഴ്ച ആയതുകൊണ്ട് കളിക്കാന്‍ എല്ലാവരും  ഉണ്ട്.

ഇന്നിനി  പാള വണ്ടി കളിച്ചാലോ? ശരി, രണ്ടു മൂന്നു  കമുകിന്‍ പാള എടുത്തിട്ടു വരാം എന്ന് പറഞ്ഞ് രേണു അനിയനേം കൂട്ടി നേരെ പെണ്ണമ്മ ചേച്ചിയുടെ തോട്ടത്തിലേയ്ക്ക് ചെന്നു.

അവിടുന്നു നോക്കിയാല്‍ പുഴ കാണാം. വലിയ പുഴയാണ്. നല്ല തെളിഞ്ഞ വെള്ളം !
വൈകിട്ട് കുളിക്കാന്‍ പോകുമ്പോള്‍ കുറെ നീന്തണം.
പിന്നെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ഇന്ന് വൈകിട്ട്  "വീശു വല" യും കൊണ്ട് മീന്‍ പിടിക്കാന്‍ പോകാം എന്ന്.
അച്ഛന്‍ വരുന്നതിനു മുമ്പ് വലയുടെ കെട്ടൊക്കെ അഴിച്ച് ശരിയാക്കി വയ്ക്കാന്‍ എല്പിച്ചിട്ടുണ്ട്.  രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോകുന്ന കഥ പിന്നീട് പറയാം.

ഈ പുഴയെ എത്ര നേരം നോക്കി നിന്നാലും  മതിയാകില്ലല്ലോ !
കുറെ സമയം പുഴയും നോക്കി നിന്നു.

"ഇതെന്താ ചേച്ചി, കല്ലെടുക്കാത്തെ?"
അനിയന്‍ ഒരു തുമ്പിയെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു.

" വിട്ടേയ്ക്കെടാ-- പാവം".

പാളയുണ്ടോ എന്ന് നോക്കട്ടെ- എല്ലാവരും കാത്തു നില്‍ക്കുന്നുണ്ടാവും.
എല്ലാ കവുങ്ങിന്‍റെ ചുവട്ടിലും മണ്ണ് കിളച്ചിട്ടിട്ടുണ്ട്. അതിനിടയിലൂടെ പാള അന്വേഷിച്ച് കുറെ നടന്നു. ഒന്നും കിട്ടിയില്ല.

തിരിച്ചു പോയാലോ ?  ഒരു കമുകിന്‍റെ ചുവട്ടില്‍ എന്തോ കുറെ വെളുപ്പ്‌ കാണുന്നുവല്ലോ! അടുത്ത് ചെന്ന് നോക്കി.

കോഴി മുട്ട പോലത്തെ കുറെ മുട്ടകള്‍. പാമ്പിന്‍റെ  മുട്ടയാണോ? പേടിയായി.
എന്തായാലും അടുത്തൊന്നും ഒരു ജീവിയെയും കാണാനില്ല.  അച്ഛനോട് ചോദിക്കാം.

വേഗം രണ്ടു മുട്ടയും എടുത്ത് അനിയനെയും കൂട്ടി  തിരിച്ചു നടന്നു. ഇനി പാമ്പിന്റെ മുട്ടയോ മറ്റോ ആണെങ്കില്‍ പിറകെ പാമ്പ് വരുമോ?
പേടിയായി.
പറ്റാവുന്ന വേഗത്തില്‍ മുട്ടയുമായി ഓടാന്‍ തുടങ്ങി.
തട്ട് തട്ടായി തിരിച്ച കുന്നിന്‍ ചെരിവിലൂടെ ഓടുമ്പോള്‍ വീണാല്‍ കഴിഞ്ഞത് തന്നെ. മുട്ട പൊട്ടും.
ഒടാതിരുന്നാല്‍ പാമ്പ് പിറകെ വന്നാലോ?
എങ്ങനെയൊക്കെയോ ഓടി വീട്ടിലെത്തി, അച്ഛനെ അന്വേഷിച്ചു.

വെറ്റില വള്ളി ഒരു മരത്തിന്‍റെ മുകളിലേയ്ക്ക് കയറ്റി വിടാന്‍ വേണ്ടി അതിന്റെ തലകള്‍ പിടിച്ചു  പതുക്കെ മുകളിലേയ്ക്ക് വയ്ക്കുകയായിരുന്നു അച്ഛന്‍.
മുട്ടകള്‍ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു.

"ഇത് കാട്ടു കോഴിയുടെ മുട്ടയല്ലേ രേണു? എടുത്തയിടത്ത്  തന്നെ കൊണ്ട് പോയി വയ്ക്കൂ--

ഓ... സമാധാനമായി, പാമ്പിന്റെ അല്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞു.

അച്ഛാ..... എന്തായാലും കോഴിയല്ലേ? അശ്വതി കോഴിയുടെ മുട്ടയുടെ കൂടെ വിരിയിക്കാന്‍ വയ്ക്കട്ടെ? എന്നിട്ട് നമുക്കതിനെ വളര്‍ത്താം.

"അതൊക്കെ പ്രശ്നമാണ് . പിന്നീട് നിനക്ക് സങ്കടമാവും .  വേണ്ട--"

" അച്ഛാ, ഒരു പ്രാവശ്യം ഒന്ന് നോക്കാം".

"ശരി, നിന്‍റെ ഇഷ്ടം.. ഞാന്‍ പറഞ്ഞു തന്നു മനസ്സിലാക്കുന്നതിലും നല്ലത് നീ തന്നെ കണ്ടു  മനസ്സിലാക്കുന്നത് തന്നെ."

അച്ഛനും രേണുവും കൂടി  മറ്റു മുട്ടകളുടെ  കൂടെ ഈ മുട്ടകളും കോഴി അടയിരിക്കുമ്പോള്‍ കൂട്ടത്തില്‍ വച്ച് കൊടുത്തു. അനിയന്‍ പിന്നെ അധികമൊന്നും പറയില്ല. എന്നാലും എല്ലാത്തിനും കൂടെ നിന്നു.

ദിവസവും പോയി നോക്കും. മുട്ട വിരിഞ്ഞോ?
ഇല്ലല്ലോ .

മുട്ട വിരിഞ്ഞോ?
ഇല്ല

മുട്ട വിരിഞ്ഞോ?

ഇല്ല  എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം? നീ ഇപ്പൊ ആ തള്ള കോഴീടെ കൊത്തു കൊള്ളും രേണൂ.. അടുത്തു പോകണ്ട. വിരിഞ്ഞാല്‍ ഞാന്‍ പറയാം. അമ്മയാണ്.


ഇതെന്താ ഇങ്ങനെ?

"ഇപ്രാവശ്യം  എന്താ അമ്മെ മുട്ട വിരിയാന്‍ കൂടുതല്‍ സമയം?"

അമ്മയ്ക്ക് ദേഷ്യംവന്നു.

"അവിടെ തന്നെ നീയും അടയിരുന്നാല്‍ കൂടുതല്‍ സമയം ഒക്കെ തോന്നും. രേണുനു വേറെ പണിയൊന്നും ഇല്ലേ?  പോയി കളിച്ചാട്ടെ.
ഒരു മോളും പറ്റിയൊരു അച്ഛനും."

ഇനി അമ്മയോട് ചോദിക്കണ്ട.അമ്മയ്ക്ക് എപ്പോഴും തിരക്കാ--എന്നാലും അനിയനോട് കൊഞ്ചുന്ന  കാണാലോ! അവന്‍ ഇളയ കുട്ടിയല്ലേന്നാണ് ചോദിച്ചാല്‍ പറയുക. അമ്മ അവനെ "അമ്മേന്‍റെ പൊന്നും കട്ടെ" എന്നൊക്കെ വിളിക്കുന്ന കേള്‍ക്കാം. ഹും------- അച്ഛമ്മ യോട് ചോദിക്കാം.

പതുക്കെ അവിടുന്നു പോന്നു.

പിന്നെയും കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞു. ഒരു ദിവസം രേണു രാവിലെ എഴുന്നേറ്റു പല്ല് തേക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ ഒച്ച കേള്‍ക്കുന്നു.

              കീ----  കീ----  കീ----

എടാ.... രാജൂ.... ഓടി വാടാ.... മുട്ടകള്‍ വിരിഞ്ഞു....

ഇവന്‍ ഇത് എവിടെപ്പോയി കിടക്കുന്നോ എന്തോ?

ഓടിപ്പോയി നോക്കിയപ്പോള്‍ ,

മുട്ടകള്‍ വിരിഞ്ഞു മൂന്നാല് കുഞ്ഞുങ്ങള്‍ പുറത്തു വന്നിരിക്കുന്നു!
ബാക്കിയുള്ളവര്‍ അവരവരുടെ മുട്ടകള്‍ സ്വയം കൊത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല രസ മുണ്ട്.

അവള്‍ വേഗം അച്ഛനെയും അനിയനെയും വിളിച്ചു കാണിച്ചു. കോഴി പുറത്തു ഭക്ഷണം തേടിപ്പോയ സമയമായതുകൊണ്ട്, അച്ഛനും കോഴിക്കുഞ്ഞുങ്ങളെ മുട്ട പൊളിച്ചു പുറത്തു വരാന്‍ സഹായിച്ചു . എല്ലാവരും പുറത്തു വരാന്‍ കുറെ സമയം എടുത്തു.

ആകെ ഏഴു കുഞ്ഞുങ്ങള്‍! എന്ത് ഭംഗിയാ കാണാന്‍! അതില്‍ രണ്ടെണ്ണം മാത്രം കറുത്തത്! ബാക്കിയൊക്കെ ഇളം മഞ്ഞ നിറം.

അച്ഛന്‍ പറഞ്ഞു, "അതാ രേണു,  ആ കറുത്ത രണ്ടെണ്ണമാ നിന്‍റെ കാട്ടു കോഴി കുഞ്ഞുങ്ങള്‍!"

അവള്‍ക്കു സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. കാട്ടില്‍ കിടന്ന ഏതോ രണ്ടു മുട്ടകള്‍ ഇതാ തന്‍റെ മുന്നില്‍ കുഞ്ഞങ്ങളായി മാറി കീ ...കീ ...ന്ന് കരയുന്നു!

 ദിവസവും അവ വളരുന്നത്‌ നോക്കി നിന്നു. അരിയും നെല്ലും ഒക്കെ അമ്മ കാണാതെ കൊണ്ട് പോയി കൊടുത്തു. അവര്‍ ഇടയ്ക്ക് തല ചെരിച്ചു അവളെ  നോക്കുന്നുണ്ട്. രേണൂനെ മനസ്സിലായി എന്ന് തോന്നുന്നു.

വലുതായ ശേഷം സ്കൂളിലെ കൂട്ടുകാരെ ഒക്കെ വിളിച്ചു കാണിക്കാം. ഇപ്പോള്‍ അടുത്ത വീട്ടിലുള്ളവര്‍ മാത്രമേ കണ്ടിട്ടുള്ളൂ. മനുവും മൊയമ്മദലിയും, ശംഷു വും റഷീദയും  അഞ്ചു വും ഒക്കെ അടങ്ങുന്ന ഞങ്ങളുടെ കൂട്ടുകാര്‍ ഒക്കെ ഇപ്പോള്‍ കാട്ടു കോഴിയുടെ മുട്ടകള്‍ അന്വേഷിച്ചു നടക്കുകയാണത്രേ. ഇതാ പറയുന്നേ, എല്ലാത്തിനും വേണം ഒരു ഭാഗ്യം.

ഇടയ്ക്കിടെ  "പ്രാപ്പിടിയന്‍" എന്ന പക്ഷി വന്നു, കുഞ്ഞുങ്ങളെ പിടിക്കാന്‍. അപ്പോള്‍ തള്ള ക്കോഴി ഒരു പ്രത്യേക ഒച്ചയുണ്ടാക്കി കുഞ്ഞുങ്ങളെ ഒക്കെ വിളിച്ച് , ചിറകിന്‍റെ അടിയില്‍ ഒളിപ്പിച്ചു. പാവം പ്രാപ്പിടിയന്‍. ഒറ്റ കുഞ്ഞുങ്ങളെയും തിന്നാന്‍ കിട്ടിയില്ല.

ഉരുണ്ടിരുന്ന അവയ്ക്കെല്ലാം കുഞ്ഞു ചിറകുകളും ചെറിയ വാലുകളും വന്നു തുടങ്ങിയല്ലോ. ഇനി ഇവര്‍ പറക്കാന്‍ തുടങ്ങുമോ? ഏയ്‌, ഇല്ല. തള്ളക്കോഴി പറക്കൂലല്ലോ. ചിലപ്പോഴൊക്കെ മുറ്റത്തെ മാവിന്‍റെ താഴത്തെ കൊമ്പ് വരെ മാത്രം പറക്കുന്നതു കാണാം.

ആദ്യമൊക്കെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തള്ളക്കോഴി കാലു കൊണ്ട് ചികഞ്ഞ്  ഇട്ടു കൊടുക്കുന്നത് കണ്ടു. ഇപ്പോള്‍  തീറ്റയുള്ള സ്ഥലത്ത് പോയി  നില്‍ക്കും. അപ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ ചിക്കാനും ചികയാനും തുടങ്ങും. പ്രാപ്പിടിയന്‍ വന്നാല്‍ ഒച്ചയെടുത്ത്‌ മാറി നില്‍ക്കാന്‍ പറയുമ്പോള്‍ അവര്‍ കിട്ടിയ സ്ഥലങ്ങളില്‍ പതുങ്ങി ഒളിക്കാന്‍ തുടങ്ങി.  ഇനി അവര്‍ക്ക് അമ്മയുടെ സഹായം  അത്ര വേണ്ട എന്ന് മനസ്സിലായി.

ഇനി ഈ കോഴിക്കുഞ്ഞുങ്ങള്‍ക്കെല്ലാം ഓരോ പേര് കണ്ടു പിടിക്കണമല്ലോ-
എന്നിട്ട് ആ പേര് വിളിക്കുമ്പോള്‍ അവര്‍ ഓടി വരുന്നത് കാണണം .

ഒരു ദിവസം നോക്കുമ്പോള്‍ കറുത്ത കുഞ്ഞുങ്ങള്‍ മാത്രം വേറെ നടക്കുന്നു.

ഈശ്വരാ, ഇവയ്ക്കു അമ്മയുടെ കൂടെ നടന്നൂടെ? പ്രാപ്പിടിയന്‍ വന്നാലോ?
പതുക്കെ തെളിച്ചു അമ്മക്കോഴിയുടെ  അടുത്താക്കാന്‍ നോക്കി.

പോ-- പോ--- അമ്മേടടുത്ത് പൊ---

പക്ഷെ,കേള്‍ക്കണ്ടേ!

രേണു പറയുന്നത് കേള്‍ക്കാതെ, അവ രണ്ടും വീടിന്‍റെ ഇടതു വശത്ത് , കാടു പിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് വേഗം നടക്കാന്‍ തുടങ്ങി.  തിരികെ ആക്കാന്‍ വേണ്ടി അവരുടെ മുന്നിലെത്താന്‍ ഓടി. പക്ഷെ അവര്‍ അതിലും വേഗത്തില്‍ ഓടി, കോഴിക്കുഞ്ഞുങ്ങള്‍ മുന്നിലും രേണു പിന്നിലുമായി ഒടുന്നതുകണ്ട് അച്ഛന്‍ വിളിക്കുന്നുണ്ടായിരുന്നു. "രേണൂ--- വിട്ടെയ്ക്ക്--- എന്നിട്ട് നീ വീട്ടിലേയ്ക്ക് തിരിച്ചു വാ .... " എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും കേള്‍ക്കാന്‍ അവള്‍ക്കു ശേഷിയുണ്ടായിരുന്നില്ല. ജീവനെ പ്പോലെ സ്നേഹിച്ച കുഞ്ഞുങ്ങളാണ്. വിടരുത്. എന്നും തന്‍റെ കൂടെ വേണം.

 ‍പക്ഷെ , ഓടിയോടി തളര്ന്നതല്ലാതെ അവയുടെ കൂടെ എത്താന്‍ അവള്‍ക്കായില്ല. അവര്‍ അവളെക്കാള്‍ വേഗത്തില്‍ ഓടി, കമ്മ്യൂണിസ്റ്റ് പച്ചകള്‍ നിറഞ്ഞ കാടിനുള്ളിലെയ്ക്ക് നൂണ്ടു പോയി. അതിനുള്ളിലേക്ക്‌ കയറാനുള്ള ധൈര്യം രേണൂനു ണ്ടായില്ല. അതിനുള്ളില്‍ പാമ്പുണ്ടെങ്കിലോ?

എന്തായാലും   ‍കാട്ടിനുള്ളില്‍ മറയുന്നതിനു മുമ്പ് അവ രേണൂനെ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ടും അവളുടെ കരയുന്ന മുഖം അവര്‍ എന്തെ കണ്ടില്ല?

ഇനി എന്ത് ചെയ്യും? ആ കാട്ടിന്റെ ഉള്ളില്‍ നിന്നും രാത്രി കുറുക്കന്‍ ഓരി യിടുന്നത് കേള്‍ക്കാം. അവരെ ഇനി കുറുക്കനെങ്ങാനും പിടിച്ചു തിന്നാലോ! അങ്ങോട്ട്‌ പോകാനും പേടിയാകുന്നു.

പകച്ചു നില്‍ക്കുന്ന അവളുടെ അടുത്തേയ്ക്ക് വന്ന് അച്ഛന്‍ പറഞ്ഞു.

"മോളെ അവര്‍ പൊയ്ക്കോട്ടേ.നമ്മള്‍ എന്തൊക്കെ കൊടുത്താലും  ജന്മ വാസന എന്നൊന്ന് ഉണ്ടാവും. സമയമായാല്‍ പോകാതിരിക്കാന്‍ അവയ്ക്ക് കഴിയില്ല. അവരെ സംരക്ഷിക്കാനൊക്കെ അവര്‍ സ്വയം പഠിച്ചു കഴിഞ്ഞു. നീ വാ. വീട്ടിലേയ്ക്ക് പോകാം."

അച്ഛന്‍റെ  കൂടെ  വീട്ടിലേയ്ക്ക് നട ക്കുമ്പോള്‍ അവള്‍ കരയാതിരിക്കാന്‍ ശ്രമിച്ചു. ഇനി  കൂട്ടുകാരോടൊക്കെ എന്ത് പറയും? അടുത്ത ശനിയാഴ്ച ഗംഗയും മീരയും ഒക്കെ ഇവരെ കാണാന്‍ വീട്ടില്‍ വരാം എന്ന് പറഞ്ഞതാ. എന്നാലും ശരിക്കൊന്നു വലുതായിട്ട് പോയ്ക്കൂടായിരുന്നോ? എന്തെങ്കിലും പറ്റിയാല്‍!

അമ്മക്കൊഴിക്കും സങ്കടം കാണുമോ? ഇവരെ അന്വേഷിക്കുന്നുണ്ടാവില്ലേ? എങ്ങനെ നോക്കിയതാ!

പക്ഷെ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ തള്ളക്കോഴി  ബാക്കിയുള്ള കുഞ്ഞുങ്ങളേയും കൊത്തി ഓടിക്കുന്നു. അവരും,വലുതായതുകൊണ്ട്  അമ്മയെ വിട്ടു സ്വയം ജീവിക്കാന്‍ പഠിക്കണമത്രേ . രേണു വലുതായാല്‍ അച്ഛനും അമ്മയും അങ്ങനെ പറയുമോ? അറിയില്ല.

കോഴിക്ക് നമ്മളെക്കാള്‍ ബുദ്ധീണ്ട് എന്നാണ് അച്ഛന്‍ പറയുന്നത്! ആണോ?

                                    -------------------------------------------


ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

7/16/13

ഐ സീ യു ------




 കഥ 
 അനിത പ്രേംകുമാര്‍







ഐ സീ യു



ഇത് എത്ര ദിവസമായി തുടങ്ങിയിട്ട്? ഒരു പിടുത്തവുമില്ല. കുറച്ചു ദിവസം, വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി ചെയ്തതായി ഓര്‍മ്മയുണ്ട്. പിന്നീട് എപ്പോഴാണ് ഇങ്ങനെ? ഒന്നും ശരിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ. തനിക്ക് ഒരു ആണ്‍ കുട്ടിയല്ലേ? അതെ. പക്ഷെ അവന്‍ ഏതു ക്ലാസ്സില്‍? ഒന്നാം ക്ലാസ്സിലല്ലേ? ആണോ? 

ആയിരിക്കും. അവന്‍ ഇന്നലെയല്ലേ, സിംഹം സ്വന്തം നിഴല് കണ്ടു ദേഷ്യം വന്ന്, കിണറ്റില്‍ ചാടിയ കഥ ഒന്ന് കൂടി കേള്‍ക്കണമെന്ന് വാശി പിടിച്ച് കരഞ്ഞതും, വീണ്ടും ഞാനത് പറഞ്ഞു കൊടുത്തതും ! അവന്‍റെ പേര് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ!

ഒരു പനി വന്നാല്‍ ഇങ്ങനെയാകുമോ? മുമ്പും പനി വന്നിട്ടുള്ളതാ. എന്നാലും അപ്പോഴൊക്കെ ഗുളിക കഴിച്ചുകൊണ്ട് വീട്ടിലെ ജോലിയും ഓഫീസിലെ ജോലിയും ഒക്കെ ചെയ്തിരുന്നല്ലോ. ഇപ്രാവശ്യം എന്താണ് പറ്റിയത്? ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വ്യക്തമാവുന്നില്ലല്ലോ.

കണ്ണ് വലിച്ചു തുറക്കാന്‍ കുറെ പ്രാവശ്യം ശ്രമിച്ചു. ഒന്ന് തുറന്നു കിട്ടിയിരുന്നെങ്കില്‍ രാത്രിയോ, പകലോ എന്നെങ്കിലും അറിയാമായിരുന്നു. ഇല്ല, പറ്റുന്നില്ല. ശരി, വിട്ടേയ്ക്കാം.

 ഇന്ന് എത്രാമത്തെ ദിവസമായിരിക്കും ഈ കിടപ്പ്? അറിയില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ പ്രസവിക്കാനല്ലാതെ അദ്ദേഹം തന്നെ സ്വന്തം വീട്ടിലേയ്ക്കയച്ചിട്ടില്ല. വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്ക് പോയി അച്ഛന്‍റെയും അമ്മയുടെയും പഴയ കുട്ടിയായി മാറി അവിടെ അങ്ങനെ സ്വസ്ഥമായി രണ്ടു ദിവസം നിന്നിട്ട് തിരിച്ചു വരാന്‍.

ഇന്നാളു മോനും പറഞ്ഞു, "അമ്മ പൊയ്ക്കോ—ഞങ്ങള്‍ നിന്നോളാം" എന്ന്. 
അദ്ദേഹത്തിനായിരുന്നു, പ്രശ്നം. "നീ ഇല്ലാതെ എങ്ങനാ? നീ എപ്പോഴും അടുത്ത് വേണം. അതുകൊണ്ടല്ലേ, നിന്നോട്  ജോലി കളഞ്ഞ്, വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞത്? ഓഫീസില്‍ നിന്നും എപ്പോള്‍ വന്നാലും,  നീ വീട്ടിലുണ്ടാവണം. എന്നിട്ടിപ്പോ, എന്നെ തനിച്ചാക്കി-- ഒരു രാത്രിപോലും—വേണ്ട. ഞാന്‍ എവിടെ വേണമെങ്കിലും പോകും. പക്ഷെ , അത് നീ ഇവിടെ കാത്തിരിക്കുന്ന ഓര്‍മ്മയിലാ".

ഇത്രേം കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും പൂതി പോകൂല്ലേ? മതി,പിന്നൊരിക്കലാവാം എന്ന് കരുതും..

പക്ഷെ, ഇപ്രാവശ്യം, വയ്യാത്ത കാലും വച്ച്, അമ്മ വന്നു വിളിച്ചപ്പോള്‍ വിട്ടല്ലോ. നടന്നാണോ, അതോ,ആരെങ്കിലും എടുത്താണോ കാറില്‍ കയറ്റിയത്? ഓര്‍മ്മയില്ല. കാറില്‍ അച്ഛന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍റെ അടുത്തു പിടിച്ചിരുത്തി. വീട്ടിലെത്തുന്നത് വരെ എന്തൊക്കെയോ പറഞ്ഞു. പനി കുറഞ്ഞു കുറഞ്ഞു വരുന്നപോലെ തോന്നി.

 വീട്ടിലെത്തിയപ്പോള്‍, അമ്മ അടുത്ത വീട്ടിലെ വല്ല്യമ്മയോടു പറയുന്നത് കേട്ടു.
"എത്ര ദിവസാന്നു വച്ചാ, അവന്‍! കുറെ ദിവസായില്ലേ, ഈ കിടപ്പ് തുടങ്ങീട്ട്!
അവിടെ ഉച്ചയ്ക്ക്  ഭക്ഷണമുണ്ടാക്കാന്‍ വരുന്ന കല്യാണി അമ്മയെ അവര്‍ ഫുള്‍ ടൈം ആക്കി. ഇവള്‍ കുറച്ചു ദിവസം ഒക്കെ എഴുന്നേറ്റു എല്ലാം ഉണ്ടാക്കുകയും അവരുടെ കാര്യങ്ങള്‍  നോക്കുകയും ഒക്കെ ചെയ്തിരുന്നു. പിന്നെ അതും ഇല്ലാതായി. അപ്പോഴാ അവന്‍ ഫോണ്‍ വിളിച്ചു, കൂട്ടിക്കോളാന്‍ പറഞ്ഞത്".

"ആണോ? ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ"

അച്ഛന്‍ വന്നു വിളിക്കുന്നു. 

"വാ, നമുക്ക് അച്ഛന്‍റെ സൈക്കിളില്‍ കറങ്ങാന്‍ പോകാം.  സാന്ഡ് പേപ്പര്‍ കൊണ്ട്, അച്ഛന്‍ സൈക്കിളിന്‍റെ കമ്പികളും റിമ്മും ഒക്കെ ഉരച്ചു വൃത്തിയാക്കുന്നു. അടുത്ത് ചെന്നപ്പോള്‍ പറഞ്ഞു, "വാ, പിറകില്‍ കയറിക്കോ". അച്ചന്‍റെ പിറകില്‍ ഇരുന്നു, അച്ഛനെ ചുറ്റിപ്പിടിച്ചു. ഇറങ്ങാന്‍ നേരം അമ്മ ചോദിച്ചു, "വേണ്ടേ?"

"ഉം, വേണം". വേഗം കൈ നീട്ടി. 

നീട്ടിയ കൈയ്യില്‍ പഞ്ചസാര ഇട്ടു തന്നു. ഇനി അതും നക്കി കൊണ്ടാണ്, ഈ യാത്ര. നല്ല രസമുണ്ട്. നിറയെ കല്ലുകളുള്ള ഒറ്റയടിപ്പാതയാണ്. എന്നാലും അച്ഛനല്ലേ ഓടിക്കുന്നത്. പേടിയെ തോന്നിയില്ല.

ആരോ അടുത്ത് വന്ന്, ശരീരത്തില്‍ ശക്തിയായി അടിക്കുന്നു. 
കൂടെയുള്ളവര്‍ പറയുന്ന കേട്ടു.
"നന്നായി അടിക്കൂ—അപ്പോള്‍ കണ്ണ് തുറന്നു നോക്കും".

വേദനിക്കുന്നു. 

"അമ്മേ—അമ്മേ" എന്ന് ആരോ വിളിക്കുന്നു. മോനല്ലേ? 

"വേദനിക്കുന്നെടാ" എന്ന് പറയണമെന്നുണ്ട്. കഴിയുന്നില്ല. അടിച്ചു മതിയാക്കി അവന്‍ പോയി എന്ന് തോന്നുന്നു.

 വീണ്ടും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, പിന്നെയും ആരോ വന്നു. 
തന്‍റെ ഇട്ടിരിക്കുന്ന കുപ്പായം അഴിക്കാന്‍ ശ്രമിക്കുന്നല്ലോ. പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചു. ഇല്ല, പറ്റില്ല. കൈകള്‍ രണ്ടും കട്ടിലോട് ചേര്‍ത്താണെന്ന് തോന്നുന്നു, കെട്ടിയിട്ടിരിക്കുന്നു.

കാലും അനക്കാന്‍ പറ്റുന്നില്ലല്ലോ. അതും കെട്ടിയിട്ടിരിക്കുന്നല്ലോ. എന്നാലും ശക്തിയായി കുതറി നോക്കി.

”അനങ്ങാതെ കിടക്കൂ—തള്ളെ.
വയസ്സ് എഴുപതു കഴിഞ്ഞു. അവരുടെ ഒരു നാണം!”
അപ്പോള്‍ ഇത്ര നേരവും കണ്ടത് സ്വപ്നമാണോ? തനിക്ക് എഴുപത് വയസ്സ് എന്നാണ് ആയത്?

അവര്‍ ഇളം ചൂടുള്ള വെള്ളത്തില്‍ തുണി മുക്കി, ദേഹം തുടയ്ക്കുകയാണോ? അങ്ങനെ തോന്നി. പിന്നെയും സൂചി കുത്തികേറ്റുന്നല്ലോ! വയ്യാ-- വല്ലാത്ത വേദന.

ഇപ്പോള്‍ നല്ല സുഖം. ഉറക്കം വരുന്നു.. 
അച്ഛനും അമ്മയും രണ്ടു വശവും നില്‍ക്കുന്നുണ്ടല്ലോ. 
അദ്ദേഹം എവിടെ?
അതാ ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നു!  

ഇനി ഞാന്‍ ഉറങ്ങട്ടെ. ബാക്കി, നേരില്‍ കാണുമ്പോള്‍ അവിടുന്നു പറയാം.

                     *  *  *