3/16/15

നുറുങ്ങു കവിതകള്‍






1.ശരിയും തെറ്റും
----------------------------

ശരികൾ ഒന്നാകാൻ 
തെറ്റുകൾ പൊറുക്കണം
തെറ്റുകള്‍ ഇല്ലാതാവാൻ 
ശരികളെ വരിക്കണം

      ***

2.ചിമ്മിനി വിളക്ക്
------------------------------

പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് 
ഉറക്കൊഴിഞ്ഞു പഠിച്ചിട്ട്
രാവിലെ മൂക്ക് ചൊറിഞ്ഞപ്പോള്‍
കൈ വിരലെന്തേ കറുത്തുപോയ്‌?

           ***

3..പ്രൈവറ്റ് ചിട്ടി ഫണ്ട്
-------------------------------------

വണ്ടിച്ചെക്ക് കയ്യില്‍ വന്നാല്‍ 
തെണ്ടി ആയി മാറുമെന്ന്
കണ്ടറിയാത്തവര്‍
കൊണ്ടറിയുന്നിടം 

       ***

4.ജെനറേഷൻ ഗേപ്
-------------------------

ജനറേഷന്‍ ഗേപ്പൊരു വലിയ ഗേപ്
മുകളിലുള്ളോര്‍ക്കിറങ്ങാനും 
താഴെയുള്ളോര്‍ക്ക് കയറാനും 
കഴിയാത്ത ആഴത്തിലുള്ള  ഗേപ്.

            ***

 5.ഞാന്‍ 
--------------

ഒന്നുകില്‍ തെളിഞ്ഞ നിറപുഞ്ചിരി 
അല്ലെങ്കില്‍ മുടിഞ്ഞ മുന്‍കോപം

ഇതിനിടയില്‍ എപ്പോഴും കരച്ചിലാ
അത് നിങ്ങള്‍ കാണുന്നത് കുറച്ചിലാ--

അത് സ്വന്തം പാതിപോല്‍ അറിയരുത്
അതുകൊണ്ട് മാത്രം ഞാനിങ്ങനെ

എങ്ങനെ, എങ്ങനെ, എങ്ങനെ????
ഒന്നൂടി വായിച്ചാല്‍ അങ്ങനെ--


     ***


6.ജീവിതം 
----------------

ഉഴുതു മറിച്ച് പാകമാക്കണം വയല്‍
ഞാറു പറിച്ചു നടുന്നതിന്‍ മുന്നേ
വേര് പിടിക്കാതെ മുരടിച്ചുപോയാല്‍ 
കുറ്റം ഞാറിനും വയലിനുമുണ്ടാം.

വെള്ളവും വളവും ഇട്ടുകൊടുക്കാതെ
കളകള്‍ പറിച്ചു നീക്കുവാന്‍ നില്‍ക്കാതെ
നൂറുമേനി കൊയ്യണമെന്നവന്‍
വെറുതേ മോഹിച്ചിട്ടെന്തു കാര്യം?

വയലല്ലോ വീട്ടുകാര്‍, കര്‍ഷകന്‍ ഭര്‍ത്താവ്
ഞാറോ പുതുപ്പെണ്ണ്‍, വിളയല്ലോ ജീവിതം
വേരുപിടിക്കവേ തഴച്ചു വളര്‍ന്നവള്‍
നൂറുമേനിയായ് നല്‍കുന്നു ജീവിതം!


                 ***
                 

7.ഐ ലവ് യു
----------------------

ഐ ലവ് യു കേള്‍ക്കാന്‍ കൊതിച്ചു പെണ്ണ് 
ഉടുത്തു മൊരുങ്ങീം നടന്നു പെണ്ണ് 
ആരും പറഞ്ഞില്ല പ്രണയമെന്ന്
ആണായ ആണൊന്നും കണ്ടേയില്ല.

എഫ്.ബി യില്‍ അക്കൗണ്ട്‌ ഓപ്പണാക്കി 
നെറ്റീന്നു നല്ലൊരു പടവുമിട്ടു
പ്രായം പറഞ്ഞില്ല, നാട് പറഞ്ഞില്ല,
ജാതി പറഞ്ഞില്ല, പേര് പറഞ്ഞില്ല
ഇഷ്ടം പറഞ്ഞില്ല, ഒന്നും പറഞ്ഞില്ല

കാണുന്ന പോസ്റെല്ലാം ലൈക്കിയവള്‍
കമന്റുകള്‍ വേണ്ടപോല്‍ നല്‍കിയവള്‍
പ്രണയത്തെ വര്‍ണ്ണിച്ചു പോസ്റെഴുതി
കാമുക കൂട്ടങ്ങളിന്ബോക്സിലായ്

            ***


9. തട്ടിപ്പ് 
--------------

പുസ്തകം പറഞ്ഞു നാല്പത്തിരണ്ട്
അവള്‍ക്ക് തോന്നി ഇരുപത്തിരണ്ട്
അവനോ അവളൊരു പതിനേഴുകാരി
കണ്ണാടി  പറഞ്ഞു തട്ടിപ്പ് !

        ***

10.  തിരക്കുകള്‍ 
--------------------

തിരയൊന്നടങ്ങാന്‍ കാത്തുനിന്ന്
വെള്ളത്തിലിറക്കാതെ തുരുമ്പിക്കുന്നു
മനുഷ്യന്‍റെ മോഹക്കപ്പലുകള്‍

         ***

11. പ്രണയമഴ
-----------------
പറഞ്ഞും പറയാതെയും പ്രണയിച്ചോരെ
പുഞ്ചിരി കൊണ്ട് നേരിടുകയെന്നാല്‍
പവിത്രമാം പ്രണയങ്ങള്‍ അന്ത്യകാലം വരെ!


    ***

12. കഞ്ഞിക്കലം 
--------------------
കഞ്ഞിക്കലമെന്ന് പേര്
കഞ്ഞി കണ്ടതില്ലൊരുനാളും
അരിച്ചിറങ്ങിയ വെള്ളം മാത്രം
കരച്ചിലൊതുക്കുന്നവളെന്നും!

  ***

13. വിരഹം
----------------

പ്രണയം വളര്‍ത്താന്‍
ഇടയ്ക്കൊന്നു സല്‍ക്കരിക്കുക 
വിരഹമെന്ന സുഹൃത്തിനെ.

 ***


14. ആണ്‍ കണ്ണുകള്‍ 
---------------------------
പ്രണയ മഴയില്‍
നമ്മളൊരുമിച്ചു നനയുമ്പോഴും
നിന്‍റെ കണ്ണെന്തേ
കടന്നുപോയ പെണ്ണിന്‍റെ പിറകേ?

    ***

15. സദാചാരം 
-------------------

ഭര്‍ത്താവുപേക്ഷിച്ചു വര്‍ഷങ്ങളായി 
എന്നിട്ടും മകള്‍ക്കിത് മൂന്നാം മാസം. 
കളഞ്ഞാല്‍ പോരാ, നിര്‍ത്തണമെന്നമ്മ!


  ***


16. ഇന്ന് 
-----------------
ഇന്നത്തെ ജോലി നന്നായാല്‍ 
നാളത്തെ ഇന്നലെ മനോഹരം,
നാളത്തെ നാളെ മധുരസ്വപ്നം!


****


17. കുത്തുവാക്കുകള്‍ 
------------------------------
കുത്തു വാക്കിനാല്‍ കുത്താതെ,
കത്തി കൊണ്ടു നീ കുത്തുക.
ഒറ്റക്കുത്തിനാല്‍ തീര്‍ന്നിടും!

***




18. വിഗ്രഹങ്ങള്‍ ഉടയാതിരിക്കാന്‍ 
----------------------------------------------
അകലം പാലിച്ചാരാധിക്കുക
പഞ്ച ലോഹ വിഗ്രഹങ്ങളെ.
പ്രണയിക്കാം പച്ച മനുഷ്യരെ

***

19. താന്തോന്നി 
-----------------

നിന്‍റെ കണ്ണിലൂടെ ലോകം കാണാതെ
എന്‍റെ കണ്ണിലൂടെ കാണാന്‍ ശ്രമിച്ചതിന്
നീയെനിക്കിട്ട പേര് താന്തോന്നി 

***

20. കൊതുക് 
---------------
കാലു വെട്ടില്ല
കൈ വെട്ടില്ല
ചോരപ്പുഴയുമില്ല.

ഒരു തുള്ളിച്ചോര
പിന്നൊരു നിമിഷം ചൊറിയല്‍ 
ഇതിനാലെ ഞാനെത്ര പഴികേട്ടു മനുഷ്യാ !

***

21. പ്രണയം 
--------------
പ്രണയത്തിനു
കണ്ണില്ലെങ്കില്‍
പിന്നെങ്ങനെ

പ്രണയിച്ചു കെട്ടിയ 
പാത്തുമ്മ 
രണ്ടു പെറ്റപ്പോ

കുട്ടിരാമന്‍ വേറെ 
പറ്റുതുടങ്ങിയത്?

***


22. അതിജീവനത്തിന്
------------------------
മിന്നാമ്മിനുങ്ങിനും വേണം,
ഉള്ള പ്രകാശത്തില്‍ 
സ്വകാര്യമായ ‍അഹങ്കാരവും
നില നില്‍ക്കണമെന്നുള്ള 
അത്യാഗ്രഹവും.

***

23. നക്ഷത്രം
---------------
പൊലിഞ്ഞു പോയാലുമേറെ നാള്‍
പ്രകാശം പരത്തുന്നൂ
നക്ഷത്രങ്ങള്‍!
നമ്മളോ?

***

24. സിംഹക്കുട്ടി 
------------------
സിംഹം പെറ്റു
വളര്‍ത്തിയ പെണ്ണിന്
പുടവകൊടുത്തത് 
പുലിക്കുട്ടി! 

കഥയേതുമറിയാത്ത
പൂച്ചകളവളെ
മ്യാവൂ മ്യാവൂ
പഠിപ്പിക്കുന്നു!

ഈജന്മമിനിയൊരു
പൂച്ചയാവാന്‍
മ്യാവൂ മ്യാവൂ
പാടി നടക്കാന്‍
കഴിയില്ലവള്‍ക്ക്
വ്യാമോഹമരുത്!

***

25. ചെണ്ട
----------
അടികൊള്ളാന്‍ ഇനി വയ്യെന്ന് ചെണ്ട 
വേറെ ജോലി അറിയില്ലെന്ന് മാരാര്‍!
കൊണ്ടും കൊടുത്തും മുന്നോട്ട്!

***

26. കറവപ്പശു
---------------

കറവപ്പശുവിനോടുള്ള 
സ്നേഹം കുറഞ്ഞതും 
പുതിയ കുറ്റങ്ങള്‍ ഉണ്ടാവുന്നതും ‌ 
കറവ വറ്റിയതുകൊണ്ട് മാത്രമല്ല..

പുതുതായി പ്രസവിച്ച
മറ്റൊരു പശു
കൂടുതല്‍ പാല്
തരുന്നതുകൊണ്ടാ


***

27. നട്ടെല്ല്
----------
നട്ടെല്ലുള്ളവനറിയുമോ
അതില്ലാത്തവന്‍റെ 
നോവും പിടച്ചിലും!

***

28. മൂല്യം
-----------
മൂല്യമെന്തെന്നറിയുന്നവനെ
മൂല്യച്യുതിയെന്തെന്നറിയൂ

***

29. വിഷുക്കൊന്ന
-----------------

കൊന്നപ്പെണ്ണിന് 
കീമോ കഴിഞ്ഞു.
തല മറയ്ക്കാന്‍ 
തുണി വേണം!

***

30. ഒറ്റയാന്‍ 
------------------
സ്നേഹമായ്  
സാന്ത്വനമായ്
ഇന്നെന്‍ കൂടെയുണ്ട് 
നീ 
എപ്പോഴും 

എന്നിട്ടും
ഒറ്റയാനായി
അലയുന്നതെന്തേ
ഞാന്‍?


***

                                                                             ************************


മാനഭംഗം




നമ്മൾ എന്തിനാണ് മാനഭംഗം എന്ന വാക്ക് ഉപയോഗിക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത, അല്ലെങ്കിൽ തെറ്റ് എന്ത് എന്ന് പോലും അറിയാത്ത ഒരു വയസ്സുള്ള പെണ്‍കുട്ടിയും  മാനഭംഗം ചെയ്യപ്പെട്ടു എന്ന് പത്ര വാര്ത്ത വരുന്നു.

ശരീരത്തിലും മനസ്സിലും  ഏറ്റ  മുറിവുകള്‍ക്ക്‌  അപ്പുറം അവളുടെ മാനത്തിന് എന്ത് ഭംഗമാണ് വരുന്നത്? എന്തിനാണ്  അവളെ വിവാഹം കഴിക്കാന്‍ മടിക്കുന്നത്? വിവാഹിതയാണെങ്കില്‍ ഉപേക്ഷിക്കുന്നത്?

അവൻ ആരെയോ ബലാൽസംഗം ചെയ്തുഎന്ന രീതിയിൽ തന്നെ , ആ പഴയ വാക്ക് തന്നെ ഉപയോഗിച്ചുകൂടെ?  ബലാൽസംഗം എന്ന വാക്കിൽ അവൻ ആണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതാണ്‌ വേണ്ടതും.  അവനെ  നമ്മള്‍  പിന്തുടരുക. ചെയ്ത  തെറ്റിന്  ശിക്ഷ  വാങ്ങിക്കൊടുക്കുക. മറ്റൊരാള്‍ക്കും  അങ്ങനെ  തോന്നാത്ത  വിധത്തില്‍  ഒരു പാഠം പഠിപ്പിക്കുക.

അങ്ങനെയുള്ളവരെ വെറുതെ വിട്ട്, ബലാല്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിറകെ  വൃത്തികെട്ട ചിരിയും നോട്ടവുമായി നടക്കുന്ന ശീലം മാധ്യമങ്ങളും, പൊതു  സമൂഹവും ഇനിയെങ്കിലും ഉപേക്ഷിച്ചെങ്കില്‍! ഒരു വാഹനാപകടത്തിൽ പരുക്കേറ്റ പെണ്‍കുട്ടിയെ കാണുന്ന അതേ മാനസികാവസ്ഥതയോടെ  മാത്രമേ  പരിഷ്കൃത സമൂഹം അവളെ കാണാവൂ.  ആ പെണ്‍കുട്ടിയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം അവളെ അന്വേഷിക്കുക

പറ്റുമോ നമുക്കതിന്?

 നമ്മുടെ ഓരോരുത്തരുടെയും  അമ്മയെപ്പോലെ, മകളെപ്പോലെ, ഭാര്യയെപ്പോലെ, പെങ്ങളെപ്പോലെ സുരക്ഷിതയായിരിക്കട്ടേ,  ഈ നാട്ടിലെ ഓരോ പെണ്ണും. സമൂഹത്തില്‍ ഭൂരിപക്ഷം ആളുകളും സംസ്കാരം ഉള്ളവര്‍  തന്നെ ആണ്. അല്ലാത്തവര്‍ വൃത്തികെട്ട മനസ്സിന്നുടമകള്‍ ആയ സ്ത്രീകളും പുരുഷന്മാരും  അടങ്ങുന്ന ഒരു ചെറിയ ന്യൂന പക്ഷം  മാത്രം! അവരെ തിരിച്ചറിഞ്ഞ് എതിര്‍ക്കണം നമ്മള്‍.

പെണ്ണ്  വെറും  ശരീരമല്ല, മനസ്സ്കൂടിയാണ്.
നമ്മുടെ  ഓരോരുത്തരുടെയും  അമ്മയുടെ  മനസ്സ് തന്നെ  ആണ്  അവളിലെ  പെണ്ണിലും ഉള്ളത്. അത് മറക്കുന്ന  ഓരോ  മകനും ചെയ്യുന്ന  തെറ്റ്, ഏതോ  ഒരു പെണ്ണിനോടല്ല,  സ്വന്തം  അമ്മയോട്  തന്നെ  ആണ്.

ആ  തെറ്റിന്റെ  പൂര്‍ണ്ണ  ഉത്തരവാദിത്വവും  അവസാനം  വരുന്നത്  അമ്മയിലേക്ക്‌  തന്നെ. വളര്‍ത്തു  ദോഷം എന്ന  പേരില്‍, മകന്‍ അമ്മയ്ക്ക് നല്‍കുന്ന  സ്നേഹോപഹാരം!

അതിന്  ഇട വരാതിതിരിക്കാന്‍  ഓരോ അമ്മയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തന്‍റെ ആണ്മക്കളെ, മുന്‍പത്തെതിലും കൂടുതല്‍  ഉത്തരവാദിത്വത്തോടെ  ചേര്‍ത്ത് പിടിച്ച്, നല്ലത് പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അടുത്ത തലമുറയെങ്കിലും ശരിയായ കണ്ണോടെ പെണ്ണിനെ കാണട്ടെ.


                                                          ***

അനിത പ്രേംകുമാര്‍

3/12/15

മഴപ്പാറ്റ



വെറുതേ നടക്കാന്‍ ഇറങ്ങിയതാ. മുന്നില്‍  ഒരു മഴപ്പാറ്റ. കണ്ട സ്ഥിതിക്ക് ഒന്ന്  പരിചയപ്പെട്ടാലോ? പുള്ളിക്കാരൻ  വലിയ സന്തോഷത്തിൽ പാട്ടും പാടി പറന്നു നടക്കുകയായിരുന്നു.

കുറച്ചു സമയം അവനെ നോക്കി നിന്നപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"നീ എന്താ ഇത്ര സന്തോഷത്തിൽ?ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ നീ മരിച്ചു പോകൂലെ? എന്നിട്ടും അതൊന്നും ഓർക്കാതെ പാട്ടും പാടി നടക്കാൻ നാണമില്ലല്ലോ നിനക്ക്?"

"അപ്പോൾ നിങ്ങൾ മരിക്കൂലെ?" കുഞ്ഞന്റെ മറു ചോദ്യം.

"അങ്ങനെ ചോദിച്ചാൽ .......മരിക്കും. എന്നാലും ഞങ്ങളൊക്കെ നിന്നെപ്പോലാണോ? എഴുപതും എണ്‍പതുമൊക്കെ വർഷങ്ങൾ ഇവിടെ സുഖമായി ജീവിക്കും. "  കുറച്ചൊരു അഭിമാനത്തോടെ  പറഞ്ഞു.

"അതൊക്കെ ശരി, നിങ്ങള്‍ പാട്ട് പാടാറുണ്ടോ?"

"ഇല്ല--- എന്‍റെ ശബ്ദം അത്ര പോരാ."

" എന്നാല്‍ ശരി, നല്ല പാട്ടുകള്‍ കേട്ടാല്‍ നൃത്തം ചെയ്യാറുണ്ടോ?"

"ഞങ്ങള്‍ മലയാളികള്‍ അല്ലെ? കണ്ട തമിഴന്മാരെ പോലെ ഡാന്‍സ് ചെയ്യാനോ? അയ്യേ--- "

അപ്പോള്‍ സന്തോഷം വന്നാലും സങ്കടം വന്നാലും നിങ്ങള്‍ എന്ത് ചെയ്യും?

ഞങ്ങളുടെ ആണുങ്ങള്‍ ചിലരൊക്കെ  ബാറില്‍ പോകും.

"അപ്പോള്‍ പെണ്ണുങ്ങള്‍"

"അത്---ചിരിക്കും, അല്ലെങ്കില്‍ കരയും. പിന്നെ ചിലപ്പോള്‍ ബിരിയാണി വയ്ക്കും."

"അപ്പോള്‍ ആയുസ്സ് എണ്‍പതുണ്ടായിട്ടെന്തിനാ?  നിങ്ങൾ അതാഘോഷിക്കാതെ ഇങ്ങനെ വിഷമിച്ചിരിക്കുന്നു. ഞങ്ങൾ കിട്ടിയ നിമിഷങ്ങള്‍  നന്നായി ആഘോഷിച്ചു സന്തോഷത്തോടെ മരിക്കുന്നു. ഏതാ നല്ലത്?"

ഉത്തരം കിട്ടിയില്ല.ഏതായിരിക്കും നല്ലത്?ആളൊരു കുഞ്ഞന്‍ പാറ്റ. എന്നിട്ടും ചോദ്യം വലിയത്!
   
  ..............................................

ഹോ, ഇപ്പോഴാ ഓര്‍ത്തത്. വൈകിട്ട് ഒരു  കല്യാണത്തിനു പോകാൻ ഉണ്ട്.  പുതിയ സാരി വാങ്ങിതന്നില്ലല്ലോ! എന്റെ ഒരു വിധി! ഉള്ള സാരികള്‍ ഒക്കെ ഓരോ പ്രാവശ്യം ഓരോ കല്യാണങ്ങള്‍ക്ക് ഉടുത്തതാണ്. ഇനിയിപ്പോ ആ സുനിതേടേം, അജിതേടേം, പദ്മശ്രീയുടെയും, ഉഷയുടെയും, സൂനജയുടെയും ഒക്കെ മുഖത്ത് പഴയ സാരിയും ഉടുത്തു ഞാന്‍ എങ്ങനെ നോക്കും? എനിക്ക് വയ്യ. ഈ ആണുങ്ങള്‍ക്ക് ഞങ്ങളുടെ ബുദ്ധിമുട്ടൊന്നും  ഓര്‍ക്കണ്ടല്ലോ.

"കണ്ണുനീര് വീണ് മെയിക്ക് അപ്പ്‌ നനയുന്നല്ലോ-- എന്ത് പറ്റി? " മുന്നില്‍ കുഞ്ഞന്‍

"ഏയ്‌-- ഒന്നുമില്ല.--ശരി-- പിന്നെ കാണാം--" തിരിഞ്ഞു വീട്ടിലേക്കു നടന്നു.

അല്ലെങ്കിലും  ദുഖിക്കാൻ ഓരോ ദിവസവും ഓരോരോ കാരണങ്ങൾ. ഇതാ പറയുന്നെ, സന്തോഷിക്കാനും വേണം യോഗം. ആ മഴപ്പാറ്റയുടെ സന്തോഷം കണ്ടിട്ട് ഒടുക്കത്തെ അസൂയ തോന്നുന്നു..

പെട്ടെന്നാണ് അവന്‍ പറന്നു വന്നു മുന്നില്‍ വീണതും ചിറകുകള്‍ നഷ്ടപ്പെട്ട് പിടയ്ക്കാന്‍ തുടങ്ങിയതും.

പിടച്ചിലിനിടയിലും ചിരിച്ചു കൊണ്ട് പറഞ്ഞു-" ഞാന്‍ പോകുന്നൂട്ടോ--പറ്റിയാല്‍ എന്നെങ്കിലും വീണ്ടും കാണാം--

അയ്യോ---പിടച്ചിലും നിലച്ചല്ലോ!
ദൈവമേ--കഴിഞ്ഞോ?

  ****************************

3/11/15

പെണ്ണുടല്‍










നടക്കുന്നുണ്ടവളിൽ
ഓരോരോ മാസത്തിലും
കുഞ്ഞില്ലയെങ്കിലുമോരോ
കുഞ്ഞു പ്രസവങ്ങൾ

ഓക്കാനമുണ്ടവൾക്ക്
നോവേറെയുണ്ടവൾക്ക്
ആലസ്യമുണ്ടവൾക്ക്
ആരോരുമറിയാത്ത
ആധിയുമുണ്ടവൾക്ക്

മൂന്നുനാള്‍ വിശ്രമം
എന്ന് വിധിച്ചിട്ടും
നടുവൊന്നു ചായ്ച്ചിടാന്‍
പാതിരാവാകണം
ജോലിയിന്നകത്തും
പുറത്തുമുണ്ടേ....

പ്രാതല് ശരിയില്ല
കൂട്ടാന് ഉപ്പില്ല
ചപ്പാത്തി റൌണ്ടില്ല
പാലിന് രുചിയില്ല
കുറ്റങ്ങള്‍ കുറവില്ല
വീട്ടുകാര്‍ മൊത്തം
പിണക്കത്തിലായ്
ഓഫീസിലോ ബോസ്സ്
കണ്ണുരുട്ടി!

കൂടുതല്‍ ഉള്ളത്
സങ്കടം മാത്രമാ
ണെന്നറിഞ്ഞിട്ടും
ചിരിക്കാന്‍ ശ്രമിച്ചവള്‍
അമ്മയായ് മാറി- തന്‍
ജീവിതം ധന്യമായ്
തീര്‍ന്നതിന്‍ കാരണവും 
ഈ സങ്കടം!





2/26/15

സ്വപ്നം അഥവാ ജീവിതം













ഞാനൊരു മനോഹരമായ സ്വപ്നം
കണ്ടുകൊണ്ടിരിക്കുകയാണ്.
സ്വപ്ന ലോകത്തിലെ കണക്കനുസരിച്ച്
വര്‍ഷങ്ങളായി.
കൂടെ നിങ്ങളും ഉണ്ട് .

ഇനി എത്ര വര്ഷം കാണാം?
അറിയില്ല.
എന്നാലും ഉറക്കമുണരുമ്പോള്‍
ഇതൊക്കെ ഓര്‍മ്മയുണ്ടാകുമോ?
അതും അറിയില്ല.

അല്ലെങ്കിലും നമുക്കൊക്കെ എന്തറിയാം?

സ്വപ്നം അവസാനിച്ചാല്‍ അറിയാം,
ശരിക്കും ഞാന്‍ ആരായിരുന്നു എന്ന്!


അന്ന് കൂടെയുള്ളവരോട് പറഞ്ഞു  ചിരിക്കാന്‍
ഈ സ്വപ്നത്തിലെ ഒരു കണികയെങ്കിലും
മധുരമുള്ളോരു ഓര്‍മ്മയായി,
മാഞ്ഞു പോകാതെ,
എന്നില്‍ ബാക്കിയായെങ്കില്‍!


മാറി നിന്ന് കാണാം, ആസ്വദിച്ചു കാണാം
സ്വപ്നം കഴിഞ്ഞുള്ള കാലം എങ്ങനെയെന്നറിയില്ലല്ലോ!


***********************************

8/6/14

കര്‍മബന്ധനം



                                                                 കവിത: അനിത പ്രേംകുമാര്‍


നാളുകളേറെയായ് ചുറ്റിടുന്നു.
സൂര്യന് ചുറ്റും കറങ്ങിടുന്നു
സന്തോഷമോടെന്നും ജീവിച്ചവള്‍
സന്താപമേതുമലട്ടിയില്ല.

എങ്കിലുമൊരുനാളവള്‍ കൊതിച്ചു
കുഞ്ഞു വാല്‍നക്ഷത്രമായി മാറി
സൌരയൂഥത്തിനുമപ്പുറത്ത്
ഒഴുകി നടക്കാന്‍ സ്വയം മറക്കാന്‍

കാര്യം പറഞ്ഞതും സൂര്യനെതിര്
കാഴ്ചകള്‍ കാണുവാന്‍ ഞാനും വരാം
ഒറ്റയ്ക്ക് പോകേണ്ട,വഴി തെറ്റിടും
ആരാനും കണ്ടെന്നാല്‍ കൊണ്ടോയിടും

കരഞ്ഞു പറഞ്ഞു ഭൂമിയപ്പോള്‍
ചുറ്റി മടുത്തു, തളര്‍ന്നു ഞാനും
നീ കൂടെ വന്നാല്‍ പിന്നെന്തു കാര്യം
അവിടെയും ചുറ്റുവാന്‍ ഞാന്‍ വരില്ല.

മെല്ലെ അയഞ്ഞു പറഞ്ഞയച്ചു
ദുഖാര്ത്തനായ് സൂര്യനന്നവളെ
പ്രിയയവള്‍ ദൂരേയ്ക്ക് പോയ്മറയെ
വേപഥു പൂണ്ടു, വിഷണ്ണനായി

സൂര്യനില്‍ നിന്നുമകന്നുടനെ
സൂര്യ കിരണങ്ങളന്യമായി
ഇല്ലാവെളിച്ചവും ദാഹനീരും


പ്രാണനെ കാക്കുന്ന വായുപോലും!

പോകെ പരിഭ്രമം കൂടി വന്നു
കൈകാല്‍ വിറയലും ശക്തമായി
ആകെ തളര്‍ന്നു പരവശയായ്,
മൃത്യുഹസ്തങ്ങള്‍ വരിഞ്ഞവളെ!
 


വീണ്ടും തിരിച്ചോടി വന്നെത്തിയോള്‍
കതിരവന്‍ തന്നെ പ്രദക്ഷിണമായ്
മാറ്റുവാനാകില്ല പ്രപഞ്ച സത്യം
അത് മാറ്റാന്‍ തുനിയുവാന്‍ നമ്മളാര്!



  *--------------*--------------*-------------*

6/23/14

കള്ളന്‍ പൂച്ചയും ഞങ്ങളും

(ഈ കഥയുടെ ചുരുക്കംഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ പോസ്റ്റ്‌ ചെയ്തിരുന്നു)

ഇടവപ്പാതിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയിലെ വെള്ളത്തിന്‌ നല്ല ചെമ്മണ്ണിന്‍റെ നിറമുണ്ടായിരുന്നു. എന്തൊക്കെയോ സാധനങ്ങള്‍ പുഴയിലൂടെ ഒഴുകി വരുന്നത് കാണാന്‍ നല്ല രസം. എന്തൊരു ഒഴുക്കാ! പുഴയുടെ മറ്റേക്കര കൂടുതല്‍ ദൂരേക്ക് പോയപോലെ. ശരിക്ക് കാണുന്നില്ല.മഴ നിന്നെങ്കിലും മഴത്തുള്ളികള്‍ ഇറ്റിറ്റ് വീണ് കുപ്പായം മുഴുവന്‍ നനഞ്ഞിരിക്കുന്നു. 

പാവം, അനിയന്‍.

"നിനക്ക് തണുക്കുന്നുണ്ടോടാ?"

"ഉം-- ഉണ്ട്. ചേച്ചിയല്ലേ പറഞ്ഞത് മഴ നിന്നു, കുട എടുക്കണ്ട എന്ന്. ഇപ്പോള്‍ മുഴുവനും നനഞ്ഞില്ലേ?" 

"സാരമില്ലെടാ-- നമുക്ക് വേഗം തിരിച്ചു വീട്ടില്‍ പോകാം. ഇതാ തോണി വന്നു."

ആളുകള്‍ ഒക്കെ ഇറങ്ങിയശേഷം, കാത്തു നിന്ന മറ്റുള്ളവരോടൊപ്പം
തോണിയില്‍ കയറി.

" ഇതെങ്ങോട്ടാ ഈ ചാക്കുകെട്ടുമായ്‌"? തോണിക്കാരന്‍ ഗോപലേട്ടന്‍ ആണ്.

"അക്കരയ്ക്കാ "

അമ്മൂമ്മയുടെ വീടും, അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെ വീടും , പുഴക്കക്കരെ ആയതിനാല്‍ ഞങ്ങള്‍ക്ക് ഈ തോണി യാത്ര എന്നും പതിവുള്ളതായിരുന്നു. അത് ഗോപാലേട്ടനും അറിയാം. ഞങ്ങള്‍ ഈ പോകുന്നതിന്‍റെയൊക്കെ കണക്ക്, ഗോപാലേട്ടന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. മാസത്തിലൊരു പ്രാവശ്യം അച്ഛന്‍ ഒരുമിച്ചു പണം  കൊടുക്കും.

ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് ഈ മല വെള്ളത്തില്‍ ആളുകളെ അക്കരെ എത്തിക്കുക അത്ര എളുപ്പമല്ല. ഗോപാലേട്ടന്‍ തോണി കുത്തിയിറക്കുന്നതും പിന്നെ ആഞ്ഞാഞ്ഞു തുഴയുന്നതും കൌതുകത്തോടെ നോക്കി നിന്നു.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ചാക്ക് കെട്ട് അനങ്ങുന്നതു കണ്ട് അയാള്‍ക്ക്‌ എന്തോ ഒരു പന്തികേട് തോന്നി.

എന്താ മക്കളെ അതിനകത്ത്?

അനിയനാണ് ഉത്തരം പറഞ്ഞത്

"ഇതിനകത്തൊരു പൂച്ചയാണ്.
ഇത്  വല്ലാത്ത  കള്ളന്‍ പൂച്ച യാണ്",

"അതെ, ഞങ്ങളുടെ വീട്ടിലും അടുത്ത വീടുകളിലും എന്തുണ്ടാക്കിയാലുംതട്ടിമറിച്ചിട്ടു കട്ടു തിന്നുന്നു". ഞാനുംചേര്‍ന്നു.

"അതിന് എന്തിനാണ് ഇതിനേം കൊണ്ട് തോണിയില്‍ കയറിയത്"?

"ഇതിനെ പുഴ കടത്തി അക്കരെയാക്കണം. പിന്നെ അതിന്‍റെ ശല്യമുണ്ടാവില്ലല്ലോ"

കേള്‍ക്കേണ്ട താമസം ഗോപാലേട്ടന്‍ മുന്നോട്ടു നീങ്ങിയ തോണി കഷ്ട്ടപ്പെട്ട്തിരിച്ചു തുഴയാന്‍ തുടങ്ങി. എന്നിട്ട് കരയ്ക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"മക്കള്‍ ഇറങ്ങിയാട്ടെ.ഈ മലവെള്ള പാച്ചിലില്‍ കുത്തി യൊഴുകുന്നപുഴയിലൂടെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ തുഴഞ്ഞ് അക്കരെ എത്തുന്നത്.
ഈ കള്ളന്‍പൂച്ചയെ അക്കരെയെത്തിച്ചാല്‍ തൊട്ടക്കരെയുള്ള എന്‍റെ വീട്ടിലെക്കാവും നെരെ വരിക."

ഇറങ്ങാന്‍ മടിച്ചു നിന്നത് കണ്ടാവണം,ആദ്യം പിടിച്ചു വാങ്ങിയ ചാക്ക് കെട്ടും പിന്നാലെ നാലിലും ഒന്നിലും പഠിക്കുന്ന ഞങ്ങളെയും എടുത്തു കരയിലേക്ക് ഇട്ട ശേഷം ഗോപാലേട്ടന്‍ തോണി തിരിച്ച് വീണ്ടും തുഴഞ്ഞു പോയി. തോണിയിലുള്ള ബാക്കി യാത്രക്കാരൊക്കെ ചിരിയോടു ചിരി.

ഹും! ചിരിക്കട്ടെ-- അവരുടെ വീട്ടിലും വരണം, ഇങ്ങനത്തെ ഒരു പൂച്ച. അപ്പൊ മനസ്സിലാവും.

തോണിയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.
വല്ലാതെ സങ്കടം വന്നു കണ്ണ് നിറയാന്‍ തുടങ്ങി.
ഇതിനെ ഒഴിവാക്കാന്‍ എന്തൊക്കെ പണി ചെയ്തതാ!

ഒരു പ്രാവശ്യം,വീട്ടിനു പിറകിലുള്ള കൈതച്ചക്ക തോട്ടവും അതിന് പിറകിലെ കുന്നും കയറ്റി , മയിലാടന്‍പാറ എന്ന സ്ഥലത്ത് കഷ്ടപ്പെട്ട് വിട്ട്, ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ വീട്ടിലെത്തിയപ്പോള്‍ പൂച്ചയതാ ഞങ്ങളെക്കാത്തു വീട്ടിലിരിക്കുന്നു.

പിന്നീടൊരിക്കല്‍ നമ്പീശന്‍ വീട്ടിലെ  വല്യമ്മ പറഞ്ഞു, മലര്‍ത്തി പിടിച്ചു കൊണ്ടുപോയാല്‍ മതി, അപ്പൊ ആകാശമേ കാണൂ, ഭൂമി കാണാത്തതുകൊണ്ട് വഴി മനസ്സിലാവൂല്ല, എന്ന്. അവരുടെ വീട്ടില്‍ കറന്നു വച്ച പശുവിന്‍ പാല് തട്ടി മറിച്ചു മുഴുവനും കുടിച്ചതില്‍ വല്ല്യമ്മയ്ക്കും അതിനോട് ദേഷ്യമുണ്ട്. പായം മുക്ക് എന്ന സ്ഥലത്തേക്ക് പൂച്ചയെ മലര്ത്തിപിടിച്ചു കൊണ്ട് നടന്നു, അവിടെ വിട്ടു. എന്നിട്ടും അവന്‍ ഞങ്ങളെക്കാള്‍ മുന്നേ വീട്ടില്‍ എത്തി!‍

പൂച്ചയെ കൊന്നാല്‍ കൈ വിറയ്ക്കും എന്ന് കൂട്ടത്തിലാരോ പറഞ്ഞത് കേള്‍ക്കാതെ ഒരുപ്രാവശ്യം ഞാനും മൊയമ്മദലിയും കാപ്പിയും റഷീദയും സജിയും മനുവും ഒക്കെ ചേര്‍ന്നു, ബാരവള്ളി കൊണ്ട് (കുറ്റിച്ചെടികളില്‍ ‍ പടര്‍ന്നുകയറുന്ന നേരിയ വള്ളിച്ചെടി) അതിനെ കെട്ടി തൂക്കി.
വള്ളി പൊട്ടി പൂച്ച താഴെ വീഴാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ! തിരിഞ്ഞു നിന്ന് അഹങ്കാരത്തോടെ ഞങ്ങളെയൊന്നു നോക്കിയ ശേഷം അവന്‍ നേരെ കതീസുമ്മയുടെ അടുക്കളയില്‍ കയറി അന്നുണ്ടാക്കിയ മീന്‍ മുഴുവനും കട്ട് തിന്നു. ദുഷ്ടന്‍!

ഇപ്പോള്‍ അവസാന പിടിവള്ളിയും കൈവിട്ടിരിക്കുന്നു.

എവിടെ കൊണ്ടുചെന്നാക്കിയാലും തിരിച്ചു വീട്ടിലെത്തുന്ന പൂച്ചയെ ഇനിയും വെറുതെ ചുമന്നു നടക്കുന്നതെന്തിനാ?
അതിനെ അവടെ തുറന്നുവിട്ടാലോ എന്നാലോചിക്കുമ്പോള്‍ അതാ, അമ്മൂമ്മയുടെ വീടിന്‍റെ അയല്‍പക്കത്തുള്ള  രാജീവേട്ടന്‍ വരുന്നു.

"ഇതെങ്ങോട്ടാ അനിയും സജിയും കൂടി ഈ മഴയത്ത്? കയ്യില്‍ ഒരു ചാക്ക് കെട്ടും ഉണ്ടല്ലോ?"

"അത്--- ഈ ചാക്കില്‍ ഒരു  പൂച്ചക്കുട്ടിയാണ്.  അക്കരെയുള്ള ഒരാള്‍ക്ക്‌ കൊടുക്കാന്‍ കൊണ്ട് പോകുന്നു. ഗോപാലേട്ടന്‍ ഇതുമായി തോണിയില്‍ കയറാന്‍ സമ്മതിക്കുന്നില്ല. "

"ഓ- അതാണോ പ്രശ്നം? എന്‍റെ വീട്ടില്‍ വല്ലാത്ത എലി ശല്ല്യം.ഇതിനെ  എനിക്ക് തരുമോ? ഞാന്‍ കൊണ്ട് പൊയ്ക്കോളാം. അയാള്‍ക്ക്‌ വേറൊന്നിനെ കൊടുക്കൂ. ഇനിയും ഉണ്ടാകുമല്ലോ, വീട്ടില്‍ പൂച്ച കുട്ടികള്‍, ഇല്ലേ ?"

"ഏ-- ആ-- ഉണ്ട്."
"എങ്കില്‍ ഇങ്ങു താ."


ചാക്ക് കെട്ടുമായി അയാള്‍  പതുക്കെ നടന്നകലുന്നതും നോക്കി ആശ്വാസത്തോടെ  നില്‍ക്കുമ്പോള്‍ അനിയന്‍ ചോദിച്ചു.

"ചേച്ചീ--- ഗോപാലേട്ടന് മനസ്സിലാവൂലെ?"

"ഡാ-- വേഗം വിട്ടോ----"

തകര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ കല്ലുകള്‍ പോലെ ദേഹത്ത് പതിക്കുന്നത് അവഗണിച്ച് ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങി. റോഡില്‍ നിന്നും പറമ്പിലേക്ക് കയറിയപ്പോള്‍ ചുമന്നു കലങ്ങിയ വെള്ളം നിറഞ്ഞ് വഴികളൊന്നും കാണുന്നുണ്ടായിരുന്നില്ല. തപ്പി ത്തടഞ്ഞു വീണ്, കാല്‍ മുട്ട് പൊട്ടി ചോര ഒലിക്കുന്നു. സാരമില്ല, കാര്യം നടന്നല്ലോ.

വീട്ടിലെത്തി ഓടി ഇറയത്ത്‌ കയറി, തല തുവര്‍ത്തി നിവര്‍ന്നതും ഇടവഴിയില്‍ നിന്നും ഒരു ശബ്ദം കേട്ടു.

                                    മ്യാവൂ---- മ്യാവൂ---

                                *       -------        *    -----     *     ------     *

4/22/14

തോന്ന്യവാസി

 
 
തോന്ന്യവാസി
--------------------
                                  
 
 
 
 
 
 
 








 
 
                                                         കവിത : അനിത പ്രേംകുമാര്‍
 
നാട്ടു കാര്‍ക്കും
വീട്ടുകാര്‍ക്കും
ഗുരുക്കന്മാര്‍ക്കും
നല്ല കുട്ടി.

കല്യാണത്തിനു
മൂന്നാം നാളില്‍ ‍
സൌദാമിനി
തോന്ന്യവാസി!

അത് തോന്നിയ
പോലെ നടന്നിട്ടല്ല.

ഉച്ചയൂണ്
കഴിഞ്ഞൊരു നേരം,
പകല്‍ വെളിച്ചം
മായും മുമ്പേ

താലികെട്ടിയ
ഭര്‍ത്താവവളേ
മുറിയിലേക്ക്
വിളിച്ചതിന്,

അവള്‍
തിരിച്ചുപോരാന്‍ 
വൈകിയതിന്

അത് തോന്ന്യവാസം
ആയതിന്!
 
             *  *  *

3/15/14

ബാല്യം

ബാല്യം
------------
അനിത പ്രേംകുമാര്‍ 

 

കഷ്ടിച്ച് ഒരാള്‍ക്ക്‌ മാത്രം നടന്നുപോകാവുന്ന ഇടവഴിയിലും, കളകളാരവം പൊഴിച്ച് കൊണ്ടൊഴുകുന്ന തോട്ടിന്‍ കരയിലും, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ ക്കിടയിലും,
എത്ര നീന്തമറിയുന്ന ആള്‍ക്കും തളരാതെ മറു കര നീന്തിയെത്താന്‍ കഴിയാത്തത്ര ആഴവും പരപ്പുമുള്ള പുഴയിലെ ഓളങ്ങള്‍ക്കിടയിലും,
പുഴക്കരയിലെ വള്ളിക്കുടിലുകള്‍ക്കിടയിലും
പശുവിനെ മേയ്ക്കാനും പുല്ലരിയാനും നമ്മള്‍ ഒരുമിച്ചു പോകുമായിരുന്ന പുല്‍മേടുകളിലും,
നിന്നെ ഞാന്‍ വീണ്ടും വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയല്ലോ പ്രിയ കൂട്ടുകാരാ?

എന്നാണ് ഇനിയൊരു കണ്ടുമുട്ടല്‍! ഒരു പ്രാവശ്യം കൂടി, ഒരേയൊരു പ്രാവശ്യം കൂടി, എനിക്കെന്‍റെ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍!

എങ്കില്‍?

എങ്കില്‍ നമുക്ക് വീണ്ടും രണ്ടു പൂമ്പാറ്റകളായി,അവിടെയൊക്കെ പറന്നു നടക്കാമായിരുന്നു.
എറിഞ്ഞു വീഴ്ത്തിയ പച്ച പുളി മാങ്ങകള്‍ ഉപ്പും കൂട്ടി മതിയാവോളം തിന്നാമായിരുന്നു.
അങ്ങട്ടേലീം ഇങ്ങട്ടേലീം (അടുത്ത വീടുകളിലെ) നാട്ടുമാവിന്‍ കീഴില്‍ അടര്‍ന്നു വീഴുന്ന മാങ്ങകളിലെ മധുരം ഒരുമിച്ചു നുണയാമായിരുന്നു.
തേന്‍ വരിക്കയും പഴംചക്ക(കൂഴച്ചക്ക)യും മതിവരുവോളം തിന്ന്, കാ‍ന്താരി മുളകുടച്ച, ഉപ്പിട്ടകഞ്ഞി വെള്ളം കുടിച്ചു കാക്ക കളിക്കാനും ഒളിച്ചു കളിക്കാനും പുഴക്കരയിലെ "ചീളി" എന്നറിയപ്പെടുന്ന പുല്‍മെട്ടിലേക്ക് പോകാമായിരുന്നു.
വീട്ടിനു പിറകിലെ കൈത തോട്ടത്തില്‍ കയറി, രാഘവേട്ടന്‍ കാണാതെ പഴുത്ത, മധുരമൂറുന്ന, കൈതച്ചക്കകള്‍ പറിച്ചു കഴിക്കാമായിരുന്നു.
രാത്രിയില്‍ പത്തുമണി ആകുമ്പോള്‍ നിറഞ്ഞ സൌരഭത്തോടെ കുടമുല്ല പൂക്കള്‍ വിരിയുന്നത് കണ്ടാസ്വദിക്കാമായിരുന്നു.

ഓണത്തിന് പൂവിടാന്‍ തലേ ദിവസം വൈകിട്ട് ചേമ്പിലയുമായി ഇറങ്ങി, അതില്‍ നിറയെ വെള്ളിയിലകളും അരിപ്പൂക്കളും കാക്ക പൂക്കളും തുമ്പപൂക്കളും ഹനുമാന്‍ കിരീടം എന്ന വലിയ പൂക്കളും പറമ്പുകള്‍ തോറും കയറി ഇറങ്ങി പറിക്കാമായിരുന്നു..
ചെമ്പരത്തി മൊട്ടുകള്‍ പറിച്ചെടുത്ത്, കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചു, പിറ്റേ ദിവസം രാവിലെ മഞ്ഞു തുള്ളികള്‍ പറ്റിയ വിടര്‍ന്ന പൂക്കളെ നോക്കി നില്‍ക്കാമായിരുന്നു.
ചാണകംമെഴുകിയമുറ്റത്ത്‌ മത്സരിച്ചു പൂക്കളങ്ങള്‍ തീര്‍ക്കാമായിരുന്നു.

വായിച്ചിട്ട് നിനക്ക് ബോറടിക്കുന്നോ?ഇനിയും ഒരുപാടുണ്ട്.
ഒന്നും നടക്കില്ല, അല്ലെ?

ആര് പറഞ്ഞു നടക്കില്ലാന്ന്? സ്വപ്നങ്ങള്‍ക്കും ഉണ്ട്, അതിന്‍റെതായ മനോഹാരിത! അതും ഒരടിപൊളി സംഭവാടോ.




                                                             * * *

2/11/14

പെണ്മനസ്സ്


വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അവള്‍ അവന്‍റെ കൂടെ സ്വന്തം വീട്ടിലേയ്ക്കുള്ള ബസ് യാത്രയില്‍ ആയിരുന്നു. പിറകിലെ സീറ്റില്‍ ആദ്യമായി അങ്ങനെ ഒരുമിച്ച് ഇരിക്കുമ്പോള്‍ ഒരു ഗമയൊക്കെ തോന്നി. ഇതാ എന്‍റെ ആള് എന്ന് നാട്ടുകാരേം കൂട്ടുകാരേം ഒക്കെ കാണിക്കാന്‍ ഉള്ള വെമ്പല്‍ ആണ് മനസ്സ് നിറയെ.

 



 ഇന്നിപ്പോള്‍ ലേറ്റ് ആയി. നാളെ പകല്‍ ഒന്ന് തോട്ടിന്‍ കര വരെ പോകണം. വയല്‍ വരമ്പിലൂടെ കൈ കോര്‍ത്ത് നടക്കണം. പറ്റിയാല്‍ തോട്ടില്‍ ഒന്ന് നീന്തണം. മുങ്ങിക്കുളിക്കണം.കല്യാണത്തിന്‍റെ തലേ ദിവസം "മീനാച്ചി ഏച്ചി" ചോദിച്ചതാണ്, " അനീ, ഇനി നീ വന്നാല്‍ തോട്ടില്‍ ഒന്നും വരൂല്ല, അല്ലെ" എന്ന്. തീര്‍ച്ചയായും വരാം എന്ന് വാക്ക് കൊടുത്തതാണ്. തോടായിരുന്നില്ലേ, ഞങ്ങള്‍ പെണ്ണുങ്ങളുടെ ഒത്തു ചേരലിന്‍റെയും ഗോസ്സിപ്പിന്‍റെയും ഇടം!നാട്ടില്‍ നിന്നും വിവാഹം കഴിഞ്ഞ് പോയവരൊക്കെ വീണ്ടും കാണുന്നത് "തെയ്യ"ത്തിന് ആണ്. അതെന്തായാലും ഇപ്രാവശ്യം നടക്കില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബാംഗ്ലൂര്‍ലേയ്ക്ക് പോകും എന്നാണു പറഞ്ഞത്. ഈ മാസം തന്നെയാണ് തെയ്യവും!




അവളുടെ വീട് ഒരു വലിയ കുന്നിന്‍ ചെരുവില്‍ ആണ്. വീടിനു മുന്നില്‍ ഒരു പറമ്പ് കഴിഞ്ഞാല്‍ റോഡ്‌. (റോഡില്‍ നിന്നും ഒരു ഇടവഴിയിലൂടെ വേണം വീട്ടില്‍ വരാന്‍) അതിനപ്പുറം വയല്‍. അത് കഴിഞ്ഞാല്‍ പുഴപോലെ വലിപ്പമേറിയ തോട്. അതിനപ്പുറം വീണ്ടും വയല്‍.വീണ്ടും വലിയ കുന്ന്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടു കടന്നും ആ വലിയ കുന്നു കയറി, ഇറങ്ങി ഒക്കെയാണ് അമ്മ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്നത്.

അങ്ങനെ അങ്ങനെ ഒക്കെ ചിന്തിച്ചിരിക്കുമ്പോള്‍ ആണ് കേട്ടത്.
         
കടലാ--- കടല കടല--- കടലാ----

അവന്‍ പൈസ എടുത്തു കൊടുത്തു പറഞ്ഞു."നീ ഒരു പാക്കറ്റ് കടല വാങ്ങ്"

സൈട് സീറ്റില്‍ ഇരുന്ന അവള്‍ സന്തോഷത്തോടെ കടല വാങ്ങി അവന്‍റെ കയ്യില്‍ കൊടുത്തു. കടല അവള്‍ക്കും വലിയ ഇഷ്ടമാണ്.
അവന്‍ കോണ്‍ ആകൃതിയിലുള്ള പാക്കറ്റ് അഴിച്ച് ഓരോന്നായി തിന്നാന്‍ തുടങ്ങി.നല്ല ചൂട് കടലയാണ് എന്ന് പാക്കറ്റ് തൊട്ടപ്പോഴേ മനസ്സിലായിരുന്നു.
വേണോന്ന് ചോദിക്കും എന്ന് കരുതി, കുറെ കാത്തിരുന്നു. ഒന്നുമുണ്ടായില്ല.


കണ്ണില്‍ വെള്ളം നിറയാന്‍ തുടങ്ങി. ആരും കാണാതെ തുടച്ചു, പുറത്തേയ്ക്ക് നോക്കി യിരുന്നു. ചോദിച്ചാലോ? അയ്യേ-- നാണക്കേട്!വേണ്ട. പണ്ടേ ചോദ്യവും ഉത്തരവും സ്വയം ചെയ്തിരുന്നതുകൊണ്ടും, നേരിട്ട് തുറന്നു പറയാന്‍ ഇത് അച്ഛനോ,അമ്മയോ, അടുത്ത സുഹൃത്തോ അല്ലാത്തതുകൊണ്ടും മിണ്ടാതിരുന്നു. എന്നാലും ഇങ്ങനെയുണ്ടോ ഒരു മനുഷ്യന്‍! വേണോന്നു വെറുതെ ഒന്ന് ചോദിച്ചു പോകില്ലേ! ദുഷ്ടന്‍!
കാത്തു കാത്തിരുന്നെങ്കിലും ഒരു കടല മണി അബദ്ധത്തില്‍ പോലും തെറിച്ചു അവളുടെ നേര്‍ക്ക്‌ വന്നില്ല.

അച്ഛനാണെങ്കില്‍ ഇങ്ങനെ ചെയ്യുമോ, എന്നാലോചിച്ചപ്പോള്‍ ഒരു തേങ്ങല്‍ വന്നു തൊണ്ടയില്‍ നിറഞ്ഞു.അത് പോട്ടെ--- എത്ര ആണുങ്ങള്‍ പിറകെ നടന്നതാ-- ആ ഗോപാല കൃഷ്ണനെയോ മറ്റോ കെട്ടിയാല്‍ മതിയായിരുന്നു. എന്തൊരു സ്നേഹമായിരുന്നേനെ! എങ്കില്‍ ആ കടല മുഴുവന്‍ തനിക്ക് തന്നേനെ--- ഇത് ഒട്ടും സ്നേഹമില്ലാത്തവന്‍! അനുഭവിക്കുക തന്നെ.

ബസ്സിറങ്ങി വീട്ടിലെയ്ക്ക് നടക്കുമ്പോള്‍ ഓര്‍ത്തു, വീട്ടില്‍ എത്തിയാല്‍ അമ്മയോട് പറയണം, ഇങ്ങനെ ഒക്കെ ഉണ്ടായി എന്ന്.

വീട്ടില്‍ എത്തിയപ്പോഴോ, അവര്‍ വരുന്നത് പ്രമാണിച്ച് അമ്മയും അച്ഛനും ഒരുപാടുപേരെ ക്ഷണിച്ചു ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ ഓടി നടക്കുന്നു. അനിയന്‍ ആണെങ്കില്‍ അവന്‍റെ സുഹൃത്തുക്കളുടെ കൂടെ തമാശ പറഞ്ഞു ചിരിക്കുന്നു. ഇവിടെയും ആരുമില്ല, തന്‍റെ വിഷമങ്ങള്‍ പറയാന്‍. കെട്ടിച്ചു വിട്ടാല്‍ പിന്നെ എല്ലാം ആയല്ലോ. ഇനി ഒക്കെ അവന്‍ നോക്കിക്കോളും എന്ന് വിചാരിക്കുന്നവരോടു എന്ത് പറയാന്‍. താന്‍ അനാഥയായിരിക്കുന്നു. ഇപ്പോള്‍ തന്നെ ഇങ്ങനെ ആണെങ്കില്‍ ഇനി കുറച്ചു കഴിഞ്ഞാല്‍ എന്താവും!

ആരോടും പറഞ്ഞില്ല. എല്ലാവരും ഉറങ്ങിയ ശേഷം കുറെ കരഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു പോകണം എന്ന് കേട്ടപ്പോള്‍ ബാക്കി സ്വപ്നങ്ങളും തകര്‍ന്നു, തരിപ്പണം ആയി. സ്വപ്നം കാണല്‍ ഒക്കെ ഇനി നിര്‍ത്തണം. ഒന്നും തന്‍റെ കയ്യിലല്ലല്ലോ, തീരുമാനങ്ങള്‍!

ഇതുപോലുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഇടയ്ക്കെങ്കിലും ആരും കാണാതെ കരയുക ഒരു പതിവായി.
ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖം.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സംഭവവും ഇത് പോലുള്ള അനേകം സംഭവങ്ങളും അവള്‍ വീണ്ടും പതുക്കെ എടുത്തു പുറത്തിട്ടു.
"എന്നാലും അന്ന് നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ? വേണോന്നു ഒന്ന് ചോദിക്കാമായിരുന്നു.."

എന്ത്? എപ്പോള്‍? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം മറുപടി
" നിനക്ക് വേണമെങ്കില്‍ ചോദിക്കായിരുന്നില്ലേ? ചോദിച്ചെങ്കില്‍ തന്നേനല്ലോ! എനിക്കറിയോ, നിനക്കും കടല ഇഷ്ടമാണെന്ന്? ഇത്രേം വര്‍ഷമായി ഇതൊക്കെ തന്നെ ആലോചിച്ചോ? വേറെ പണിയൊന്നും ഇല്ല." ഇതും പറഞ്ഞു, ആള്‍ ആളുടെ വഴിക്ക് പോയി.

ഹും--തീര്‍ന്നു--
ഇത്രേ ഉള്ളൂ--- കാര്യം. പക്ഷെ അവള്‍ ചോദിക്കുമോ? ഇതൊക്കെ പറയാതെ അറിയണ്ടേ ? അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല.പെണ്ണിന്‍റെ മനസ്സറിയാനുള്ള ഒരു യന്ത്രം ആണുങ്ങള്‍ കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

പക്ഷെ അവളുടെ ആള്‍ക്ക് ഇപ്പോള്‍ പറയാതെ തന്നെ മനസ്സറിയാം കേട്ടോ.  "Experience make the man Perfect." എന്നല്ലേ? ഇരുപതു കൊല്ലം അത്ര ചെറിയ സമയാ?








                                                                   

                                                                         





                                                              * * *

2/7/14

രാക്ഷസി

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നിങ്ങള്‍ രാക്ഷസനെ
കണ്ടിട്ടുണ്ടോ?
രാക്ഷസിയെ?
ഇല്ലായിരിക്കാം.

എന്നാല്‍ രാക്ഷസന്മാരും
രാക്ഷസിമാരും
ഇന്നും ഈ ഭൂമിയില്‍ ഉണ്ട്..
  
എന്നെ രക്ഷിക്കൂ---
രാക്ഷസി വരുന്നൂ--
എന്ന് വിളിച്ചോരാള്‍‍
അലറിക്കരയുന്നത്
ഞാന്‍ വ്യക്തമായി കേട്ടു.
പക്ഷെ വൈകിപ്പോയി.
എനിക്കയാളെ
രക്ഷിക്കാനായില്ല.

മറ്റാരുമല്ല,
ഇന്ന് പാര്‍ക്കിലൂടെ
നടന്നു വരുമ്പോള്‍
എന്‍റെ കാലിനടിയില്‍ പെട്ട്
ഇഹലോകവാസം
വെടിയുന്നതിന്
തൊട്ടു മുന്നേ
ഒരു പാവം കട്ടുറുമ്പ്!

           * * *