4/12/13

ഒരു വിഷുക്കാലം കൂടി

                                                                                               കവിത


                                                                            അനിത പ്രേംകുമാര്‍ , ബാംഗ്ലൂര്‍ 
















ഏപ്രില്‍  മാസം ഇത് , വേനൽ കഠിനമായ്,
മാവുകൾ, പ്ലാവുകൾ , കായ്ച്ചു നിൽക്കൂ .
പരീക്ഷ കഴിഞ്ഞിട്ട് കൂട്ടുകാര്‍ വന്നെത്തി ,
"പാള വണ്ടീ"* ലൊന്നു  ചുറ്റീടെണം  !

പച്ച മാങ്ങ തിന്നു വെള്ളം കുടിക്കവേ,
അമ്മൂമ്മ ചൊല്ലുന്നു " അരുത്, മോളേ"
വയറിനു കേടിതെ ന്നറി യാത്തകൊണ്ടല്ല ,
ഉണ്ണി മാങ്ങയ്ക്കെന്തു സ്വാദാണെന്നോ!

                 
പലതരം മാമ്പഴം ഉണ്ടെങ്കിലും അതില്‍,
നാട്ടു മാങ്ങയ്ക്കെന്തു മധുരമാണ്!
മാവിൻ ചുവട്ടിലായ് കാത്തു ഞാൻ നിൽക്കവേ ,
കാറ്റൊന്നു വീശുന്നു  , അടരുന്നു,  മാങ്ങകൾ---

കൊന്നകൾ പൂത്തിതു , സ്വർണ്ണ വർണ്ണ ങ്ങളായ്  ,
വന്നുവല്ലോ വിഷു, ആഘോഷമായ് --
വയലിലെ വെള്ളരി മൂത്തു , പഴുത്തല്ലോ ,
സംക്രമത്തിന്‍ നാള്‍  വിളവെടുപ്പ് ---

കൊന്നയും, മാങ്ങയും , വെള്ളരി, ചക്കയും,
കോടി മുണ്ടും നവ ധാന്യങ്ങളും.
കോയക്ക,  കണ്ണാടി, സ്വർണ്ണവും , വെള്ളിയും
എല്ലാമൊരുക്കുവാൻ കൂടി ഞങ്ങൾ --

ബോംബുകൾ, ഓലപ്പടക്കങ്ങൾ , കാന്താരീ,
പൂക്കുറ്റി , ചക്ക്രങ്ങൾ , കമ്പി ത്തിരി.
പൂത്തിരി കത്തുന്ന നേരത്തെന്നനിയന്‍റെ
കണ്‍കളിൽ കണ്ടു , ഞാൻ മറ്റൊരു പൂത്തിരി!

കാലത്ത് നാല് മണിയ്ക്കെ ണീപ്പിച്ചച്ഛൻ,
കണികാണിച്ചമ്മൂമ്മ,  വന്ദി ച്ചു  കാൽക്കലും.
ഉപ്പില് മുക്കിയ വെല്ല ത്തിൻ  കഷണങ്ങൾ
വായിലെയ്ക്കിട്ടിട്ടു ചൊല്ലാതെ ചൊല്ലിയോ?

മക്കളെ, മധുരവും കയ്പ്പും നിറഞ്ഞതാ -
-ണീ   ജീവിതം , അത്  സ്വീകരിക്കൂ --
കൈ നീട്ടം  വാങ്ങിയി ട്ടവിടുന്നെണീക്കവേ
വന്നെത്തീ കൂട്ടുകാർ , പിന്നെ- നാട്ടുകാരും --

      *          *               *
* പാള വണ്ടി
കമുകിൻ പാള യുടെ ഓല പോലത്തെ ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം
ഒരാള്പാളയിലിരിക്കും.
മറ്റെയാൾ നട വഴിയിലൂടൊക്കെ വലിച്ചോണ്ട്  പൊകും.
തളരുമ്പോൾ മറ്റെയാൾ ഇരിക്കും, ഇരുന്നയാള്‍ വലിക്കും.പാള കീറി, ഇട്ട കുപ്പായവും കീറുമ്പോള്‍ കളി നിര്‍ത്തും.
നാട്ടിന്‍ പുറത്തെ കുട്ടികളുടെ ഒരു പ്രധാനപ്പെട്ട  വിനോദം ആയിരുന്നു ഇത് .











4/11/13

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി ഈ ആണുങ്ങള്‍ക്ക് എന്നാണാവോ സ്വാതന്ത്ര്യം കിട്ടുക?
















         മുമ്പൊക്കെ കരുതിയത്‌ പെണ്ണിന്‍റെജീവിതം നിശ്ശബ്ദമായ പൊരുതലാണ് എന്നാണ്‌. ഇപ്പോള്‍ തോന്നുന്നു, ആണിന്‍റെ കാര്യം അതിലേറെ കഷ്ടം എന്ന്.
കിട്ടാത്ത സ്നേഹത്തിന്‍റെ, പൊന്നിന്‍റെ, പണത്തിന്‍റെ, വസ്ത്രങ്ങളുടെ, യാത്രകളുടെ പേരില്‍ അവന്‍റെ സ്വസ്ഥത കളയാന്‍ ഞങ്ങള്‍ സ്ത്രീകള്‍ ഭാര്യയുടെ,അമ്മയുടെ, പെങ്ങളുടെ ഒക്കെ കുപ്പായങ്ങളണിഞ്ഞു എപ്പോഴും കാത്തു നില്‍ക്കുന്നു.
അവന്‍ തന്നതിന്‍റെ കണക്കുകള്‍ ഞങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കുകയും തരാത്തതിന്‍റെത് ഓര്‍ത്തു കൊണ്ടിരിക്കുകയും അതും പറഞ്ഞു അവനെ ജീവിതകാലം മുഴുവന്‍ നോവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അവന്‍റെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടി ചുമടെടുക്കാനുള്ളതാണെന്ന് വീട്ടില്‍ ഒരു പണിയും ചെയ്യതെയിരുന്നു ഞങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.
സ്വസ്ഥത എന്തെന്ന് അവന്‍ അറിയുന്നേയില്ല.
അവന്‍ എളുപ്പം വൃദ്ധനായി തീരുന്നു. കൂടിയാല്‍ അറുപതോ എഴുപതോ വയസ്സ്.
അപ്പോഴും ഇനിയെനിക്കാര് എന്ന സ്വാര്‍ത്ഥതാപരമായ കരച്ചിലില്‍ തുടങ്ങി സ്വത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലായി ഞങ്ങളുടെ ജീവിതം മാറുന്നു.
ഞങ്ങള്‍ പിന്നെയും നൂറോ നൂറ്റിപ്പത്തോ വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നു.
ഇനി വിവാഹ മോചനം നടത്തി അവന്‍റെ ജീവിതത്തിലെ ഒരു പെണ്ണിനെ ഒഴിവാക്കാം എന്ന് കരുതിയാല്‍ ഞങ്ങളുടെ തനി സ്വഭാവം അവന്‍ അറിയും.
എടുത്താല്‍ പൊങ്ങാത്ത സ്വത്തും പണവും കൊണ്ടല്ലാതെ ഞങ്ങളെ ഒഴിവാക്കാമെന്ന് കരുതേണ്ട.
അതവന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കിയെ പറ്റൂ.എങ്ങനെ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി ഈ ആണുങ്ങള്‍ക്ക് എന്നാണാവോ സ്വാതന്ത്ര്യം കിട്ടുക?  
വാല്‍ക്കഷ്ണം: ഞങ്ങള്‍ കൊടുത്തിട്ട് വേണ്ടേ കിട്ടാന്‍!

4/6/13

അവസരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്

                         

                                          

                                        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍ 

 പായം മുക്ക് എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ആ സമയത്ത്  ഞങ്ങള്‍ താമസിച്ചിരുന്നത്. അവടെ അടുത്താണ് പയഞ്ചേരി എല്‍. പി . സ്കൂള്‍.

നാലാം ക്ലാസ്സുവരെ യാണ് അവിടെയുള്ളത്. അവിടത്തെ  ഹെഡ്‌ മാസ്റ്റര്‍ ശങ്കരന്‍ മാഷ്‌.

 "കോന്നന്‍ മാശെ" എന്നായിരുന്നു ശങ്കരന്‍മാഷ്‌ എന്നെ വിളിച്ചിരുന്നത്. ഗോവിന്ദന്‍ മാഷിന്‍റെ മകള്‍ എന്നതിന്‍റെ ചുരുക്കം ആയിരിക്കണം.

എന്തായാലും ആ വിളിയില്‍ ഈ ലോകത്തെ മുഴുവന്‍ സ്നേഹവും ചാലിച്ച് ചേര്‍ത്തപോലായിരുന്നു.

എന്നോടു മാത്രമല്ല. എല്ലാവരോടും സ്നേഹത്തിന്‍റെ ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
വെളുത്ത്, തടിച്ച്, നല്ല ഉയരവും തലയെടുപ്പും ഉള്ള മാഷിന്‍റെ കൈയ്യില്‍  ഒരു വടി എപ്പോഴും കാണും.
എങ്കിലും അത് കൊണ്ട് ആരെയും തല്ലുന്നതായി കണ്ടിട്ടില്ല.
വഴക്ക് പറയുന്നതുപോലും അപൂര്‍വ്വം.
മാഷ്‌ ദൂരേന്ന് നടന്നു വരുന്നത് കണ്ടാല്‍ തന്നെ, കുട്ടികള്‍ അടങ്ങിയിരിക്കുമായിരുന്നു.

അദ്ദേഹം ഹെഡ് മാസ്റ്റര്‍ ആയത് കൊണ്ട് , ഏതെങ്കിലും ടീച്ചര്‍ ലീവ് ആണെങ്കില്‍ ക്ലാസ്സില്‍ വരും. അല്ലാതെ വരില്ല.
മാഷ്‌ വന്നാല്‍ മനോഹരമായ കഥകള്‍പറഞ്ഞു തരും. ഒരു പീരീഡ്‌ തീരുന്നത് അറിയില്ല. അതുകൊണ്ട് തന്നെ മറ്റു ടീച്ചര്‍മാര്‍ ലീവ് എടുത്താല്‍ ഞങ്ങള്‍ ഒരുപാടു സന്തോഷിച്ചിരുന്നു.ശങ്കരന്‍മാഷ്‌ വരുന്നതും കാത്തു നിന്നിരുന്നു.

അങ്ങനെയൊരു  ദിവസം.രാഗിണി ടീച്ചര്‍ അന്ന് ലീവ് ആണ്.
 പൊതുവേ കുട്ടികളെ അടിയ്ക്കാനായ്‌ തന്നെ വടി കൊണ്ട് വരുന്ന, ചെറിയ തെറ്റ്കള്‍ക്ക് വല്ലാതെ വഴക്ക് പറയുന്ന ടീച്ചര്‍ അന്ന് ലീവ് ആയപ്പോള്‍ സന്തോഷം ഇരട്ടിയായി. ഞങ്ങള്‍ ശങ്കരന്‍മാഷ്‌ വരുന്നതും കാത്തു നിന്നു.

പതിവുപോലെ  നിറഞ്ഞ ചിരിയുമായി, കയ്യിലൊരു വടിയുമായി മാഷ്‌ ക്ലാസ്സിലെയ്ക്ക് വന്നു.
അതുവരെ കലപില സംസാരിച്ചു കൊണ്ടിരുന്ന കുട്ടികള്‍ അതൊക്കെ നിര്‍ത്തി ഇന്ന് പറയാന്‍ പോകുന്ന കഥ കേള്‍ക്കാന്‍ തയ്യാറായി.

കഥ കേള്‍ക്കാന്‍ കുട്ടികളെ ഒരുക്കുന്നതിന്‍റെ ഭാഗമായി മാഷ്‌ ചില ചോദ്യങ്ങള്‍ ചോദിക്കും. അതിലും ഞങ്ങള്‍ മനസ്സിലാക്കേണ്ട ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
ചോദ്യം തുടങ്ങി.

"ഇവരില്‍ ആരെ കാണാനാ ഏറ്റവും ഭംഗി?"

ഞങ്ങളുടെ  മൂന്നാം ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജയെയും  ആണ്‍കുട്ടികളില്‍ ഒരാളായ അശോകനെയും എഴുന്നേല്പിച്ചു നിര്‍ത്തിയാണ് ചോദ്യം.

ഉത്തരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു.
പക്ഷെ  ഒരു കാര്യവും ഇല്ലാതെ ഇങ്ങനെയൊരു ചോദ്യം അദ്ദേഹം ചോദിക്കില്ലല്ലോ.
എങ്കിലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ മടികൂടാതെ  പറഞ്ഞു.

"വനജ"

ആണ്‍കുട്ടികള്‍ക്കും ഉത്തരം അത് തന്നെ. പക്ഷെ  തുറന്നു പറയാന്‍ മടി.
ഉടനെ മാഷ്‌ ചോദിച്ചു.

" അപ്പോള്‍ അശോകനോ?"

ആരും ഒന്നും മിണ്ടിയില്ല.
" നോക്കൂ, പൂവന്‍ കോഴിയാണോ, പിടക്കോഴിയാണോ കാണാന്‍ ഭംഗി?

" പൂവന്‍ കോഴി"

എല്ലാവരും ഒരുമിച്ചു പറഞ്ഞു.
 "അതെ, അതിന് തലയില്‍ നല്ല  ഭംഗിയുള്ള പൂവും നീളമേറിയ അങ്കവാലും ഉണ്ട്, അല്ലേ?"

"അതേ"

"ശരീ, ആണ്‍ മയിലോ, പെണ്‍ മയിലോ ഭംഗി?"

 കഴിഞ്ഞയാഴ്ചയാണ് സ്കൂളില്‍ നിന്നും മൃഗശാല കാണാന്‍ പോയത്.
അതുകൊണ്ട് ധൈര്യമായി പറഞ്ഞു.

"ആണ്‍ മയില്‍"

"കൊമ്പനാനയോ, പിടിയാനയോ ഭംഗി?"

"കൊമ്പനാന" ആര്‍ക്കും സംശയമില്ല.

"ഇനി പറയൂ, വനജയോ, അശോകനോ ഭംഗി?"
ഏതാനും നിമിഷങ്ങള്‍ ക്ലാസ്സ്‌ നിശ്ശബ്ദമായി.
പിന്നെ ഓരോരുത്തരായി പറയാന്‍ തുടങ്ങി

"വ---ന----ജ--"

മാഷ്‌ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതേ കുട്ടികളെ, മൃഗങ്ങളിലൊക്കെ പെണ്ണിനെ ആകര്‍ഷിക്കാന്‍ ആണിനു ഭംഗി കൊടുത്തിരിക്കുന്നു.
മനുഷ്യരില്‍ മാത്രം ആണിനെ ആകര്‍ഷിക്കാന്‍ നീണ്ട മുടിയും ഭംഗിയുള്ള വടിവൊത്ത ശരീരവും, വിടര്‍ന്ന കണ്ണുകളും ഒക്കെയായി പെണ്ണിനും.
പ്രകൃതിയുടെ ഒരു വികൃതി. "

"എന്നാല്‍ ഇനി കഥയിലെയ്ക്ക് കടക്കട്ടെ?"
എല്ലാവരും തയ്യാറായി. മാഷ്‌ തുടര്‍ന്നു.

രാമുവും ദാമുവും സഹപാഠികളായിരുന്നു. രാമു നന്നായി പഠിക്കും.നല്ല പെരുമാറ്റവും. എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. അവനെക്കൊണ്ട് പറ്റുന്ന സഹായങ്ങളും ചെയ്യും.
അത് കൊണ്ട് ടീച്ചര്‍ മാര്‍ക്കും കുട്ടികള്‍ക്കും രാമുവിനെ വലിയ ഇഷ്ടമാണ്.

പക്ഷെ ദാമു, അവന്‍ അവന്‍റെ അച്ഛന് പണമുണ്ടെന്നു കാണിക്കാന്‍ വിലകൂടിയ കുപ്പായങ്ങളൊക്കെ ഇട്ടു വരും. അവന്‍ പറയുന്നത് അനുസരിക്കുന്ന കുട്ടികള്‍ക്ക് മിട്ടായികള്‍ വാങ്ങിക്കൊടുക്കും. ടീച്ചര്‍ മാര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കില്ല.  തരം കിട്ടിയാല്‍ മറ്റു കുട്ടികളെ ഉപദ്രവിക്കും.

ഒരു ദിവസം ദാമു അനാവശ്യമായി രാമുവിനെ അടിക്കുന്നത് ടീച്ചര്‍ കണ്ടു.അവര്‍ ദാമുവിനെ അടുത്തു വിളിച്ച് കാര്യം തിരക്കി.
അവന്‍ പറഞ്ഞു.

" ടീച്ചര്‍, എന്‍റെ അച്ഛന് ഇഷ്ടം പോലെ പണമുണ്ട്. ഞാന്‍ ഇടയ്ക്കൊക്കെ ഇവര്‍ക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നിട്ടും ആര്‍ക്കും എന്നെ ഇഷ്ടമല്ല. ടീച്ചര്‍ മാര്‍ക്കും കുട്ടികള്‍ക്കും ഒക്കെ എന്തിനും ഏതിനും രാമു മതി. അതെന്താ അങ്ങനെ?"

ടീച്ചര്‍  പറഞ്ഞു." നിങ്ങള്‍ രണ്ടു പേരും എന്‍റെ കൂടെ വരൂ."
സ്കൂളിന് പിറകിലെ പൂട്ടിയിട്ട കെട്ടിടത്തിലെ  രണ്ടറ്റത്തുമുള്ള ഓരോ മുറി വീതം രണ്ടുപേര്‍ക്കും തുറന്നുകൊടുത്തു. എന്നിട്ട്
 രണ്ടു പേര്‍ക്കും അമ്പത് രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.

"നിങ്ങള്‍ ഓരോരുത്തരും ഈ പണത്തിന് നിങ്ങള്‍ക്കിഷ്ടമുള്ളത് വാങ്ങി അവരവരുടെ മുറി നിറയ്ക്കണം. ഒരു മണിക്കൂര്‍ സമയം തരുന്നു. അതുവരെ ക്ലാസ്സില്‍ പോകണ്ട. അത് കഴിഞ്ഞ് ഞാന്‍ വരാം."

കൃത്യം  ഒരു മണിക്കൂര്‍ കഴിഞ്ഞ് ടീച്ചര്‍ വന്നു. ദാമു ഓടി വന്നു പറഞ്ഞു.
"ടീച്ചര്‍, ഞാന്‍ മുറി നിറച്ചിരിക്കുന്നു. വന്നു നോക്കൂ."

ടീച്ചര്‍ ചെന്ന് നോക്കി. ശരിയാണ്. കച്ചറ കൊണ്ട് പോകുന്ന വണ്ടിക്കാരന് അമ്പത് രൂപ കൊടുത്തപ്പോള്‍ അയാള്‍ അത് അവിടെ തള്ളി, എളുപ്പത്തില്‍ പണിയും തീര്‍ത്ത് പോയിരിക്കുന്നു.
ദാമു വിജയ ഭാവത്തില്‍ ചിരിക്കുന്നു.
നാറ്റം സഹിക്കവയ്യാതെ  മൂക്കും പൊത്തിപ്പിടിച്ച് ടീച്ചര്‍ അവിടുന്നു പുറത്തു കടന്നു. ദാമുവിനെയും കൂട്ടി നേരെ  രാമു വിന്‍റെ മുറി ലക്ഷ്യമാക്കി നടന്നു.

അടുത്തെത്തിയപ്പോള്‍തന്നെ നല്ല മണം. ഏറെ നാള്‍  പൂട്ടിയിട്ട ആ മുറി, അവന്‍ അടിച്ചുവാരി വൃത്തിയാക്കിയിരിക്കുന്നു.
ടീച്ചര്‍ കൊടുത്ത അമ്പതു രൂപയ്ക്ക് ഒരു ചെറിയ മണ്‍ ചിരാത്, തീപ്പെട്ടി, ചന്ദനത്തിരി എന്നിവയാണ് അവന്‍ വാങ്ങിയത്.
അതില്‍ കത്തിച്ച വെളിച്ചവും ചന്ദനത്തിരിയുടെ ഗന്ധവും മുറി മുഴുവന്‍ നിറഞ്ഞ് പുറത്തേയ്ക്കും പരക്കുന്നു.

ടീച്ചര്‍  ദാമുവിനെ നോക്കി.
ഒന്നും പറയാതെ തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു, അവന്‍റെ അവസ്ഥ.
അവന്‍ കരയാന്‍ തുടങ്ങി.
ടീച്ചര്‍ പറഞ്ഞു. "സാരമില്ല കുട്ടീ, ഇനിയെങ്കിലും കിട്ടിയ അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുക."

"കുട്ടികളെ", ശങ്കരന്‍മാഷിന്‍റെ  വിളി കേട്ട് ഞങ്ങള്‍ ഞെട്ടിയുണര്‍ന്നു.
ഇനി പറയൂ,

" നിങ്ങള്‍ ഓരോരുത്തരും പഠിച്ചു വല്ല്യ വല്ല്യ ആളുകളാകുമ്പോള്‍ കാണാന്‍ ഈ ശങ്കരന്‍മാഷ്‌ ഉണ്ടായീന്നു വരില്ല. ഒരുകാര്യം മാത്രം അറിഞ്ഞാല്‍ മതി. നിങ്ങള്‍ രാമുവിനെ പ്പോലെ യാകുമോ? അതോ ദാമുവിനെപ്പോലെയോ?"

" രാമുവിനെപ്പോലെ---------" ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു.

                                                              *        *         *

 ( എന്‍റെ ദീര്‍ഘ കാല ആഗ്രഹമായിരുന്ന ഡേകെയര്‍ / പ്രീ സ്കൂള്‍ "അമ്മാസ്‌ സ്മാര്‍ട്ട്‌ കിഡ്സ്‌ " എന്ന പേരില്‍ ബാംഗ്ലൂരില്‍ ഗോകുല എന്ന സ്ഥലത്ത്2005 ല്‍ തുടങ്ങി. അവിടത്തെ കുട്ടികള്‍ക്ക് ഈ കഥയും ഇത് പോലുള്ള മറ്റു കഥകളും ഇംഗ്ലിഷിലാക്കി പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് എന്‍റെ പ്രിയപ്പെട്ട മാഷിന് പ്രണാമമര്‍പ്പിക്കുകയായിരുന്നു. ഗുരു ദക്ഷിണ നല്‍കുകയായിരുന്നു.)

                                                            * * *   


















4/3/13

പെണ്ണിന്നു കല്യാണം


                                    അനിത പ്രേംകുമാർ,











പെണ്ണിന്നു കല്യാണം   
എല്ലാര്‍ക്കും സന്തോഷം 
നാടെങ്ങും ആഘോഷം 
സുന്ദരിപ്പെണ്ണിന്നു കല്യാണം!

അച്ഛന്‍ പുതുക്കിപ്പണിഞ്ഞുവീട്.
അമ്മയൊരുക്കീ നൂറുപവന്‍
ഏട്ടന്മാര്‍ വാങ്ങീ തുണിത്തരങ്ങള്‍
സുന്ദരിപ്പെണ്ണിനോ നാണമായി


കൈകോര്‍ത്തു കാതിലായ്‌  
കിന്നാരം ചൊല്ലുന്ന  
സ്വപ്‌നങ്ങള്‍ കണ്ടവള്‍,  
നിദ്ര വെടിഞ്ഞവള്‍, 
കോരിത്തരിച്ചവള്‍, കാത്തിരുന്നു.

മിന്നുകെട്ടും പുടമുറിയും 
എല്ലാം കഴിഞ്ഞവര്‍ യാത്രയാകെ 
നിന്നു വിതുമ്പുന്നോരമ്മയോടും 
കയ്യിലെ പിടിവിടാതനിയനോടും

യാത്ര പറയുവാന്‍ കെല്‍പില്ലാതെ   
കണ്ണ് തുടയ്ക്കുന്ന അച്ഛനോടും   
മൌനമായ്‌ സമ്മതം ചോദിച്ചവള്‍ 
ഭര്‍തൃ വീടും തേടി യാത്രയായി.

ഇരുപതു വയസ്സിന്‍ ഇളം മനസ്സില്‍     
സന്ദേഹമേറെയുണ്ടെന്നറിക   
എങ്കിലും പുഞ്ചിരി കൈവിടാതെ 
എല്ലാവരോടും ചിരിച്ചുനിന്നു.

ആളുകള്‍ ഒഴിയവേ, ആരവം തീരവെ 
കണ്ടറിഞ്ഞു അവള്‍,കൊണ്ടറിഞ്ഞൂ അവള്‍  
താന്‍ ആരുമില്ലാത്തവള്‍ 
ഇന്നനാഥയായവള്‍-------------



              * * *

           http://www.anithakg.blogspot.com

3/8/13

സ്നേഹത്തിന്റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടൂ---





അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍







നാട്ടില്‍ പീഡനങ്ങള്‍ ഇങ്ങനെ കൂടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ സ്ത്രീകള്‍ അമ്മയോ, അമ്മൂമ്മയോ, സഹോദരിയോ, ഭാര്യയോ പ്രണയിനിയോ, മകളോ ആരുമാകട്ടെ,  ഓരോരുത്തരും അവരവരുടെ കടമകളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ്  നമ്മില്‍ ചിലരുടെ  മകന്‍ അല്ലെങ്കില്‍ സഹോദരന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ അപ്പൂപ്പന്‍ , രണ്ട് വയസ്സായ കുഞ്ഞു വാവ തൊട്ട് തൊണ്ണൂറു വയസ്സായ മുത്തശ്ശിമാരെ വരെ വെറും പെണ്‍ ശരീരങ്ങളായി മാത്രം കാണുന്നത്?
എന്താണ് അവര്‍ക്കൊക്കെ സംഭവിച്ചത്? അവര്‍ അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ!

ലഹരി പദാര്‍ഥങ്ങളുടെയും , മൊബൈല്‍ ഫോണിന്‍റെയും ഇന്റര്‍നെറ്റിന്‍റെയും ദുരുപയോഗം മൂലമുണ്ടാകുന്ന , തെറ്റും ശരിയും തിരിച്ചറിയാനാകാത്ത ഒരു തരം മാനസികാവസ്ഥ ഒരു വശത്തുണ്ടെന്നു സമ്മതിക്കുമ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളലുകളും ഒരു പ്രധാന കാരണമല്ലേ?

സ്നേഹത്തിന്‍റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടാന്‍, അവന്‍ അറിയാതെ അവനെ നിയന്ത്രിക്കാന്‍, എപ്പോഴാണ് നമ്മള്‍ മറന്നു പോയത്?

ടി.വി സീരിയലുകള്‍ നമ്മുടെ  ഒഴിവു സമയം മുഴുവനും കീഴടക്കിയപ്പോഴോ?
 മൊബൈല്‍ ഫോണിലും ഫേസ് ബുക്കിലും വരുന്ന മിസ്കോളുകളും  മെസേജ് കളും നമ്മളെ  മറ്റൊരു മായാ ലോകത്ത് എത്തിച്ചപ്പോഴോ?
അതോ തിരക്കുകള്‍ക്കിടയില്‍  പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ സമയമില്ലാതായപ്പോഴോ?

എന്തൊക്കെ ക്രൂരതകള്‍ കാട്ടിയാലും അവന്‍ നമ്മുടെ ആരെങ്കിലുമാണ്!
നമ്മില്‍ ഒരാളുടെ മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അല്ലെങ്കില്‍ അപ്പൂപ്പന്‍!

സ്നേഹം  കൊണ്ടല്ലാതെ അവനെ മെരുക്കാം എന്നു നമ്മളാരും കരുതണ്ട.
അവനെ പോലുള്ളവരെ ഓരോരുത്തരെയായി തൂക്കി കൊന്നാലും മറ്റൊരു സ്ഥലത്ത്, മറ്റൊരു നാമത്തില്‍ അവന്‍ ജനിച്ചു വരും.
അവര്‍ക്ക് ഭക്ഷണം മാത്രം  വച്ച് വിളമ്പി, നാം അവരെ വളര്‍ത്തി കൊണ്ടുവരും! അത് പാടില്ല. ഭക്ഷണത്തിന്‍റെ കൂടെ അല്പം മൂല്യങ്ങളും പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു. 

അവനെ ഒതുക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ല, നമ്മള്‍ക്കല്ലാതെ.
പരസ്ത്രീകളെ-ചെറിയ പെണ്‍കുട്ടികളയടക്കം,  അമ്മയായി കാണുന്ന ഒരു സംസ്കാരം ഭാരതത്തിന്ഉണ്ടായിരുന്നു. അത് ഇന്നും ഇന്ത്യയില്‍ - കേരളത്തിലല്ല-  പല സംസ്ഥാനങ്ങളിലും തുടരുന്നുമുണ്ട്. അച്ഛന്‍ മകളെപ്പോലും "അമ്മ" എന്ന് വിളിക്കുന്നത്‌ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
നമ്മുടെ പുരുഷന്മാരും സ്വന്തം അമ്മയെ ബഹുമാനിക്കുന്ന പോലെ മറ്റു സ്ത്രീകളെയും ബഹുമാനിക്കാന്‍ പഠിക്കട്ടെ.

അതിന് നമ്മളാല്‍ ആകുന്ന സഹായം അവര്‍ക്ക് ചെയ്തു കൊടുക്കുക. 
കാന്‍സര്‍ വന്നയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം പരിചരിക്കാറില്ലേ? 
അതുപോലെ കരുതി ഈ പകര്‍ച്ച വ്യാധിയും ഇല്ലാതാക്കാനുള്ള ചികില്‍സ നമുക്ക്  തുടങ്ങി വെക്കാം.
ഒരു നാട് മുഴുവന്‍ അത് ഏറ്റെടുക്കട്ടെ.
വനിതകളായ നമ്മളോരോരുത്തരുടെയും മനക്കരുത്ത് അപാരമാണ്, അതിന്‍റെ സാധ്യതകള്‍ നമ്മള്‍ അറിഞ്ഞിട്ടില്ലെങ്കിലും! 
അതിനോടു താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഒന്നുമല്ലെന്ന്‍ അറിയുക. ഇനിയെങ്കിലും പീഡനം, പീഡനം എന്ന് പറഞ്ഞിരിക്കാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാം.നല്ല ഒരു നാളേയ്ക്ക് ഇന്ന് തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം.
 ആശംസകളോടെ--






3/4/13

സിംഹ നാദം


അച്ഛന്‍റെ കവിതകള്‍



 
 









പൊട്ടിയ വാളും ഉടഞ്ഞ ശംഖും തന്ന്
എന്നോമനേ നിന്നെയനുഗ്രഹിക്കാം.
കൊല്ലാം, മരിക്കാം, ജയിച്ചു കേറാമെന്ന്,
നാളെയൊരു സാമ്രാജ്യമോമനിക്കാമെന്ന്.

ആരെയും സ്നേഹിക്ക വേണ്ട കുഞ്ഞേ-
അവര്‍ നിന്നെയെറിയുന്ന ചുഴികളില്‍-
 -നിന്നുമാഴങ്ങളില്‍ നിന്നും
നീ പിന്നെ വീണ്ടും ഉയിര്‍ത്തെണീക്കുമ്പോള്‍

വെട്ടിപ്പിടിക്കുക, ഓര്‍ത്തു ചിരിക്കുക,
ഈ ഉടഞ്ഞ ശംഖില്‍ നിന്‍റെ സിംഹ നാദം മുഴക്കുക.

                                                                         കെ. ഗോവിന്ദന്‍ മാസ്റ്റര്‍, തില്ലെങ്കേരി

(അദ്ദേഹം  അവസാന നാളുകളില്‍ ഉപയോഗിച്ചിരുന്ന ഡയറിയില്‍ നിന്നും എടുത്തെഴുതുന്നത്. ഈ കവിതകള്‍  ഞങ്ങള്‍ കാണുന്നത് തന്നെ ഇപ്പോഴാണ്. പലതും കുത്തിക്കുറിക്കുന്നതിനിടയില്‍  തിളങ്ങി നിന്ന ചില കൊച്ചു കൊച്ചു കവിതകള്‍. അതിലോന്നാണിത്. മുമ്പ് കിട്ടിയ ഒന്ന് -കാക്കയ്ക്ക് പറയാനുള്ളത്- ഈ ബ്ലോഗില്‍ ഇട്ടിരുന്നു. 
പൊട്ടിയ വാളും ഉടഞ്ഞ ശംഖും എന്ന ഈ കവിത മലയാള കവിതയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പിന്നെ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍ക്കുമായി  സമര്‍പിക്കുന്നു)

3/3/13

ജന്മാന്തരങ്ങള്‍

                                                                                 അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍



















എന്‍റെ ചില സുഹൃത്തുക്കള്‍ ചോദിച്ചു,
" കുറെ ദിവസമായല്ലോ, നെറ്റിലും നേരിട്ടും ഒക്കെ കണ്ടിട്ട്, എന്ത് പറ്റി ?"

സത്യം പറഞ്ഞാ നിങ്ങളാരും വിശ്വസിക്കില്ലാ, എന്നറിയാം,
എന്നാലും പറയട്ടെ.
കുറച്ചു ദിവസമായി ഞാന്‍ തപസ്സു ചെയ്യുകയായിരുന്നു, അതും ഒറ്റക്കാലില്‍.
അവസാനം എന്‍റെ ദൈവത്തിന് പ്രത്യക്ഷപ്പെടാതെ വയ്യെന്നായി. അത് ആരാന്നല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണന്‍.

പക്ഷേ ഒരു വ്യത്യാസം. നിങ്ങളീ പറയുന്ന ആടയാഭരണങ്ങളൊന്നും അദ്ദേഹം അണിഞ്ഞിരുന്നില്ല, ഒരു സാധാരണക്കാരന്‍റെ വേഷവിധാനങ്ങള്‍ മാത്രം.
എന്നിട്ടും എനിക്കെങ്ങനെ മനസ്സിലായീ എന്നല്ലേ?
ഇതാണ് നിങ്ങളുടെ പ്രശ്നം!

എന്‍റെ കൂടെ എപ്പോഴും നടക്കുന്ന, എന്നോടു കിന്നാരങ്ങള്‍ പറയുന്ന, എന്‍റെ തെറ്റുകള്‍ക്ക് എന്നെ ശാസിക്കുന്ന, എന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം പറയുന്ന,
എന്‍റെ കൂടെ ഉണ്ണുന്ന,ഉറങ്ങുന്ന ആളെ എനിക്ക് ആരെങ്കിലും പരിചയപ്പെടുത്തണോ! നേരിട്ട് കാണാന്‍ പറ്റുന്നത് ആദ്യമായിട്ടാണെന്ന് മാത്രം.

അദ്ദേഹം  മുഖവുര കൂടാതെ ചോദിച്ചു.
"പറയൂ , എന്തിനായിരുന്നു നേരിട്ട്  കാണണമെന്ന ഈ വാശിയും,  തപസ്സും?"
എനിക്ക് തൊണ്ടയിലെ വെള്ളം വറ്റിയത്പോലെ, നാവ് വരണ്ടു.
എങ്കിലും വിക്കി,വിക്കി ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.

" അങ്ങ് എന്‍റെ കൂടെ വരണം. എനിക്ക് എന്‍റെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍
ഒരു സിനിമയിലെന്നപോലെ കാട്ടിത്തരണം. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടില്ല."

ആ മുഖത്തെ കള്ളച്ചിരി ഞാന്‍ വ്യക്തമായി കണ്ടു. ചെരിഞ്ഞ ഒരു നോട്ടവും!

ഈ  ജന്മത്തിലെ എല്ലാ കാര്യങ്ങളും നീ പറയാതെ തന്നെ ഞാന്‍ അറിഞ്ഞ് ചെയ്തു തരുന്നുണ്ടല്ലോ, അതുകൊണ്ടല്ലേ നീ ,അതിനും അപ്പുറത്തേയ്ക്ക് പോയത് എന്ന് ആ ചുണ്ടുകള്‍ എന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു.

പതുക്കെ  ചോദിച്ചു." കൃഷ്ണാ, എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്?
ഞാന്‍ ചോദിച്ചത് തെറ്റായിപ്പോയോ"?

ഒരു  മന്ദമാരുതന്‍ എന്നെ വന്നു തഴുകുന്നതും, ഹൃദ്യമായ, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പരിമളം ചുറ്റും പരക്കുന്നതും മാത്രം അറിഞ്ഞു.

 ഈ ജന്മത്തില്‍ എനിക്ക് ദാനമായി കിട്ടിയ ശരീരം പതുക്കെ ഉപേക്ഷിച്ച് സുഖ കരമായ ഒരു മയക്കത്തിലെന്നപോലെ, അവന്‍റെ കൈകളില്‍ എന്നെത്തന്നെ സമര്‍പിച്ചു. അടുത്ത നിമിഷത്തില്‍ അവന്‍ എന്നെയും കൊണ്ട് കാലചക്രത്തിന്‍റെ നേരെ എതിര്‍ദിശയിലേയ്ക്ക് യാത്ര തിരിച്ചു.


                                                         ** *                                             
                                                                                                                 തുടരും-------




2/15/13

ഞാന്‍ പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും



                                                                         അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍


                                  
                                                                       

 പ്രണയ ദിനം എല്ലാവരും ആഘോഷിക്കുന്നു.
എന്താണ് പ്രണയം!
അതൊരു ദിവസത്തേയ്ക്കുള്ള ആഘോഷമാണോ?

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
സ്കൂള്‍ വിട്ടു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍
എന്നും ഒരു നിശ്ചിത ദൂരം വിട്ടു അവളുടെ വീട് വരെ പിറകെ നടന്ന് തിരിച്ചു പോകുന്ന രണ്ടു കുട്ടികള്‍.
അവര്‍ തോറ്റു തോറ്റു, ഏഴില്‍ തന്നെ യായവര്‍!
ഒരിക്കലും ഒരുപദ്രവവും ചെയ്യാത്തവര്‍. 
എങ്കിലും  ഒരു ദിവസം അവള്‍ തിരിഞ്ഞു നിന്ന് അവരോട് തട്ടിക്കയറി!
അവരുടെ ഉള്ളിലുള്ളതും പ്രണയമോ?

അമ്മൂമ്മയുടെ  വീട്ടില്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടന്‍ കവിളില്‍  ഒരുമ്മ തന്ന് ഒടിപ്പോയതും, അരുതാത്ത തെന്തോ ആണെന്ന് തോന്നി, അമ്മൂമ്മയോട് പരാതി പറഞ്ഞ ഏഴാം ക്ലാസ്സുകാരി!
ആ  ചേട്ടനും പ്രണയമായിരുന്നോ?

വീട് മാറി മറ്റൊരു സ്ഥലത്ത് താമസം തുടങ്ങിയപ്പോള്‍
ഇതേ ഏഴാം ക്ലാസുകാരിയോട് ഇഷ്ടമാണെന്ന്, ഒരിക്കലും പറയാതെ, ചോദിക്കാതെ,  അവളെ നിഴലുപോലെ പിന്തുടര്‍ന്ന  പ്രീ ഡിഗ്രീ രണ്ടാം വര്‍ഷക്കാരനുള്ളതുംപ്രണയമോ?
അവളുടെ വിവാഹത്തിന്ചിരിച്ചു കൊണ്ട് സദ്യ യൊരുക്കുമ്പോഴും അവന്‍ അവളെ പ്രണയിച്ചിരുന്നോ?

8 മുതല്‍ 10 വരെ കൂടെ പഠിച്ച സഹപാഠി, ആണ്‍ കുട്ടികളില്‍ ഒന്നാമനായവന്,
പെണ്‍കുട്ടികളില്‍ ഒന്നമാതായവളോടു തോന്നിയ അടുപ്പവും പ്രണയമോ?

ജോലിക്ക്  പോകുമ്പോള്‍ ഒരുനാള്‍ ബസ്സില്‍ വച്ച് കണ്ട്, അഡ്രസ്‌ തപ്പിപ്പിടിച്ച് കത്തയച്ച്, കത്ത് കിട്ടിയ അച്ഛന്‍ അവളറിയാതെ മറുപടി അയച്ച്, ആ മറുപടിയില്‍ തൃപ്തനായി മടങ്ങിയ ആള്‍ക്കും ഉണ്ടായിരുന്നത് പ്രണയമോ?
മധുരമായി പാടുന്ന, തമാശകള്‍ പറയുന്ന, എന്നാല്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന, ഒരാളോട്  അവള്‍ക്കുണ്ടായിരുന്ന ആരാധനയും പ്രണയമോ?

ഇതൊക്കെ  പ്രണയമാണെങ്കില്‍ ഇവരാരും എന്ത് കൊണ്ട് സ്വന്ത മാക്കാന്‍ ശ്രമിച്ചില്ല! സ്വന്തമാവാഞ്ഞതിന്‍റെ പേരില്‍ മുഖത്ത് ആസിഡ്‌ ഒഴിച്ചില്ല?

ഇതൊന്നും പ്രണയമല്ലെങ്കില്‍ അവരില്‍ സ്നേഹം ഉണ്ടായിരുന്നില്ലെങ്കില്‍
അവളെന്തിനിതൊക്കെ ഇപ്പോഴും ഇഷ്ടത്തോടെ  ഓര്‍ക്കുന്നു!
ഓര്‍ക്കുമ്പോള്‍ എന്ത് കൊണ്ട് ദേഷ്യം വരുന്നില്ല!

ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില്‍ അവളിലെ പ്രണയം അന്നേ അസ്തമിച്ചേനെ എന്നും ഞാന്‍ കരുതുന്നു. അവളുടെ തനി സ്വഭാവമറിയുമ്പോള്‍  അവരിലെയും.
പകരം ഇവരൊന്നു മല്ലാത്ത ഒരാള്‍  കല്യാണാലോചനയുമായി എത്തിയപ്പോള്‍ കാത്തിരുന്ന ആള്‍ ഇതാണെന്ന് തോന്നിയതും പ്രണയമല്ലേ?

ഔപചാരികതകള്‍ എന്തെന്നറിയാത്ത അവന്‍  അവള്‍ക്കായ്കാത്തു വച്ചത്,എല്ലാ വര്‍ഷവുമോരോരോ പ്രണയ ദിനങ്ങളായിരുന്നില്ലല്ലോ.  
സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ  ശ്വാസവും, ഓരോ നിമിഷവും
സ്വന്തം ആത്മാവ് തന്നെ അവള്‍ക്ക് വിട്ടു കൊടുക്കുകകയായിരുന്നു. കണ്ടുമുട്ടി, ഒന്നായതുമുതല്‍ കൈ വിടാതെ, ഒരു നിമിഷം പിരിഞ്ഞിരിക്കാതെ കൂടെ കൊണ്ട് നടക്കുകയായിരുന്നു ! 
അന്നും ഇന്നും,ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറയാതെ, സമ്മാനങ്ങള്‍ നല്‍കാതെ, അഭിനന്ദനങ്ങള്‍ അറിയിക്കാതെ!

ഇതിലേതാണ് പ്രണയം! ഏതെങ്കിലും  ഒന്നോ, അതോ എല്ലാം ചേര്‍ന്നതോ? 

എന്തായാലും  ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിനെയും   അവള്‍ പ്രണയിക്കുന്നു. 
തുഴഞ്ഞിടത്തോളം തുഴയാന്‍ ഇനി ബാക്കിയില്ലാത്ത  ജീവിതത്തിന്‍റെ മറുകരയിലെയ്ക്ക് പ്രണയത്തിന്‍ തോണി തുഴഞ്ഞ് സന്തോഷത്തോടെ  അവള്‍  പ്രവേശിക്കട്ടെ. 
കൂടെ ഞാനും പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും.

               - ------------------------------------------------------------------------------









2/6/13

പായം പുഴ (രേണുന്‍റെ കഥ )


    (നോവല്‍ -ഭാഗം 3 )        

 അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍








പായം പുഴയില്‍ രേണുന്ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് തോണിക്കടോത്ത്.
എംബി വല്ല്യച്ചന്‍റെ പറമ്പിന്‍റെ താഴെ, പായം മുക്കില്‍ നിന്നും വരുന്ന റോഡ്‌ അവസാനിക്കുന്ന സ്ഥലം.
അവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു കടയുണ്ട് .
പിന്നെ, വലിയ- ഒരു മരവും, നല്ല മിനുസമുള്ള കുറെ പാറകളും. 
ആ മരത്തിന്‍റെ ഉള്ളിലുള്ള വലിയ പൊത്തിലാണ് തോണിക്കാര്‍ പകല്‍ കിടന്നുറങ്ങുന്നതും, അവരുടെ കുട, ചെരുപ്പ്, ബീഡി  മുതലായ വല്ല്യ വല്ല്യ  സാധനങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും.
തോണീല് കേറാന്‍ ആളു വരുന്നുണ്ടെങ്കില്‍ അവര്‍ ദൂരെ നിന്നെന്നെ കൂ------ ന്നു കൂക്കും.
അപ്പൊ തോണിക്കാര്‍  അവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കും.
 വലിയ പാറയിലൂടെ ശ്രദ്ധിച്ച് താഴെയിറങ്ങിയാല്‍ തോണിയില്‍ കേറാം.
നല്ല മഴക്കാലമാണെങ്കില്‍ വെള്ളം കടയുടെയടുത്തെത്തിയുട്ടുണ്ടാവും.
കഴിഞ്ഞ വര്‍ഷം ഗോപാലേട്ടനേനും തോണിക്കാരന്‍ .
 ഇപ്രാവശ്യം അയമ്മദൂട്ടിക്കയാണ്.
ആരായാലും രേണുനും അനിയനും തോണീല് കേറാന്‍ പൈസ വേണ്ട. അത് , മാസാവസാനം അച്ഛന്‍ കൊടുക്കും.
 പുഴക്കക്കരെയുള്ള അമ്മൂമ്മെന്‍റെ വീട്ടില്‍ ഇടയ്ക്കിടെ പോണ്ടേ?

തോണിക്കടവിനു തൊട്ടു മുകളിലായി, പാറക്കൂട്ടങ്ങള്‍ക്കിടെലാണ് ആണുങ്ങള്‍ കുളിക്കുന്ന സ്ഥലം.
 രേണുന്‍റെ അച്ഛനും അവിടുന്നാ കുളി.
ഈ പാറകളുടെയും  അപ്പുറത്ത് കുറച്ചു മരങ്ങളും കഴിഞ്ഞു വീണ്ടും ഒരു വലിയ പാറയുണ്ട്.
അതിനരികിലാണ് മറ്റു പെണ്ണുങ്ങളും  രേണുവും അമ്മയും  അനിയനും തുണിയലക്കുന്നതും കുളിക്കുന്നതും.

രേണുനെ പോലെ തന്നെയാ , പായം പുഴയയും.
ചിലപ്പോ  ചിരിച്ചു കളിച്ച്---
ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്!
മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്---

മുമ്പ്,വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കി ക്കൊണ്ടുള്ള ഒഴുക്ക് കാണാന്‍ എന്ത് ഭംഗിയേനും!.
മെലിഞ്ഞു നീണ്ട രേണുന്‍റെ അമ്മ,  വെള്ളയില്‍ കറുത്ത പൂക്കളുള്ള, ആ ഭംഗിയുള്ള സാരി ചുറ്റിയ പോലെ!
 ആ സമയത്ത്മാത്രം  അക്കരെ കടക്കാന്‍ തോണി വേണ്ട.
പുഴയിലൂടെ ഉരുളന്‍ കല്ലുകളില്‍ തട്ടി വീഴാതെ , മുട്ടിനു മുകളില്‍ വെള്ളത്തില്‍,പാവാടയൊക്കെ പൊക്കി പ്പിടിച്ച്--- ഓ, എന്ത് രസാന്നറിയോ?
അക്കരെയെത്തുംമ്പോഴേയ്ക്കും അര വരെ നനഞ്ഞിട്ടുണ്ടാവും.

പിന്നെ  അണക്കെട്ട് വന്നു. പുഴെന്‍റെ  രണ്ടു ഭാഗത്തും  വെള്ളം കേറി ഒരു പുഴയ്ക്ക് പകരം മൂന്ന് പുഴേന്‍റെ വീതി!
തെളിഞ്ഞ വെള്ലാ. പക്ഷെ ആരോടും ഒന്നും മിണ്ടാത്ത പോലെ തോന്നും. ദേഷ്യോം  സങ്കടോം സന്തോഷോം ഒന്നൂല്ല.
 അണകെട്ടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.അല്ലെ?
 എല്ലാര്‍ക്കും ഉപകാരാവുല്ലോ ന്ന് കരുതി മിണ്ടാണ്ടിരിക്കുന്ന പോലെ.

നീന്താന്‍ പഠിക്കാന്‍ പറ്റിയ സമയാ ഇത്.
 രണ്ടു പൊട്ടത്തേങ്ങകള്‍ കൂട്ടി ക്കെട്ടി , അതിനു നടുവില്‍ കിടത്തിയാണ് രേണുനേം അനിയനേം അച്ഛന്‍ നീന്താന്‍ പഠിപ്പിച്ചത്.

 ഈ സമയങ്ങളില്‍ കുളിക്കാനും ശരിക്കുള്ള കടവിലൊന്നും പോകാന്‍ ആവൂല്ല.
പൊന്നമ്മചേച്ചിന്‍റെ പറമ്പിന്‍റെ തൊട്ടു താഴെ,"ചീളി"യില്‍ കല്ല്‌ കൊണ്ടിട്ട്, അവിടുന്നാ അലക്കലും കുളിയും.

മഴക്കാലം തുടങ്ങിയാ പിന്നെ പറയണ്ട.
ആകെ  ദേഷ്യം വന്നു കണ്ടാല്‍ പേടിയാകുന്ന പോലെ.
 ചുവന്നു കലങ്ങി മറിഞ്ഞ്, രണ്ട്കരേലുമുള്ള, മരങ്ങളെല്ലാം പറിച്ചെടുത്ത്, പശൂനേം , ആട്ടിനേം  ഒക്കെ തട്ടിയെടുത്ത്, ആരോടെല്ലോ വാശി തീര്‍ക്കുന്ന പോലെ അലറി വിളിച്ചു പായും!

ഒരു മഴക്കാലത്ത്‌ സ്കൂള്‍  വിട്ടു വന്നപ്പോ അച്ചമ്മയോട് വെള്ളം കാണാന്‍ പോട്ടെന്ന് ചോദിച്ചു. ഉള്ളില് പെടിണ്ട്. പക്ഷെ വെള്ളം കാണാന്‍ പോയെ തീരൂ.

'മോള് പോയിറ്റു വേഗം വര്വോ" അച്ചമ്മ  ചോദിച്ചു. "അച്ഛന്‍ വരുന്നേനു മുമ്പേ ഇങ്ങെത്തണെ";
വരാംന്നും പറഞ്ഞു തലയാട്ടി, കുടയുമെടുത്ത് ഒരൊറ്റ ഓട്ടം. പുഴക്കരെഎത്തി,
കുറെ സമയം വെള്ളവും നോക്കി നിന്നു.
നല്ല കലക്ക വെള്ളാ.
എന്തൊക്കെയോ ഒഴുകി വരുന്നുണ്ട്.
പുഴക്കരയില്‍ നില്ക്കുമ്പോ സമയം പോകുന്നതറിയില്ല.
ഇരുടായി തുടങ്ങി.
അച്ഛന്‍ വരുന്നേനു മുമ്പേ വീട്ടിലെത്തിയില്ലെങ്കില്‍ അടി ഉറപ്പാ.
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ഒരു തവളെന്‍റെ  ദയനീയമായ കരച്ചില്‍.
അവിടെ യുള്ള കുറ്റിക്കാട്ടിലൊക്കെ തിരഞ്ഞു.
കാണുന്നില്ല. പാവം. എന്തോ പറ്റീട്ടുണ്ട്.
പെട്ടെന്നാണ് അത് കണ്ടത്. ഒരു വലിയ പാമ്പ്. അതിന്‍റെ തുറന്നു വച്ച വലിയ വായില്‍ ഒരു തവളയും!
അമ്മേ----- ന്നും വിളിച്ചുകൊണ്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു.
തട്ടു തട്ടായി തിരിച്ച കമുകിന്‍ തൊട്ടത്തിലൂടെ മുകളിലേയ്ക്ക് കുടയും പിടിച്ച് ഓടുന്നതിനിടയില്‍  തട്ടിത്തടഞ്ഞു വീണത്‌ മാത്രം ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ അച്ഛന്‍റെ മടിയില്‍ തല വച്ച് കിടക്കുകയായിരുന്നു. കണ്ണ് തുറന്നതും അച്ഛന്‍ പറഞ്ഞു.
"രേണു ഒന്നെണീറ്റെ".
നില്‍ക്കണ്ട താമസം "ഠപ്പേ" ന്നു ഒരടി!  " ഇനി എന്നോടു ചോദിക്കാണ്ട് നീ ഈ വീട്ടിന്ന് പുറത്തിറങ്ങ്, അപ്പൊ കാണാം. എത്ര പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവൂല്ലല്ലോ , കൂട്ടിനൊരു അച്ഛമ്മയും".
"എന്‍റെ മോക്ക് നൊന്ത്വോ?"
അച്ചമ്മേന്‍റെ ചോദ്യം രേണു കേട്ടില്ല.
അവള്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയായിരുന്നു.
പതുക്കെ അച്ഛന്‍റെ കണ്ണും നനയുന്നത് അവള്‍ കണ്ടു.

--------------------------------------------------------------------------------------------------





1/25/13

കാക്കയ്ക്ക് പറയാനുള്ളത്

അച്ഛന്‍റെ കവിതകള്‍
കവിയുടെ അനുവാദം കൂടാതെ  ഇതിവിടെ പ്രസിദ്ധീ കരിക്കുന്നു, അദ്ദേഹം ഇന്നീ ലോകത്തി ലി ല്ലെങ്കിലും  ഈ കവിതയിലൂടെ  നമ്മോടു  സംവദിക്കട്ടെ!













കാക്ക മുത്തശ്ശിയാം കാക്കിയമ്മ,
അന്ന് വിക്കിയും, മൂളിയും,
ഞെങ്ങി, ഞരങ്ങി പറഞ്ഞ കഥ.
കാക്ക മുത്തശ്ശന്‍ ഞരങ്ങി, കാ--കാ--

കാക്കയ്ക്ക് മരണമില്ലൊരുനാളും!
കാക്കത്തലവന്‍ പറഞ്ഞതു മോര്‍ക്കുന്നു--
ബലിയിട്ട  പുത്തരി നെല്ലിന്‍റെ ചോറ്,
നമ്മള്‍ക്ക് മാത്രം വിധിച്ചതത്രേ!

കൊന്നും, കൊടുത്തും,ഭരിച്ചും,നശിച്ചും,
ഞാനെന്ന ഭാവത്തിലാക്രോശിച്ചും,
കൈ വെട്ടി, തലവെട്ടി,ഹൃദയത്തിലീയഗോളം കടത്തി,
നമ്മുടെ കൊച്ചു മക്കള്‍ കളിക്കുന്നു--
-ആഹ്ലാദ മാരവ മായിടട്ടെ!

അവരുമൊരുദിനം കാക്കയായി*,
ഒരുരുള ബലി ച്ചോറ് തേടിയെത്തും!
കൂടുവെയ്ക്കാന്‍ മാവിന്‍ ചില്ലയില്ല,
പെയ്തൊഴിയാന്‍ തിരുവാതിരയും!


                                കാപ്പാടന്‍ ഗോവിന്ദന്‍ മാസ്റ്റര്‍.


*മരണശേഷം മനുഷ്യന്‍ കാക്കയായി വന്ന് ബലിച്ചോര്‍ സ്വീകരിക്കുന്നു, എന്നതൊരു സങ്കല്‍പം.

1/5/13

നിയോഗം



















അരുണ ജോലി ചെയ്യുകയാണെങ്കിലും ഇടയ്ക്കിടെ അമ്മൂനെ നോക്കുന്നുണ്ടായിരുന്നു.

അമ്മു ഒറ്റയ്ക്കിരുന്നു കളിക്കുകയാണ്.
ഇന്നത്തെ കാലത്ത് കുട്ടികളെ തനിച്ച് എവിടെയും വിടാന്‍ വയ്യ. അതുകൊണ്ടാണ് അവള്‍ മീനൂട്ടിയുടെ വീട്ടില്‍ പോകട്ടെന്നു ചോദിച്ചിട്ടും ഇവിടിരുന്നു കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്.
എന്തൊക്കെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്! ആലോചിച്ചാല്‍ സമാധാനം കിട്ടില്ല.

എന്തിനാണ് ആലോചിക്കുന്നത്? അല്ലെ? ഒരു നീര്‍ക്കുമിള പോലുള്ള ജീവിതം!
അത് സന്തോഷത്തോടെ , സമാധാനത്തോടെ ജീവിച്ചു തീര്‍ക്കാന്‍ ആണിനും പെണ്ണിനും ഒരു പോലെ അവകാശമില്ലേ? ഉണ്ടാവണം.

കൂടെ കളിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്  അവള്‍ ഇടയ്ക്കിടെ  അമ്മയെ കളിക്കാന്‍ വിളിക്കും. തനി യ്ക്കാണെങ്കില്‍ എന്തൊക്കെ പണികളുണ്ട്!
വിളിക്കുമ്പോള്‍ പറയും,
"ദേ,  അമ്മ  ഇപ്പൊ വരാട്ടോ". ആ പറഞ്ഞതെന്നെ.
കാത്തിരുന്ന് മടുക്കുമ്പോള്‍ അമ്മു ഒറ്റയ്ക്ക് എന്തെങ്കിലും കളിക്കാന്‍ തുടങ്ങും.
ഇന്നവള്‍ പഴയ ചോദ്യം വീണ്ടും  ചോദിച്ചു.
" അമ്മൂന് മാത്രം  കളിക്കാന്‍ കൂട്ടിന് ആരൂല്ല . അമ്മേ അച്ഛന്‍ എപ്പോഴാ വരുന്നത്?

തുണി തയ്ക്കുന്നത് നിര്‍ത്തി, അരുണ  പറഞ്ഞു.

" മോളോട് അമ്മ എത്ര പ്രാവശ്യമാ പറയുക, അമ്മയ്ക്ക് എന്ത് മാത്രം പണികളുണ്ട്‌! അടുത്ത ആഴ്ച  തെക്കേലെ വിമല ചേച്ചീയുടെ കല്യാണമല്ലേ?
ഇതൊക്കെ അപ്പോഴേയ്ക്കും തയ്ച്ചു കഴിയുമോ, എന്തോ!"

ഈ അമ്മയുടെ ഒരു കാര്യം. അമ്മു ചോദിച്ചത് അതല്ലല്ലോ!

" അമ്മേ---  അമ്മൂന് കൂട്ടിന് ആരും ഇല്ല.   അങ്ങേ വീട്ടിലെ മീനൂട്ടിയ്ക്ക്  അച്ഛനും അനിയത്തിയുമൊക്കെ യുള്ളതുകൊണ്ടല്ലേ അവള്‍ ഇങ്ങോട്ട് കളിക്കാന്‍ വരാത്തെ?
അവള്‍ കരയാന്‍ തുടങ്ങി.

അരുണ  അമ്മൂനെ ചേര്‍ത്ത് പിടിച്ച്, നെറുകയില്‍ തലോടികൊണ്ട് പറഞ്ഞു.
"മോള് കരയരുത്. അമ്മ എപ്പോഴെങ്കിലും കരയുന്നത് മോള്‍ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ?

വലിയ കുട്ടികള്‍ കരഞ്ഞാല്‍ ഒന്നും കിട്ടൂല്ല.
മോളിപ്പോള്‍ കുഞ്ഞു വാവയല്ലല്ലോ?
കരയുന്നവരെ അമ്മയ്ക്ക് ഇഷ്ടമേയല്ല എന്നും മോള്‍ക്കറിയൂലെ?

അവള്‍ കരച്ചില്‍ നിര്‍ത്തി, അരുണ തയ്ച്ചു കഴിഞ്ഞ ഒരു ബ്ലൌസിന് ഹൂക് വെക്കുന്നത് നോക്കി നിന്നു.

അരുണ ആലോചിക്കുകയായിരുന്നു.
ഞാന്‍ എന്താ പറയ്യ, ഈശ്വരാ, ഇന്‍റെ കുട്ട്യോട്!
സുകുഏട്ടന്‍ ഗള്‍ഫിലേയ്ക്ക് എന്നും പറഞ്ഞ്, പോയിട്ട് രണ്ടു വര്‍ഷമായി. പോയ ഉടനെ, എത്തിയ വിവരത്തിന് ഒരു കത്ത് വന്നതാണ്.പിന്നീട് ഒരു വിവരവുമില്ല.
പക്ഷെ കിട്ടിയ കത്തിന്‍റെ പിറകില്‍ ബാംഗ്ലൂര്‍ എന്ന് സീല്‍ കണ്ടിരുന്നു. അവള്‍ അത്  ആരോടും പറഞ്ഞുമില്ല.
എന്തിനാ വെറുതെ. ആവശ്യപ്പെട്ടാല്‍  ആങ്ങളമാര്‍ അവിടെ പോയി അന്വേഷിക്കും. കുറെ അടിപിടി ഉണ്ടാക്കും. ചിലപ്പോള്‍ പിടിച്ചു കെട്ടി കൊണ്ട് വന്നു എന്നും വരും.

വേണ്ട. സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല. അതങ്ങനെ സ്വച്ഛന്ദമായി ഒഴുകുന്ന പുഴപോലെ തികച്ചും സ്വാഭാവികമാകണം.
അവള്‍ക്ക് അവനോടുള്ള പ്രണയം അങ്ങനെയായിരുന്നു.
പക്ഷെ അവന് അങ്ങനെയല്ല തന്നോട് എന്ന് അറിഞ്ഞിരുന്നില്ല.

വിസയുടെ പണം ഉണ്ടാക്കാന്‍ ആണെന്നും പറഞ്ഞ്, ഉള്ള സ്വര്‍ണ്ണവും കൂടി ഊരി വാങ്ങിയപ്പോള്‍ വെറുതെ ചോദിച്ചു.

"  ഈ താലി മാല , അതും വേണോ?"

ഉടനെ കിട്ടി, ഉത്തരം.

" പണം തികഞ്ഞില്ലെങ്കിലോ, എന്തായാലും ഗള്‍ഫില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നോ, രണ്ടോ മാസം കൊണ്ട്, ഞാന്‍ എടുത്ത് തരൂലെ.
  പൊന്നിന്‍ കുടത്തിന് എന്തിനാ പൊട്ട്!"

കണ്ണില്‍ നോക്കാതെയുള്ള ആ പറച്ചിലില്‍ സത്യസന്ധത ഇല്ലെന്നു മനസ്സിലായിട്ടും, വെറുതെ പുഞ്ചിരിച്ചു.

പോയി,കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിച്ചത് തന്നെ കേട്ടു.

കൂട്ടുകാരി, വീണയാണ് വന്നു പറഞ്ഞത്.

"നീ അറിഞ്ഞോ, നിന്‍റെ സുകുഏട്ടന്‍ പോയ അന്നുമുതല്‍ വടക്കേലെ ലക്ഷ്മിയെയും കണാനില്ലത്രേ. രണ്ടു പേരെയും മുമ്പ് അവിടെയും , ഇവിടെയും ഒക്കെ ഒരുമിച്ചു കണ്ടതായി  നമ്മുടെ ആകാശവാണി, ഭവാനി ചേച്ചി പറഞ്ഞു നടന്നിരുന്നു"
ഒന്നും തിരിച്ചു പറയാഞ്ഞതുകൊണ്ടാവണം, വീണയും പിന്നീട് അതേ പറ്റി ഒന്നും  ചോദിച്ചില്ല.

പക്ഷെ, അവള്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

എവിടെയാണ് തനിക്കു തെറ്റ് പറ്റിയത്?
വന്ന കല്യാണാലോചനകള്‍ ഒന്നും ഇഷ്ടമായില്ലെന്നു പറഞ്ഞ താന്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലാഞ്ഞിട്ടും ഈ ഒരു കല്യാണത്തിന് വാശി പിടിച്ചത് എന്തിന്?
വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ , എന്തിനും ഏതിനും ലക്ഷ്മിയോട് താരതമ്യപ്പെടുത്തുമ്പോള്‍, ആരോടും അത് പറയാതിരുന്നതെന്തുകൊണ്ട്?
ഗള്‍ഫിലല്ല പോകുന്നത് എന്നറിഞ്ഞിട്ടും എതിര്‍ക്കാഞ്ഞത് എന്തുകൊണ്ട്?
അങ്ങനെ അങ്ങനെ കുറെ ചോദ്യങ്ങള്‍-

അവസാനം ഉത്തരവും അവള്‍ കണ്ടെത്തി. എല്ലാം തന്‍റെ തെറ്റ്.

വെണ്ടാ, ഒന്നും ആലോചിക്കേണ്ട. അമ്മു ആദ്യമൊക്കെ അച്ഛനെപ്പറ്റി എപ്പോഴും ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവളും ശീലിച്ചു. ഗള്‍ഫ്‌ എന്നാല്‍ അമ്മൂന് കാണാന്‍ പറ്റാത്തയിടം എന്ന്.
പക്ഷെ, ഇന്ന് അവള്‍ വീണ്ടുംആവശ്യപെട്ടിരിക്കുന്നു.
എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അവള്‍ ചോദിച്ചുകൊണ്ടിരിക്കും.  വെറുതെ അമ്മൂനോടു പറഞ്ഞു.

" അച്ഛന്‍ വരുമ്പോള്‍ മോള്‍ക്ക്‌ കളിക്കാന്‍ എന്തെങ്കിലുമൊക്കെ കൊണ്ട് വരും.

"ആണോ? അതിന് അച്ഛന്‍ എന്നാ വരുന്നത്? "

"അധികം വൈകാതെ വരും. "

അതും പറഞ്ഞ് അവള്‍ വീണ്ടും കൂട്ടിയിട്ട തുണികളില്‍ തയ്ച്ചു കൊണ്ടിരുന്നത് കണ്ടെടുത്ത് വീണ്ടും തയ്ക്കാന്‍ തുടങ്ങി.

അമ്മൂന് അമ്മ പറഞ്ഞത് മുഴുവനും വിശ്വാസമായില്ല.
എങ്കിലും  അമ്മു പ്രതീക്ഷയോടെ അച്ഛന്‍ വരുന്നതും  കാത്തിരുന്നു.

തയ്ക്കുന്നതിനിടെ അരുണ  ഓര്‍ത്തു. ഇരുപത്താറു വയസ്സില്‍ ഒരു വിധവയെപ്പോലെ , ഇങ്ങനെ എത്രനാള്‍?
അവളുടെ ഉള്ളിലും ഇല്ലേ, പ്രണയം നിറഞ്ഞ ഒരു മനസ്സ്?
ഉണ്ടോ?
ഏറെ നാളായി മനസ്സും സ്വപ്നങ്ങളും ഒക്കെ തനിക്കു അന്യമായിട്ട്‌. ഇനി എന്നെങ്കിലും താന്‍ പഴയ, സ്വപ്നങ്ങളില്‍ ജീവിച്ച ആ പാവാടക്കരിയായി മാറുമോ?
അവള്‍ പതുക്കെ സുകു പണ്ട് പാടിയിരുന്ന ഒരു പാട്ട് മൂളാന്‍ തുടങ്ങി.

"ചന്ദന മണി വാതില്‍ പാതി ചാരി,
ഹിന്ദോളം കണ്ണില്‍ തിരയിളക്കി,
സൃഗാര ചന്ദ്രികയില്‍ നീരാടി നീ നില്‍ക്കെ
എന്തായിരുന്നൂ--- മനസ്സില്‍--"

സുകു  ഏട്ടന്‍ നന്നായി പാടുമായിരുന്നു. അതുകൊണ്ട് തന്നെ യാണല്ലോ, തന്നെപ്പോലെ പലരും ആരാധികമാരായി ഉണ്ടായത്. പക്ഷെ, ഇങ്ങനെയൊരു ചതി, ഒരിക്കലും പ്രതീക്ഷിച്ചതല്ല.

അന്തിക്കൂട്ടിനു തുണയില്ലാഞ്ഞ് അവള്‍ കഷ്ടപ്പെടുന്നുണ്ടോ എന്ന് സങ്കടപ്പെട്, ചിലരൊക്കെ അന്വേഷിച്ചു വന്നു.
 ഒറ്റയ്ക്കായ പെണ്ണിന് ഏറ്റവും വലിയ ആയുധം അവളുടെ കണ്ണിലെ തീ ആണെന്ന് നേരിട്ട് കണ്ടപ്പോ അവര്‍ക്ക് മനസ്സിലായി.‌
മറ്റു ആയുധങ്ങളൊക്കെ അവള്‍ മാറ്റി വച്ചിരുന്നു.
കഷ്ടകാലത്തിന് ആരെങ്കിലും വീട്ടിനുള്ളില്‍ കടന്നാല്‍, ആ ആയുധങ്ങള്‍ അവള്‍ക്കും മോള്‍ക്കും അപകടകരമാവും എന്നറിയുന്നതുകൊണ്ട്.

ഈ കല്യാണത്തിന് സമ്മതിക്കുമ്പോള്‍ ഏട്ടന്മാര്‍ പറഞ്ഞു.

" അവന്‍റെ സ്വഭാവം അത്ര ശരിയല്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ തിരിഞ്ഞു നോക്കില്ല. കരഞ്ഞും പിഴിഞ്ഞും ഇങ്ങോട്ട് വന്നേക്കരുത്." .

"ഇല്ല, എന്ത് വന്നാലും ഞാന്‍ സഹിച്ചോളാം. ഇത് എന്‍റെ മാത്രം തീരുമാനമാണ്"  അവളും അറിയിച്ചു.

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അവള്‍ വാക്ക് പാലിച്ചു.
അവരും.
ഒറ്റയ്ക്ക് അധ്വാനിച്ചു കുടുമ്പം പുലര്‍ത്തുമ്പോള്‍, വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. സ്വന്തം വീട്ടില്‍ തിരിച്ചുപോയാല്‍ കിട്ടാത്ത ഒന്ന്.


ഒരു ദിവസം ഉച്ചയ്ക്ക് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് അരുണ പറഞ്ഞു.
" അമ്മു പോയി നോക്കൂ-- ആരാന്നു നോക്കിയിട്ട് അമ്മയെ വിളിക്കണം."

അവള്‍ ഫോണെടുത്ത് എന്തൊക്കെയോ ചോദിക്കുന്നു.

"അമ്മേ, അമ്മയ്ക്കാ. ആരാണ് എന്ന് ചോദിച്ചിട്ട് പറയുന്നില്ല".

ഫോണ്‍ കൈയ്യിലെടുത്തതും  അരുണയ്ക്ക്   ഷോക്കടിച്ചത് പോലെയായി.

വാക്കുകള്‍ അറം പറ്റുമോ?

അവള്‍ എന്ത് ചെയ്യണമെന്നറിയാതെ ഫോണും  കയ്യില്‍ പിടിച്ച് നിന്നു. അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി കേട്ടില്ല.
ഒന്ന് മാത്രം മനസ്സിലായി. അയാള്‍ വരുന്നു.


അമ്മു വീണ്ടും വീണ്ടും ചോദിച്ചു.

" ആരുടെ ഫോണാ  അമ്മെ? "

ഒന്നും പറയാന്‍ തോന്നിയില്ല.

 സുകു ഏട്ടന്‍ കൂടെ ഇല്ലാതെ ജീവിച്ച രണ്ടു വര്‍ഷവും തന്നോടൊപ്പം ഉണ്ടായിരുന്ന ഒന്ന്, അഭിമാനം, അത് തകര്‍ന്നു വീഴുന്നത് അവള്‍ മുന്നില്‍ കണ്ടു. അതിനനുവദിച്ചുകൂട.

വെണ്ടാ, ഇനി ഈ ജന്മത്തില്‍ ഒരു കൂടിച്ചേരലില്ല. അവള്‍  ഒരു വാടക വീട് അന്വേഷിക്കാന്‍ തുടങ്ങി. ഒരു വീട് പെട്ടെന്ന് റെഡി യാക്കണം, അയാള്‍ വരുന്നതിനു മുമ്പ്. എന്നെങ്കിലും വന്നാല്‍ തിരിച്ചുകൊടുക്കണം എന്ന് കരുതി തന്നെയാണ് ഇത്രനാളും ആ വീട്ടില്‍ നിന്നത്. ഇനി വേണ്ട.

നാല് ദിവസമായി, ഒന്നും ശരിയായില്ല. എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോ,ഫോണ്‍ ബെല്ലടിക്കുന്നു.
ആരാവും അങ്ങേതലയ്ക്കല്‍ എന്ന് പേടിച്ചു കൊണ്ടാണ് ഫോണ്‍ എടുത്തത്.

വീണയുടെ അനിയനാണ്. കുറച്ചു ദൂരെയായി ഒരു വീടുണ്ടത്രേ. "ചേച്ചി പെട്ടെന്ന് വന്നാല്‍ നന്നായിരുന്നു. അതിന്‍റെ ഉടമസ്ഥന്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വേഗം വന്നാല്‍ കാണാം".

മകളെയും കൂട്ടി പെട്ടെന്ന് തന്നെ ഇറങ്ങി.
ഇടവഴിയിലെത്തിയപ്പോള്‍ കണ്ടു, നേരെ എതിര്‍ വശത്തുനിന്നും ഒരാള്‍ നടന്നുവരുന്നു.  കയ്യില്‍ ഒരു കുഞ്ഞും ഉണ്ടല്ലോ.
 ഈശ്വരാ, ഇത് സുകുഎട്ടനല്ലേ?
അവള്‍ക്കു തല ചുറ്റുന്നതുപോലെ തോന്നി. വീഴാതിരിക്കാന്‍ മതിലില്‍ പിടിച്ചു നിന്നു.എന്നാലും ഇത്രപെട്ടെന്നു വരുമെന്ന് കരുതിയല്ല. ഇനി എന്ത് ചെയ്യും?

"അമ്മേ--അത് -അച്ഛനല്ലേ?"

അമ്മു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ഒടിചെല്ലുന്നതും  ആ കുഞ്ഞിനെ തൊട്ടു തലോടുന്നതും കണ്ടു. സുകു ഏട്ടന്‍ അമ്മൂനെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്നു.
എന്ത് ചെയ്യണം? നേരെ ഭൂമി പിളര്‍ന്നു താഴേയ്ക്ക് പോയെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു.
 കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് ബോധം വന്നത്.
അയാള്‍ പറഞ്ഞു,
" കുഞ്ഞിനു വിശക്കുന്നുണ്ട്.ഒരാഴ്ചയായി, അവന് അമ്മയുടെ പാല്‍ കിട്ടിയിട്ട്.
എന്നെ കൊണ്ട് പറ്റുന്നപോലെയൊക്കെ ഞാന്‍ എന്തൊക്കെയോ കൊടുത്തു നോക്കി. പക്ഷെ ---"

ലക്ഷ്മി?

അവള്‍ അവിടുന്നു ഫോണില്‍ പരിചയപ്പെട്ട ഏതോ ഒരുത്തന്‍റെ കൂടെ---

അരുണേ-- മാപ്പ്, ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും മാപ്പ്--

അയാള്‍ ഇനിയെന്ത് പറയണമെന്നറിയാതെ നിന്നു.
കുഞ്ഞ് നിര്‍ത്താതെ കരയുന്നു.
 അവള്‍ എടുക്കാന്‍ വേണ്ടിയാണ് കരയുന്നത് എന്ന് അവള്‍ക്കു മനസ്സിലായി.
"മ്മേ-- മ്മേ--"
ഇല്ല, ഇനി തനിക്കു പിടിച്ചു നില്‍ക്കാനാവില്ല. അവള്‍ കുഞ്ഞിനെ വാരിയെടുത്തു മാറോടു ചേര്‍ത്തു, തിരിച്ചു നടന്നു. കൂടെ അയാളും അമ്മുവും.




                      കഥ: അനിത പ്രേംകുമാര്‍

                  * * *

1/1/13

ആണിന്‍റെ മാനവും മാനഭംഗവും.

                                                                                       
                           



        അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍









പ്രിയപ്പെട്ടവളെ,

എന്നാലും നീയത് വിശ്വസിക്കരുതായിരുന്നു.
നിനക്കറിയാമായിരുന്നില്ലേ കുഞ്ഞുങ്ങളോടുള്ള എന്‍റെ ഇഷ്ടം?
ഇനിയിപ്പോള്‍ ഞാനീ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് എന്താണ് ഉറപ്പ്?
തൂക്കുകയര്‍ പോലും എനിക്ക് ലഭിച്ചേയ്ക്കാം.
അത്രയ്ക്കും വലിയ തെറ്റല്ലേ ഞാന്‍ ചെയ്തത്?


 അടുത്തവീട്ടിലെ ഓമനത്തമുള്ള കുഞ്ഞ്!
അവള്‍ ഓടി അടുത്തു വന്നപ്പോള്‍ വാരിയെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ അവളുടെ പൂങ്കവിളില്‍
തിരിച്ചും ഒരു ഉമ്മ കൊടുക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും?
ഞാനുമൊരു അച്ഛ്നല്ലേ?
എന്‍റെ മോളെ പ്പോലെ യല്ലേ എനിക്കാകുഞ്ഞും?


പക്ഷെ, നിന്‍റെ കൂട്ടുകാരിഎന്ന് നീ വിശേഷിപ്പിക്കുന്ന ആ പിശാച്, അവളെന്നെ
ഒരുപാടു പ്രാവശ്യം ശ്രമിച്ചതാണ്.
ഒന്നും മനസ്സിലായില്ലെന്ന് നടിച്ചു.
അതിന്‍റെ  പ്രതികാരമായി ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുമെന്നും
അവസാനം എന്നെ ജയിലിലാക്കുമെന്നും ഞാനറിഞ്ഞില്ലല്ലോ?
എല്ലാത്തിനും അവളുടെ കയ്യില്‍ സൂം ചെയ്ത തെളിവും.


 നിഷ്കളങ്ക ബാല്യത്തിനു മുമ്പില്‍ വാല്‍സല്യം എന്ന വികാരത്തിന്‍റെ വേലിയേറ്റത്തില്‍ സത്യമായും ഞാനറിഞ്ഞില്ല,
സ്പര്‍ശനത്തിലെ ശരി - തെറ്റുകള്‍ !എന്നോടു ക്ഷമിക്കുക.

അഞ്ചു വയസ്സുള്ള കുഞ്ഞിനെ  എന്തിനു വേണ്ടിയായിരുന്നു----
എന്ന് നീപിന്നെയും, പിന്നെയും ചോദിച്ചപ്പോള്‍  ആദ്യമായി
നിന്നോടെനിക്ക് കള്ളംപറയേണ്ടിവന്നു.

"അതെ , എനിയ്ക്കാ കുട്ടിയോട് അടക്കാനാകാത്ത കാമ മായിരുന്നു.
അതിനു വേണ്ടി ഞാന്‍ നിന്നെയും മോളെയും നിന്‍റ വീട്ടിലേയ്ക്കയക്കുകയായിരുന്നു".


ആണിന്‍റെ വാക്കുകള്‍ക്കു വിലയില്ലാത്ത, പെണ്ണിന് മാത്രം മാനവും
മാനഭംഗവും ഉള്ള നാട്ടില്‍ എന്‍റെ നഷ്ടപ്പെട്ട മാനത്തിനും ജീവിതത്തിനും
എനിയ്ക്കാരാണ് നഷ്ടപരിഹാരം തരിക?

സ്നേഹത്തോടെ
നിന്‍റെ സ്വന്തം,
------------------



2012 ന്‍റെഅവസാനം സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റെ ഓര്‍മയില്‍ നടുങ്ങുമ്പോഴും അതിന്‍റെ മറുവശമായി ഇങ്ങനെ ഒരു കഥ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. വായിച്ചു അഭിപ്രായം പറയുക.
 അച്ഛന്‍ പെണ്‍കുഞ്ഞിനു ഒരു ആല്‍മരമാണ്. ആ തണല്‍ നഷ്ടപ്പെട്ടാലെ   അതിന്‍റെ വില മനസ്സിലാകൂ.