7/31/13

ഇന്‍ബോക്സ്‌

















"ഹായ് "
------------
"ഹലോ"
----------
"ചായ കുടിച്ചോ?"
------------------
"എന്താ മിണ്ടാത്തെ?"----------
----------------------
------------------------
"ഊണ് കഴിഞ്ഞോ?"
------------------------
"എന്താ ജോലി, എത്രയാ  വയസ്സ്?"
-----------------------

ചാറ്റിങ് താല്പര്യമില്ല എന്ന് എത്ര പറഞ്ഞാലും, പച്ച വെളിച്ചം കത്തിച്ചില്ലെങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നു കൊണ്ടിരിക്കും.
അവസാനം പറയും.--
" ഞാന്‍ ഇപ്പോള്‍ ചായ കുടിയും ഊണ് കഴിക്കലും  ഒക്കെ നിര്‍ത്തിയല്ലോ അനിയാ --- സമയം കിട്ടിയാല്‍ ആകെ ചെയ്യുന്നത് എന്തെങ്കിലുമൊക്കെ എഴുതുക മാത്രമാണ്.വായിക്കാനോ, വായിക്കപ്പെടാനോ ഇഷ്ടമാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കൂ-- ചാറ്റ് ചെയ്യാന്‍ താല്പര്യമില്ല. "

"എഴുതുമോ? അറിഞ്ഞില്ലല്ലോ! എന്തെഴുതും?"

ഒന്ന് പ്രൊഫൈല്‍ നോക്കുകയെങ്കിലും ചെയ്യാതെയാണ്  ചാറ്റ് ചെയ്യാന്‍ വീണ്ടും വീണ്ടും വരുന്നത്! എന്താ പറയ്യാ?
                                                 -----------------------

പക്ഷെ ,ഇന്നലെ  വന്നൊരാള്‍ അങ്ങനെയായിരുന്നില്ല. അയാള്‍ മുഖവുരയില്ലാതെ എഴുതിയിട്ട് പോയതാണ്..

" താങ്കളുടെ കഥകളില്‍ ചിലത് വായിക്കുമ്പോള്‍ നാട്ടിലെത്തിയ പ്രതീതി തോന്നുന്നു. പ്രത്യേകിച്ച് രേണുവിന്‍റെ  കഥകള്‍. അതില്‍ ഞാന്‍ രേണുവിന്‍റെ  അനിയനായി മാറുന്നപോലെ-- ഇന്നലെ ഞാന്‍ അതും വായിച്ചു കരഞ്ഞു. ഒന്ന് ഫോണ്‍ നമ്പര്‍ തരുമോ? എനിക്ക് താങ്കളോട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്.നിങ്ങളൊക്കെ ഭാഗ്യവാന്‍മാര്‍"

ഇന്നാണ് ആ മെസ്സേജ് കണ്ടത്.

"കഥകള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം--ഞാന്‍ മൊബൈല്‍ ഉപയോഗിക്കാറില്ല. പിന്നെ---നിങ്ങള്‍ക്കെന്താണ് ഭാഗ്യക്കുറവ്? "

ആള് അവിടെ ഉണ്ടായിരുന്നോ? ഉടന്‍ മറുപടി വന്നു.

"ഞങ്ങളൊക്കെ ഗള്‍ഫിലല്ലേ--"

"അതുകൊണ്ടെന്താ പ്രശ്നം? "‍

"പ്രശ്നം, എനിക്കൊന്ന് എന്‍റെ ഭാര്യയെ കാണണമെങ്കില്‍, മോളെ കാണണമെങ്കില്‍ ഇനിയും രണ്ടു  വര്‍ഷം കാത്തിരിക്കണം. നിങ്ങളൊക്കെ കുടുംബത്തോടോപ്പം , സന്തോഷമായി, എപ്പോള്‍ വേണെങ്കിലും നാട്ടിലും പോകാം.
നാട്ടിലെ മഴ, അവിടത്തെ മണ്ണിന്‍റെ മണം, പുഴയില്‍ പോയുള്ള കുളി, എന്‍റെ മോളുടെ കൊഞ്ചലുകള്‍---ഒരു പ്രവാസിയുടെ സങ്കടം-- അത് നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല."

"നാട്ടില്‍ സാമ്പത്തിക പ്രശ്നം കാരണമാണോ ഗള്‍ഫ്‌?"

"ഏയ്‌, ഞങ്ങള്‍ക്ക് സെന്റിന് ലക്ഷക്കണക്കിന്‌ രൂപ വില വരുന്ന ഏക്കര്‍ കണക്കിനു  സ്ഥലവും വലിയ വീടും  ഉണ്ട്. സ്ഥലം അച്ഛന് നോക്കി നടത്താന്‍ പറ്റാതെ വെറുതെ ഇട്ടിരിക്കുന്നു. ഭാര്യ ടീച്ചര്‍ ആണ്.
ആകെ ഒരനിയത്തി ഉള്ളത് ഭര്‍ത്താവിന്റെ കൂടെ കാനഡ യിലും."

"അപ്പോള്‍ പ്രശ്നമൊന്നും ഇല്ലല്ലോ"

"അച്ഛന്‍ പറയുന്നത് നാട്ടില്‍ ജോലി ചെയ്താ മതീന്നാ- പക്ഷെ, ഒരു ഡിപ്ലോമ ക്കാരന് കൂടി വന്നാല്‍ എത്ര രൂപ കിട്ടും?
വീട് എന്‍റെ പേരില്‍ ആക്കാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ സ്വന്തമായി വയ്ക്കേണ്ടേ, ഒരെണ്ണം?  പിന്നെ മോളുടെ കല്ല്യാണം ഒക്കെ നടത്തണമെങ്കില്‍ ഇപ്പോള്‍ പൊന്നിനൊക്കെ എന്താ വില? കുറഞ്ഞത്‌ ഒരു അഞ്ഞൂറ് പവന്‍ എങ്കിലും വേണ്ടേ?

ചേച്ചി എന്താ ഒന്നും പറയാത്തെ? "

"ഞാന്‍ , ഞാനെന്തു പറയാന്‍? മോള്‍ക്ക് എത്ര വയസ്സായി?"

"മോള്‍ക്ക്‌ ഈജൂലൈ യില്‍ മൂന്നു തികയും.
എനിക്കും നാട്ടില്‍ വന്നു നിങ്ങളെപ്പോലെ സ്വസ്ഥമായി കുടുംബത്തോടൊപ്പം കഴിയണമെന്നുണ്ട്. എന്ന് പറ്റും എന്നറിയില്ല."

 "മോളുടെ കല്ല്യാണം കഴിഞ്ഞാല് പറ്റുമല്ലോ? "

"അപ്പോഴേയ്ക്കു വയസ്സായി , പ്രഷര്‍, ഷുഗര്‍--- ഒക്കെ വരൂല്ലേ?"

"അപ്പോള്‍ എല്ലാം അറിയാം. ഭാര്യയോട് ഇതൊക്കെ ഒന്ന് പറഞ്ഞൂടെ? അവര്‍ എന്തെങ്കിലും പരിഹാരംകാണാതിരിക്കുമോ?

"ചേച്ചിയ്ക്ക് അറിയാഞ്ഞിട്ടാ-- ഞാന്‍ നാട്ടിലില്ല എന്ന കാരണം പറഞ്ഞ് അവളും മോളും അവളുടെ വീട്ടിലാ.അച്ഛനും അമ്മയും പറയുന്നത് ഞാന്‍ അവിടെ തന്നെ ഉള്ള ശമ്പളത്തിന് ജോലി ചെയ്ത്, അവരുടെ കൂടെ നില്‍ക്കാനാ. എന്നാല്‍ അവളും കുഞ്ഞും അവിടെ നില്‍ക്കുകയും ചെയ്യുമല്ലോ.

പക്ഷെ ഞാന്‍ നാട്ടില്‍ ഉണ്ടായാല്‍ അവള്‍ എന്‍റെ വീട്ടില്‍ നില്‍ക്കേണ്ടി വരും, എന്‍റെ അമ്മയെ സഹിക്കാന്‍ അവള്‍ക്കു പറ്റില്ല, എന്നാണ് അവള്‍ പറയുന്നതും. മുകളില്‍ പറഞ്ഞ ആവശ്യങ്ങളും അവളുടേത്‌ തന്നെയാ. ചുരുക്കി പറഞ്ഞാല്‍ അവള്‍ക്കു ഇപ്പോള്‍ എന്‍റെ പണം മാത്രം മതി. ഞാന്‍ നാട്ടില്‍ ഉള്ള രണ്ടു മാസം പോലും അവള്‍ കുഞ്ഞിനെ അല്ലാതെ എന്നെ ശരിക്കൊന്നു ശ്രദ്ധിച്ച് കൂടിയില്ല. ഞാന്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയിലാ--"

" സ്വന്തം ജീവിതം എങ്ങിനെ, എവിടെ, ആരോടൊപ്പം ജീവിക്കണം എന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ വയ്യെങ്കില്‍ നീയൊക്കെ ആണ്‍കുട്ടിയാണെന്നും  പറഞ്ഞു----" ഇത് മനസില്‍ പറഞ്ഞെങ്കിലും , അയാളോട് ഇത്ര മാത്രംഅറിയിച്ചു.

"നിങ്ങളുടെ വിഷമം ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ശരി, പിന്നെ കാണാം. കുറച്ചു പണിയുണ്ട്. "

"ഓക്കേ, ചേച്ചീ-- നാളേം കാണണേ---"

"Mute Conversation"
                                   
                                               *   *   *  









7/24/13

ജന്മ വാസന

(രേണൂന്‍റെ കഥ - നോവല്‍ ഭാഗം 5 )


          അനിത പ്രേംകുമാര്‍
          ബാംഗ്ലൂര്‍












നമ്മക്ക് മുട്ടമാഷിനെ വീഴ്ത്താന്‍ കള്ളക്കുഴി  കുഴിക്കാം?" മനു ആണ് പറഞ്ഞത്.

"വീഴുമോ?" റഷീദ.

"പിന്നെ വീഴാതെ?"

ശരി. എല്ലാരും തയ്യാറായി.

മുട്ടമാഷെ അറിയ്യോ? ഞങ്ങളുടെ വീടുകള്‍ക്കും കുറച്ചു ദൂരെ മാറിയാണ് അയാളുടെ വീട്. തടിച്ചു ഉയരം കൂടിയ ഒരാളാ--‍ . ഞങ്ങള്‍ക്കാര്‍ക്കും അയാളെ ഇഷ്ടല്ല. " കാരണം ഞങ്ങളോട് അയാള്‍ മിണ്ടൂല്ല. അതിലൂടെ പോകുമ്പോഴും വരുമ്പോഴും ഒന്ന് ചിരിക്കുകപോലും ചെയ്യില്ല. അത്രേന്നെ-

 കുറെ കമ്പും കോലും ഒക്കെ കൊണ്ട് വന്ന് അയാള്‍  നടന്നു പോകുന്ന വഴിയില്‍ വലിയ ഒരു കുഴിയുണ്ടാക്കി. എന്നിട്ട് അതിനു മികളില്‍ കുറെ ഉണങ്ങിയ നേരിയ കൊള്ളികള്‍ വച്ചശേഷം ഇലകള്‍ അടുക്കി വച്ച്, മണ്ണിട്ട്‌ മൂടി. ഇപ്പൊ ആരെങ്കിലും കണ്ടാല്‍ അവിടെ കുഴി ഉള്ളതായി തോന്നുകയേയില്ല.
എല്ലാവരും മുട്ടമാഷ്‌ വരുന്നതും കാത്തു ഒളിച്ചു നിന്നു .


കുറച്ചു കഴിഞ്ഞപ്പോ, അതാ മുട്ട മാഷ്‌!
 ശ്വാസം അടക്കി പിടിച്ചു നിന്നു.

വലിയൊരു ആന വരുന്നപോലെ വന്ന മാഷ്‌ കുഴിയുടെ മേല്‍ കാല്‍ വച്ചതും------------- ചുള്ളിക്കമ്പുകള്‍ അടരുന്ന ഒച്ചകേട്ടു. മാഷ്‌ ഇപ്പൊ വീഴും.

------ഇല്ല, ഒന്നും ഉണ്ടായില്ല. കാലില്‍ പറ്റിയ മണ്ണ് തുടച്ചു മാറ്റി , ചുറ്റും ഒന്ന് നോക്കി,  മാഷ്‌ ഗൌരവത്തില്‍ നടന്നു പോയി.

പക്ഷെ,,ഞങ്ങള്‍ സങ്കടത്തോടെ ഒരു കാര്യം തിരിച്ചറിഞ്ഞു.

"മാഷിന്റെ കാലുകള്‍ കുഴിയെക്കാള്‍ ഒരുപാടു വലുതാണ്‌! അടുത്ത പ്രാവശ്യം ഇതിലും വലിയ ഒരു കുഴി കുഴിക്കണം".

എന്നാലും ഞങ്ങളോട്  ഒന്നും മിണ്ടാതെ എന്നും ഗൌരവത്തില്‍ നടന്നു പോകുന്ന മാഷ്‌ ഒന്ന് വീണെങ്കില്‍!  മാഷ്‌ എന്ന് വെറുതെ വിളിക്കുന്നതാ. എഴുതാനും വായിക്കാനും ഒന്നും തന്നെ മാഷ്ക്ക് അറിയില്ലാ എന്നാണ്   അച്ഛമ്മ പറഞ്ഞത്.

                          .................................................................

അന്ന് ഞായറാഴ്ച ആയതുകൊണ്ട് കളിക്കാന്‍ എല്ലാവരും  ഉണ്ട്.

ഇന്നിനി  പാള വണ്ടി കളിച്ചാലോ? ശരി, രണ്ടു മൂന്നു  കമുകിന്‍ പാള എടുത്തിട്ടു വരാം എന്ന് പറഞ്ഞ് രേണു അനിയനേം കൂട്ടി നേരെ പെണ്ണമ്മ ചേച്ചിയുടെ തോട്ടത്തിലേയ്ക്ക് ചെന്നു.

അവിടുന്നു നോക്കിയാല്‍ പുഴ കാണാം. വലിയ പുഴയാണ്. നല്ല തെളിഞ്ഞ വെള്ളം !
വൈകിട്ട് കുളിക്കാന്‍ പോകുമ്പോള്‍ കുറെ നീന്തണം.
പിന്നെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ഇന്ന് വൈകിട്ട്  "വീശു വല" യും കൊണ്ട് മീന്‍ പിടിക്കാന്‍ പോകാം എന്ന്.
അച്ഛന്‍ വരുന്നതിനു മുമ്പ് വലയുടെ കെട്ടൊക്കെ അഴിച്ച് ശരിയാക്കി വയ്ക്കാന്‍ എല്പിച്ചിട്ടുണ്ട്.  രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോകുന്ന കഥ പിന്നീട് പറയാം.

ഈ പുഴയെ എത്ര നേരം നോക്കി നിന്നാലും  മതിയാകില്ലല്ലോ !
കുറെ സമയം പുഴയും നോക്കി നിന്നു.

"ഇതെന്താ ചേച്ചി, കല്ലെടുക്കാത്തെ?"
അനിയന്‍ ഒരു തുമ്പിയെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു.

" വിട്ടേയ്ക്കെടാ-- പാവം".

പാളയുണ്ടോ എന്ന് നോക്കട്ടെ- എല്ലാവരും കാത്തു നില്‍ക്കുന്നുണ്ടാവും.
എല്ലാ കവുങ്ങിന്‍റെ ചുവട്ടിലും മണ്ണ് കിളച്ചിട്ടിട്ടുണ്ട്. അതിനിടയിലൂടെ പാള അന്വേഷിച്ച് കുറെ നടന്നു. ഒന്നും കിട്ടിയില്ല.

തിരിച്ചു പോയാലോ ?  ഒരു കമുകിന്‍റെ ചുവട്ടില്‍ എന്തോ കുറെ വെളുപ്പ്‌ കാണുന്നുവല്ലോ! അടുത്ത് ചെന്ന് നോക്കി.

കോഴി മുട്ട പോലത്തെ കുറെ മുട്ടകള്‍. പാമ്പിന്‍റെ  മുട്ടയാണോ? പേടിയായി.
എന്തായാലും അടുത്തൊന്നും ഒരു ജീവിയെയും കാണാനില്ല.  അച്ഛനോട് ചോദിക്കാം.

വേഗം രണ്ടു മുട്ടയും എടുത്ത് അനിയനെയും കൂട്ടി  തിരിച്ചു നടന്നു. ഇനി പാമ്പിന്റെ മുട്ടയോ മറ്റോ ആണെങ്കില്‍ പിറകെ പാമ്പ് വരുമോ?
പേടിയായി.
പറ്റാവുന്ന വേഗത്തില്‍ മുട്ടയുമായി ഓടാന്‍ തുടങ്ങി.
തട്ട് തട്ടായി തിരിച്ച കുന്നിന്‍ ചെരിവിലൂടെ ഓടുമ്പോള്‍ വീണാല്‍ കഴിഞ്ഞത് തന്നെ. മുട്ട പൊട്ടും.
ഒടാതിരുന്നാല്‍ പാമ്പ് പിറകെ വന്നാലോ?
എങ്ങനെയൊക്കെയോ ഓടി വീട്ടിലെത്തി, അച്ഛനെ അന്വേഷിച്ചു.

വെറ്റില വള്ളി ഒരു മരത്തിന്‍റെ മുകളിലേയ്ക്ക് കയറ്റി വിടാന്‍ വേണ്ടി അതിന്റെ തലകള്‍ പിടിച്ചു  പതുക്കെ മുകളിലേയ്ക്ക് വയ്ക്കുകയായിരുന്നു അച്ഛന്‍.
മുട്ടകള്‍ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു.

"ഇത് കാട്ടു കോഴിയുടെ മുട്ടയല്ലേ രേണു? എടുത്തയിടത്ത്  തന്നെ കൊണ്ട് പോയി വയ്ക്കൂ--

ഓ... സമാധാനമായി, പാമ്പിന്റെ അല്ലല്ലോ എന്ന് മനസ്സില്‍ പറഞ്ഞു.

അച്ഛാ..... എന്തായാലും കോഴിയല്ലേ? അശ്വതി കോഴിയുടെ മുട്ടയുടെ കൂടെ വിരിയിക്കാന്‍ വയ്ക്കട്ടെ? എന്നിട്ട് നമുക്കതിനെ വളര്‍ത്താം.

"അതൊക്കെ പ്രശ്നമാണ് . പിന്നീട് നിനക്ക് സങ്കടമാവും .  വേണ്ട--"

" അച്ഛാ, ഒരു പ്രാവശ്യം ഒന്ന് നോക്കാം".

"ശരി, നിന്‍റെ ഇഷ്ടം.. ഞാന്‍ പറഞ്ഞു തന്നു മനസ്സിലാക്കുന്നതിലും നല്ലത് നീ തന്നെ കണ്ടു  മനസ്സിലാക്കുന്നത് തന്നെ."

അച്ഛനും രേണുവും കൂടി  മറ്റു മുട്ടകളുടെ  കൂടെ ഈ മുട്ടകളും കോഴി അടയിരിക്കുമ്പോള്‍ കൂട്ടത്തില്‍ വച്ച് കൊടുത്തു. അനിയന്‍ പിന്നെ അധികമൊന്നും പറയില്ല. എന്നാലും എല്ലാത്തിനും കൂടെ നിന്നു.

ദിവസവും പോയി നോക്കും. മുട്ട വിരിഞ്ഞോ?
ഇല്ലല്ലോ .

മുട്ട വിരിഞ്ഞോ?
ഇല്ല

മുട്ട വിരിഞ്ഞോ?

ഇല്ല  എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം? നീ ഇപ്പൊ ആ തള്ള കോഴീടെ കൊത്തു കൊള്ളും രേണൂ.. അടുത്തു പോകണ്ട. വിരിഞ്ഞാല്‍ ഞാന്‍ പറയാം. അമ്മയാണ്.


ഇതെന്താ ഇങ്ങനെ?

"ഇപ്രാവശ്യം  എന്താ അമ്മെ മുട്ട വിരിയാന്‍ കൂടുതല്‍ സമയം?"

അമ്മയ്ക്ക് ദേഷ്യംവന്നു.

"അവിടെ തന്നെ നീയും അടയിരുന്നാല്‍ കൂടുതല്‍ സമയം ഒക്കെ തോന്നും. രേണുനു വേറെ പണിയൊന്നും ഇല്ലേ?  പോയി കളിച്ചാട്ടെ.
ഒരു മോളും പറ്റിയൊരു അച്ഛനും."

ഇനി അമ്മയോട് ചോദിക്കണ്ട.അമ്മയ്ക്ക് എപ്പോഴും തിരക്കാ--എന്നാലും അനിയനോട് കൊഞ്ചുന്ന  കാണാലോ! അവന്‍ ഇളയ കുട്ടിയല്ലേന്നാണ് ചോദിച്ചാല്‍ പറയുക. അമ്മ അവനെ "അമ്മേന്‍റെ പൊന്നും കട്ടെ" എന്നൊക്കെ വിളിക്കുന്ന കേള്‍ക്കാം. ഹും------- അച്ഛമ്മ യോട് ചോദിക്കാം.

പതുക്കെ അവിടുന്നു പോന്നു.

പിന്നെയും കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞു. ഒരു ദിവസം രേണു രാവിലെ എഴുന്നേറ്റു പല്ല് തേക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ ഒച്ച കേള്‍ക്കുന്നു.

              കീ----  കീ----  കീ----

എടാ.... രാജൂ.... ഓടി വാടാ.... മുട്ടകള്‍ വിരിഞ്ഞു....

ഇവന്‍ ഇത് എവിടെപ്പോയി കിടക്കുന്നോ എന്തോ?

ഓടിപ്പോയി നോക്കിയപ്പോള്‍ ,

മുട്ടകള്‍ വിരിഞ്ഞു മൂന്നാല് കുഞ്ഞുങ്ങള്‍ പുറത്തു വന്നിരിക്കുന്നു!
ബാക്കിയുള്ളവര്‍ അവരവരുടെ മുട്ടകള്‍ സ്വയം കൊത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല രസ മുണ്ട്.

അവള്‍ വേഗം അച്ഛനെയും അനിയനെയും വിളിച്ചു കാണിച്ചു. കോഴി പുറത്തു ഭക്ഷണം തേടിപ്പോയ സമയമായതുകൊണ്ട്, അച്ഛനും കോഴിക്കുഞ്ഞുങ്ങളെ മുട്ട പൊളിച്ചു പുറത്തു വരാന്‍ സഹായിച്ചു . എല്ലാവരും പുറത്തു വരാന്‍ കുറെ സമയം എടുത്തു.

ആകെ ഏഴു കുഞ്ഞുങ്ങള്‍! എന്ത് ഭംഗിയാ കാണാന്‍! അതില്‍ രണ്ടെണ്ണം മാത്രം കറുത്തത്! ബാക്കിയൊക്കെ ഇളം മഞ്ഞ നിറം.

അച്ഛന്‍ പറഞ്ഞു, "അതാ രേണു,  ആ കറുത്ത രണ്ടെണ്ണമാ നിന്‍റെ കാട്ടു കോഴി കുഞ്ഞുങ്ങള്‍!"

അവള്‍ക്കു സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. കാട്ടില്‍ കിടന്ന ഏതോ രണ്ടു മുട്ടകള്‍ ഇതാ തന്‍റെ മുന്നില്‍ കുഞ്ഞങ്ങളായി മാറി കീ ...കീ ...ന്ന് കരയുന്നു!

 ദിവസവും അവ വളരുന്നത്‌ നോക്കി നിന്നു. അരിയും നെല്ലും ഒക്കെ അമ്മ കാണാതെ കൊണ്ട് പോയി കൊടുത്തു. അവര്‍ ഇടയ്ക്ക് തല ചെരിച്ചു അവളെ  നോക്കുന്നുണ്ട്. രേണൂനെ മനസ്സിലായി എന്ന് തോന്നുന്നു.

വലുതായ ശേഷം സ്കൂളിലെ കൂട്ടുകാരെ ഒക്കെ വിളിച്ചു കാണിക്കാം. ഇപ്പോള്‍ അടുത്ത വീട്ടിലുള്ളവര്‍ മാത്രമേ കണ്ടിട്ടുള്ളൂ. മനുവും മൊയമ്മദലിയും, ശംഷു വും റഷീദയും  അഞ്ചു വും ഒക്കെ അടങ്ങുന്ന ഞങ്ങളുടെ കൂട്ടുകാര്‍ ഒക്കെ ഇപ്പോള്‍ കാട്ടു കോഴിയുടെ മുട്ടകള്‍ അന്വേഷിച്ചു നടക്കുകയാണത്രേ. ഇതാ പറയുന്നേ, എല്ലാത്തിനും വേണം ഒരു ഭാഗ്യം.

ഇടയ്ക്കിടെ  "പ്രാപ്പിടിയന്‍" എന്ന പക്ഷി വന്നു, കുഞ്ഞുങ്ങളെ പിടിക്കാന്‍. അപ്പോള്‍ തള്ള ക്കോഴി ഒരു പ്രത്യേക ഒച്ചയുണ്ടാക്കി കുഞ്ഞുങ്ങളെ ഒക്കെ വിളിച്ച് , ചിറകിന്‍റെ അടിയില്‍ ഒളിപ്പിച്ചു. പാവം പ്രാപ്പിടിയന്‍. ഒറ്റ കുഞ്ഞുങ്ങളെയും തിന്നാന്‍ കിട്ടിയില്ല.

ഉരുണ്ടിരുന്ന അവയ്ക്കെല്ലാം കുഞ്ഞു ചിറകുകളും ചെറിയ വാലുകളും വന്നു തുടങ്ങിയല്ലോ. ഇനി ഇവര്‍ പറക്കാന്‍ തുടങ്ങുമോ? ഏയ്‌, ഇല്ല. തള്ളക്കോഴി പറക്കൂലല്ലോ. ചിലപ്പോഴൊക്കെ മുറ്റത്തെ മാവിന്‍റെ താഴത്തെ കൊമ്പ് വരെ മാത്രം പറക്കുന്നതു കാണാം.

ആദ്യമൊക്കെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തള്ളക്കോഴി കാലു കൊണ്ട് ചികഞ്ഞ്  ഇട്ടു കൊടുക്കുന്നത് കണ്ടു. ഇപ്പോള്‍  തീറ്റയുള്ള സ്ഥലത്ത് പോയി  നില്‍ക്കും. അപ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ ചിക്കാനും ചികയാനും തുടങ്ങും. പ്രാപ്പിടിയന്‍ വന്നാല്‍ ഒച്ചയെടുത്ത്‌ മാറി നില്‍ക്കാന്‍ പറയുമ്പോള്‍ അവര്‍ കിട്ടിയ സ്ഥലങ്ങളില്‍ പതുങ്ങി ഒളിക്കാന്‍ തുടങ്ങി.  ഇനി അവര്‍ക്ക് അമ്മയുടെ സഹായം  അത്ര വേണ്ട എന്ന് മനസ്സിലായി.

ഇനി ഈ കോഴിക്കുഞ്ഞുങ്ങള്‍ക്കെല്ലാം ഓരോ പേര് കണ്ടു പിടിക്കണമല്ലോ-
എന്നിട്ട് ആ പേര് വിളിക്കുമ്പോള്‍ അവര്‍ ഓടി വരുന്നത് കാണണം .

ഒരു ദിവസം നോക്കുമ്പോള്‍ കറുത്ത കുഞ്ഞുങ്ങള്‍ മാത്രം വേറെ നടക്കുന്നു.

ഈശ്വരാ, ഇവയ്ക്കു അമ്മയുടെ കൂടെ നടന്നൂടെ? പ്രാപ്പിടിയന്‍ വന്നാലോ?
പതുക്കെ തെളിച്ചു അമ്മക്കോഴിയുടെ  അടുത്താക്കാന്‍ നോക്കി.

പോ-- പോ--- അമ്മേടടുത്ത് പൊ---

പക്ഷെ,കേള്‍ക്കണ്ടേ!

രേണു പറയുന്നത് കേള്‍ക്കാതെ, അവ രണ്ടും വീടിന്‍റെ ഇടതു വശത്ത് , കാടു പിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് വേഗം നടക്കാന്‍ തുടങ്ങി.  തിരികെ ആക്കാന്‍ വേണ്ടി അവരുടെ മുന്നിലെത്താന്‍ ഓടി. പക്ഷെ അവര്‍ അതിലും വേഗത്തില്‍ ഓടി, കോഴിക്കുഞ്ഞുങ്ങള്‍ മുന്നിലും രേണു പിന്നിലുമായി ഒടുന്നതുകണ്ട് അച്ഛന്‍ വിളിക്കുന്നുണ്ടായിരുന്നു. "രേണൂ--- വിട്ടെയ്ക്ക്--- എന്നിട്ട് നീ വീട്ടിലേയ്ക്ക് തിരിച്ചു വാ .... " എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും കേള്‍ക്കാന്‍ അവള്‍ക്കു ശേഷിയുണ്ടായിരുന്നില്ല. ജീവനെ പ്പോലെ സ്നേഹിച്ച കുഞ്ഞുങ്ങളാണ്. വിടരുത്. എന്നും തന്‍റെ കൂടെ വേണം.

 ‍പക്ഷെ , ഓടിയോടി തളര്ന്നതല്ലാതെ അവയുടെ കൂടെ എത്താന്‍ അവള്‍ക്കായില്ല. അവര്‍ അവളെക്കാള്‍ വേഗത്തില്‍ ഓടി, കമ്മ്യൂണിസ്റ്റ് പച്ചകള്‍ നിറഞ്ഞ കാടിനുള്ളിലെയ്ക്ക് നൂണ്ടു പോയി. അതിനുള്ളിലേക്ക്‌ കയറാനുള്ള ധൈര്യം രേണൂനു ണ്ടായില്ല. അതിനുള്ളില്‍ പാമ്പുണ്ടെങ്കിലോ?

എന്തായാലും   ‍കാട്ടിനുള്ളില്‍ മറയുന്നതിനു മുമ്പ് അവ രേണൂനെ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ടും അവളുടെ കരയുന്ന മുഖം അവര്‍ എന്തെ കണ്ടില്ല?

ഇനി എന്ത് ചെയ്യും? ആ കാട്ടിന്റെ ഉള്ളില്‍ നിന്നും രാത്രി കുറുക്കന്‍ ഓരി യിടുന്നത് കേള്‍ക്കാം. അവരെ ഇനി കുറുക്കനെങ്ങാനും പിടിച്ചു തിന്നാലോ! അങ്ങോട്ട്‌ പോകാനും പേടിയാകുന്നു.

പകച്ചു നില്‍ക്കുന്ന അവളുടെ അടുത്തേയ്ക്ക് വന്ന് അച്ഛന്‍ പറഞ്ഞു.

"മോളെ അവര്‍ പൊയ്ക്കോട്ടേ.നമ്മള്‍ എന്തൊക്കെ കൊടുത്താലും  ജന്മ വാസന എന്നൊന്ന് ഉണ്ടാവും. സമയമായാല്‍ പോകാതിരിക്കാന്‍ അവയ്ക്ക് കഴിയില്ല. അവരെ സംരക്ഷിക്കാനൊക്കെ അവര്‍ സ്വയം പഠിച്ചു കഴിഞ്ഞു. നീ വാ. വീട്ടിലേയ്ക്ക് പോകാം."

അച്ഛന്‍റെ  കൂടെ  വീട്ടിലേയ്ക്ക് നട ക്കുമ്പോള്‍ അവള്‍ കരയാതിരിക്കാന്‍ ശ്രമിച്ചു. ഇനി  കൂട്ടുകാരോടൊക്കെ എന്ത് പറയും? അടുത്ത ശനിയാഴ്ച ഗംഗയും മീരയും ഒക്കെ ഇവരെ കാണാന്‍ വീട്ടില്‍ വരാം എന്ന് പറഞ്ഞതാ. എന്നാലും ശരിക്കൊന്നു വലുതായിട്ട് പോയ്ക്കൂടായിരുന്നോ? എന്തെങ്കിലും പറ്റിയാല്‍!

അമ്മക്കൊഴിക്കും സങ്കടം കാണുമോ? ഇവരെ അന്വേഷിക്കുന്നുണ്ടാവില്ലേ? എങ്ങനെ നോക്കിയതാ!

പക്ഷെ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ തള്ളക്കോഴി  ബാക്കിയുള്ള കുഞ്ഞുങ്ങളേയും കൊത്തി ഓടിക്കുന്നു. അവരും,വലുതായതുകൊണ്ട്  അമ്മയെ വിട്ടു സ്വയം ജീവിക്കാന്‍ പഠിക്കണമത്രേ . രേണു വലുതായാല്‍ അച്ഛനും അമ്മയും അങ്ങനെ പറയുമോ? അറിയില്ല.

കോഴിക്ക് നമ്മളെക്കാള്‍ ബുദ്ധീണ്ട് എന്നാണ് അച്ഛന്‍ പറയുന്നത്! ആണോ?

                                    -------------------------------------------


ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

7/16/13

ഐ സീ യു ------




 കഥ 
 അനിത പ്രേംകുമാര്‍







ഐ സീ യു



ഇത് എത്ര ദിവസമായി തുടങ്ങിയിട്ട്? ഒരു പിടുത്തവുമില്ല. കുറച്ചു ദിവസം, വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി ചെയ്തതായി ഓര്‍മ്മയുണ്ട്. പിന്നീട് എപ്പോഴാണ് ഇങ്ങനെ? ഒന്നും ശരിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ. തനിക്ക് ഒരു ആണ്‍ കുട്ടിയല്ലേ? അതെ. പക്ഷെ അവന്‍ ഏതു ക്ലാസ്സില്‍? ഒന്നാം ക്ലാസ്സിലല്ലേ? ആണോ? 

ആയിരിക്കും. അവന്‍ ഇന്നലെയല്ലേ, സിംഹം സ്വന്തം നിഴല് കണ്ടു ദേഷ്യം വന്ന്, കിണറ്റില്‍ ചാടിയ കഥ ഒന്ന് കൂടി കേള്‍ക്കണമെന്ന് വാശി പിടിച്ച് കരഞ്ഞതും, വീണ്ടും ഞാനത് പറഞ്ഞു കൊടുത്തതും ! അവന്‍റെ പേര് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ!

ഒരു പനി വന്നാല്‍ ഇങ്ങനെയാകുമോ? മുമ്പും പനി വന്നിട്ടുള്ളതാ. എന്നാലും അപ്പോഴൊക്കെ ഗുളിക കഴിച്ചുകൊണ്ട് വീട്ടിലെ ജോലിയും ഓഫീസിലെ ജോലിയും ഒക്കെ ചെയ്തിരുന്നല്ലോ. ഇപ്രാവശ്യം എന്താണ് പറ്റിയത്? ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വ്യക്തമാവുന്നില്ലല്ലോ.

കണ്ണ് വലിച്ചു തുറക്കാന്‍ കുറെ പ്രാവശ്യം ശ്രമിച്ചു. ഒന്ന് തുറന്നു കിട്ടിയിരുന്നെങ്കില്‍ രാത്രിയോ, പകലോ എന്നെങ്കിലും അറിയാമായിരുന്നു. ഇല്ല, പറ്റുന്നില്ല. ശരി, വിട്ടേയ്ക്കാം.

 ഇന്ന് എത്രാമത്തെ ദിവസമായിരിക്കും ഈ കിടപ്പ്? അറിയില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ പ്രസവിക്കാനല്ലാതെ അദ്ദേഹം തന്നെ സ്വന്തം വീട്ടിലേയ്ക്കയച്ചിട്ടില്ല. വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്ക് പോയി അച്ഛന്‍റെയും അമ്മയുടെയും പഴയ കുട്ടിയായി മാറി അവിടെ അങ്ങനെ സ്വസ്ഥമായി രണ്ടു ദിവസം നിന്നിട്ട് തിരിച്ചു വരാന്‍.

ഇന്നാളു മോനും പറഞ്ഞു, "അമ്മ പൊയ്ക്കോ—ഞങ്ങള്‍ നിന്നോളാം" എന്ന്. 
അദ്ദേഹത്തിനായിരുന്നു, പ്രശ്നം. "നീ ഇല്ലാതെ എങ്ങനാ? നീ എപ്പോഴും അടുത്ത് വേണം. അതുകൊണ്ടല്ലേ, നിന്നോട്  ജോലി കളഞ്ഞ്, വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞത്? ഓഫീസില്‍ നിന്നും എപ്പോള്‍ വന്നാലും,  നീ വീട്ടിലുണ്ടാവണം. എന്നിട്ടിപ്പോ, എന്നെ തനിച്ചാക്കി-- ഒരു രാത്രിപോലും—വേണ്ട. ഞാന്‍ എവിടെ വേണമെങ്കിലും പോകും. പക്ഷെ , അത് നീ ഇവിടെ കാത്തിരിക്കുന്ന ഓര്‍മ്മയിലാ".

ഇത്രേം കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും പൂതി പോകൂല്ലേ? മതി,പിന്നൊരിക്കലാവാം എന്ന് കരുതും..

പക്ഷെ, ഇപ്രാവശ്യം, വയ്യാത്ത കാലും വച്ച്, അമ്മ വന്നു വിളിച്ചപ്പോള്‍ വിട്ടല്ലോ. നടന്നാണോ, അതോ,ആരെങ്കിലും എടുത്താണോ കാറില്‍ കയറ്റിയത്? ഓര്‍മ്മയില്ല. കാറില്‍ അച്ഛന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍റെ അടുത്തു പിടിച്ചിരുത്തി. വീട്ടിലെത്തുന്നത് വരെ എന്തൊക്കെയോ പറഞ്ഞു. പനി കുറഞ്ഞു കുറഞ്ഞു വരുന്നപോലെ തോന്നി.

 വീട്ടിലെത്തിയപ്പോള്‍, അമ്മ അടുത്ത വീട്ടിലെ വല്ല്യമ്മയോടു പറയുന്നത് കേട്ടു.
"എത്ര ദിവസാന്നു വച്ചാ, അവന്‍! കുറെ ദിവസായില്ലേ, ഈ കിടപ്പ് തുടങ്ങീട്ട്!
അവിടെ ഉച്ചയ്ക്ക്  ഭക്ഷണമുണ്ടാക്കാന്‍ വരുന്ന കല്യാണി അമ്മയെ അവര്‍ ഫുള്‍ ടൈം ആക്കി. ഇവള്‍ കുറച്ചു ദിവസം ഒക്കെ എഴുന്നേറ്റു എല്ലാം ഉണ്ടാക്കുകയും അവരുടെ കാര്യങ്ങള്‍  നോക്കുകയും ഒക്കെ ചെയ്തിരുന്നു. പിന്നെ അതും ഇല്ലാതായി. അപ്പോഴാ അവന്‍ ഫോണ്‍ വിളിച്ചു, കൂട്ടിക്കോളാന്‍ പറഞ്ഞത്".

"ആണോ? ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ"

അച്ഛന്‍ വന്നു വിളിക്കുന്നു. 

"വാ, നമുക്ക് അച്ഛന്‍റെ സൈക്കിളില്‍ കറങ്ങാന്‍ പോകാം.  സാന്ഡ് പേപ്പര്‍ കൊണ്ട്, അച്ഛന്‍ സൈക്കിളിന്‍റെ കമ്പികളും റിമ്മും ഒക്കെ ഉരച്ചു വൃത്തിയാക്കുന്നു. അടുത്ത് ചെന്നപ്പോള്‍ പറഞ്ഞു, "വാ, പിറകില്‍ കയറിക്കോ". അച്ചന്‍റെ പിറകില്‍ ഇരുന്നു, അച്ഛനെ ചുറ്റിപ്പിടിച്ചു. ഇറങ്ങാന്‍ നേരം അമ്മ ചോദിച്ചു, "വേണ്ടേ?"

"ഉം, വേണം". വേഗം കൈ നീട്ടി. 

നീട്ടിയ കൈയ്യില്‍ പഞ്ചസാര ഇട്ടു തന്നു. ഇനി അതും നക്കി കൊണ്ടാണ്, ഈ യാത്ര. നല്ല രസമുണ്ട്. നിറയെ കല്ലുകളുള്ള ഒറ്റയടിപ്പാതയാണ്. എന്നാലും അച്ഛനല്ലേ ഓടിക്കുന്നത്. പേടിയെ തോന്നിയില്ല.

ആരോ അടുത്ത് വന്ന്, ശരീരത്തില്‍ ശക്തിയായി അടിക്കുന്നു. 
കൂടെയുള്ളവര്‍ പറയുന്ന കേട്ടു.
"നന്നായി അടിക്കൂ—അപ്പോള്‍ കണ്ണ് തുറന്നു നോക്കും".

വേദനിക്കുന്നു. 

"അമ്മേ—അമ്മേ" എന്ന് ആരോ വിളിക്കുന്നു. മോനല്ലേ? 

"വേദനിക്കുന്നെടാ" എന്ന് പറയണമെന്നുണ്ട്. കഴിയുന്നില്ല. അടിച്ചു മതിയാക്കി അവന്‍ പോയി എന്ന് തോന്നുന്നു.

 വീണ്ടും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, പിന്നെയും ആരോ വന്നു. 
തന്‍റെ ഇട്ടിരിക്കുന്ന കുപ്പായം അഴിക്കാന്‍ ശ്രമിക്കുന്നല്ലോ. പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചു. ഇല്ല, പറ്റില്ല. കൈകള്‍ രണ്ടും കട്ടിലോട് ചേര്‍ത്താണെന്ന് തോന്നുന്നു, കെട്ടിയിട്ടിരിക്കുന്നു.

കാലും അനക്കാന്‍ പറ്റുന്നില്ലല്ലോ. അതും കെട്ടിയിട്ടിരിക്കുന്നല്ലോ. എന്നാലും ശക്തിയായി കുതറി നോക്കി.

”അനങ്ങാതെ കിടക്കൂ—തള്ളെ.
വയസ്സ് എഴുപതു കഴിഞ്ഞു. അവരുടെ ഒരു നാണം!”
അപ്പോള്‍ ഇത്ര നേരവും കണ്ടത് സ്വപ്നമാണോ? തനിക്ക് എഴുപത് വയസ്സ് എന്നാണ് ആയത്?

അവര്‍ ഇളം ചൂടുള്ള വെള്ളത്തില്‍ തുണി മുക്കി, ദേഹം തുടയ്ക്കുകയാണോ? അങ്ങനെ തോന്നി. പിന്നെയും സൂചി കുത്തികേറ്റുന്നല്ലോ! വയ്യാ-- വല്ലാത്ത വേദന.

ഇപ്പോള്‍ നല്ല സുഖം. ഉറക്കം വരുന്നു.. 
അച്ഛനും അമ്മയും രണ്ടു വശവും നില്‍ക്കുന്നുണ്ടല്ലോ. 
അദ്ദേഹം എവിടെ?
അതാ ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നു!  

ഇനി ഞാന്‍ ഉറങ്ങട്ടെ. ബാക്കി, നേരില്‍ കാണുമ്പോള്‍ അവിടുന്നു പറയാം.

                     *  *  *

7/6/13

സദാ - ചാരന്മാര്‍

                     കഥ
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                                





ഇന്ന് എ ടി എമ്മില്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ വെളുത്ത്, ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും, കാണാന്‍ ഭംഗിയുള്ള ഒരു പെണ്ണ്. മുന്നിലും പിന്നിലും കഴുത്തിറക്കി വെട്ടിയ ഒരു ടോപ്പ്. ആ സ്ലീവ് ലെസ്സ് ടോപ്പിന്‍റെ കൈയ്യുടെ ഭാഗം പിന്നെയും കട്ട്‌ ചെയ്തു മാറ്റി, നല്ല കാറ്റും വെളിച്ചവും കടക്കതക്ക രീതിയില്‍ ആക്കിയിട്ടുണ്ട്. മുകളില്‍ നിന്നോ, സൈഡില്‍ നിന്നോ, വേണംന്ന് വിചാരിച്ചു നോക്കിയാല്‍ മുക്കാല്‍ ഭാഗവും കാണാം. കൂടെ അണിഞ്ഞിരിക്കുന്നത്‌ മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഒരു ചെറിയ ട്രൌസര്‍. കണ്ടിട്ട് ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്‌.
അവള്‍ ഇട്ടിരിക്കുന്ന വേഷം, അത്യാവശ്യ കാര്യങ്ങള്‍ മറച്ചിട്ടുണ്ട്‌, ചൂട് അനുഭവപ്പെടാന്‍ സാധ്യതയെ ഇല്ല, ഇഷ്ടം പോലെ പോക്കറ്റ്‌ ഉള്ളതുകൊണ്ട്, അവള്‍ക്കു തന്‍റെ എ ടി എം കാര്‍ഡ്‌ കയ്യില്‍ പിടിക്കേണ്ട, ഒക്കെ ശരി.
അവളുടെ മുന്നിലും എന്‍റെ പിറകിലും ആയി കുറെ ആണുങ്ങള്‍ നില്‍ക്കുന്നുണ്ട്. അവര്‍ ആരെങ്കിലും അവളെ നോക്കുന്നുണ്ടോ എന്നതായിരുന്നു എന്‍റെ പ്രശ്നം. ഇല്ല. ഓരോരുത്തരും അവരവരുടെ ഊഴം എത്താന്‍ കാത്തു നില്‍ക്കുന്നു, എന്നല്ലാതെ, അവളെ അവളുടെ വഴിക്ക് വിട്ടിരിക്കുന്നു.

ഞാന്‍ പൊടുന്നനെ എന്‍റെ വര്‍ഗ്ഗത്തിന്‍റെ കാര്യം ഓര്‍ത്തുപോയി. അടിപ്പാവാട എത്ര മുറുക്കി ഉടുക്കുന്നുവോ, അതിലാണ് സാരിയുടെ നില നില്‍പ്പ് എന്നറിഞ്ഞ ഞങ്ങള്‍ അത് മുറുക്കി, മുറുക്കി , കറുത്ത വര വീണു. 
അവിടെ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കേട്ട് പേടിച്ചു നില്‍ക്കുമ്പോഴാണ് വടക്കെ ഇന്ത്യയില്‍ നിന്നും ചൂരിദാര്‍ ഞങ്ങളെ തേടി വന്നത്. 
നാട്ടുകാരും വീട്ടുകാരും എതിര്‍ത്തിട്ടും ഞങ്ങള്‍ പതുക്കെ അതിലോട്ടു കയറി. എന്നാലും അവിടെയും ഈ നാട പ്രശ്നം, -മുറുക്കല്‍ അത്രവേണ്ടെങ്കിലും- ബാക്കിയായി.
കൂടെ കേരളത്തിലെങ്കിലും അണിഞ്ഞേ മതിയാകൂ എന്ന ഷാള്‍, ബൈക്കിന്‍റെ ചക്രത്തിനിടയില്‍ കുരുങ്ങി,ഞങ്ങളില്‍ ചിലര്‍ ഇഹ ലോക വാസം വെടിഞ്ഞു. ബസ്‌ ചാര്‍ജ്ജിനുള്ള പണം കയ്യില്‍ തന്നെ പിടിക്കുക എന്ന അവസ്ഥയ്ക്കും ഒരു മാറ്റവും വന്നില്ല. 

എങ്കില്‍ അത്യാവശ്യം പോക്കറ്റ്‌ ഉള്ള, ഷാള്‍ വേണ്ടാത്ത, ജീന്‍സും ടോപ്പും ഇട്ടാലോ, എന്ന് ചിന്തിക്കുമ്പോഴേയ്ക്കും ഇരു കവിളിലും അടി കിട്ടി. കൂടെ, വീട്ടുകാരെ അടക്കം ചീത്തയും കേട്ടു. 

ഇനി, എന്നാല്‍, പോക്കറ്റ്‌ വേണ്ട. കോട്ടന്‍ ആയ ലഗ്ഗിങ്ങ്സ് ആയാലോ!
അതിനു നാടയും വള്ളിയും ഒന്നും വേണ്ട. ചൂരിദാറിന്‍റെ ബോട്ടം മാറ്റി, അതാക്കാം, എന്ന് കരുതേണ്ട താമസം , കണ്ടു, അതിടുന്നവരുടെ അച്ഛനേം, അപ്പൂപ്പനേം, ഭര്‍ത്താവിനേം ഒക്കെ ചീത്ത പറയാന്‍ തുടങ്ങിയ, ഓണ്‍ലൈന്‍ സുഹൃത്തുക്കളും നാട്ടുകാരും!

അങ്ങനെ ആകെ അനുവദിച്ചു കിട്ടിയ ചൂരിദാറില്‍ മുഴുവനായും ഇറങ്ങി നിന്ന്, ഷാളില്‍ ഒരു പുതപ്പിനെ പുന പ്രതിഷ്ടിച്ചു, വിയര്‍ത്തു കുളിച്ചു അങ്ങനെ നില്‍ക്കുമ്പോഴാ, ഇവിടൊരാള്‍--- ദൈവമേ— ലഗ്ഗിങ്ങ്സ് കണ്ടാല്‍ പോലും കണ്ട്രോള്‍ പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും  ഇവളെ കണ്ടാല്‍!

പണം എടുത്ത ശേഷം പുറത്തേയ്ക്ക് പോകുന്ന അവളെ ആശ്വാസത്തോടെയും അല്പം അസൂയയോടെയും ഒന്ന് കൂടി ഉഴിഞ്ഞ ശേഷം ഉള്ളിലേയ്ക്ക് കയറാന്‍ ഒരുങ്ങിയതും,

“ഠപ്പേ” ---- ഒരടിയുടെ സൌണ്ട്!

തിരിഞ്ഞു നോക്കിയതും കണ്ടു , ഒരാള്‍ അവിടെ വീണു കിടക്കുന്നു. 
വീണു കിടക്കുന്ന ആള്‍ക്ക്, വീണ്ടും ഒരിടിയും, പിന്നൊരു തൊഴിയും കൊടുത്ത ശേഷം തന്‍റെ ബൈക്കും എടുത്ത്, അവള്‍ അവളുടെ വഴിക്ക് വിട്ടു.

മെല്ലെ അടുത്തു പോയി നോക്കി. പരിചയമുള്ള മുഖം! അതേ- അത് അയാളായിരുന്നു— ആര് , എന്ത് ഡ്രസ്സ്‌ ഇട്ടു എന്ന് നോക്കാനും തോണ്ടാനും അറിയുന്ന ഒരു മലയാളി. താന്‍ പഠിച്ചില്ലെങ്കിലും , മറ്റുള്ളവരെ  സദാചാരം പഠിപ്പിക്കുന്ന , നാട്ടുകാരുടെ, സുഹൃത്തുക്കളുടെ  സദാചാരത്തില്‍ സദാ- ചാരനായി പ്രവര്‍ത്തിക്കുന്ന, ഒരു സാദാ മലയാളി. പാവം ഒന്ന് ചെറുതായി തോണ്ടിയതിനാത്രേ  അവള്‍ ഇത്രേം വലിയ അടി കൊടുത്തത്! അഹങ്കാരി!

തിരക്കിനിടയില്‍ മാറിപ്പോയ ഷാള്‍ നേരെയാക്കി ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളോടുള്ള അസൂയ കൂടി, കൂടി വന്നു..  

               *  *  * 

6/22/13

നീ പറയുമ്പോലെ ഒഴുകിയ പുഴ



                                                                         

 കഥ 
അനിത പ്രേംകുമാര്‍

നീ പറയുമ്പോലെ ഒഴുകിയ പുഴ
----------------------------------------------------


കാട്ടിനുള്ളിലെവിടെയോ ഉറവയെടുത്ത അന്ന് മുതല്‍ നിന്നെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു.
ഇടയ്ക്ക് വലിയ വലിയ പാറക്കൂട്ടങ്ങളും വന്മരങ്ങളും മറ്റു തടസ്സങ്ങളും ഉണ്ടായിട്ടും വഴിമാറി ഒഴുകാതെ ലക്ഷ്യ ബോധത്തോടെ ഒഴുകി നിന്നിലേയ്ക്ക് എത്തിച്ചേര്‍ന്നു.
എനിക്ക് മുമ്പ് ആരെങ്കിലും ഒഴുകിയെത്തി നിന്നില്‍ ലയിച്ചുവോ എന്ന് ചോദിച്ചപ്പോള്‍ നീ ഒന്നും മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു.ഗംഗയെ മുടിക്കെട്ടിലൊളിപ്പിച്ച ശിവനെപ്പോലെ ചിരിച്ചത് ആണിന്റെ അഹങ്കാരമായിരുന്നു എന്ന് പിന്നീട് അറിഞ്ഞു.‍ നീയും എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നുവെന്നും.

നീയാണെങ്കില്‍ എന്നോടങ്ങനെ ചോദിച്ചുപോലുമില്ല. എന്നെ ഞാനായി നീ അംഗീകരിച്ചു.
അഥവാ ചോദിച്ചാലും നിന്നോട് പറയാന്‍ പറ്റാത്തതായി എന്‍റെ ജീവിതത്തില്‍ എന്താണുള്ളത്?

പക്ഷെ കൂടിച്ചേര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍, തുടക്കത്തില്‍ എനിക്ക് എന്‍റെ സ്വന്തം ഉണ്മകളും സ്വാതന്ത്ര്യവും ഇല്ലാതാകുന്നത് എവിടെയോ ഒരു വേദന ബാക്കിയാക്കി. ഞാനറിയപ്പെടുന്നത് നിന്‍റെ പേരില്‍ മാത്രമായി.

കാട്ടു ചെടികള്‍ക്കിടയിലൂടെ കുയിലിന്‍റെയും മറ്റു കിളികളുടെയും കളകൂജനങ്ങള്‍ക്ക് നടുവിലൂടെ ഒഴുകിയിരുന്ന ഞാന്‍, നഗരത്തിന്‍റെ , പരിചയമില്ലാത്ത , ചുറ്റുപാടുകളിലൂടെ, ആരും പരിചയക്കാരില്ലാതെ !
സ്വയം തിരഞ്ഞെടുത്ത വഴിയായിട്ടും നിന്നോടു ഞാന്‍ തുടക്കത്തില്‍ വല്ലാതെ കലഹിക്കുകയും ചെയ്തു. മൌനംകൊണ്ട് അതൊക്കെ നീ സമര്‍ത്ഥമായി നേരിട്ടു.
കൂടി ചേര്‍ന്നിട്ടും ഏറെ ദൂരം ‍ സ്വന്തം തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് നാം ഒഴുകി. പിന്നീട് എപ്പോഴോ, നാം അറിയാതെ , നമ്മുടെ ഇഷ്ടങ്ങള്‍ ഒന്നായി. ചിന്തകള്‍ ഒന്നായി. തീരുമാനങ്ങള്‍ ഒന്നായി. രണ്ടും ചേര്‍ന്ന് വലിയൊരു പുഴയായെന്ന തിരിച്ചറിവ് വന്നു.
തുടക്കത്തില്‍ പരസ്പരം സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതിരുന്ന നമുക്ക് വിഷയങ്ങളുടെ ധാരാളിത്തത്തില്‍ സമയം തികയാതായി.

ഇന്ന് ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിന്നെ ഇത്രമേല്‍ കരുത്തനാക്കിയതില്‍ , ഏതു തടസ്സങ്ങളെയും തട്ടി ,തെറുപ്പിച്ച് ഒഴുകാന്‍ പ്രപ്തനാക്കിയതില്‍ ഒരു പ്രധാന പങ്ക് എനിക്കുമുണ്ടല്ലോ എന്ന സന്തോഷം .


പണ്ട് ഞാന്‍ കലഹിച്ച സ്വാതന്ത്ര്യം വേണ്ടുവോളമെടുത്തോളാന്‍ നീ പറയുമ്പോള്‍ ഞാനറിയുന്നു, എനിക്കിനി അതൊന്നും വേണ്ട. ഉയരങ്ങളില്‍ നിന്നുള്ള പതനങ്ങളെയും പാറക്കെട്ടുകളെയും തട്ടി തകര്‍ത്ത് ചേര്‍ന്നൊഴുകി. ഇനി എനിക്കെന്തിനു സ്വന്തമായൊരു നിലനില്‍പ്പ്‌?

കടലിലേയ്ക്ക് ഇനി എത്രദൂരം എന്നൊന്നും അറിയില്ല. ദൂരവും വഴികളും ഒക്കെ തീരുമാനിക്കാന്‍ , കൂടെ നീയുള്ളപ്പോള്‍ നിനക്ക് കരുത്തായി,കൂടെ ഒഴുകുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തരവാദിത്തവും എനിക്ക് വേണ്ട.

ഇനി എനിക്കതൊന്നും വയ്യ. എല്ലാം നിന്‍റെ ഇഷ്ടം പോലെ നീ തിരഞ്ഞെടുക്കുക.

സൂര്യന് കീഴെയുള്ള സകലമാന കാര്യങ്ങളും സംസാരിച്ചുകൊണ്ട്, ഭാവിയെ പറ്റി ഒരിക്കലും വ്യാകുലപ്പെടാതെ ഇങ്ങനെ ഒഴുകാന്‍ എന്ത് രസമാണ്! അങ്ങനെ ഒഴുകി, ഒഴുകി, ഇനി നമുക്ക് ഒരുമിച്ചു കടലിലേയ്ക്ക് . നീ പറയുമ്പോലെ ഒഴുകിയ പുഴയായിരുന്നില്ലേ ഞാന്‍? നിന്നിലലിഞ്ഞത് മുതല്‍?

                                                                      * * *

6/9/13

അവള്‍ മഞ്ഞു പോലെ---




     കവിത

     അനിത പ്രേംകുമാര്‍









ആദ്യമായ് കണ്ടനാള്‍
അവളൊരു മഞ്ഞു കണം.
തട്ടാന്‍, മുട്ടാന്‍, അടുത്തപ്പോള്‍
അരികൊന്നുകൊണ്ടതും 
മുറിഞ്ഞു, പൊടിഞ്ഞു ,
കയ്യില്‍, ചോരത്തുള്ളികള്‍--

തണുത്തു വിറയ്ക്കിലും
തിരിഞ്ഞു നോക്കാതെ
തനിച്ചിരുന്നവള്‍,
തൂവെള്ള ഉടയാടയാല്‍
തന്നുള്ളം മറച്ചവള്‍,
തരുണിയാം സുന്ദരി,
മോഹനാംഗി .

പ്രണയം തുടങ്ങവേ
ഉരുകാന്‍ തുടങ്ങിയോള്‍,
വെള്ളമായ് മാറിയോള്‍.
കോരിക്കുടിച്ചിടാന്‍,
ദാഹം അകറ്റിടാന്‍,
മുങ്ങി ക്കുളിച്ചിടാന്‍,
പകരുന്ന  പാത്രത്തിന്‍
രൂപത്തില്‍ മാറിയോള്‍!

കലഹം തുടങ്ങവേ
നീരാവിയായവള്‍
തൊട്ടാലോ വെന്തു  പോം
ചൂടായി മാറിയോള്‍
കലഹം അടങ്ങവേ
വിരഹം സഹിക്കാതെ
വീണ്ടും ജലമായി
മാറുവോള്‍ സുന്ദരി--

എങ്ങാനുമൊരുനാള്‍ 
അവന്‍പോയി, എങ്കിലോ
വൈധവ്യ മേറ്റവള്‍-
വീണ്ടുംതണുക്കുന്നു,
മാറുന്നു, മഞ്ഞായി,
ഹിമവല്‍ സാന്നിധ്യ
മാശ്രയിക്കുന്നവള്‍

               * * * *







5/22/13

രേണുന്‍റെ കിനാവുകൾ



   നോവല്‍- ഭാഗം 4
   അനിതപ്രേംകുമാര്                          

അവൾ ഉറങ്ങാത്തപ്പോൾ കണ്ടതൊക്കെ നടക്കാൻ
സാധ്യതയുള്ള പകല്‍ ക്കിനാവുകളായിരുന്നു .
എന്നാൽ ഉറക്കത്തിൽ കണ്ടിരുന്നവ ഒരിക്കലും നടക്കാത്തവയും.
എന്നിട്ടും അവൾ കിനാവുകൾ കാണാൻ ഒരുപാട് ഇഷ്ടപ്പെട്ടു.

സ്വപ്‌നങ്ങൾ ഇല്ലെങ്കിൽ അവളുടെ ജീവിതം ഇത്ര മനോഹരമാകില്ലായിരുന്നു
എന്ന് രേണുന് തോന്നാൻ തുടങ്ങി.

സങ്കടങ്ങൾ വരുമ്പോൾ  നാളെ  അത് മാറിയാൽഉള്ള സന്തോഷകരമായ അവസ്ഥ സ്വപ്നം കണ്ട് , പതുക്കെ, സങ്കടം ,സന്തോഷമാക്കി മാറ്റും.

 അവൾ  ഉറങ്ങുന്നു , ഉണരുന്നു,  അല്ലെങ്കിൽ  ജീവിച്ചിരിക്കുന്നു, എന്നതിന്‍റെ തെളിവായി, സ്വപ്‌നങ്ങൾ മാറാന്‍ തുടങ്ങി.
                                                       ---------

രണ്ടു നിലയുള്ള , കോണി  പടികളുള്ള വീടുകൾ രേണുവിന് വലിയ ഇഷ്ടമാണ്. അങ്ങനെയൊരു വീട്ടില് താമസിക്കുക എന്നതാണ് അവളുടെ  ഏറ്റവും വലിയ  പകൽ ക്കിനാവ്.
പായത്ത് അമ്മൂമ്മയുടെ വീട്, ഇരിട്ടിയിലെ  വല്ല്യമ്മയുടെ (അമ്മയുടെ ചേച്ചി)  വീട്, ഒക്കെ എന്ത് വലുതാണെന്നോ! 

വല്ല്യമ്മയുടെ വീട്ടില് രാത്രിയായാൽ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും.
രേണും  അനിയനും ഇടയ്ക്ക് അവിടെ പോയി നില്ക്കാറുണ്ട്.
അത് ടൌണിൽ ആണ്. സന്ധ്യ യാകുമ്പോൾ നിറയെ കാക്കകൾ കരയുന്നത് കേള്ക്കാം. വലിയ കൊതുകുകളും ഉണ്ട്. എന്നാലും  ലൈറ്റിന്‍റെ വെളിച്ചത്തിൽ വലിയ  മുറികളില്‍ ഓടിക്കളിക്കാം.

രേണുനേം അനിയനേം ഇടയ്ക്ക് അവിടുത്തെ ഏട്ടൻ വന്നു കൂട്ടികൊണ്ട് പോകും. അവിടെ വല്ല്യമ്മയെ കൂടാതെ, രണ്ടു ഏട്ടന്മാരും ഒരു അനിയനും ഉണ്ട്. എല്ലാവര്‍ക്കും രേണുനെ വല്ല്യ  ഇഷ്ടാ .
വല്ല്യമ്മയ്ക്ക് വേറെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ!
വല്ല്യച്ഛന്‍റെ അനിയന് സ്വന്തമായി ഒരു ടാക്കീസ് ഉണ്ട്. അവിടെ   സിനിമയ്ക്കും പോകാം.

 പായത്ത് അമ്മൂമ്മയുടെ വീടും വലിയ വീടാണ്. ഒരു പാടു ആളുകൾ‍ക്ക് ചുറ്റും ഇരിക്കാൻ "ഇരിത്തി" യുള്ള, വലിയ പൂമുഖം ഒക്കെ യുള്ള, രണ്ടു നില ഓടിട്ട വീട്.
പക്ഷെ സ്വിച്ച് ഇട്ടാൽ കത്തുന്ന ലൈറ്റ് ഇല്ല. രേണൂന്‍റെ  വീട്ടിലെ പോലെ തന്നെ, വൈകുന്നേരമാകുമ്പോൾ വിളക്കുകളിലോക്കെ മണ്ണെണ്ണ ഒഴിച്ച്, തിരി നീട്ടി വയ്ക്കണം .
ആ വലിയ വീട്ടില് വയസ്സായ അമ്മൂമ്മയും , ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ ഒരു അമ്മാമനും മാത്രമേ  ഉള്ളൂ. പണ്ട് വീട് നിറയെ ആളുകള്‍ ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

അമ്മായിയെ രേണു കണ്ടതായി ഓര്‍ക്കുന്നേയില്ല. പണ്ടേ പോയതാ. പക്ഷെ മുകളിലത്തെ മുറിയില്‍  അമ്മായിയുടെ ഒരു ഇരുമ്പ് പെട്ടിയുണ്ട്.
 അതിനകത്ത് രണ്ടു മുണ്ടും വേഷ്ടിയും  ഒരു പേപ്പറി ൽ കുറച്ചു പൌഡർ പൊതിഞ്ഞു വച്ചതും പിന്നെ ഒരു ഡബ്ബ യിൽ കുറച്ചു  കുങ്കുമവും   ഉണ്ട്. രേണു ആരും കാണാതെ മുകളില്‍ കയറി , അതിൽ നിന്നും പൌഡർ എടുത്തു ഇടും .
 അമ്മൂമ്മ പാത്രത്തിന്‍റെ  അടിയിലെ  കരി എണ്ണയും ചേർത്ത് പൊട്ടു തൊട്ടു തരും. അമ്മായി എന്തിനാണാവോ പിണങ്ങി പോയത്! അമ്മാമൻ ഒരു പാവം ആണ്! മൂന്നു പെങ്കുട്ടികളാത്രേ അവര്‍ക്ക്!

അമ്മാമൻ രേണൂന്‍റെ വീട്ടില് വരുമ്പോൾ എപ്പോഴും പാരീസ് മിട്ടായി കൊണ്ടുവരും. മൂന്നെണ്ണ  മുണ്ടാകും. ഒന്ന് രേണൂന് , പിന്നൊന്ന് അനിയന് , മൂന്നാമത്തെത് അമ്മാമന്. ബാലരമയും  പൂമ്പാറ്റയും മൊക്കെ വായിക്കാനും അമ്മാമന് ഇഷ്ടമാണ്. എന്നാലും സന്ധ്യയ്ക്ക് വിള ക്ക് വച്ചാൽ എന്നും ദേവി ഭാഗവതം,  മണിപ്രവാളം, പിന്നെ കര്‍ക്കിടക മാസത്തിൽ രാമായണം ഒക്കെ വായിക്കും.

അമ്മൂമ്മയുടെ വീട്ടില്‍ വരാന്‍ തോണി കടക്കണം. പിന്നെ ടാറിടാത്ത റോഡിലൂടെ വലിയൊരു കുന്നു കയറണം. തോണിക്കാരന്‍ ഗോപാലേട്ടന്‍റെ വീട് , കുര്യന്‍ചേട്ടന്‍റെ മില്ല്,ഒക്കെ  കഴിഞ്ഞ്, ഒരു വളവു തിരിഞ്ഞാല്‍ പിന്നെ കുറെ ദൂരം വയലിലൂടെ നടക്കണം.  വയലിന്‍റെ കരയിലാണ് വീട്. 


വയസ്സായി, കണ്ണ് കാണാത്തതുകൊണ്ട് അമ്മൂമ്മ കൈ കൊണ്ട്  തപ്പി നോക്കിയാണ് ഓരോരോ സാധങ്ങൾ എടുക്കുന്നത്.
ചോറും കൂട്ടാനും ഉണ്ടാക്കുന്നതും  അമ്മൂമ്മതന്നെ .എന്നാലും ആ ചോറും കൂട്ടാനും നല്ല രുചിയാ.

രേണുന്‍റെ വീട്ടിനെപറ്റി ഇതുവരെ പറഞ്ഞില്ലല്ലോ.
രേണുവും അനിയനും അച്ഛനും അമ്മയും അച്ഛമ്മയും  താമസിക്കുന്നത് ഓടിട്ട ചെറിയൊരു വീട്ടിലാണ്.ഒറ്റ നില . നടുവിൽ പടിഞ്ഞിറ്റ അകം, മുന്നില് ഇറയം, ഇടതുവശത്ത്  അടുക്കള, വലതുവശത്ത്  വേറൊരു മുറി. ഈ മൂന്നു മുറികളും ഇറയത്തെയ്ക്ക് തുറക്കുന്നു. തീര്‍ന്നു.

പക്ഷെ അവിടെ ചുറ്റുമായി വേറെയും കുറെ ജീവികളുണ്ട്. ഒന്ന് അശ്വതി.   അവൾ ഒരു പിടക്കോഴിയാ-
ഇന്നാള് അതിന്‍റെ കാലു മുറിഞ്ഞ്  നടക്കാൻ പറ്റാണ്ടായി .
രേണു അതിനെ പിടിച്ചു കാലിൽ മരുന്നൊക്കെ പുരട്ടിയാണ് അത് മാറ്റിയത്. അതുകൊണ്ട് അശ്വതി---ബ- ബ- ബ - ന്നു വിളിച്ചാൽ അവൾ ഓടി വരും.
പിന്നെ കുറെ ആടുകളുണ്ട്,
വീട്ടിനു പിറകിലെ മണൽ   തിട്ടയിൽ അച്ഛൻ ഉണ്ടാക്കിയ കൂട്ടിന്‍റെ ഉള്ളില്‍ പിന്നെയും തുരന്നു, അതിനുള്ളിൽ കുഞ്ഞു കുഞ്ഞു അറകളിലായി പ്രസവിച്ച മുയലുകളും , കുഞ്ഞുങ്ങളുമുണ്ട്.

പിന്നെ പറന്നു വരുന്ന പൂമ്പാറ്റകൾ  , കുരുവികൾ,  കാക്കക ൾ, "ചവെലാട്ചി" പക്ഷികൾ , മൈനകൾ. തുമ്പികൾ  ഒക്കെ ഉണ്ടാകും .
ഒറ്റ മൈനയെ കണ്ടാൽ  ദോഷമാണ്, രണ്ടെണ്ണത്തിനെ ഒരുമിച്ചു കാണണം .

രേണു ഇന്ന് അമ്മൂമ്മയുടെ വീട്ടിന്നു തിരിച്ചു വന്നതേയുള്ളൂ. ഇന്നലെ വൈകിട്ടാ പോയത്. രാവിലെ  ഒമ്പത് മണിക്കെത്താൻ അച്ഛൻ പറഞ്ഞിരുന്നു. എത്തിയപ്പോൾ പത്തു മണി കഴിഞ്ഞു.
അച്ഛൻ ദേഷ്യം വന്നു വിറക്കുന്നു.


"രേണൂ, നിന്നോടു എത്ര പ്രാവശ്യം പറഞ്ഞു, പറഞ്ഞ സമയത്തിനു വരണം എന്ന്? ഒമ്പത് മണി മുതൽ കാത്തിരിക്കുന്നു." പറഞ്ഞാല്‍ മനസ്സിലാവില്ലേ നിനക്ക്?

അച്ഛന്‍ എന്തിനാ ഇങ്ങനെ നോക്കിയിരിക്കുന്നത്എന്ന് വിചാരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.പകരം ,

അമ്മൂമ്മ അച്ഛന് തന്നു വിട്ട "ഓട്ടട"  കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു.

' അച്ഛാ ,ഇത് അച്ഛന് ഇഷ്ടമല്ലേ, വേഗം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു അമ്മൂമ്മ രാവിലെ തന്നെ ഓട്ടട ഉണ്ടാക്കാൻ തുടങ്ങി. അതാ വൈകിയേ-- "

ഓട്ടട കണ്ടപ്പോൾ അച്ഛന്‍ അൽപ മൊന്നു തണുത്തു.  അച്ഛൻ രേണുനേം അനിയനേം എവിടെ വേണമെങ്കിലും വിടും. പക്ഷെ പറഞ്ഞ സമയത്ത് തിരിച്ചെത്തണം !

"ശരി,  അച്ഛന്‍റെ കൂടെ വാ, കുറച്ചു പണിയുണ്ട്. അച്ഛൻ പറമ്പിൽ  ചേന നടുകയാണ്‌. ഓരോ കഷ്ണം ചേനയും വെണ്ണീരിൽ മുക്കി മുളപ്പിച്ചു വച്ചിട്ടുണ്ട്. അത്  എടുത്തു കൊടുക്കലാണ് പണി.
കഴിഞ്ഞപ്പോൾ പറഞ്ഞു. " ഇന്ന് വൈകുന്നേരം  കളിക്കാൻ ഒന്നും പോകണ്ട. നാളെ പരീക്ഷ തുടങ്ങുകയല്ലേ കുറച്ചു എന്തെങ്കിലും  എടുത്തു വായിക്കൂ-"

വൈകുന്നേരം കാക്ക കളിയും ഒളിച്ചുകളിയും ഒക്കെ പോയ സങ്കടത്തിൽ അവൾ ബുക്കും തുറന്നു വച്ച് ഇരുന്നു.

                                                  ---------

രേണു എപ്പോഴും കാണുന്ന ഒരു സ്വപ്നമുണ്ട്. വെള്ളത്തിൽ ‍ നീന്തുന്നപോലെ ,  ആകാശത്ത് പറന്നു നടക്കുക. ഇന്നലെ രാത്രിയും കണ്ടു, ആ സ്വപ്നം. എന്തൊരു രസായിരുന്നു എന്നോ?
സ്വപ്നത്തിൽ ‍ തന്നെ  രേണൂനു സംശയമായി. ഇത് സ്വപ്ന മാണോ, അതോ യാഥാര്‍ത്യമോ ?
അവൾ ‍ നുള്ളി നോക്കി, വേദനിക്കുന്നു. അതേ , ഇത്  ശരിക്കും സംഭവിച്ചിരിക്കുന്നു.
രേണു ‍ പറക്കുകയാണ്. വീടിന്നടുത്ത്‌ പുഴയുള്ള തുകൊണ്ട് വെള്ളത്തില്‍ നീന്താൻ ‍ അച്ഛൻ  പഠിപ്പിച്ചിരുന്നു.  അത് പോലെ ഇവിടെയും ചെയ്യാം.  അവള്‍ താണും, ഉയര്‍ന്നും , തിരിഞ്ഞും, മറിഞ്ഞും  ഒക്കെ പറന്നു നോക്കി.
എന്തൊരത്ഭുതം, എങ്ങനെ വേണമെങ്കിലും, എത്ര സമയം വേണമെങ്കിലും പറക്കാം. വെള്ളത്തില്‍ നീന്തുമ്പോൾ ‍, ശ്വാസം മുട്ടും. ഇവിടെ ആ പ്രശ്നവുമില്ല.
ഇനി ഉയരം അല്പം ഒന്ന് കൂട്ടാം. അവൾ ‍ പതുക്കെ വീടിനു മുകളിലേയ്ക്ക് പറന്നുയർ‍ന്നു.

"രേണൂ---------------"
അമ്മ ‍ ഉച്ചത്തില്‍ വിളിക്കുന്നു. ഒന്നും മനസ്സിലായില്ല.

"നിന്നോടാ പറഞ്ഞത് എഴുന്നേറ്റു വന്നു ചോറുണ്ണാൻ ‍. എട്ടു  മണിക്ക് തന്നെ  കിടന്നുറങ്ങിയോ?"

കണ്ണ് തുറന്നപ്പോൾ ‍ ചുറ്റും ഇരുട്ട്.  അപ്പോൾ ‍ പറന്നത്? എന്നത്തെയും പോലെ ഇതും സ്വപ്നമാണെന്നോ!
അവൾ ‍ക്കു വിശ്വസിക്കാൻ ‍ കഴിഞ്ഞില്ല. അവൾ ‍ നുള്ളി നോക്കിയതും , വേദനിച്ചതും ഒക്കെ, സ്വപ്നത്തിൽ ‍!

എപ്പോഴും കൂടെ കിടക്കുന്ന അച്ഛമ്മയും കിടന്നിട്ടില്ല. വായിച്ചു , വായിച്ചു ഉറങ്ങിപ്പോയതാണെന്നു അ പ്പോഴാണ് മനസ്സിലായത്‌.

അവൾ ‍ വേഗം എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ചോറ് ഉണ്ട് എന്നു വരുത്തി വീണ്ടും കിടക്കാൻ ‍ വന്നു.  പെട്ടെന്ന്  ഉറങ്ങിയാൽ ‍ ആ സ്വപ്നത്തിൻറെ  ബാക്കി കൂടി കാണാം.

ഇന്ന്  രാവിലെ എഴുന്നേറ്റപ്പോൾ ‍ ആണ് ഓർ‍ത്തത്, ഇല്ലല്ലോ, ബാക്കി ഒന്നും കണ്ടില്ല. സങ്കടം തോന്നി. രേണൂന് എന്നെങ്കിലും ശരിക്കും പറക്കാൻ ‍ പറ്റുമോ? വലുതാകുമ്പോൾ ‍ അതിനുള്ള വഴി കണ്ടുപിടിക്കണം.



ഇന്ന്  സ്കൂളിന്നു ടീച്ചർ ‍ ക്ലാസ്സെടുത്തത് ,  ഏതോ രണ്ടാളുകൾ ‍ ചന്ദ്രനിൽ ‍ പോയ കാര്യമാണ്.
അവർ ‍ അവിടെ ഇറങ്ങിയത്രെ. , ഫോട്ടോയും  എടുത്തു.
എന്നിട്ട് അവിടുന്നു കുറച്ചു കല്ലും മണ്ണും ഒക്കെ എടുത്ത് തിരിച്ചു വന്നു.
എന്തൊരത്ഭുതാ, അല്ലെ?
അമ്മ ഓണത്തിനും വിഷുവിനും ഉണ്ടാക്കുന്ന പപ്പടത്തിനെ ക്കാളും കുറച്ചു മാത്രം വലുതായ അമ്പിളി മാമൻ ‍!

ഉറക്കം വന്നില്ലെങ്കിൽ ‍,രാത്രി ഊണൊക്കെ കഴിഞ്ഞ് എല്ലാവരും ചേർ‍ന്ന് മുറ്റത്തിരിക്കും. എട്ടു- ഒമ്പത്  മണിയാകുമ്പോൾ ‍ മുല്ലപ്പൂ വിടരും. എന്തൊരു മണമാണ്ന്നറിയോ, പൂ വിരിഞ്ഞു വരുമ്പോൾ ‍!

അച്ഛനും അമ്മയും  എന്തെങ്കിലും ഒക്കെ  പറഞ്ഞു തരും.   അച്ഛന്‍റെ  സ്കൂളിലെ കുട്ടികൾ ‍ ഒപ്പിച്ച തമാശകൾ ‍, ടീച്ചർ‍മാരുടെ, മാഷന്മാരുടെ വിശേഷങ്ങൾ ‍, ഒക്കെ.
കൂടെ ചില  കഥകളും, കാര്യങ്ങളും .

അമ്പിളി മാമാനെപ്പറ്റി അച്ഛൻ ‍ പറഞ്ഞത്, ഇവിടുന്നു നോക്കിയാൽ ‍ കാണുന്ന പോലല്ല, ഈ ഭൂമി പോലെ തന്നെ  വലിയതാണ് എന്ന്.

എന്നാലും അവിടെ പോവുക ! വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ .  രാത്രി അതും ആലോചിച്ചു കൊണ്ടാണ് കിടന്നത് .

ഉറക്കത്തിൽ ‍  ചന്ദ്രനിൽ ‍ എത്തി. അനിയനോട് പറഞ്ഞു. എടാ, അവർ ‍ ഇങ്ങനെയാ ചന്ദ്രനില്‍ ഇറങ്ങിയത്‌ എന്ന് . പറഞ്ഞതും, കട്ടിലിന്‍റെ ഒരു വശത്തുനിന്നും താഴേയ്ക്ക് വീണതും ഒരുമിച്ച് .

ശബ്ദം കേട്ട് എല്ലാവരും ഓടി വന്നു. ചുണ്ട് പൊട്ടി ചോര ഒലിക്കുന്നു.
"രേണൂ-- എന്ത് പറ്റി? " നീ എന്തിനാ അറ്റത്ത് വന്നു കിടന്നത്? ചുമരോട് ചേർ‍ന്ന് കിടക്കായിരുന്നില്ലേ? ഇന്ന് ഒരു ദിവസം അച്ഛമ്മ ഇവിടെ ഇല്ലാതപ്പോഴെയ്ക്കും താഴെ വീണോ?"

അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. രേണൂനു , കുറച്ചു സമയത്തേയ്ക്ക് ഒന്നും മിണ്ടാൻ ‍ കഴിഞ്ഞില്ല.
അല്പം കഴിഞ്ഞപ്പോഴാണ് സംഭവിച്ചത് എന്താണെന്ന് മനസ്സിലായത്‌.
ചുണ്ടിലെ ചോര തുടച്ചു കൊണ്ട് , പതുക്കെ പറഞ്ഞു.

"അച്ഛാ, ഞാൻ ചന്ദ്രനിൽ  ഇറങ്ങിയതാ ."


ഹ ഹ ഹ --- എല്ലാവരും ചിരിക്കാൻ തുടങ്ങി . രേണൂനു സങ്കടമായി .അയ്യേ, പറയണ്ടായിരുന്നു.
അനിയൻ പോലും അവളെ കളിയാക്കുന്നു .
അവൾക്കു അനിയനോട് ദേഷ്യം വന്നു. ആരും കാണാതെ  അവനെ പിടിച്ചു ഒരു നുള്ള് കൊടുത്തു.

"അച്ഛാ-- ചേച്ചി നുള്ളീ--"അവൻ കരയാൻ തുടങ്ങി.

അച്ഛൻ പറഞ്ഞു. രണ്ടു പേരും അച്ഛന്‍റെ  കൂടെ വാ, നമുക്ക് കുറച്ചു സമയം മുറ്റത്ത്‌  ഇരിക്കാം . അച്ഛൻ ഇന്ന് മക്കൾക്ക്‌ ആകാശത്ത് എപ്പോഴും തിളങ്ങി നില്ക്കുന്ന ധ്രുവ നക്ഷത്രത്തിന്റെ കഥ പറഞ്ഞു തരാം .

അമ്മ  ഉപ്പു വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് വന്നു ചുണ്ടിലെ ചോര ഒപ്പിയെടുത്ത്‌, മരുന്ന് വച്ച് തന്നു.
അച്ചന്‍റെ  കൂടെ മുറ്റത്തെയ്ക്ക് നടക്കുമ്പോൾ , ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു, ഇനി ചന്ദ്രനിൽ പോകുമ്പോൾ അച്ഛനെയും കൂട്ടാൻ മറക്കല്ലേ.

"അനിയനു സങ്കടമായി. ചേച്ചി, എന്നേം കൂട്ടുമോ? "

രേണു  അനിയനു ഒരു ഉമ്മ കൊടുത്തിട്ടു മുറ്റ ത്ത് വിരിഞ്ഞു തുടങ്ങിയ കുറച്ചു മുല്ല പൂക്കളും പറിച്ചെടുത്ത്, ധ്രുവ നക്ഷത്രത്തിന്‍റെ കഥ കേള്ക്കാൻ തയാറായി  ഇരുന്നു. കൂടെ അമ്മയും അനിയനും.

                                                              *   *   *




മറ്റു ഭാഗങ്ങള്‍ - ലേബല്‍- രേണുന്റെ കഥ-

(കണ്ണൂര്‍ ഭാഷ മനസ്സിലാവുന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടതുകൊണ്ടും, രേണു കുറച്ചു വലിയ കുട്ടിയായതുകൊണ്ടും ഇപ്രാവശ്യം കണ്ണൂര്‍ ഭാഷ ഉപയോഗിച്ചിട്ടില്ല.)







5/11/13

ത്രിശങ്കു സ്വര്‍ഗ്ഗം





                          കഥ
                          അനിത പ്രേംകുമാര്‍










വിവാഹം കഴിഞ്ഞു ഭര്‍തൃ വീട്ടിലെത്തിയ  മകന്‍റെ   ഭാര്യ യോട്
ഞാന്‍ യുദ്ധത്തിനു തയ്യാറെടുത്തു.
തലേ ദിവസം തന്നെ  തീരുമാനിച്ചിരുന്നു, അവളുടെ മേല്‍ ഉള്ള കണ്‍ട്രോള്‍ ആദ്യ ദിവസം തൊട്ടു തുടങ്ങണം. അമ്മായി അമ്മയായ എന്നെ അവള്‍ക്കു നല്ല പേടി വേണം. അവന്‍ ഏതായാലും ഞാന്‍ പറഞ്ഞതിനപ്പുറം പോകില്ല.

ഞങ്ങള്‍,  അവള്‍  ചെയ്യാത്ത, ചിന്തിക്കാത്ത കാര്യങ്ങള്‍ക്ക് പോലും അവളോടു തട്ടിക്കയറി .

പക്ഷെ അവള്‍ മറുപടി പറയാന്‍ വായിലെത്തിയ വാക്കുകളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു മിണ്ടാതിരുന്നു. ആ വാക്കുകള്‍ എന്തന്നറിയാതെ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി.

 വിഴുങ്ങിയ വാക്കുകള്‍ നട്ടെല്ലില്‍ കുരുങ്ങി, അവള്‍ ഗര്‍ഭിണിയായപ്പോള്‍ വയറ്റിലുണ്ടായ കുഞ്ഞിനും നട്ടെല്ല് കാണുന്നില്ലെന്ന് പറഞ്ഞു ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യിച്ചു .

പ്രശ്നങ്ങളും, മിണ്ടാതിരിക്കലും തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക്  സംശയമായി. ഞങ്ങള്‍ അത്  ചോദ്യം ചെയ്തു.

സത്യം പറ, ഇത്രയും ചീത്ത കേട്ടിട്ടും നീ ഇങ്ങനെ മിണ്ടാതിരിക്കുന്നതിന്‍റെ രഹസ്യം എന്താണ്?

അവള്‍ മടിച്ച് മടിച്ചു , അമ്മ പറഞ്ഞു തന്ന കാര്യം അവതരിപ്പിച്ചു.

"മോളേ ഇനി അവരാണ് നിന്‍റെ വീട്ടുകാര്‍. സ്വന്തമായിക്കണ്ട് സ്നേഹിക്കുക.
ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും , കുടുംബ വഴക്കില്‍ തോറ്റു കൊടുക്കുന്നവരാണ്‌ യഥാര്‍ത്ഥത്തില്‍ ജയിക്കുന്നത് . അത് എപ്പോഴും ഓര്‍മ്മ വേണം".

അത് കേട്ടതും എനിക്ക് കലി കയറി.

"ആഹാ, അപ്പോള്‍,  നിന്‍റെ അമ്മ മോശമില്ല. നിനക്ക് ജയിക്കാനുള്ള സൂത്രവും ഓതി തന്നു പറഞ്ഞയച്ചിരിക്കുന്നു! അതായത് ഞങ്ങളെ തോല്‍പ്പിക്കാന്‍. ഞങ്ങള്‍ക്ക് ആദ്യമേ തോന്നിയിരുന്നു, നിന്‍റെ അച്ഛനും അമ്മയും ശരിയില്ലെന്ന്! ".

ഞാന്‍ നെഞ്ഞത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി." എന്‍റെ മോനെ എനിക്ക് നഷ്ടപ്പെട്ടെ--------------- ഇനി എനിക്കാരാണ്?  ------------- "

അവള്‍ എന്ത് പറയണമെന്നറിയാതെ മിഴിച്ചിരുന്നു. അടുത്തു മിണ്ടാതെ നില്‍ക്കുന്ന എന്‍റെ മകനെ ദയനീയമായി നോക്കി.( കള്ളി. ഒക്കെ തട്ടിപ്പാ.അവന്‍ എന്നെ വഴക്ക് പറയാന്‍ വേണ്ടി!)

എന്നാല്‍ അവനെ പ്രസവിച്ചതും വളര്‍ത്തിയതും ഞാനായതുകൊണ്ട്, ആ കണക്ക് ഞാന്‍ ഇടയ്ക്കിടെ പറയുന്നതുകൊണ്ട് , അവന് എന്നോടായിരുന്നു, സ്നേഹം.

അതുകൊണ്ട് അവന്‍ പറഞ്ഞു, "എനിക്ക് അമ്മയോടും വീട്ടുകാരോടുമുള്ളത് രക്ത ബന്ധമാണ്. നിന്നോടുള്ളത് ഡിവോര്സ് ചെയ്‌താല്‍ തീരുന്നതും. നീ എന്താന്നു വച്ചാല്‍ ചെയ്യൂ--".

യുദ്ധ ഭൂമിയില്‍ വഴി തെറ്റിയെത്തിയതില്‍ ക്ഷമ ചോദിച്ച് അവള്‍ തിരിച്ചു പോയി. പിന്നീട് ആരോ പറഞ്ഞറിഞ്ഞു, അവിടെ എത്തിയപ്പോള്‍ സ്വന്തം വീട്ടിലെ റേഷന്‍ കാര്‍ഡിലും വിവാഹം കഴിഞ്ഞതുകൊണ്ട്‌ അവളുടെ പേര് വെട്ടിയിരുന്നു എന്ന്.

അവള്‍ക്ക് അങ്ങനെ വേണം, അഹങ്കാരി.

                           *          *            *     















4/28/13

ചൊട്ടയിലെ ശീലം --- ഒരു അര്‍ദ്ധ വാര്‍ഷിക പോസ്റ്റ്‌

ദുശ്ശീലങ്ങളില്‍ നിന്നും മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നിട്ടും എന്തെ കഴിയുന്നില്ല? മാറുന്നതിനേക്കാള്‍ എളുപ്പം, അത് തുടരുന്നതാണ് എന്നത് തന്നെ കാരണം. എന്‍റെ ഫ്ലാറ്റിന്‍റെ മുന്‍ വശത്ത് പാര്‍ക്കിലെ ആലിന്‍ കൊമ്പില്‍ ഇരുന്നു കൂകുന്ന കുയിലിന്‍റെ കാര്യം തന്നെ ഒന്ന് നോക്കൂ--                                                                                                               
         
                                                                                                                            
                          മിനിക്കഥ 

                   അനിതപ്രേംകുമാര്‍
                                      














ചൊട്ടയിലെ ശീലം
-------------------------------------
കാക്ക കൂടു വയ്ക്കുന്നത് കണ്ടപ്പോള്‍ കുയിലിനു തോന്നി,
എത്ര നാളായി ഞാന്‍ പഴി കേള്‍ക്കുന്നു!
കാക്കക്കൂട്ടില്‍ മുട്ടയിടുന്നവ‍ള്‍ !

ഇല്ല, ഇനിയില്ല .അവള്‍ തീരുമാനിച്ചു.
ഇപ്പ്രാവശ്യം കാക്ക കൂടുണ്ടാക്കുന്നത് കണ്ടു പഠിക്കണം .

അവള്‍ ഇര തേടാന്‍ പോലും പോകാതെ ദിവസങ്ങളോളം അവിടെയിരുന്നു കൂടുണ്ടാക്കുന്നത് കണ്ടു പഠിച്ചു.

ഓ- ഇത്രേ യുള്ളൂ,  ഇതാണോ വലിയ കാര്യം! 
ഇതേതു കുരുവിക്കും ചെയ്യാം.

നാളെ തന്നെ കൂടുപണി തുടങ്ങണം എന്ന് അവള്‍ തീരുമാനിച്ചു. 

പക്ഷെ ഓരോ ദിവസവും തീരുമാനം നാളേയ്ക്കു നീണ്ടു. 

അങ്ങനെയിരിക്കെ ഒരു ദിവസം,
പെട്ടെന്ന് ഒരസ്വസ്ഥത. കുയിലിനു മുട്ടയിടാന്‍ മുട്ടി.

കാക്ക പുറത്തിറങ്ങിയ തക്കം നോക്കി അവള്‍ കാക്കക്കൂട്ടില്‍ കയറി,
മുട്ടയിട്ടു, സമാധാനത്തോടെ തിരിച്ചു പോയി.

       * * * * * * *






അര്‍ദ്ധ വാര്‍ഷികം :

2012 ഒക്ടോബര്‍ 29 ആം തീയ്യതി യാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്.
ഏപ്രില്‍ 29 നു 6 മാസം പൂര്‍ത്തിയാകുന്നു. പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന എല്ലാവര്‍ക്കുംനന്ദി അറിയിക്കുന്നു.എന്‍റെ കുറെ പോസ്റ്കള്‍ ഷെയര്‍ ചെയ്യപ്പെട്ടതുകൊണ്ട് കൂടിയാകാം, പേജ് വ്യൂസ് 6700 നു മുകളില്‍ ആയിട്ടുണ്ട്‌. വളരെ സന്തോഷമുള്ള കാര്യം.ഇത് തുടങ്ങുന്നതിനു മുമ്പ് ബ്ലോഗ്‌ എന്ന് കേട്ടിട്ടുള്ളതല്ലാതെ എന്താണെന്ന് പോലും അറിയില്ലായിരുന്നു. 

നിമിത്തം: 

ഒക്ടോബറില്‍ ഈ ബ്ലോഗ്‌ തുടങ്ങുന്നതിനു രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മുമ്പ് പ്രമോദിന്‍റെ "തിരുവാതിര" എന്ന ബ്ലോഗ്‌ലിങ്ക് ഫേസ് ബുകില്‍ കണ്ടു. ആദ്യമായി ഒരു ബ്ലോഗ്‌ വായിച്ചു. അതിനു കമന്റ് ഇടാന്‍ നോക്കിയപ്പോള്‍ ഒരു ഗൂഗിള്‍ അക്കൗണ്ട്‌ വേണം. അത് ശരിയാക്കിയപ്പോള്‍ അതാ കിടക്കുന്നു, ഫ്രീ ബ്ലോഗ്‌ തുടങ്ങാനുള്ള വഴികള്‍! അങ്ങനെ തുടങ്ങി. അച്ഛന്‍റെ ഒന്നാം ചരമ വാര്‍ഷികം ഒക്ടോബര്‍ 9 നു ആയിരുന്നു.  അങ്ങനെ "എന്‍റെ അച്ഛന്" എന്ന ആദ്യത്തെ പോസ്റ്റ്‌എഴുതി. ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ പരിചയപ്പെട്ട "ലിബി" യാണ് ബ്ലോഗിന്‍റെ ടെമ്പ്ലേറ്റ് ഒരു വിധം ശരിയാക്കി തന്നത്. ലിബിയ്ക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്.

പിന്നീടുള്ള കഴിഞ്ഞ ആറു മാസം എന്‍റെ ഒഴിവു സമയങ്ങള്‍ ബ്ലോഗും ബ്ലോഗിന് വേണ്ടി ഫേസ് ബുക്കും കവരുകയായിരുന്നു.
ഒരുപാടു നല്ലനല്ല സൌഹൃദങ്ങള്‍ ഇതിലൂടെ ലഭിച്ചു. എല്ലാവരുടെയും പ്രോത്സാഹനത്തിന് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  -അനിത -